Tuesday 27 September 2022 11:50 AM IST

‘നെറ്റിയിലെ കുങ്കുമപ്രസാദം ദേവിയുടെ പ്രത്യക്ഷസാന്നിധ്യമായി’: ഈ പാട്ട് അമ്മ എനിക്കുവേണ്ടി കാത്തുവച്ചതു പോലെ: കെ. ജയകുമാർ പറയുന്നു

V R Jyothish

Chief Sub Editor

k-jayakumar-vanitha

മലയാളികൾ ഹൃദയം കൊടുത്ത് സ്വീകരിച്ച ഒരുപിടി ഗാനങ്ങളുടെ രചയിതാവാണ് കെ. ജയകുമാർ. വയൽപ്പൂവിന്റെ വൈഡൂര്യഭംഗിയും ചന്ദനലേപസുഗന്ധവും ചൂളം കുത്തുന്ന കാറ്റും തൂമഞ്ഞിൻ പരാഗവും അപൂർവരാഗം മാറിലണിഞ്ഞ സാരംഗിയും ആകാശഗംഗയ്ക്ക് അപ്പുറമുള്ള വെണ്ണക്കൽ മണ്ഡപവും സായന്തനത്തിന്റെ നിഴലും അങ്ങനെയങ്ങനെ മലയാളിയുടെ ഗൃഹാതുരതയെ വിളിച്ചുണർത്തിയ എത്രയോ കാവ്യബിംബങ്ങൾ. ഓരോ പാട്ടും പിറന്നതിനു പിന്നിൽ ഒരുപാട് അനുഭവങ്ങളുണ്ട്. ആ പിന്നാമ്പുറക്കഥകൾ കെ. ജയകുമാർ എഴുതുന്നു.

‘‘ഗാനരചനാരംഗത്ത് ഞാൻ കടന്നുവരുന്നത് യാദൃച്ഛികമായല്ല. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബി.എസ്.സിക്കു പഠിക്കുമ്പോൾ എന്റെ അച്ഛൻ ശ്രീ. എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത ‘ഭദ്രദീപം’ എന്ന സിനിമയിൽ ഞാനൊരു പാട്ട് എഴുതിയിട്ടുണ്ട്. ‘മന്ദാരമണമുള്ള കാറ്റേ....’ എന്നു തുടങ്ങുന്ന ഗാനം. അമ്പതുവർഷം മുമ്പു വന്ന ആ ഗാനത്തെപ്പറ്റി പിന്നീടു വിശദമായി പറയാം. ഇവിെട ഞാൻ എന്റെ ഗാനരചനാജീവിതത്തിലെ ചില യാദൃച്ഛിക സംഭവങ്ങൾ പറഞ്ഞു തുടങ്ങാം.

പാട്ടെഴുത്ത് ഒരു അദ്ഭുതമായാണ് അന്നും ഇന്നും തോന്നുന്നത്. പാട്ടെഴുത്തിൽ വയലാറാണ് എന്റെ മാനസഗുരു. അദ്ദേഹത്തിന്റെ പാട്ടുകൾ പഠിക്കുക എന്നത് ഒരു ശീലമായിരുന്നു. അച്ഛൻ സംവിധായകനായിരുന്നെങ്കിലും സിനിമ എന്നു പറഞ്ഞാൽ എനിക്ക് അതിെല പാട്ടുകൾ മാത്രമായിരുന്നു.

ഷൂട്ടിങ് കഴിഞ്ഞ് അച്ഛൻ വരുമ്പോൾ ഞാൻ ചോദിച്ചിരുന്നത് വയലാറിനെക്കുറിച്ചും സിനിമയിലെ പാട്ടുകളെക്കുറിച്ചുമായിരുന്നു. എന്റെ താത്പര്യം അറിയാമായിരുന്നതുകൊണ്ട് വയലാർ എഴുതിയ പാട്ടിന്റെ കൈയെഴുത്തു പ്രതികൾ എനിക്കു കൊണ്ടുതരുമായിരുന്നു. പ്രശസ്തമായ പല പാട്ടിന്റെയും കൈയെഴുത്തു പ്രതി ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

സായന്തനം നിഴൽ വീശിയില്ല

വയലാറിനോടുള്ള ആരാധനയും പിന്നെ ആ ത്മവിശ്വാസവും കൊണ്ടുമാത്രം സിനിമയിൽ ഗാനരചയിതാവായ ഒരാളാണു ഞാൻ. തുടക്കത്തിൽ ഞാൻ അങ്ങോട്ടു ചെന്ന് സിനിമയിൽ പാട്ടെഴുതാൻ അവസരം ചോദിക്കുകയായിരുന്നു. അത് മറ്റാരോടുമല്ല ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലെ പി. വി. ഗംഗാധരനോട്.

അന്ന് എനിക്ക് ഐ.എ. എസ് കിട്ടിയിട്ടുണ്ട്. ആ പദവി ‘ദുരുപയോഗം’ ചെയ്തു എന്നു വേണമെങ്കിൽ പറയാം. എന്തായാലും അദ്ദേഹത്തിന്റെ അടുത്ത സിനിമ ഭരതനും പത്മരാജനും ഒത്തുചേർന്ന ‘ഒഴിവുകാല’മായിരുന്നു. ജോൺസൺ ആണ് സംഗീതം. ചെന്നൈയിൽ വച്ചായിരുന്നു റിക്കോർഡിങ്. ആദ്യമായി പാട്ടെഴുതുന്നതിന്റെ ഭയമോ ആശങ്കയോ ഒന്നുമില്ലാതെയാണ് ഞാൻ ചെന്നൈയിലെത്തുന്നത്. ജോൺസൺ ഒരു ട്യൂൺ തന്നു. ലേഡീസ് ഹോസ്റ്റലിൽ നിന്ന് കുറച്ചുകുട്ടികൾ വിനോദയാത്രയ്ക്കു പോകുന്നതാണ് സന്ദർഭം. ട്യൂൺ കേട്ട് ഞാൻ വളരെ ലളിതമായി തന്നെ എഴുതി;

‘ചൂളം കുത്തും കാറ്റേ കൂകി കൂടെ വാ...

വേനൽപ്പൂവും നീ കൊണ്ടു വാ..... ’ ഇതായിരുന്നു ആ പാ ട്ടിന്റെ പല്ലവി. ലതികയും ആശാലതയും കോറസും ചേർന്നാണു പാടിയത്. ആ സിനിമയിൽ തന്നെ ട്യൂൺ ഇടാതെ എഴുതിയ പാട്ടാണ്

‘സായന്തനം നിഴൽ വീശിയില്ല...

ശ്രാവണപൂക്കളുറങ്ങിയില്ല......’

അന്നും ഇന്നും എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടാണ് ഇ ത്. വിവാഹിതരാവാൻ കഴിയാതെ കാമുകീകാമുകന്മാരായിരുന്ന രണ്ടുപേർ അവരുെട ജീവിത സായാഹ്നത്തിൽ കണ്ടുമുട്ടുന്നതാണ് ‘സായന്തനം’ എന്ന പാട്ടിന്റെ സന്ദർഭം. ജീവിതത്തിന്റെ സുരഭിലമായ യൗവനമാണ് അവരുടെ ഉള്ളിലപ്പോഴും. യൗവനകാലത്ത് എഴുതിയ ഈ പാട്ടിന് എന്റെ ഈ ജീവിതസായാഹ്നത്തിലും പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു. എല്ലാ ജീവിതസായാഹ്നക്കാർക്കും വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു.

കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ

പാട്ടെഴുത്തുകാരൻ എന്ന നിലയിൽ ഞാൻ അംഗീകരിക്കപ്പെടുന്നത് ‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരീ...’ എന്ന ഗാനത്തോടെയാണ്. 1985–ലാണ് ‘നീലക്കടമ്പ്’ എന്ന സിനിമയ്ക്കുവേണ്ടി ആ പാട്ട് എഴുതാനുള്ള ഭാഗ്യം കിട്ടുന്നത്. ഈ പാട്ട് എന്റെ ഭാഗ്യമാകുന്നതിനു കാരണം മൂകാംബികാദേവിയെക്കുറിച്ച് ഇത്രയും പ്രശസ്തമായ ഒരു പാട്ട് അന്നേവരെ ആരും എഴുതിയിരുന്നില്ല എന്നതാണ്. ഈ പാട്ട് അമ്മ എനിക്കു വേണ്ടി കാത്തുവച്ചതുപോലെയാണ് തോന്നിയത്. എസ്. എസ്. അംബികുമാറാണ് ‘നീലക്കടമ്പി’ന്റെ നിർമാതാവും സംവിധായകനും. മറ്റൊരു അദ്ഭുതം ആ സിനിമ ഒരു ദിവസം പോലും ഷൂട്ട് ചെയ്തില്ല എന്നതാണ്. എനിക്കു പാട്ടെഴുതാനും രവീന്ദ്രൻ മാഷിന് സംഗീതം ചെയ്യാനും മാത്രം ഉണ്ടായ പ്രോജക്റ്റാണ് ‘നീലക്കടമ്പ്.’

ചെന്നൈയിലെ പാംഗ്രോവ് ഹോട്ടലിൽ വച്ചായിരുന്നു ഈ പാട്ടിന്റെ ചർച്ചകൾ. പാംഗ്രോവ് എനിക്ക് അന്നും ഇന്നും രാശിയുള്ള ഹോട്ടലാണ്. അവിടെ അംബികുമാറും രവീന്ദ്രൻ മാഷും ഉണ്ടായിരുന്നു. മൂകാംബികാഭക്തനായ അംബികുമാർ അവിടുത്തെ കുങ്കുമപ്രസാദം എപ്പോഴും നെറ്റിയിലണിഞ്ഞാണു നടക്കുന്നത്. മാത്രമല്ല ‘കുടജാദ്രി’യിൽ എഴുതുന്ന സമയത്ത് ഞാൻ മൂകാംബികാക്ഷേത്രത്തിൽ പോയിട്ടില്ല. കേട്ടറിവുകൾ മാത്രമേയുള്ളു. അംബികുമാറിന്റെ നെറ്റിയിലുള്ള കുങ്കുമപ്രസാദം മാത്രമാണ് ദേവിയുടെ പ്രത്യക്ഷസാന്നിധ്യമായി അവിടെ ഉണ്ടായിരുന്നത്. മൂകാംബികയിൽ പോകാതെ എങ്ങനെ മൂകാംബികദേവിയെക്കുറിച്ച് പാട്ടെഴുതാൻ കഴിയുമെന്ന് ആശങ്കപ്പെട്ടവരും, ആയിരം തവണ അവിടെ പോയതുപോലെയുണ്ട് പാട്ടുകേൾക്കുമ്പോൾ എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. നന്ദി. കവിതയും പാട്ടുമൊക്കെ, എഴുതുന്നവരുടെ മനസ്സിലാണ് ഉണ്ടാകുന്നത് എന്നേ പറയാനുള്ളൂ.

‘നീലക്കടമ്പി’ലെ നാലു പാട്ടുകളിൽ രണ്ടെണ്ണം ട്യൂണിടാതെയും രണ്ടെണ്ണം ട്യൂൺ ഇട്ടും എഴുതിയതാണ്. ‘കുടജാദ്രി....’ ‘നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ...’ എന്ന പാട്ടും ട്യൂൺ ഇടാതെ എഴുതിയവയാണ്. ട്യൂൺ ഇട്ട് എഴുതിയത് ‘ദീപം കണ്ണിൽ സന്ധ്യാദീപം... ’ എന്ന ഗാനവും ‘നീലക്കടമ്പുകളിൽ....’ എന്ന ഗാനവുമാണ്. ഇതിൽ ‘നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ’ എന്ന ഗാനത്തിന്റെ റിക്കോർഡിങ് വേളയിൽ ഞാൻ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ ജോലി സംബന്ധമായി എനിക്ക് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്നതിനാൽ കുടജാദ്രിയുടെ റിക്കോർഡിങ് എനിക്കു കാണാൻ കഴിഞ്ഞില്ല. സിനിമയിൽ ഒരു പെൺകുട്ടിയാണ് ഈ പാട്ടു പാടുന്നതായി എഴുതിയിരിക്കുന്നത്. അതുകൊണ്ട് ചിത്രയാണ് ഈ പാട്ടു പാടുന്നതെന്ന് എന്നോട് രവീന്ദ്രൻ പറഞ്ഞിരുന്നു.

ചെന്നൈയിൽ നിന്നു തിരിച്ചു വന്ന് കുറച്ചുദിവസങ്ങൾക്കു ശേഷം ഞാൻ തൃശൂർ റൗണ്ടിൽ നിൽക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മറ്റൊരു സംഭവം നടക്കുന്നത്. പാറമേക്കാവ് ക്ഷേത്രത്തിൽ നിന്ന് യേശുദാസിന്റെ ഗന്ധർവനാദത്തിൽ ഞാനെഴുതിയ വരികൾ അന്തരീക്ഷത്തിലൂടെ ഒഴുകി വരുന്നു. ‘കുടജാദ്രിയിൽ’ എന്ന ഗാനം. എനിക്ക് അദ്ഭുതവും അതിലേറെ ആനന്ദവും തോന്നി. പിന്നീടാണ് എന്താണു സംഭവിച്ചതെന്ന് അറിയുന്നത്.

ചിത്ര ആ പാട്ടുപാടി. ആ സിനിമയിലെ തന്നെ ‘ദീപം കൈയിൽ സന്ധ്യാദീപം’ പാടാൻ വേണ്ടി യേശുദാസ് സ്റ്റുഡിയോയിൽ വന്നപ്പോൾ ചിത്ര പാടിയ പാട്ടിന്റെ മിക്സിങ് ജോലികൾ നടക്കുകയായിരുന്നു. ‘കുടജാദ്രിയിൽ’ പാട്ടു കേട്ടപ്പോൾ മൂകാംബികാഭക്തനായ യേശുദാസിന് പാട്ട് ഇഷ്ടമായി. അങ്ങനെ യേശുദാസ് സ്വന്തം ഇഷ്ടം കൊണ്ടുപാടിയ പാട്ടാണ് ഇന്നു കേൾക്കുന്ന ‘കുടജാദ്രിയിൽ’. എന്നെ നേരിട്ടു കാണുമ്പോൾ യേശുദാസ് പറയും; ‘കുടജാദ്രിയിൽ ഇപ്പോഴും ആൾക്കാർ എന്നെക്കൊണ്ട് പാടിപ്പിക്കുന്നു.’ ഇതിൽപ്പരം എന്തു ധന്യതയാണ് ഒരു എഴുത്തുകാരന് കിട്ടാനുള്ളത്?

jayakumar-mookambika

വരികളുടെ ഭംഗി കൊണ്ടു മാത്രമല്ല ആ പാട്ടിന്റെ സംഗീതവും ദേവിയുടെ അനുഗ്രഹം പതിഞ്ഞതായിരുന്നു. രേവതി രാഗത്തിലാണ് രവീന്ദ്രൻ മാഷ് ആ ഗാനം ചിട്ടപ്പെടുത്തിയത്. മനോഹരമായാണ് ആ ഗാനത്തിൽ സംഗീതോപകരണങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. മണിനാദമൊക്കെ എത്ര സൗന്ദര്യാത്മകമായാണ് അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ‘കുടജാദ്രി, ‘ദീപം കണ്ണിൽ സന്ധ്യാദീപം’... തുടങ്ങിയ പാട്ടുകളാണ് എന്നും ഹിറ്റായി നിൽക്കുന്നതെങ്കിലും പല വേദികളിലും പാടിക്കേൾക്കുന്നത് ‘നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ’ എന്ന പാട്ടാണ്. ഈ അടുത്തകാലത്തും ഒരു ചടങ്ങിന് ആ പാട്ട് പാടിക്കേട്ടു.

‘കുടജാദ്രിയിൽ’ പാടാൻ വരുമ്പോൾ ചിത്ര ഒരു കൊച്ചുകുട്ടിയാണ്. തിരുവനന്തപുരത്ത് കരമനയാണു സ്വദേശം എന്നു പറഞ്ഞു. അച്ഛനോടൊപ്പമാണ് ചിത്ര പാടാൻ വന്നത്. ഞങ്ങൾ രണ്ടുേപരുടെയും അച്ഛന്റെ പേര് ഒന്നാണ് കൃഷ്ണൻ നായർ. അതുകൊണ്ടൊക്കെയാകും ചിത്രയോട് അന്നേ എനിക്കൊരു വാത്സല്യം തോന്നിയിരുന്നു.

സൗപർണികാമൃത വീചികൾ

വേണു നാഗവള്ളി ഒരു ദിവസം വിളിച്ചു. അത്യാവശ്യമായി കാണണം. പുതിയ പ്രോജക്റ്റിനെക്കുറിച്ചു സംസാരിക്കാനാണ്. ചെന്നൈയിലെ പാംഗ്രോവ് ഹോട്ടലിൽ ഞങ്ങൾ ഒത്തുകൂടി. ഒരു സംഗീതസംവിധായകന്റെ കഥയാണ് വേണുവിന്റെ പുതിയ സിനിമ. ‘കിഴക്കുണരും പക്ഷി’. മോഹ ൻലാലാണ് നായകൻ. രവീന്ദ്രന്റെ സംഗീതം. േവണു പറഞ്ഞു; ‘മൂകാംബികാദേവിയെക്കുറിച്ചു ഒരു പാട്ടു വേണം. അതു ‘കുടജാദ്രിയെക്കാൾ’ നന്നാകുകയും വേണം.

ഞാൻ വേണുവിനോടു പറഞ്ഞു ‘കുടജാദ്രിയെക്കാൾ നന്നാകുമോ എന്നറിഞ്ഞുകൂടാ. ശ്രമിക്കാം. പക്ഷേ, ഒരു നിബന്ധന. ട്യൂണിട്ട് എഴുതാൻ പറ്റില്ല. എഴുതിയിട്ട് ട്യൂണിടാം.’ വേണുവും രവീന്ദ്രൻ മാഷും സമ്മതിച്ചു. രാത്രി പത്തു മണിയോടെ ഞാൻ പാട്ടെഴുതാൻ വേണ്ടി മുറിയിൽ കയറി കതകടച്ചു. രാവിലെ നാലുമണിയോടെ ‘സൗപർണികാമൃത വീചികൾ’ പൂർണമായി. പിറ്റേന്ന് രാവിലെ ഞാൻ തിരുവനന്തപുരത്തേക്കു തിരിച്ചു വന്നു.

ആ സിനിമയിൽ ഞാൻ വേറെയും മൂന്നു പാട്ടുകൾ എഴുതി. എങ്കിലും ‘സൗപർണികാമൃത വീചികൾ’ തന്നെയായിരുന്നു ഏറ്റവും പ്രസിദ്ധമായത്. ഒരിക്കൽ നേരിട്ടു കണ്ടപ്പോൾ ഈ പാട്ടിനെക്കുറിച്ച് ഒ.എൻ.വി. കുറുപ്പ് സാർ ഏറെ സന്തോഷത്തോടെ സംസാരിച്ചു. കുടജാദ്രി പോലെ തന്നെ ഈ പാട്ടും എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഏറെ അംഗീകാരം തന്നു. മനോഹരമായ സംഗീതമായിരുന്നു ഈ പാട്ടിനും രവീന്ദ്രൻമാഷ് നൽകിയത്. എങ്കിലും ഇപ്പോഴും നിരാശയോടെ കേൾക്കുന്ന പാട്ടാണ് സൗപർണികാമൃതവിചികൾ. അതിനുകാരണം പാട്ടിന്റെ വരികളിൽ ഉണ്ടായ ക്രമവ്യത്യാസമാണ്. ഞാൻ വരികൾ എഴുതിയ ക്രമത്തിൽ അല്ല മാഷ് പാട്ട് ചിട്ടപ്പെടുത്തിയത്. സംഗീതഗുണമായിരിക്കണം അദ്ദേഹം നോക്കിയത്. അതെന്തായാലും മൂകാംബികാമ്മയുടെ കടാക്ഷം നേരിട്ട് കിട്ടിയ സംഗീതമാണ് അദ്ദേഹം രണ്ടു പാട്ടിനും നൽകിയത്.

ആകാശഗംഗാ തീരത്തിനപ്പുറം

എന്റെ സിനിമാഗാനജീവിതത്തിൽ ഏറെ കടപ്പാടുള്ള വ്യക്തിയാണ് പ്രേംപ്രകാശ്. അദ്ദേഹത്തിനുവേണ്ടിയാണെന്നു തോന്നുന്നു ഞാൻ കൂടുതൽ പാട്ടുകൾ എഴുതിയിട്ടുള്ളത്. ആ പാട്ടുകളിൽ ഞാനിരിക്കുന്ന പല വേദികളിലും പാടികേൾക്കാറുള്ള പാട്ടാണ്

‘ആകാശഗംഗാ തീരത്തിനപ്പുറം

ആയിരം വെണ്ണക്കൽ മണ്ഡപം..’

ശശികുമാർ സാർ സംവിധാനം ചെയ്ത ‘കുഞ്ഞാറ്റക്കിളികൾ’ എന്ന സിനിമയിലേതാണ് ഈ ഗാനം. കോട്ടയത്തുകാരനായ എ. ജെ. ജോസഫായിരുന്നു ഇതിന്റെ സംഗീതസംവിധായകൻ. ക്രിസ്തീയ ഭക്തിഗാനങ്ങളിലാണ് ജോസഫിന്റെ സംഭാവന കൂടുതലും. സിനിമാക്കാരുടെ രീതികളോട് പൊരുത്തപ്പെടാനും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എന്തായാലും ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരസ്പരം മനസ്സിലാക്കി പാട്ടൊരുക്കാനും കഴിഞ്ഞു.

അമ്മ മരിച്ചുപോയ നാലുമക്കളും അവരുടെ കർക്കശക്കാരനായ അച്ഛനും ആ കുഞ്ഞുങ്ങളെ നോക്കാനെത്തുന്ന ഒരു ഹോം നഴ്സുമാണ് ‘കുഞ്ഞാറ്റക്കിളികൾ’ എന്ന ചിത്രത്തിന്റെ പശ്ചാത്തലം. ആ കഥയ്ക്കുള്ളിൽ ഈ പാട്ടിലൂടെ മറ്റൊരു കഥ പറയാനാണ് ഞാൻ ശ്രമിച്ചത്. ആകാശഗംഗയ്ക്കുമപ്പുറമുള്ള ഒരു വെണ്ണക്കൽ മണ്ഡപവും അവിടെ പാടാൻ വരുന്ന ഗന്ധർവനും അയാളുെട പാട്ടിനിടയിൽ സ്നേഹപൂർവം കൽപ്രതിമകളെ തലോടിയപ്പോൾ ആ പ്രതിമകൾക്കു ജീവൻ കൈവരുന്നതും. കൽപ്രതിമകൾക്കു പോലും ജീവൻ കൊടുക്കാനുള്ള ശക്തി സ്നേഹത്തിനുണ്ടെന്ന സന്ദേശമായിരുന്നു ആ ഗാനം.

jayakumar-14

ഇതേ ആശയം മുൻനിർത്തി ഞാൻ മറ്റൊരു ഗാനവും എഴുതിയിട്ടുണ്ട്. ശശികുമാർ സാറിന്റെ തന്നെ സംവിധാനത്തിൽ ശ്യാം സംഗീതസംവിധാനം നിർവഹിച്ച ‘അഴിയാത്ത ബന്ധങ്ങൾ’ എന്ന സിനിമയിൽ. അഭയദേവിന്റെ കൊച്ചുമകൻ അമ്പിളിക്കുട്ടൻ സിനിമയിൽ പാടി അഭിനയിച്ച പാട്ടാണത്. ‘കറുക തൻ കൈവിരൽ തുമ്പിൽ തുളുമ്പുന്ന ഹിമകണമല്ലയോ നമ്മൾ...’ എന്നു തുടങ്ങുന്ന ആ ഗാനവും സ്നേഹത്തിന്റെ മാന്ത്രികതയാണു വിഷയമാക്കിയത്.

വർഷങ്ങൾക്കു ശേഷം ബഹ്റിനിൽ പോയപ്പോൾ അവിടെ അമ്പിളിക്കുട്ടനെ കണ്ടു. ബഹ്റിനിൽ മ്യൂസിക് സ്കൂൾ നടത്തുകയാണ് അമ്പിളിക്കുട്ടൻ. അന്ന് അവിടെ വച്ച് അമ്പിളിക്കുട്ടൻ ഈ ഗാനം എനിക്കു വേണ്ടി വീണ്ടും പാടി. വീൽചെയറിൽ സഞ്ചരിക്കുന്ന അമ്പിളിക്കുട്ടന്റെ സ്നേഹസമ്മാനമായിരുന്നു ബഹ്റിനിലെ ആ സായാഹ്നം.

തൂമഞ്ഞോ പരാഗം പോൽ

സൗഹൃദത്തിന്റെ സുരഭിലമായ ഓർമയാണ് എനിക്ക് എം.ജി. രാധാകൃഷ്ണൻ. ഞാൻ കണ്ടിട്ടുള്ള സംഗീതപ്രതിഭകളിൽ ഏറ്റവും മുൻനിരയിലുള്ള ഒരാൾ. മലയാളസിനിമ വേണ്ടവിധം ഉപയോഗപ്പെടുത്താതെ പോയ ഒരാൾ. ആറോളം സിനിമകളിലേ ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്തിട്ടുള്ളു. മധുരനിമിഷങ്ങളായിരുന്നു അത്.

എന്റെ സഹോദരൻ ശ്രീക്കുട്ടൻ സുരേഷ്ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് ‘തക്ഷശില.’ ഞാനും എം.ജി. രാധാകൃഷ്ണനും ഒരുമിച്ചു തക്ഷശിലയ്ക്കു വേണ്ടി നാലു പാട്ടുകൾ ചെയ്തു. ഹിമാചൽ പ്രദേശ് ആയിരുന്നു ലൊക്കേഷൻ. ഷൂട്ടിങ് തുടങ്ങുന്നതിനു ഏതാനും ദിവസം മുമ്പാണ് ശ്രീക്കുട്ടൻ പറയുന്നത് ഒരുപാട്ടു കൂടി വേണം. ടൈറ്റിൽ സോങ്. ഹിമാചൽ പ്രദേശിന്റെ തണുപ്പ് അനുഭവിക്കാവുന്ന പഹാഡി സംഗീതത്തിന്റെ പശ്ചാത്തലമുള്ള പാട്ട്. പഹാ‍ഡി സംഗീതപശ്ചാത്തലമുള്ള ഒരു ട്യൂൺ അതിവേഗമാണ് രാധാകൃഷ്ണൻ ചിട്ടപ്പെടുത്തി തന്നത്. അതിനു അനുസരിച്ച് വരികൾ എഴുതി. മ ഞ്ഞുകണങ്ങൾ പൊഴിയുന്ന വരികൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ പാട്ടിന് കിട്ടിയ സ്വീകാര്യതയോർക്കുമ്പോൾ ആഗ്രഹം സഫലമായി എന്നു തോന്നാറുണ്ട്.

സൂര്യാംശു ഓരോ വയൽപ്പൂവിലും

ചെറിയാൻ കൽപകവാടി എഴുതി മോഹൻ സംവിധാനം ചെയ്ത സിനിമയാണ് ‘പക്ഷേ.’ മോഹൻലാലും ശോഭനയുമായിരുന്നു നായികാനായകന്മാർ. ഗ്രാമീണനായ ഒരു ചെറുപ്പക്കാരൻ ഐ.എ.എസ്. പരീക്ഷ പാസ്സാകുന്നതും വിവാഹമാർക്കറ്റിൽ വില പേശേണ്ട സാഹചര്യം അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്നതും മറ്റുമാണ് കഥ. ഇതിനിടയിലൊരു പ്രണയവുമുണ്ട്. ഐ.എ.എസുകാരന്റെ കഥയായതുകൊണ്ടായിരിക്കും എന്റെ ജീവിതമാണോ എന്ന് പലരും ചോദിക്കാറുണ്ട്. ആ സിനിമയ്ക്ക് രണ്ടു പാട്ടെഴുതി എന്നല്ലാതെ സിനിമയുമായോ അതിലെ കഥയുമായോ വേറെ സാമ്യങ്ങൾ ഒന്നുമില്ല.

എങ്കിലും ഒട്ടേറെ സുഹൃത്തുക്കളെ തന്ന പാട്ടാണ് ‘പ ക്ഷേ’യിലെ ‘സൂര്യാംശു ഓരോ വയൽപ്പൂവിലും....’ഇന്നും ആ പാട്ടു കേട്ട് എനിക്ക് കത്തെഴുതുന്നവരുണ്ട്. സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞ് ജനിച്ച കുട്ടികളാണ് പാട്ടിനെ സ്നേഹപൂർവം ചേർത്തു നിർത്തുന്നത് എന്നത് വലിയ സന്തോഷമാണ്.

തിരുവനന്തപുരം ടെന്നീസ് ക്ലബിൽ വച്ചാണ് ആ പാട്ട് എഴുതുന്നത്. തകർന്ന ഒരു തറവാട്ടിലെ അംഗമാണ് മോഹൻലാൽ അവതരിപ്പിക്കുന്ന ബാലചന്ദ്രമേനോൻ. ഐ. എ. എസ്. ലഭിച്ച വിവരം തന്റെ കുടുംബത്തെയും കാമുകിയെയും അറിയിക്കാൻ അയാൾ തന്റെ തറവാട്ടിലേക്ക് സൈക്കിളോടിക്കുന്നതാണ് സാഹചര്യം.

മോഹനും ചെറിയാനും കഥ പറയുമ്പോൾ നായകന്റെ ആ മാനസികാവസ്ഥയിലൂടെ കടന്നുപോകാൻ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കാരണം ഞാനും സമാനമായൊരു ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയ ആളാണ്. എന്റെ കുടുംബത്തിൽ അന്നേവരെ ഐ.എ.എസുകാരൊന്നും ഉണ്ടായിട്ടില്ല. ആ യാത്രയിൽ നമ്മുടെ ജീവിതം മാറാൻ പോകുന്നു എന്നൊരു പ്രതീക്ഷ. ആ പ്രതീക്ഷ പ്രകൃതിയിേലക്കു പകരുമ്പോൾ നമ്മൾ കാണുന്നതിലൊക്കെ സൗന്ദര്യമുണ്ടാകും. തോവാളയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പാട്ടിന്റെ ചിത്രീകരണം.

ഈ പാട്ട് എഴുതുന്ന സമയത്ത് ഔദ്യോഗികമായി നല്ല തിരക്കിലായിരുന്നു. അതുകൊണ്ടാണ് എഴുത്ത് തിരുവനന്തപുരത്താക്കിയത്. ഒരു ഐ.എ.എസുകാരന്റെ കഥയായതുകൊണ്ട് ആ സന്ദർഭവുമായി പെട്ടെന്ന് ഇണങ്ങാൻ കഴിയും എന്നു പറഞ്ഞാണ് മോഹനും ചെറിയാൻ കല്പകവാടിയും എന്നെ സമീപിക്കുന്നത്. അന്ന് ചെറിയാന്റെ വാഹനത്തിലായിരുന്നു യാത്രകൾ.

എന്റെ ജോലി കഴിയുമ്പോൾ ചെറിയാൻ വരും. ഞങ്ങൾ ടെന്നീസ് ക്ലബിലേക്കു പോകും. അവിടെയിരുന്ന് എഴുതും. അങ്ങനെയാണ് മൂന്നു പാട്ടുകളും ഉണ്ടായത്. ജോൺസൺ ആയിരുന്നു സംഗീതം. രണ്ടു പാട്ടുകൾ ട്യൂൺ ഇട്ടതിനു ശേഷം എഴുതിയതാണ്, ‘സൂര്യാംശു’ ഞാൻ എഴുതിയതിനുശേഷമാണ് ട്യൂൺ ഇട്ടത്.

ചന്ദനലേപ സുഗന്ധം തൂകിയതാരോ

വടക്കൻ വീരഗാഥയുടെ ഭാഗമാകുമ്പോൾ ഞാൻ കോഴിക്കോടു കലക്റ്ററാണ്. പി. വി. ഗംഗാധരനോട് അവസരം ചോദിച്ച് സിനിമയിൽ പാട്ടെഴുതിയ കഥ തുടക്കത്തിൽ പറഞ്ഞിട്ടുണ്ടല്ലോ? അദ്ദേഹത്തിന്റെ നിർമ്മാണത്തിൽ മറ്റൊരു പ്രോജക്റ്റ് വന്നപ്പോൾ എന്നെ ഗാനരചയിതാവായി പരിഗണിച്ചു.

ഉദയായയുടെ നിർമാണത്തിൽ വടക്കൻ പാട്ടുകൾ ധാരാളമായി സിനിമയായിട്ടുണ്ട്. പക്ഷേ, എം.ടിയുടെ തിരക്കഥയിലൂടെ വന്നപ്പോൾ ആ കഥകൾ മാറി. വികാരങ്ങളുടെയും ഭാവങ്ങളുടെയും സൂക്ഷ്മാംശങ്ങളിലൂടെയാണ് വടക്കൻ വീരഗാഥയിലെ ചന്തുവിനെ എം. ടി. അവതരിപ്പിച്ചത്. നാലു പാട്ടുകളാണ് ആ സിനിമയ്ക്കുവേണ്ടി എഴുതേണ്ടിയിരുന്നത്. ബോംബെ രവിയാണു സംഗീതം. അദ്ദേഹം കോഴിക്കോട്ടു വന്നു. എം. ടി. കോഴിക്കോട്ടുണ്ട്. അങ്ങനെ പാട്ടിന്റെ ആലോചനകൾ തുടങ്ങി. എം. ടി. തിരക്കഥ വായിക്കാൻ തന്നു. വായിച്ചുതുടങ്ങിയപ്പോൾ തന്നെ മനസ്സിലായി മനോഹരമായൊരു സിനിമയാണ്. അപ്പോൾ പാട്ടുകളും മനോഹരമാകണം. ആശങ്കകൾ ഉണ്ടായിരുന്നു. അങ്ങനെ പാട്ടൊരുക്കൽ നീണ്ടുപോയി എന്നു പറയാം.

‘ചന്ദനലേപസുഗന്ധം ചൂടിയതാരോ

കാറ്റോ കാമിനിയോ......എന്നിങ്ങനെ പല്ലവി കേട്ടിട്ട് എം. ടി. വാസുദേവൻ നായർ എന്നോടു ചോദിച്ചു. ‘ഏതെങ്കിലും ആയുർവേദ കടയിൽ കയറിയ പ്രതീതി തോന്നുമോ’ ‘മുമ്പിലൊരു ചന്ദനമുണ്ടല്ലോ. അതുകൊണ്ടു അങ്ങനെ പറയാനൊരു സാധ്യതയില്ല’ എന്നു ഞാൻ പറഞ്ഞു.

‘ചെങ്കദളീ മലർ ചുണ്ടിലിന്നാർക്കു നീ..’ എന്നിങ്ങനെ അനുപല്ലവിയും എഴുതി. പിന്നീട് എഴുതിയ ചരണം എന്തുകൊണ്ടോ എം.ടി.ക്ക് വേണ്ടത്ര ഇഷ്ടമായില്ല. ‘വിചാരിച്ചാൽ ഇനിയുമത് നന്നാക്കാം’ എന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളു.

വെട്ടിയും തിരുത്തിയും എഴുത്തുകൾ ഒരുപാടു നടന്നു. അതിനിടയിൽ കലക്ടർ എന്ന രീതിയിലുള്ള ജോലിത്തിരക്കും. ചില ദിവസങ്ങളിൽ വൈകുന്നേരം ഏഴുമണിക്കുശേ ഷമായിരിക്കും ഞങ്ങൾക്ക് ഒരുമിച്ചിരിക്കാൻ സൗകര്യം. പാട്ടിന്റെ കംപോസിങ് തീയതി വരെ ഈ പ്രക്രിയ നീണ്ടുപോയി. ഇതിനിടയിൽ ഷൂട്ടിങ് തുടങ്ങേണ്ട ദിവസമായി. രവിക്ക് തിരിച്ചുപോകണം. കംപോസിങ്ങിന് ചെന്നൈയിലേക്കു പുറപ്പെട്ടു. അപ്പോഴേക്കും നാലു പാട്ട് എഴുതേണ്ടിയിരുന്നിടത്ത് അരപ്പാട്ടാണ് എഴുതി വച്ചിരിക്കുന്നത്.

ചെന്നൈയിലെത്തി അധികം കഴിയാതെ ചന്ദനലേപസുഗന്ധത്തിന് ചരണം കണ്ടെത്തി. അങ്ങനെയാണ് ‘മല്ലീസായകൻ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങൾ’ എന്ന ചരണം പിറക്കുന്നത്. എം ടി ക്കും സംവിധായകൻ ഹരിഹരനും ഇഷ്ടമായി. യേശുദാസ് ആലപിച്ചു കേട്ടപ്പോൾ എനിക്കും തോന്നി ‘ഈ പാട്ടു ഹിറ്റാവും’.

മൂന്നുമണിക്കൂർ കൊണ്ടാണ് ‘കളരിവിളക്കു തെളിഞ്ഞതാണോ’ എന്ന പാട്ടെഴുതിയത്. അപ്പോഴേക്കും എനിക്ക് കോഴിക്കോടേക്കു തിരിച്ചുപോകേണ്ടി വന്നു. ബാക്കിയുള്ള രണ്ടുപാട്ടുകൾ എഴുതിയത് കൈതപ്രമാണ്. അതു മറ്റൊരു സന്തോഷം.

ഒരു വടക്കൻ വീരഗാഥയെക്കുറിച്ചു ഓർക്കുമ്പോൾ തന്നെ അഭിമാനമാണ്. വർഷം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും പുതുമ നഷ്ടപ്പെടാത്ത ഗാനമാണ് ‘ചന്ദനലേപസുഗന്ധം.’ ആ പാട്ടിന് ഞാൻ എം. ടിയോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സർഗാത്മകമായ അസംതൃപ്തിയാണ് ആ ഗാനത്തെ പിന്നെയും പിന്നെയും നന്നാക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഈ പാട്ടുകൊണ്ട് എനിക്കുണ്ടായ മറ്റൊരു ഗുണം ബോംബെ രവിയുമായുള്ള സവിശേഷമായൊരു സൗഹൃദമാണ്.

പാട്ടെഴുത്തിന്റെ ലാഭമെന്താണെന്നു ചോദിച്ചാൽ സിനിമ എന്ന വിശാലമായ ഭവനത്തിൽ എനിക്കും ഒരിടം കിട്ടി എന്നാണു മറുപടി.‘ഭദ്രദീപം’ എന്ന സിനിമയിൽ ‘മന്ദാരമണമുള്ള കാറ്റേ’ എന്ന പാട്ടിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണല്ലോ തുടങ്ങിയത്. ആ പാട്ടിനെക്കുറിച്ചു പറഞ്ഞുതന്നെ അവസാനിപ്പിക്കാം.

അച്ഛൻ സംവിധാനം ചെയ്യുന്ന പടത്തിൽ മകൻ ഒരു പാട്ടെഴുതുന്നു. അതൊരു അപൂർവ സന്തോഷമായിരുന്നു. ഞാൻ ഏറെ ആരാധിക്കുന്ന വയലാറിന്റെ പേരിനൊപ്പമാണ് എന്റെ പേര് ടൈറ്റിൽ കാർഡിൽ തെളിയുന്നത്. ‘ഗാനരചന വയലാർ, കെ. ജയകുമാർ’. ആ ടൈറ്റിൽ തെളിഞ്ഞുകണ്ടപ്പോഴുള്ള എന്റെ വികാരം പറഞ്ഞറിയിക്കാൻ വയ്യ.

പിന്നെ യേശുദാസിന്റെ ഗന്ധർവശബ്ദത്തിൽ തന്നെയാണ് ആ ഗാനം െവള്ളിത്തിരയിലെത്തിയത്. ആ രംഗത്ത് അഭിനയിച്ചത് നിത്യഹരിതനായകനായ പ്രേംനസീർ. സംഗീതസംവിധാനം നിർവഹിച്ചത് സാക്ഷാൽ ബാബുരാജ്. മാത്രമല്ല പ്രേംനസീർ ഒരു കാർ ഓടിച്ചുകൊണ്ട് തന്റെ കാമുകിയെ വിവാഹം ആലോചിക്കാൻ പോകുന്നതാണ് രംഗം. അച്ഛന്റെ കാറാണ് ആ സീനിൽ ഉപയോഗിച്ചത്.

യുട്യൂബിൽ പാട്ട് ഇടയ്ക്കിടെ കാണാറുണ്ട്. ആ പാട്ടുമായി ബന്ധപ്പെട്ട രണ്ടുപേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളു; പാടിയ യേശുദാസും എഴുതിയ ഞാനും. ആ വേർപാടുകൾ ഉള്ളിലുണ്ടെങ്കിലും അമ്പതുവർഷങ്ങൾക്കിപ്പുറം ആ പാട്ടിന്റെ ഓർമ മന്ദാരമണമായി എന്നെ ചൂഴുന്നു.

‘മന്ദാരമണമുള്ളേ കാറ്റേ....

നീയൊരു സന്ദേശവാഹകനല്ലേ?

അനുരാഗ ദൂതിനുപോയ് വരും

അഭിരാമ രാജമരാളമല്ലേ....

തയ്യാറാക്കിയത്:

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ഹരികൃഷ്ണൻ, അരുൺ സോൾ