മകളെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ ഒരായിരംവട്ടം ആ മനസു നോവുന്നതു മലയാളി കണ്ടിട്ടുണ്ട്. മുഖത്തെ പുഞ്ചിരിമാഞ്ഞ്, മിഴിനീരണിയുന്നതു കണ്ടിട്ടുണ്ട്. പുഞ്ചിരിയുടെ പൊൻപ്രഭയിൽ നിൽക്കുമ്പോഴും കെഎസ് ചിത്രയ്ക്ക് നന്ദനയെന്ന പൊന്നുമോൾ വേദനിക്കുന്ന ഓർമ്മയാണ്. വനിതയോടു മനസു തുറക്കുമ്പോഴും പലവട്ടം ആ ഓർമ്മകളെ തിരികെ വിളിച്ചിട്ടുണ്ട് ചിത്ര. സങ്കടത്തിന്റെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൈപിടിച്ച ഗബ്രിയേൽ പൊസേന്തി അച്ഛനോടൊപ്പം സംസാരിച്ചിരിക്കുമ്പോഴും മകളുടെ ഓർമ്മകൾ തികട്ടിവന്നു. മകളെ കുറിച്ചും അവൾ ബാക്കിയാക്കിയ വേദനകളെ കുറിച്ചും ചിത്ര പങ്കുവച്ച വാക്കുകൾ നന്ദനക്കുട്ടിയുടെ ഓർമ്മദിനത്തിൽ ഒരിക്കൽ കൂടി വായനക്കാർക്കു മുന്നിലേക്ക്. അപ്പോൾ ദൈവം മനുഷ്യനാകും എന്ന തലക്കെട്ടിൽ വനിത 2019 ഡിസംബർ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം ചുവടെ :
ഭൂമിയിലെ മനുഷ്യർക്കു പാട്ടു കേട്ടുറങ്ങാനായി ദൈവം വരം കൊടുത്തു വിട്ട മാലാഖയാണ് ചിത്രയെന്ന് വിശ്വസിക്കുന്ന ആളാണ് തിരുവനന്തപുരം ബഥനി ആശ്രമത്തിലെ ഫാ. ഗബ്രിയേൽ പൊസേന്തി. ദുഃഖിതരെ കേട്ടിരിക്കാൻ, അവർക്ക് സന്തോഷം പകരാൻ ദൈവം വിരൽത്തൊട്ടൊരാളാണ് ഗബ്രിയേൽ പൊസേന്തി അച്ചനെന്നുറപ്പാണ് ഗായിക ചിത്രയ്ക്ക്. ‘‘ഒരു അപകടത്തെ തുടർന്ന് 36 വർഷമായി കിടപ്പിലാണ് പൊസേന്തി അച്ചൻ. പക്ഷേ, ഇതുപോലെ സന്തോഷമുള്ള വേറൊരാളെ കണ്ടിട്ടില്ല. മകൾ നന്ദന മരിച്ച സങ്കടത്തിൽ നിന്ന് പ്രിയപ്പെട്ടവരുടെയൊപ്പം അച്ചന്റെ കൂടി വിരൽത്തുമ്പു പിടിച്ചാണ് ഞാൻ സന്തോഷത്തിലേക്കും ശാന്തിയിലേക്കും പിച്ച വച്ചത്. പരിചയപ്പെട്ടതു മുതൽ എല്ലാക്കൊല്ലവും അച്ചനെ കാണാനെത്തും.’’
സംഗീതമെന്ന അദ്ഭുതം
അച്ചൻ: ഞാൻ കൗൺസിലിങ് പഠിച്ചിട്ടുള്ള ആളല്ല. ‘കേൾക്കുക’ അതു മാത്രമാണ് ഞാൻ ചെയ്യുന്നത്. വരുന്നവരെല്ലാം പറയുന്നത് ‘എന്നെ കേൾക്കാനാരുമില്ല’ എന്നാണ്. അവർക്ക് പ്രതിവിധിയോ ഉപദേശങ്ങളോ കൊടുക്കാൻ ഞാനാളല്ല. പോകുന്നതിനു മുൻപ് ഓർമിപ്പിക്കും. ‘നിങ്ങളുടെ ദുഃഖം എന്റെതു കൂടിയാണ്. നിങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നുണ്ട്.’ ഇത്രയേയുള്ളൂ എന്റെ കൗൺസലിങ്. ചിത്രാജിയും കൗൺസലിങ് ചെയ്യുന്നുണ്ട്. സംഗീതത്തിലൂടെ. എത്ര പേരതു കേട്ട് ആശ്വസിക്കുന്നു. കലകളെല്ലാം ദൈവവരദാനങ്ങളാണ്. കിട്ടിയ ദാനം വച്ച് വെറുതെയിരിക്കാതെ മറ്റുള്ളവർക്കു പകർന്നു കൊടുക്കണം. ഒരുപാട് സഹിക്കുന്ന ഒരാളാണ് ചിത്ര. കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ ഒത്തിരി സങ്കടപ്പെട്ടു. ഇപ്പോൾ മിടുക്കിയായി.
ചിത്ര: ഞങ്ങളോട് ഭയങ്കര അറ്റാച്ച്മെന്റുള്ള ഒരു മോളുണ്ട്. അല്ല, ഞങ്ങളുടെ മോൾ തന്നെയാണ്. യുഎസിലെ സിയാറ്റിനിലാണ് അവൾ താമസിക്കുന്നത്. ഗൗരിക എന്നാണ് പേര്. നന്ദനയുടെ ഛായയൊക്കെയുണ്ട്. എന്നെ കണ്ടാൽ കേറിയങ്ങ് ഒട്ടും. ഞങ്ങൾ അവിടെ ചെന്നാൽ അടുത്തൂന്ന് മാറില്ല. ഇളയരാജ സാറിന്റെ ‘നിന്നു കോരി വരണം’ ഇതാണ് ഇഷ്ടമുള്ള പാട്ട്. കൊഞ്ചിച്ച് കോമാളി കാണിക്കുമ്പോൾ പൊട്ടിപ്പൊട്ടി ചിരിക്കും. അവളെ കാണുമ്പോൾ എനിക്ക് സങ്കടോം വരും. പിന്നെ എന്തോ ഒരു ഫീലിങ്. അതെന്താണെന്ന് പറയാനെനിക്കറിയില്ല.
അച്ചൻ: ഏതു ദൗർഭാഗ്യത്തിലും ഒരു നന്മയുണ്ടാകും. കുഞ്ഞിനെ നഷ്ടപ്പെട്ടത് ഒരു സത്യമാണ്. പക്ഷേ, ചിത്ര എത്രയോ പേർക്ക് ഇന്ന് അമ്മയാണ്.
ചിത്ര: സത്യം. നന്ദന ജനിക്കുന്നതിനു മുൻപ് ഡൗൺ സിൻഡ്രോം എന്തെന്നും അത്തരം കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അറിയില്ലായിരുന്നു. ഇന്ന് എനിക്കതറിയാം. അത്തരം കുട്ടികൾക്കും അവരെ പഠിപ്പിക്കുന്ന സ്കൂളുകൾക്കും വേണ്ടി പല പ്രോഗ്രാമുകളും ചെയ്യുന്നുണ്ട്. നന്ദനയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നു കലാകാരൻമാർക്ക് പെൻഷൻ നൽകുന്നുണ്ട്. അവൾ വളരെ അനുഗ്രഹമുള്ള കുട്ടിയാണ്. അവളുടെ പേരിൽ പല നല്ലകാര്യങ്ങളും ചെയ്യാൻ പറ്റുന്നുണ്ട്.
അച്ചൻ: സ്നേഹം ഒരാളിലായി ഒതുങ്ങാതെ പതിനായിരങ്ങളിലേക്ക് മാറിയെന്നു ഞാൻ പറയും.‘
പൂർണരൂപം പിഡിഎഫ് രൂപത്തിൽ ചുവടെ വായിക്കാം:
1.
2.
3.
4.