കാതിനിമ്പമുള്ള സ്വരം, ഹൃദയം നിറയ്ക്കുന്ന മധുരസ്വരം, കവിത്വം നിറയുന്ന വരികൾ. മലയാളിയുടെ ചുണ്ടിലും മനസിലും ഒരു ഗാനമങ്ങനെ തത്തിക്കളിക്കുകയാണ്. പ്രണയികളുടെ കഥപറയുന്ന ‘പ്രണയവിലാസത്തില്‍’ നിന്നുമാണ് നിന്നുമാണ് മനസു നിറയ്ക്കുന്ന ഗാനമെത്തിയിരിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ പിറവിയെടുത്ത ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറിന്റേതാണ്. ‘നറുചിരിയുടെ മിന്നായം’ എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുമ്പോൾ ആ മനോഹര ഗാനത്തിന്റെ പിന്നണിയിലെത്തിയ മിഥുൻ ജയരാജും, പാട്ടിന് ജീവൻ പകർന്ന വാദ്യകലാകാരൻ രാജീവ് ബെല്ലിക്കോത്തും വനിത ഓൺലൈനോടു സംസാരിക്കുകയാണ്.
ഈ പാട്ട് എനിക്ക് സ്പെഷൽ– മിഥുൻ ജയരാജ്
സംഗീത ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഏടുകളേറെയും ഷാനിക്കയോടൊപ്പമാണ്. അരവിന്ദന്റെ അതിഥികളിലെ കൃപാകരി, മിന്നൽ മുരളിയിലെ ഉയിരേ ഒരു ജന്മം നിന്നെ തുടങ്ങിയ പ്രേക്ഷകർ ഏറ്റുമൂട്ടിയ പാട്ടുകൾ ഷാനിക്ക എനിക്കു തന്നിട്ടുണ്ട്. അക്കൂട്ടത്തിനിടയിലേക്കാണ് പ്രണയ വിലാസത്തിലെ ഈ ഗാനവും എത്തുന്നത്. അനശ്വരയുടെയും ഹക്കീമിന്റേയും നിഷ്ക്കളങ്ക പ്രണയത്തിന് നിറംപകരുന്നൊരു ഗാനം. അവരുടെ പ്രണയ നിമിഷത്തിലും കണ്ടുമുട്ടലുകളിലും ഈ ഗാനം അതിമധുരം പകർന്ന് ഒപ്പമുണ്ട്.
ഷാനിക്ക ഈ ഗാനത്തിന്റെ ട്രാക്ക് പാടാനാണ് എന്നെ ക്ഷണിക്കുന്നത്. ഒടുവിൽ അത് ഓകെയായി. ഗാനത്തിന്റെ അഡീഷണൽ പ്രോഗ്രാം ചെയ്തിരിക്കുന്നത് നെവിൽ ആണ്. പെർകഷൻ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് രാജീവ് ബെല്ലിക്കോത്ത് ആണ്. ഈ പാട്ടിന്റെ ബാക്കിങ് വോക്കൽസിൽ അതായത്, ഫീമെയിൽ ഹമ്മിങ്ങിൽ ഉള്ളത് എന്റെ ഭാര്യ ഇന്ദുവാണ്. ദക്ഷിണ എന്ന പേരിൽ എനിക്കൊരു ബാൻഡ് ഉണ്ട്. അതിലെ ടീം അംഗങ്ങളൊക്കെ തന്നെ ഈ പാട്ടിലും പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പാട്ടെനിക്ക് കുടുംബ കാര്യമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വളരെ വേറിട്ടൊരു ഗാനാലാപന രീതിയാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. കുറച്ച് ഹസ്കിയായിട്ട് അതൊടൊപ്പം തന്നെ മാക്സിമം എഫേർട്ട് എടുത്തിട്ടുമൊക്കെയാണ് പാടി പൂർത്തിയാക്കിയിരിക്കുന്നത്. എല്ലാവരും പാട്ട് കേട്ടു ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോൾ വലിയ സന്തോഷം.– മിഥുൻ പറയുന്നു.
ഗായകൻ, സംഗീത സംവിധായകൻ, പ്രോഗ്രാമർ എന്നീ നിലകളിൽ ശ്രദ്ധേയനായ മിഥുൻ ജയരാജ്, ആനന്ദ് മധുസൂദനൻ, ഷാൻ റഹ്മാൻ തുടങ്ങിയവരുടെ സംഗീതത്തിലുള്ള പാട്ടിന്റെ പണിപ്പുരയിലാണ്. ദക്ഷിണ എന്ന സ്വന്തം ബാൻഡിന്റെ ബാനറിൽ പുതിയ കുറച്ചു പാട്ടുകളും ആലോചനയിലുണ്ട്.

ജീവൻ നൽകിയ പാട്ട്– രാജീവ് ബെല്ലിക്കോത്ത്
നൂതന സാങ്കേതിക വിദ്യ വളരെയധികം ഉപയോഗിച്ചിട്ടുള്ള പാട്ടാണിത്. അതേസമയം തന്നെ താളവാദ്യങ്ങളായ മൃദംഗം, ഗഞ്ചിറ എന്നിവ വളരെ മനോഹരമായി തന്നെ ഈ ഗാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങളേയും മനോഹരമായി കൂട്ടിയിണക്കാനായി എന്നതാണ് ഈ പാട്ടിന് ജീവൻ പകരുന്ന പ്രധാന സംഗതി. ഗായകൻ മിഥുൻ തന്നെ ഇതില്‍ കസു പോലൊരു ഇൻസ്ട്രുമെന്റ് വായിച്ചിട്ടുണ്ട്, അതേസമയം തന്നെ നാദസ്വരവും ഈ പാട്ടിന്റെ പിന്നണിയിലെത്തുന്നു. വെസ്റ്റേൺ–ഇന്ത്യൻ ഇൻസ്ട്രുമെന്റുകളെ ബ്ലെൻഡ് ചെയ്തു എന്നതിനൊപ്പം സൗണ്ടിങ്ങിന്റെ കാര്യത്തിൽ അങ്ങേയറ്റം മികവു പുലർത്താനും ഈ പാട്ടിന് മികവു പുലർത്താനായി എന്നാണ് വിശ്വാസം.
തബല പഠിച്ചു കൊണ്ടാണ് താളവാദ്യ രംഗത്തേക്ക് കടന്നു വരുന്നത്. മൃദംഗത്തിലായിരുന്നു ബിരുദ പഠനം. നിരവധി കച്ചേരികളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. മൃദംഗ അധ്യാപകനായി ഏറെ നാൾ ദുബായിൽ ജോലി ചെയ്തു. ദുബായിൽ നിന്നും തിരിച്ചു വന്ന ശേഷമാണ് മുഴുവൻ സമയ താളവാദ്യ കലാകാരൻ എന്ന മേൽവിലാസത്തിലേക്ക് മാറുന്നത്. ഇലക്ട്രോണിക്–ഇന്ത്യൻ ഇൻസ്ട്രുമെന്റുകൾ എല്ലാം വായിക്കുന്നുണ്ട്. മിഥുൻ ജയരാജിന്റെ സംഗീതത്തിലൊരുങ്ങിയ തരുണി എന്ന സംഗീത ആൽബം എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വർക്കുകളിൽ ഒന്നാണ്. നിരവധി സിനിമകളുടേയും ഭാഗമായിട്ടുണ്ട്.– രാജീവ് പറയുന്നു.