Tuesday 02 May 2023 12:32 PM IST

‘പ്രണയം തകർന്ന വേദനയിൽ ഡിപ്രഷനടിച്ചു നടക്കുന്ന സമയം, മിരിയെ കണ്ട നിമിഷം’: രാഹുൽ–മിറിയം പ്രണയഗാഥ

Roopa Thayabji

Sub Editor

rahul-raj

കൊച്ചി മാമംഗലത്തെ വീട്ടിൽ വിഷുക്കണി ഒരുക്കുന്ന തിരക്കിലാണു സംഗീത സംവിധായകൻ രാഹുൽ രാജും ഭാര്യ മിറിയവും. പീലിത്തിരുമുടി കെട്ടിയ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനു മുന്നിൽ ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും വാൽക്കണ്ണാടിയുമൊക്കെ അടുക്കി വയ്ക്കുന്ന മിറിയത്തെ നോക്കി കുസൃതിയോടെ രാഹുൽ മൂളി, ‘മിഴിയഴകു നിറയും രാധാ...’ പാട്ടു തീർന്നപ്പോഴേക്കും ഇവരുടെ പൊട്ടിച്ചിരിയിലേക്കു മകൾ അക്ഷയ്നി ലേയയെന്ന പാവാടക്കാരിയും ചേർന്നു.

വലിയ വെക്കേഷന് എല്ലാക്കൊല്ലവും മിറിയവും മോളും ജർമനിക്കു വിമാനം കയറും. യാത്ര പുറപ്പെടാനുള്ള തിരക്കിനിടെയാണു രാഹുലും മിറിയവും അക്ഷുവും സംസാരിക്കാനിരുന്നത്. ‘‘ഒരു വിഷുക്കാലത്താണു മിറിയം ജീവിതത്തിലേക്കു വന്നത്. പിന്നെ, ഓരോ ആഘോഷവും ഇരട്ടി മധുരമുള്ളതായി. എന്റെ സങ്കടങ്ങളിലും ഡബിൾ സ്ട്രോങ് ആയി കൂടെ നിൽക്കുന്നതു മിരിയാണ്.’’

ജർമനി– കൊച്ചി കണക്ഷൻ എങ്ങനെ വന്നു ?

മിറിയം: ഞാൻ മാതാ അമൃതാനന്ദമയിയുടെ ഭക്തയാണ്. 16 വയസ്സുള്ളപ്പോൾ അമൃതപുരിയിൽ അമ്മയുടെ കൂടെ കുറച്ചുകാലം താമസിച്ചു. ഇവിടുത്തെ സംസ്കാരവും ആചാരങ്ങളും ഇഷ്ടമായതോടെ സ്കൂൾ പഠനം കഴിഞ്ഞ് അമൃതപുരിയിൽ തന്നെ താമസമാക്കി. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം അമ്മയോടു പറഞ്ഞപ്പോൾ ഒരു വർഷം കാത്തിരിക്കൂ എന്നാണു മറുപടി കിട്ടിയത്. അമൃതപുരിയിലെ കോളജിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസിനു ചേർന്നു പഠനം തുടർന്നു.

രാഹുൽ: അഞ്ചു വർഷത്തെ പ്രണയം തകർന്നതിന്റെ വേദനയിൽ ഡിപ്രഷനടിച്ചു നടക്കുകയാണു ഞാനന്ന്. മിരിയെ പരിചയപ്പെട്ട പിന്നാലെ ഓർക്കുട്ടിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. ഇഷ്ടം കാണിച്ചുള്ള എന്റെ സംസാരം അവൾക്ക് പിടിച്ചില്ല. അതോടെ മെസേജുകളൊന്നുമില്ല.

ആയിടയ്ക്ക് അമൃതാനന്ദമയി അമ്മ കൊടുങ്ങല്ലൂരിൽ വന്നു. അവിടെ വച്ചു കണ്ടപ്പോൾ എന്നോടു പറഞ്ഞു, ‘ഒരു ജർമൻകാരി കുട്ടിയുണ്ട്. മോന് ഇഷ്ടമാണെങ്കിൽ കല്യാണം നടത്താം.’ ആശ്രമത്തിൽ ഒരുപാടു വിദേശികൾ ഉള്ളതുകൊണ്ട് ഒന്നു ഞെട്ടിയെങ്കിലും കക്ഷി മിരിയാണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ സ്പീഡിലായി.

പ്രകൃതിയോടിണങ്ങിയ ജീവിതമാണോ മിറിയത്തിനിഷ്ടം ?

രാഹുൽ: പ്ലാസ്റ്റിക് മാലിന്യം പെരുകുന്നതു വലിയ തലവേദനയാകുമെന്നു മിരി വർഷങ്ങളായി പറയുന്നതാണ്. വഴിയരികിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതു ക ണ്ടാൽ മിരി കരയും. ബ്രഹ്മപുരത്തെ പ്രശ്നം വന്നപ്പോഴല്ലേ കൊച്ചിക്കാർ ആ പ്രതിസന്ധി തിരിച്ചറിഞ്ഞത്.

മോളുടെ അഞ്ചാം പിറന്നാളിനു മിരിയൊരു തീരുമാനമെടുത്തു, പുതിയ കളിപ്പാട്ടങ്ങൾ സമ്മാനമായി വേണ്ട. നിങ്ങളുടെ കുട്ടികൾ കളിച്ചു മടുത്ത ടോയ്സ് മതി. റീ സൈക്ലിങ്ങും അപ് സൈക്ലിങ്ങുമൊക്കെ ഇപ്പോഴല്ലേ നാട്ടിൽ എല്ലാവരും പറഞ്ഞു തുടങ്ങിയത്. മറ്റൊരു സംഭവം കൂടിയുണ്ട് കേട്ടോ. മിരി മോളെ പ്രസവിച്ചതു വാട്ടർ ബെർത് ആയാണ്. കുഞ്ഞിന്റെ പൊക്കിൾകൊടി മുറിച്ചതു ഞാനും. ലേബർ റൂമിനു പുറത്തു നിന്നു ടെൻഷനടിക്കുന്നതു പോലെയല്ല ആ വേദന നേരിട്ടു കാണുന്നത്. അതോടെ അവളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി.

രാഹുൽ ജർമനും മിറിയം മലയാളവും പഠിച്ചോ ?

രാഹുൽ: കൊച്ചി സൻസ്കാര സ്കൂളിൽ അഞ്ചാം ക്ലാസ്സി ൽ പഠിക്കുന്ന അക്ഷുവിനേക്കാൾ നന്നായി മിരി മലയാളം പറയും. പാലാരിവട്ടത്തു മാർക്കറ്റിൽ പോയി വില പേശുമെങ്കിലും കവിതയുടെയും പാട്ടിലെയും ചില വരികൾ മനസ്സിലാകില്ല. വാർത്തയുടെ ഭാഷയും അത്ര കിട്ടില്ല. ഒരിക്കൽ മിരി കുറച്ചു വാക്കുകളുമായി വന്നു. പനി, പണി, പന്നി... ഇതൊക്കെ ഇംഗ്ലിഷിൽ എഴുതി കൊടുക്കണമത്രേ.

ജർമൻ ഭാഷാ– സാംസ്കാരിക പഠനകേന്ദ്രമായ ഗ്യോഥേ സെന്ററിൽ അധ്യാപികയായ മിരിക്ക് എന്നെ ഇതുവരെ ജർമൻ പഠിപ്പിക്കാൻ പറ്റിയില്ല, നമ്മുടെ ഉഴപ്പു തന്നെ കാരണം. മലയാളം പോലെ മിരി കൈക്കലാക്കിയ ഒന്നുണ്ട്, രുചി. കിച്ചടി, സാമ്പാർ, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, പുളിശ്ശേരി... എല്ലാം അടിപൊളിയായി ഉണ്ടാക്കും.

പാട്ടിനോട് ഇഷ്ടം കൂടിയത് എന്നു മുതലാണ് ?

കുട്ടിക്കാലത്തേ എളമക്കര കെ.എം. ഉദയൻ സാറിന്റെയടുത്തു കർണാട്ടിക് മ്യൂസിക്കും പിന്നെ മൃദംഗവും പഠിച്ചു, കച്ചേരികളും നടത്തിയിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പാട്ട് എഴുതി മ്യൂസിക് ചെയ്തു. അതു കണ്ട ടീച്ചർ പിറ്റേദിവസം അസംബ്ലിയിൽ പാടിച്ചു. അന്നത്തെ ക യ്യടി ഈ ജന്മം മറക്കില്ല.

‘റോജ’യും ‘യോദ്ധ’യുമൊക്കെ റിലീസായ കാലം. സിനിമയുടെ വിഡിയോ കസറ്റ് പ്ലേ ചെയ്തിട്ടു ടേപ് റെക്കോർഡറിൽ പാട്ടുകൾ മാത്രം റിക്കോർഡ് ചെയ്താണു കേൾക്കുന്നത്. അന്നു കൊച്ചിയിലെ ഏക മാൾ കടവന്ത്രയിലെ ജിസിഡിഎ ഷോപ്പിങ് കോംപ്ലക്സാണ്. അവിടെ ജമീലാസ് എന്നൊരു ഓഡിയോ ഷോപ്പിൽ നല്ല മ്യൂസിക് സിസ്റ്റമുണ്ട്, വലിയ വോള്യത്തിൽ പാട്ടു വയ്ക്കും. അതു കേൾക്കാൻ പോകും. പതിവായി ചുറ്റിപ്പറ്റി നിൽക്കുന്നതു കണ്ടു ഷോപ്പ് ഉടമ നൗഷാദിക്ക കാര്യം തിരക്കി. പാട്ടു കേൾക്കാ ൻ വരുന്നതാണെന്നു കേട്ടപ്പോൾ ഇക്ക ചിരിച്ചു.

പോക്കറ്റ് മണിയിൽ നിന്നു മിച്ചം പിടിക്കുന്ന ചില്ലറകൾ കൂട്ടിവച്ച് ഇടയ്ക്കു ‍ഞാൻ ചില സിഡികൾ വാങ്ങും. സംഗീതത്തോടുള്ള ഇഷ്ടം കണ്ടു നൗഷാദിക്ക അച്ഛനെ വിളിച്ചു പറഞ്ഞു, ‘മോനു സംഗീതം വളരെ ഇഷ്ടമാണ്. ആ സ്വപ്നം നടത്തിക്കൊടുക്കാൻ സാധിക്കുന്നതൊക്കെ ചെയ്യണം.’ അച്ഛൻ അഡ്വ. ഇ. തങ്കപ്പൻ ഹൈക്കോടതിയിൽ ജിപി ആണന്ന്. അമ്മ കുഞ്ഞൂഞ്ഞമ്മ കുസാറ്റിൽ ജോയിന്റ് റജിസ്ട്രാറും. ഇക്കയുടെ വാക്കുകൾ മനസ്സിൽ തട്ടിയിട്ടാകും ചെന്നൈയിൽ നിന്നു പ്രോഗ്രാമിങ് ചെയ്യാവുന്ന ഒരു കീബോർഡ് അച്ഛൻ വാങ്ങിത്തന്നു. അതാണു ജീവിതം സംഗീതത്തിന്റെ ട്രാക്കിലാക്കിയത്.

സിനിമയിലേക്കു കൈപിടിച്ചത് ആരാണ് ?

പാട്ടു മാത്രം പോരാ, പഠിപ്പും വേണമെന്നു വീട്ടിൽ നിർബന്ധമായിരുന്നു. കുസാറ്റിൽ നിന്നു ബിടെക് പാസ്സായി സിസ്കോ സർട്ടിഫിക്കേഷൻ ചെയ്ത പിറകേ മൈസൂരുവിലെ ഒരു യുഎസ് കമ്പനിയിൽ ജോലി കിട്ടി. അവിടെ നിന്നു ലണ്ടനിലെ ഓക്സ്ബ്രിജ് നെറ്റ്‌വർക്സ് എന്ന കമ്പനിയിലേക്ക്. ആ യാത്രയിൽ ചിലതു സംഭവിച്ചു. മോർലി കോളജ് ഓഫ് മ്യൂസിക്കിൽ നിന്ന് ഇലക്ട്രോണിക് മ്യൂസിക്കിൽ ഡിപ്ലോമ എടുത്തതാണ് ആദ്യത്തെ കാര്യം, രണ്ടാമത്തേത് ഓർക്കുമ്പോൾ ഇപ്പോഴും ത്രില്ലടിക്കും.

ഒരു മ്യൂസിക് ഷോപ്പിന്റെ ക്യൂവിൽ ഞാൻ നിൽക്കുന്നു, തൊട്ടടുത്ത ക്യൂവിൽ സാക്ഷാൽ എ.ആർ. റഹ്മാൻ. എയർ ടെല്ലിന്റെ തീം മ്യൂസിക് കംപോസ് ചെയ്യാൻ വന്നതാണ് അ ദ്ദേഹം. ഞാൻ ഓടിച്ചെന്നു, പിന്നെ, അദ്ദേഹം ക്യൂവിൽ നി ന്ന 40 മിനിറ്റോളം സംഗീതത്തെ കുറിച്ചു മാത്രമാണു സംസാരിച്ചത്. അതിനിടെ അദ്ദേഹം എന്റെ കയ്യിലിരുന്ന പാക്കറ്റു തുറന്നു ഞാൻ വാങ്ങിയ സിഡികൾ നോക്കി.

ബൈ പറയുമ്പോൾ അദ്ദേഹം ചോദിച്ചു, ‘സംഗീതത്തോട് ഇത്ര താൽപര്യമുള്ളയാൾ എന്തിനാണ് ഈ ജോലി ചെയ്യുന്നത്?’ ‘വേറേ ഓപ്ഷനില്ല’ എന്ന മറുപടി കേട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു, ‘ആഗ്രഹം ഉള്ളപ്പോൾ പരിശ്രമിച്ചില്ലെങ്കിൽ പിന്നീടു ദുഃഖിക്കേണ്ടി വരും.’ അടുത്ത നിമിഷം തന്നെ മമ്മിയെ വിളിച്ചു. അന്ന് അച്ഛൻ മരിച്ചിട്ട് അധികകാലം ആയിട്ടില്ല. ജോലി നിർത്തി നാട്ടിലേക്കു വന്നാൽ എ പ്പോൾ സിനിമകൾ കിട്ടുമെന്ന് അറിയില്ല. പക്ഷേ, മമ്മി പറഞ്ഞതു സ്വപ്നത്തിൽ നിന്നു പിന്നോട്ടു പോകരുതെന്നാണ്. വേഗം നാട്ടിലേക്കു വരൂ എന്നും. പിന്നെ നൗഷാദിക്കയെ വിളിച്ചു, അദ്ദേഹവും പ്രോത്സാഹിപ്പിച്ചു.

ഒരു ദിവസം ഇക്ക സംവിധായകൻ സിദ്ദിഖ് സാറിന്റെ ന മ്പർ തന്നിട്ടു പറഞ്ഞു, നാളെ ഒന്നു പോയി പാട്ടു കേൾപ്പിക്കൂ. ഇങ്ങനെ ഓരോ ദിവസവും ഓരോരുത്തരുടെ നമ്പർ സംഘടിപ്പിച്ചു തരും. നാലര വർഷം കാത്തിരിപ്പു നീണ്ടു. അപ്പോഴേക്കും അക്കൗണ്ട് ബാലൻസ് സീറോയിലെത്തി. അപ്പോഴൊന്നും ഒരു പരാതിയും പറയാതെ കട്ട സപ്പോർട്ടായി കൂടെ നിന്നതു മമ്മിയും ചേച്ചിയുമാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഏപ്രിൽ രണ്ടാം ലക്കത്തിൽ

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ