Tuesday 09 May 2023 03:54 PM IST

സിംഗിൾ പേരന്റ്, ജീവിത പരീക്ഷണങ്ങളിലും തളർന്നില്ല സോണി: ശ്രേയ ഘോഷാലിനൊപ്പം ഹങ്കാമ അവാർഡ് പങ്കിട്ട മലയാളിത്തിളക്കം

Rakhy Raz

Sub Editor

sony-sai

മുംബൈ ഹങ്കാമ അവാർഡ്ശ്രേയ ഘോഷാലിനൊപ്പം മലയാളിത്തിളക്കം

ശ്രേയ ഘോഷാലിനൊപ്പം ഹങ്കാമ അവാർഡ് പങ്കിട്ട മലയാളി ഗായികയും സംഗീത സംവിധായികയുമായ സോണി സായ്. മലയാളത്തിലേക്ക് ആദ്യമായി വന്ന അവാർഡ്.

മുംബൈയിൽ നടന്ന ഹങ്കാമ മ്യൂസിക് നൈറ്റിൽ ആ പേര് വിളിക്കപ്പെട്ടപ്പോൾ സോണി സായ് എന്ന മലയാളി ഗായിക എഴുന്നേൽക്കാൻ അല്പം വൈകി. കാരണം വിളിച്ചത് തന്റെ പേരാണ് എന്നു വിശ്വസിക്കാൻ സോണിക്ക് പ്രയാസമായിരുന്നു. തൊട്ടു മുൻപ് വിളിച്ചത് ഇന്ത്യയിലെല്ലാവർക്കും ഹൃദിസ്ഥമായ ആ പേരായിരുന്നു. ശ്രേയ ഘോഷാൽ. ബെസ്റ്റ് ഫീമെയിൽ സിങ്ങർ കാറ്റഗറിയിൽ ഇന്ത്യൻ ഇൻഡിപ്പെൻഡന്റ് മ്യൂസിക് അവാർഡ് ശ്രേയ ഘോഷാലിനൊപ്പം പങ്കിടുകയായിരുന്നു സോണി സായ്.

‘‘ ദേശീയ അവാർഡിനോളം തന്നെ പ്രാധാന്യമുള്ള ഹങ്കാമ മ്യൂസിക് അവാർഡിൽ നോമിനേഷൻ ഉള്ള വിവരം മെയിൽ വഴി അറിഞ്ഞപ്പോഴാണ് ഞാനും മത്സരത്തിന്റെ ഭാഗമാണ് എന്നറിയുന്നത്. ഞാൻ വരികൾ എഴുതി സംഗീതം നൽകി പാടിയ ആൽബത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആകാശ് പ്രകാശ് മ്യൂസിക് പ്രൊഡക്ഷൻ ആൻഡ് എന്റർടൈയിൻമെന്റ്സ് ആണ് മത്സരത്തിനായി എന്റെ വർക്ക് അയച്ചത്. അതു ഞാൻ അറിഞ്ഞിരുന്നില്ല.

നോമിനേഷൻ ഉണ്ടെന്നറിഞ്ഞപ്പോൾ ഏറെ ആരാധിക്കുന്ന വ്യക്തികളുമൊത്ത് ഒരു ഫോട്ടോ, നല്ലൊരു വേദി ആസ്വദിക്കുക തുടങ്ങിയ ഉദ്ദേശങ്ങളേ ഉണ്ടായിരുന്നുള്ളു.

അവാർഡ് ശ്രേയ ഘോഷാലിന് ആയിരിക്കും എന്ന ഉറപ്പുണ്ടായിരുന്നതിനാലാകാം ഒരു ടെൻഷനും വേദിയിലിരിക്കുമ്പോൾ ഉണ്ടായില്ല. അവരുടെ പേരിന് ശേഷം ഈ അവാർഡ് ശ്രേയ ഘോഷാലിനൊപ്പം മറ്റൊരാളും പങ്കിടുന്നുണ്ട് എന്ന അറിയിപ്പു വന്നു. അതാരായിരിക്കും എന്നു കാതു കൂർപ്പിച്ചപ്പോഴാണ് എന്റെ പേര് വിളിക്കുന്നത്.

sony-sai-2

സ്വയം എഴുതി സംഗീത സംവിധാനം നിർവഹിച്ചു എന്നത് കൂടി പരിഗണിച്ചാണ് അവാർഡ് നൽകിയത്. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് അതു നൽകിയത്.

സോണി സായ് എഴുതി സംഗീതം നൽകി ആലപിച്ച ആരോ എന്ന മ്യൂസിക് ആൽബത്തിലെ ഗാനത്തിനാണ് അവാർഡ് ലഭിച്ചത്. 1996 ൽ മോഹൻ സിതാര സംഗീതം നൽകിയ സുഖവാസം എന്ന സിനിമയിൽ സിൽക്ക് സ്മിതയ്ക്കു വേണ്ടി പാടിക്കൊണ്ടായിരുന്നു സോണിയുടെ പിന്നണി ഗാന രംഗത്തെ തുടക്കം. 5000 ത്തോളം വേദികളിൽ പ്രമുഖ ഗായകരുമൊത്ത് പാടുവാനുള്ള അവസരവും ലഭിച്ചു. അമ്പതു വിവിധ ഭാഷകളിലെ മൊഴിമാറ്റ ചിത്രങ്ങളിൽ സോണി പാടിയിട്ടുണ്ട്. 250 ഓളം ആൽബങ്ങളിൽ രചനയും സംഗീതവും ആലാപനവും നിർവഹിച്ചിട്ടുണ്ട്.

sony-sai-1

ബോംബെ മാർച്ച് 12 എന്ന ചിത്രത്തിൽ എംജി ശ്രീകുമാറിനൊപ്പം പാടിയ ഓണ വെയിൽ ഓളങ്ങളിൽ താലികെട്ടും നേരം, സോനു നിഗവുമായി പാടിയ ചക്കരമാവിൻ കൊമ്പത്ത് എന്നീ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ട സിനിമാ ഗാനങ്ങളാണ്.

അമ്മ അംബിഗാ ബായി ആണ് സോണിയുടെ ഗുരു. സ്ത്രീ സംഗീത സംവിധായകർ കുറവുള്ള മലയാളത്തിലെ ഭാവി പ്രതീക്ഷയാണ് സോണി സായ്. ചെറുതും വലുതുമായ മറ്റു പല അവാർഡുകളും ആരോ എന്ന ആൽബത്തിന് ലഭിച്ചിട്ടുണ്ട്. കൊച്ചി ഇടപ്പള്ളി സ്വദേശിയാണ് സോണി സായ്. സിംഗിൾ പേരന്റായ സോണി സായ് ജീവിതത്തിൽ ഏറെ പരീക്ഷണങ്ങൾക്കു ശേഷമാണ് തന്റെ ഇഷ്ടരംഗത്ത് ചുവടുറപ്പിച്ചത്. മക്കളായ സായി ശരൺ, ശിവ ശരണിനും സഹോദരിമാരായ സംഗീത സൗമ്യ എന്നിവർക്കുമൊപ്പമാണ് സോണി താമസിക്കുന്നത്. ഗിറ്റാറിസ്റ്റ് ആണ് സോണി സായിയുടെ മകൻ ശിവ. സായ് ആനിമേറ്ററാണ്.

മലയാളത്തിൽ റിലീസാകാനിരിക്കുന്ന തോറ്റംപാട്ടുറയുന്ന മലേപ്പൊതി, ലാലാ എന്നീ രണ്ടു സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സോണി സായ് ആണ്. രണ്ടു സിനിമകളിലും മൂന്നു ഗാനങ്ങൾ വീതമാണ് ‌‌ ചെയ്തിരിക്കുന്നത്. തമിഴ്, ഹിന്ദി മലയാളം ഭാഷകളിലായി മുപ്പതോളം പാട്ടുകൾക്ക് സംഗീതവും രചനയും നിർവഹിച്ചിട്ടുണ്ട്. മ്യൂസിക് കംപോസിങ് രംഗത്ത് സ്ത്രീകൾക്ക് പിടിച്ചു നിൽക്കുക പ്രയാസമാണെങ്കിലും ഇതു തന്നെയാണ് തന്റെ വഴി എന്ന നിലയിലാണ് സോണി സായ് മുന്നേറുന്നത്.