ഗാനഗന്ധർവൻ യേശുദാസിന്റ കടുത്ത ആരാധകനാണ് നിലമ്പൂർ ഇയ്യംമട ചീനിത്തൊടിക ഉമ്മർകോയ. ദാസേട്ടന്റെ ഗാനങ്ങളുടെ വിപുലമായ ഗ്രാമഫോൺ റെക്കോർഡ് ശേഖരം ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്.1968 മുതലുള്ള കടൽപാലം, ജ്വാല, തുലാഭാരം, മൂലധനം തുടങ്ങിയ സിനിമകളിൽ അദ്ദേഹം പാടിയ പാട്ടുകളിൽ നിന്ന് ശേഖരം തുടങ്ങുന്നു. 1989 ൽ ആണ് മലയാളത്തിൽ അവസാനത്തെ ഗ്രാമഫോൺ റെക്കോർഡ് പുറത്തിറങ്ങിയത്. ആ വർഷം ഇറങ്ങിയ ചിത്രം എന്ന സിനിമയിൽ യേശുദാസ് പാടിയ പാട്ടുകളുടെ റെക്കോർഡും ഉമ്മർകോയ സ്വന്തമാക്കി. അദ്ദേഹത്തിന്റെ തമിഴ്, ഹിന്ദി ഗാനങ്ങളുടെ റെക്കോർഡുകളും കൈവശമുണ്ട്.
പിതാവ് മുഹമ്മദ് നാട്ടിലെ ചടങ്ങുകളിൽ ഗ്രാമഫോൺ വാടകയ്ക്ക് നൽകുമായിരുന്നു. ഓപ്പറേറ്റർ ആയി പോയിരുന്നത് ബാലനായ ഉമ്മർകോയയും. അങ്ങനെയാണ് പാട്ടുകളുമായി ചങ്ങാത്തം തുടങ്ങിയത്. കൈകൊണ്ട് തിരിച്ചാണ് അക്കാലത്ത് ഗ്രാമഫോൺ പ്രവർത്തിപ്പിച്ചിരുന്നത്. പരിപാടികളിൽ ഉമ്മർകോയ അധികവും കേൾപ്പിച്ചത് ദാസേട്ടന്റെ പാട്ടുകളാണ്.
മുഹമ്മദ് റഫിയുടെയും ഗായികമാരുടെയും ഗ്രാമഫോൺ റെക്കോർഡുകളും സൂക്ഷിച്ചിട്ടുണ്ട്. പി.ലീല ആലപിച്ച ജ്ഞാനപ്പാനയുടെ റെക്കോർഡും കൈവശമുണ്ട്. പൊതുപ്രവർത്തകനായ ഉമ്മർകോയ ജ്ഞാനപ്പാനയും പതിവായി കേൾക്കും. എച്ച്എംവി, ഓഡിയോൺ, കൊളംബിയ, യേശുദാസിന്റെ തന്നെ തരംഗിണി എന്നീ കമ്പനികൾ പുറത്തിറക്കിയവയാണ് റെക്കോർഡുകൾ. 1977 ൽ യേശുദാസിന്റെ ജന്മദിന സ്പെഷൽ ആയി കൊളംബിയ പുറത്തിറക്കിയ റെക്കോർഡ് ഉമ്മർകോയയ്ക്ക് അമൂല്യ നിധിയാണ്.
ഭാര്യ വഹീദയും 4 മക്കളും യേശുദാസിന്റെ ആരാധകരാണ്. ഇഷ്ട ഗായകന്റ 83-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർഥനയിലാണ് കുടുംബം.
ഇത്തവണ കൊല്ലൂരിലെത്തില്ല
ഇത്തവണ ജന്മദിനത്തിൽ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ഗാനഗന്ധർവൻ എത്തില്ല. ആദ്യമായാണ് യേശുദാസിന്റെ സാന്നിധ്യമില്ലാതെ പിറന്നാൾ ചടങ്ങുകൾ കൊല്ലൂരിൽ നടക്കുന്നത്. കൊല്ലൂരമ്മയ്ക്കായി ജന്മദിനത്തോടനുബന്ധിച്ചുള്ള ഗാനഗന്ധർവന്റെ സ്ഥിരം സംഗീതാർച്ചന ഇല്ലെങ്കിലും ശ്രീ മൂകാംബിക സംഗീതാർച്ചന സമിതിയുടെ നേതൃത്വത്തിൽ സംഗീതാർച്ചന നടക്കും. മുഖ്യ തന്ത്രി ഡോ.കെ.രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ ജന്മദിനമായ ഇന്ന് പ്രത്യേക പൂജകളും നടത്തും.