Tuesday 10 January 2023 12:06 PM IST

‘കുഞ്ഞിനു വേണ്ടി 7 വർഷത്തെ കാത്തിരിപ്പ്, അന്ന് മോനെ കയ്യിലെടുത്തപ്പോൾ ദാസേട്ടന്റെ ഉള്ളിലെ പ്രാർഥന ഞാൻ കണ്ടു’

Roopa Thayabji

Sub Editor

prabha-yesudas-1

കാലത്തിനു നിറം കെടുത്താനാവാത്ത ശബ്ദ സൗകുമാര്യം മലയാളത്തിനു നൽകിയ ഗാനഗന്ധര്‍വ്വന് ഇന്ന് 80ാം പിറന്നാള്‍. യേശുദാസ് തന്റെ എല്ലാ ജന്മദിനങ്ങളും ആഘോഷിക്കുന്നത് മൂകാംബിക ക്ഷേത്ര സന്നിധിയില്‍ പാടിയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഭാഗ്യവുമായ യേശുദാസിനെക്കുറിച്ച് ഭാര്യ പ്രഭ യേശുദാസ് മുൻപ് വനിതയ്ക്കു നൽകിയ അഭിമുഖം.

‘നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...’ എന്നു ഗാനഗന്ധർവൻ പാടിയത് ഈ മുഖമോർത്താണെന്നു തോന്നും പ്രഭ യേശുദാസിനെ കണ്ടാൽ. മുഖം നിറഞ്ഞ ആ ചിരി നമ്മളെ വല്ലാതെ ചേർത്തുനിർത്തും. ചെന്നൈയിലെ വീട്ടിൽ വച്ച് സംസാരിക്കാനിരിക്കുമ്പോൾ ഒന്നുചിരിച്ച് ഒരു സന്തോഷം കൂടി പ്രഭ യേശുദാസ് പങ്കുവച്ചു, ‘ഇന്ന് ഞങ്ങളുടെ നാൽപ്പത്തേഴാം വിവാഹവാർഷികമാണ്. 1970 ഫെബ്രുവരി ഒന്നാം തീയതി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വലതുകാൽ വച്ച് കയറുമ്പോൾ ആ പാട്ടുകളോടുള്ള ആരാധനയായിരുന്നു മനസ്സിൽ. ഇന്ന്, കുന്നോളം പാട്ടുകളും അതിലേറെ സ്നേഹവുമായി അദ്ദേഹം കൂടെയിരിക്കുമ്പോഴും ആ ആരാധനയ്ക്ക് കുറവൊന്നുമില്ല. എന്റെ പ്രാണനിലുണർന്ന ഗാനമല്ലേ അദ്ദേഹം. കൊച്ചുമക്കളായ അമേയയും അവ്യാനുമാണ് ഇപ്പോഴത്തെ വലിയ സന്തോഷം.’ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനൊപ്പമുള്ള സംഗീതസാന്ദ്രമായ ജീവിതത്തെക്കുറിച്ച് പ്രഭ യേശുദാസ് എഴുതുന്ന സ്നേഹക്കുറിപ്പ്.

‘‘അറുപതുകളാണ് കാലം. ഇന്നു കാണുന്ന പകിട്ടൊന്നുമില്ലാത്ത തിരുവനന്തപുരം നഗരം. ടെലിവിഷൻ ഉത്തരേന്ത്യയിലെങ്ങോ വന്നിട്ടേയുള്ളൂ. റേഡിയോയാണ് പാട്ടുകേൾക്കാനും വാർത്തയറിയാനുമുള്ള ഉപാധി. ശകുന്തളയിലെയും ഭാര്യയിലെയും നിത്യകന്യകയിലേയുമൊക്കെ പാട്ടുകളുമായി ദാസേട്ടൻ ഹിറ്റായി നിൽക്കുന്ന കാലം. ഹോളി ഏയ്ഞ്ചൽസ് കോൺവെന്റിൽ എട്ടാം ക്ലാസിൽ പഠിക്കുകയാണ് ഞാനന്ന്. ഒരു ദിവസം ഉച്ച കഴിഞ്ഞ പീരിയഡിൽ അൽപം ഉറക്കം തൂങ്ങിയിരിക്കുമ്പോൾ അടുത്ത വീട്ടിലെ റേഡിയോയിൽ നിന്ന് ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ...’ എന്ന ഗാനം ഒഴുകിവരുന്നു. ഞാൻ ചെവി വട്ടം പിടിച്ചു. ‘പ്രഭ ഇവിടെയില്ലേ... എന്താണ് ആലോചിക്കുന്നത്...’ സിസ്റ്ററിന്റെ ശകാരം കേട്ടാണ് ഉണർന്നത്. വഴക്കു കേട്ടെങ്കിലും ആ പാട്ടിലെ വരികൾ അന്നുതന്നെ കാണാപ്പാഠം പഠിച്ചു. അമ്മയുടെ അച്ഛൻ നന്നായി ഹാർമോണിയം വായിക്കുമായിരുന്നു. എന്നെക്കൊണ്ട് ആറേഴ് വയസ്സുള്ളപ്പോൾ മുതൽ അപ്പച്ചൻ പാട്ട് പാടിക്കും. ‘ഭാര്യ’യിലെ ‘ദയാപരനായ കർത്താവേ...’ ഒക്കെ അന്നേ ഞാൻ പാടിപ്പഠിച്ചിരുന്നു. കുറച്ചുകാലം ശാസ്ത്രീയമായി പാട്ട് പഠിച്ചു. വീണ കീർത്തനം വരെയൊക്കെ പഠിച്ചെങ്കിലും പിന്നീട് വിട്ടു. ഞാൻ ‘വീണ വീണാ പഠിച്ചു...’ എന്നു പറഞ്ഞ് ഇപ്പോഴും ദാസേട്ടൻ കളിയാക്കും. ‘വീണാ’ എന്ന തമിഴ് വാക്കിന്റെ അർഥം ‘വെറുതേ’ എന്നാണ്.

താമസമെന്തേ വരുവാൻ... ആ കാലത്ത് ദാസേട്ടന്റെ മിക്ക ഗാനമേളകളും ഞങ്ങൾ കാണാൻ പോകുമായിരുന്നു. എന്റെ അച്ഛന് നാട്ടിൽ എസ്റ്റേറ്റ് ഉണ്ട്. നാട്ടിൽ എന്തു പരിപാടി നടന്നാലും കമ്മിറ്റിക്കാർ അച്ഛനെക്കൊണ്ട് ടിക്കറ്റെടുപ്പിക്കും. പരിപാടി കാണാൻ പോകുന്നത് ഞങ്ങൾ അമ്മയും മക്കളും കൂടിയാണ്. 1966ലാണ് ഒരു ഗാനമേളയ്ക്ക് തിരുവനന്തപുരത്ത് വരുമ്പോൾ ദാസേട്ടനെ ആദ്യമായി നേരിട്ടുകാണുന്നത്. കണ്ണുനീർ മുത്തുമായ് കാണാനെത്തിയ, സ്വർണത്താമരയിതളിലുറങ്ങും, കരയുന്നോ പുഴ ചിരിക്കുന്നോ ഒക്കെയാണ് അന്ന് ദാസേട്ടൻ സ്റ്റേജിൽ പാടിയിരുന്നത്. ഒരിക്കൽ ഞങ്ങളുടെ പള്ളിയിലെ പരിപാടിക്ക് ദാസേട്ടന്റെ ഗാനമേള വന്നു. പാട്ടുകാർ സ്റ്റേജിൽ നിന്ന് പാടുമ്പോൾ സദസ്സിൽ നിന്ന് തുണ്ടുകടലാസിൽ അവർക്കുവേണ്ട പാട്ടുകൾ എഴുതി നൽകാറില്ലേ. ആരൊക്കെയോ ചില പാട്ടുകളുടെ വരികൾ ദാസേട്ടന്റെ കൈയിലും എഴുതി കൊടുക്കുന്നുണ്ട്. ചിലതെടുത്ത് അദ്ദേഹം പാടുന്നു. കൂട്ടത്തിലെ ഒരു വിരുതൻ പാട്ടിന്റെ വരി എഴുതിക്കൊടുത്തത് അഞ്ചുരൂപാ നോട്ടിലാണ്. ‘പഞ്ചവർണ തത്ത പോലെ...’ നോട്ടു കണ്ട് ദാസേട്ടൻ പാടിത്തുടങ്ങി. പക്ഷേ, അടുത്ത വരി ഇങ്ങനെയായിരുന്നു, ‘അഞ്ചുരൂപാ നോട്ടു കണ്ടെൻ നെഞ്ചു തളരണ് പൊന്നേ...’ നോട്ടിൽ പാട്ടെഴുതി നൽകിയ വിരുതിനെ പ്രശംസിച്ചാണ് അദ്ദേഹം അങ്ങനെ പാടിയത്. ആ പാട്ട് കേട്ടപ്പോൾ പാട്ടിനൊപ്പം പാട്ടുകാരനും എന്റെ മനസ്സിലേക്ക് കയറിക്കൂടി. ദാസേട്ടനോട് നേരിട്ടൊന്നു മിണ്ടണമെന്നും പരിചയപ്പെടണമെന്നുമായി മോഹം.

മാണിക്യവീണയുമായെൻ മനസ്സിന്റെ... എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു നിമിത്തം സംഭവിക്കുന്നത് അങ്ങനെയാണ്. എന്റെ അങ്കിൾ വി.കെ. മാത്യൂസ് (കുഞ്ഞൂഞ്ഞ്) അന്ന് ചെന്നൈയിലാണ്. ദാസേട്ടനുമായി അങ്കിളിന് നല്ല പരിചയമായിരുന്നു. തിരുവനന്തപുരത്ത് പ്രോഗ്രാമിനു വരുമ്പോൾ ദാസേട്ടനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരണമെന്ന് ഞാൻ അങ്കിളിനെ നിർബന്ധിക്കാൻ തുടങ്ങി. എന്റെ പത്താംക്ലാസ് പരീക്ഷയുടെ റിസൽറ്റ് വന്ന സമയം. ഒരു പരിപാടിക്ക് ദാസേട്ടൻ തിരുവനന്തപുരത്ത് വന്നെങ്കിലും തിരക്കായതിനാൽ വീട്ടിലേക്ക് വന്നില്ല. അടുത്തതവണ തീർച്ചയായും കൊണ്ടുവരാമെന്ന് അങ്കിൾ വാക്കുതന്നു. പറഞ്ഞതു പോലെ തന്നെ അടുത്ത പരിപാടിക്ക് വന്നപ്പോൾ അങ്കിളിന്റെ കൂടെ ദാസേട്ടനും വന്നു. കാറിൽ നിന്നിറങ്ങി വന്ന ദാസേട്ടനോട് ഉമ്മറത്തു നിന്ന എന്നെ കണ്ടിട്ട് അങ്കിൾ പറഞ്ഞത് ഇങ്ങനെയാണ്, ‘ദാ ഇവൾക്കു വേണ്ടിയാണ് തന്നെ ഞാൻ കൊണ്ടുവന്നത്...’ ആ വാക്ക് സത്യമാകുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അത് ഒരു നിമിത്തമായിരുന്നെന്നു തോന്നുന്നു, ദാസേട്ടൻ എന്റെ സ്വന്തമായി. പരസ്പരം സംസാരിച്ചുവെങ്കിലും അന്ന് പ്രണയമൊന്നുമില്ലായിരുന്നു.

സുഹൃത്തുക്കളായതോടെ പിന്നീട് ദാസേട്ടന്റെ അമ്മയും പെങ്ങളുമൊക്കെ വീട്ടിൽ വന്നു. വീട്ടിൽ വിവാഹാലോചനയുമായി എത്തും മുമ്പ് തന്നെ എന്റെ ഉറപ്പ് അദ്ദേഹം വാങ്ങിയിരുന്നു. ‘മീൻ പിടിക്കാൻ പോകുന്നവരെ പോലെയാണ് എന്റെ കാര്യവും. ചിലപ്പോൾ കാശുണ്ടാകും, ചിലപ്പോൾ പട്ടിണി. സമ്മതമാണെങ്കിൽ മാത്രം മതി,’ എന്നാണ് ദാസേട്ടൻ പറഞ്ഞത്. ഈ വാക്കുകൾ കേട്ടപ്പോൾ ദാസേട്ടൻ പാടിയ ഒരു പാട്ടുതന്നെയാണ് എനിക്ക് ഓർമ വന്നത്, ‘‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ...’ വിവാഹത്തിന് എനിക്ക് നൂറുവട്ടം സമ്മതമായിരുന്നു. അച്ഛനോട് പെണ്ണു ചോദിക്കുമ്പോൾ ദാസേട്ടൻ പ്രത്യേകം പറഞ്ഞു, ‘എസ്റ്റേറ്റും പണവും കണ്ടിട്ടല്ല പ്രഭയെ ഇഷ്ടപ്പെട്ടത്. അവളെ മാത്രം തന്നാൽ മതി’ എന്ന്. വീട്ടിൽ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ അങ്ങനെ നിന്നെങ്കിലും 1970 ഫെബ്രുവരി ഒന്നിന് ഫോർട്ടുകൊച്ചിയിലെ ദാസേട്ടന്റെ വീടിനടുത്തുള്ള കോട്ടപ്പള്ളി ചർച്ചിൽ വച്ച് അദ്ദേഹം എന്റെ കഴുത്തിൽ മിന്നുകെട്ടി.

ദാസേട്ടന്റെ വീട്ടിൽ അമ്മച്ചിയും അദ്ദേഹത്തിന്റെ അനിയൻമാരും പെങ്ങളുമാണ് ഉള്ളത്. മൂത്ത അനിയൻ ആന്റണിക്ക് മർച്ചന്റ് നേവിയിലായിരുന്നു ജോലി. ബാക്കിയുള്ള മണിയും ജസ്റ്റിനും ജയമ്മയും അവിടെ തന്നെയുണ്ടായിരുന്നു. ഞാനും ജയമ്മയും നേരത്തേ തന്നെ നല്ല കൂട്ടാണ്, ഏതാണ്ട് സമപ്രായക്കാരുമായിരുന്നു ഞങ്ങൾ. അമ്മച്ചി പാവമാണ്, സൂപ്പർ കുക്കും. വിവാഹം കഴിഞ്ഞ് ഞങ്ങൾ ചെന്നതോടെ ഓരോ പുതിയ ഐറ്റമുണ്ടാക്കി അമ്മച്ചി സ്നേഹത്തോടെ നിർബന്ധിച്ച് കഴിപ്പിക്കും. അമ്മച്ചി വച്ച മീൻ കറി കഴിച്ചതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. പുതിയ വിഭവങ്ങളൊക്കെ കണ്ടുപിടിച്ച് ഉണ്ടാക്കാനും അമ്മച്ചി മിടുക്കിയായിരുന്നു. ദാസേട്ടന് ആര് എന്തുണ്ടാക്കി കൊടുത്താലും പിടിക്കാത്തതിനു കാരണം അമ്മച്ചിയാണെന്ന് ആദ്യമൊക്കെ ഞാൻ ചൊടിപ്പിക്കാൻ പറയുമായിരുന്നു. അങ്ങനെ ചിട്ടകളൊന്നുമില്ലാത്തയാളായിരുന്നു ദാസേട്ടൻ. രാത്രി റെക്കോഡിങ്ങോ ഗാനമേളയോ കഴിഞ്ഞ് വന്നു കിടന്നാൽ ഉറങ്ങിത്തീർത്തിട്ടേ എഴുന്നേൽക്കൂ.

ആദ്യത്തെ കൺമണി...

വിവാഹം കഴിഞ്ഞതോടെ പിന്നെ, ദാസേട്ടന്റെ സംഗീതയാത്രയിൽ ഞാനും അംഗമായി. പക്ഷേ, പുതിയ അംഗത്തിനു വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് ഏഴുവർഷം നീണ്ടു. ദൈവം നിശ്ചയിച്ച സമയമായത് അപ്പോഴാകും. വിനോദിന്റെ ജനനസമയത്ത് ദാസേട്ടൻ മൂകാംബികയിലായിരുന്നു. കുടജാദ്രിയിൽ പോയി തിരിച്ചിറങ്ങുന്നതിനു തൊട്ടുമുമ്പാണ് ഞാൻ പ്രസവിച്ചത്. അദ്ദേഹത്തെ വിവരമറിയിക്കാൻ യാതൊരു മാർഗവുമില്ല. എക്സ്ചേഞ്ചുകാർ തന്നെ പലയിടത്തും വിളിച്ചു. അവസാനം എറണാകുളത്ത് തിരിച്ചെത്തി വിവരമറിഞ്ഞപ്പോൾ തന്നെ ഫ്ലൈറ്റിൽ തിരുവനന്തപുരത്തേക്ക് വന്നു. മോനെ കൈയിലെടുത്ത ദാസേട്ടന്റെ ഉള്ളിലുണർന്ന പ്രാർഥന ഞാൻ കണ്ടു. അതു കഴിഞ്ഞ് ഒരു വർഷവും അഞ്ചുമാസവും കഴിഞ്ഞ് വിജയ് വന്നു. മൂന്നുവർഷം കഴിഞ്ഞ് വിശാലും. മൂന്നാമത് ഗർഭിണിയായപ്പോൾ എല്ലാവരും കരുതിയത് മോളായിരിക്കുമെന്നാണ്.

ചെന്നൈയിലെ വില്ലിങ്ടൺ ഹോസ്പിറ്റലിൽ ഇംഗ്ലിഷുകാരുടെ കാലം മുതൽ നഴ്സായിരുന്ന ഒരു സ്ത്രീയാണ് അന്ന് ഹെഡ്നഴ്സ്. മോളെയാണ് ഞങ്ങളൊക്കെ കാത്തിരിക്കുന്നതെന്ന് അവർക്കറിയാം. മോനാണെന്നു പറയുന്നതിനൊപ്പം ഒരു കാര്യം കൂടി അവർ പറഞ്ഞു, ‘I have never seen such a beautiful baby in this hospital...’ നല്ല വെളുത്ത് തുടുത്താണ് വിശാൽ വന്നത്. മക്കൾക്കെല്ലാം പേരിട്ടത് ഞാനാണ്. എന്റെ ഇഷ്ടത്തിന് ദാസേട്ടനും സമ്മതം മൂളി. മൂന്നു മക്കളും ചെറുപ്പത്തിലേ തന്നെ പാടുമായിരുന്നു. പക്ഷേ, വിജയ്‌ക്കാണ് ആറ്റിറ്റ്യൂഡ് ഉള്ളതെന്ന് ദാസേട്ടൻ പറയുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വിജയ്‌യുടെ സ്കൂളിൽ നിന്ന് ടീച്ചർ വിളിച്ചു. പഠിപ്പിക്കുന്നതിനിടയിൽ അവൻ പാട്ടു പാടിക്കൊണ്ടിരിക്കുന്നു എന്നാണ് പരാതി. ആ പരാതി ദാസേട്ടന്റെ കണക്കുകൂട്ടൽ ശരി വയ്ക്കുന്നതായിരുന്നു. വിജയ് പാട്ടിൽ കൂടുതൽ ശ്രദ്ധിച്ചു, മറ്റു രണ്ടുപേർ പഠിത്തത്തിലും.

പെൺമക്കളില്ലാത്തതിൽ ഞങ്ങൾക്ക് വിഷമമുണ്ടായിരുന്നു. അത് മാറിയത് ദർശന വന്നതോടെയാണ്. ദർശനയുടെ അമ്മ താരയ്ക്ക് അഞ്ചു വയസ്സുള്ളപ്പോൾ മുതൽ ആ കുടുംബത്തെ ഞങ്ങൾക്കറിയാം. താരയും ഭർത്താവ് മോഹനും എന്തുകാര്യത്തിനും ഓടിവരും. വലുതായ ശേഷം ദർശനയെ ഞങ്ങൾ കാണുന്നത് മോളുടെ 16–ാം വയസ്സിലാണ്. ദാസേട്ടനും വിജയ്‌യും ചേർന്ന് പാടിയ ഒരു പ്രോഗ്രാമിന് താലപ്പൊലിയെടുക്കാൻ വന്നപ്പോൾ. പിന്നെ, വിജയ്‌യുടെ പെണ്ണായി അവൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ഇപ്പോഴും ഞങ്ങളുടെ കട്ടിലിൽ ഞങ്ങളുടെ നടുക്ക് കയറിക്കിടക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. വിശാലിന്റെ ഭാര്യ വിനയ കോട്ടയ്ക്കൽ ആര്യവൈദ്യശാല കുടുംബത്തിലെ അംഗമാണ്. അമേരിക്കയിൽ ബാങ്കിലാണ് വിശാലിന് ജോലി, വിനയ അവിടെ പഠിക്കുന്നു. രണ്ടു മരുമക്കളും ഹിന്ദുക്കളാണെങ്കിലും ആരും മതം മാറിയിട്ടില്ല. അതിനായി ആരും അവരെ നിർബന്ധിച്ചിട്ടുമില്ല. ഞങ്ങൾക്ക് എല്ലാ ദൈവങ്ങളും ഒന്നുതന്നെ. മൂത്ത മകൻ വിനോദും അമേരിക്കയിൽ ജോലി ചെയ്യുകയാണ്, അയാളുടെ വിവാഹം ഇതുവരെയായിട്ടില്ല. അടുത്ത മരുമകൾക്കു വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ.

ഹരിവരാസനം... വിശ്വമോഹനം... പ്രാർഥനയും ഈശ്വരവിശ്വാസവുമാണ് ഞങ്ങളുടെ കുടുംബത്തിന്റെ ബലം. എവിടെ ചെന്നാലും ആളുകൾക്കറിയേണ്ടത് ദാസേട്ടന്റെ പ്രാർഥനകളെ കുറിച്ചാണ്. മുമ്പൊരിക്കൽ രവീന്ദ്രൻ മാഷ് പറഞ്ഞിട്ടുണ്ട്, രാവിലെയോ ഉച്ചയ്ക്കോ രാത്രിയോ, എപ്പോൾ വിളിച്ചാലും ദാസ് പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയാകും എന്ന്. ഇങ്ങനെ അർപ്പണത്തോടെ നിൽക്കാനുള്ള ബോധം തരുന്നത് ആ വലിയ ശക്തിയാണെന്നാണ് ദാ സേട്ടൻ പറയാറ്. ആ ശക്തിയുടെ അനുഗ്രഹമാണ് ഞങ്ങളുടെ ജീവിതം. സംഗീതത്തിനു വേണ്ടി മാറ്റിവച്ച ജീവിതമല്ലേ അദ്ദേഹത്തിന്റേത്. ക്ലാസിക്കലിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയതോടെയാണ് ഉറക്കത്തിലും ഭക്ഷണത്തിലുമൊക്കെ ചിട്ടയായത്. നേരത്തേ മൂന്നുനേരവും ചിക്കൻ കഴിക്കുമായിരുന്നു. തൊണ്ടയ്ക്ക് നല്ലതാണെന്ന് പറഞ്ഞിട്ടാണ് കഴിക്കാറ്. പക്ഷേ, 2016 ആഗസ്റ്റ് മുതൽ ശുദ്ധവെജിറ്റേറിയനായി, മുട്ട പോലും കഴിക്കില്ല. സ്വരശുദ്ധിക്ക് വേണ്ടി എന്തൊക്കെ ത്യാഗങ്ങൾ ചെയ്യാനും ഒരു മടിയുമില്ല. വളരെ അച്ചടക്കമുള്ള ജീവിതമാണ് ദാസേട്ടന്റേത്.

yesudas-cover-pic

എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് എന്റെ അച്ഛനുമമ്മയും പഠിപ്പിച്ചത്. വീടിനടുത്തു തന്നെയുണ്ടായിരുന്ന മുസ്‌ലിം കുടുംബത്തിലെ ഉമ്മയെയും ഉപ്പയെയും ഞങ്ങളും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. ഹിന്ദു കുടുംബത്തിലെ അച്ഛനുമമ്മയും ഞങ്ങളുടെയും അച്ഛനും അമ്മയുമായിരുന്നു. ദാസേട്ടന്റെ അപ്പച്ചൻ അദ്ദേഹത്തെ പഠിപ്പിച്ചതും അങ്ങനെ തന്നെ. മൂകാംബിക, ശബരിമല ഭക്തനാണ് അദ്ദേഹം. ഞാൻ ഇതുവരെ ശബരിമലയിൽ പോയിട്ടില്ല, പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.

അങ്ങനെ വിഷമമൊന്നും പുറത്തു കാണിക്കാത്ത ആളാണ് ദാസേട്ടൻ. ഗുരുക്കന്മാരുടെയും അമ്മയുടെയുമൊക്കെ മരണ സമയത്തും പൊട്ടിക്കരഞ്ഞ് കണ്ടിട്ടില്ല. പക്ഷേ, ഒരിക്കൽ വേദിയിൽ വച്ച് അപ്പച്ചന്റെ കാര്യം പറഞ്ഞ് അദ്ദേഹം കരഞ്ഞു. സഹോദരങ്ങളെ പറ്റിയും അമ്മച്ചിയെ പറ്റിയും പറയുമ്പോഴും അദ്ദേഹം കരയാറുണ്ട്. പഴയ കാലമൊക്കെ ദാസേട്ടന് അത്ര പ്രിയപ്പെട്ടതാണ്. ‘അമ്മ മഴക്കാറിനു കൺനിറഞ്ഞു...’ എന്നു പാടുമ്പോൾ മിക്കപ്പോഴും നിറയുന്നത് ദാസേട്ടന്റെ കണ്ണുതന്നെയാണ്.