'നിങ്ങള്‍ക്കു ഞാന്‍ വെളിച്ചവും ജീവിതവുമേകി, എന്നാലാകുന്നതെല്ലാം തന്നു. സ്‌നേഹം പാടിയുറക്കി. പക്ഷെ, നീ...നീയെന്നെ വേദനിപ്പിച്ചു. വീണ്ടും വീണ്ടും വേദനിപ്പിച്ചുകൊണ്ടേയിരുന്നു. നിന്റെ ഊഷ്മളമായ ആലിംഗനത്തിനായി ഞാന്‍ കൊതിച്ചു...എന്നിട്ടും നീ...'
പ്രകൃതിയുടെ ഈ ഓര്‍മപ്പെടുത്തല്‍ മനുഷ്യനോടാണ്.
കലങ്ങുന്നു സാഗരം...
കുലുങ്ങുന്നു പര്‍വതം...
മരങ്ങള്‍ക്കു മരണമായ്...
ഇതു ദുരന്തത്തിന്‍ കാരണം...
ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ശക്തമായ വരികള്‍ക്ക് മകന്‍ ദീപാങ്കുരന്‍ ഈണമിട്ടു പാടിയ 'ഇറ്റ്‌സ് മീ നേച്ചര്‍' വെറുമൊരു വിഡിയോ സോങ്ങിനപ്പുറം, പ്രകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതയ്‌ക്കെതിരായുള്ള പ്രതിഷേധമാണ്. ചലച്ചിത്രതാരം അപര്‍ണ ബാലമുരളി ഇംഗ്ലിഷ് വോയസ് ഓവര്‍ നല്‍കിയ പ്രകൃതിയുടെ സംഭാഷണവും ആല്‍ബത്തിന് കൂടുതല്‍ കരുത്തു പകരുന്നു. പഞ്ചഭൂതങ്ങള്‍ എന്ന ആശയത്തിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തീയായി അഞ്ജലി കൃഷ്ണദാസും ഭൂമാതാവായി അഞ്ജലിയും ആകാശമായി ആര്‍ദ്ര മോഹനും കുഞ്ഞുഭൂമിയായി കല്യാണിയും കാറ്റായി രേവതി രാജ്കുമാറും ജലമായി ശ്രീലക്ഷ്മി അയ്യരും വേഷമിട്ടിരിക്കുന്നു.
' അമ്മ കുട്ടിയോട് എന്ന പോലെ പ്രകൃതി നമ്മളോട് സംസാരിക്കുന്ന രീതിയിലാണ് വിഡിയോ വിഷ്വലൈസ് ചെയ്തത്. നമ്മള്‍ അമ്മയോടു ദ്രോഹങ്ങള്‍ ചെയ്യുമ്പോള്‍ അവരുടെ മനസ്സ് എങ്ങനെ വേദനിക്കുന്നുവെന്ന് ഓര്‍ക്കാറില്ല. ദേഷ്യമുണ്ടെങ്കിലും മക്കളല്ലേ എന്ന പരിഗണനയില്‍ നമ്മളോടു പൊറുക്കും. ഇതെല്ലാമാണ് ആല്‍ബത്തിലൂടെ ദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിച്ചത്. ' വിഡിയോസോങ്ങിന്റെ പിറവിയെക്കുറിച്ച് ഈണമൊരുക്കിയ കൈതപ്രം ദീപാങ്കുരന്‍ പറഞ്ഞു തുടങ്ങി.
'ഇത്തരമൊരു വിഷയം സാധാരണ ഒരു വിഷാദഛായയിലാണ് പൊതുവെ അവതരിപ്പിക്കാറ്. അതിലപ്പുറം, ആളുകളില്‍ കുറ്റബോധമുണ്ടാക്കുന്ന രീതിയില്‍, രോഷം എന്ന നിലയ്ക്ക് വളരെ റോ ആയി പറയുന്ന രീതിയാവാം എന്നെനിക്കു തോന്നി. അതാണ് ഇങ്ങനെ ഒരു സ്‌റ്റൈലില്‍ കംപോസ് ചെയ്തത്. വിഷയം നേരിട്ട് സംവദിക്കുന്ന രീതിയിലാണ് പാട്ട് ചെയ്യുന്നതെന്ന് അച്ഛനോട് പറഞ്ഞപ്പോള്‍ വളരെ ഓപണ്‍ ആയിത്തന്നെ അച്ഛന്‍ വരികളെഴുതി. സാധാരണ അല്‍പം കാവ്യാത്മകമായേ അച്ഛന്‍ എഴുതാറുള്ളൂ. പക്ഷെ ഇതിലെ ഈ തുറന്നെഴുത്ത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വരികളില്‍ നിന്നുള്ള പ്രചോദനം കൂടിയായപ്പോള്‍ കുറച്ചുകൂടി പവര്‍ഫുള്‍ ആയ റിഥവും റെന്‍ഡറിങ്ങും താനേ വന്നു.

ഞാന്‍ തന്നെ പാടിയഭിനയിക്കുന്ന രീതിയില്‍ വിഡിയോ ചെയ്യാനായിരുന്നു പ്ലാന്‍. വിഡിയോയുടെ ഡയറക്ടര്‍മാരായ ജോമിത്ത് ജോണിയും ചൈതന്യ മേനോനുമാണ് പറഞ്ഞത്, ഇത്രയും സീരിയസ് ആയ വിഷയമല്ലേ, നല്ല വിഷ്വല്‍സ് ആക്കാമെന്ന്. അവര്‍ തന്നെയാണ് ഇതിത്ര റിച്ച് ആക്കിയതും. അവരുടെ ഐഡിയ കേട്ടപ്പോള്‍ ഞാനല്‍പം കൂടി മുന്നോട്ടു ചിന്തിച്ചു. ഒരു വോയ്‌സ് ഓവര്‍ കൂടി വന്നാല്‍ നന്നാകില്ലേ എന്നൊരു തോന്നല്‍. അറിയപ്പെടുന്ന ഒരു കലാകാരന്‍ തന്നെ സന്ദേശം കൈമാറിയാലേ ആളുകളത് വിശ്വസിക്കുകയും കൂടുതല്‍ ആഴത്തില്‍ എത്തുകയുമുള്ളൂ. അങ്ങനെയാണ് എന്റെ സുഹൃത്തായ ജിസ്‌മോന്‍ ചേട്ടന്‍ വഴി അപര്‍ണ ബാലമുരളിയിലെത്തിയത്. അപര്‍ണയെ ഫീച്ചര്‍ ചെയ്യുന്നതാണ് വിഡിയോ എന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെ ചെയ്യാമെന്നേറ്റു. ഇതില്‍ വേഷമിട്ട ഓരോ ആര്‍ട്ടിസ്റ്റും അവരുടെ സ്വന്തം വര്‍ക് പോലെ ആത്മാര്‍ഥമായി വന്നു സഹകരിച്ചു. അവരുടെയെല്ലാം സംഭാവനയാണ് വിഡിയോയെ പൂര്‍ണതയിലെത്തിച്ചത്. കംപോസിങ് മുതല്‍ ഇതിന് പരമാവധി പൂര്‍ണത വേണം എന്നാഗ്രഹിച്ചതുകൊണ്ടു തന്നെ കൂടുതല്‍ സമയമെടുത്ത് ഒന്നൊന്നര മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
എപ്പോഴും വിഷയമറിഞ്ഞാല്‍ മനസ്സുകൊണ്ടൊരു തയാറെടുപ്പ് ഉണ്ട് അച്ഛന്. ഉടന്‍ തന്നെ വരികളും ഒഴുകിയെത്തും. അച്ഛനു തന്നെ അതിഷ്ടപ്പെട്ടില്ലെങ്കില്‍ മാത്രമേ മാറ്റിയെഴുതൂ. അച്ഛന്‍ സംവിധാനം ചെയ്ത മഴവില്ലിനറ്റം വരെയിലാണ് അച്ഛന്റെ വരികള്‍ക്ക് ഞാന്‍ ആദ്യമായി ഈണമിടുന്നത്. പിന്നെ കാമല്‍ സഫാരി, ഹെലോ നമസ്‌തേ, കടങ്കഥ തുടങ്ങി കുറച്ച് സിനിമകളിലും ഞങ്ങള്‍ ഒരുമിച്ചു. സൂനാമി വന്ന സമയത്ത് അച്ഛന്റെ വരികള്‍ക്ക് സംഗീതമിട്ട്, ആല്‍ബം പോലെ ഒരു പാട്ട് ചെയ്തിരുന്നു. പക്ഷെ ഇത്രയും സീരിയസ് ആയ വിഷയം ഒരു ഇന്‍ഡിപെന്‍ഡന്റ് വിഡിയോ ആല്‍ബം എന്ന നിലയ്ക്ക് അച്ഛനൊപ്പം ചെയ്യുന്നത് ആദ്യമായിട്ടാണ്.' ദീപാങ്കുരന്‍ പറഞ്ഞു.
'ഈ യാതനയ്ക്ക് ഒരൊടുക്കമില്ലേ? ഈ വേദനയ്ക്ക് ഒരവസാനമില്ലേ?
ഇതെല്ലാം നീ കാണുന്നുണ്ടെന്ന് എനിക്കറിയാം...പക്ഷെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു.
ആ സമയമിതാ എത്തിക്കഴിഞ്ഞു...
കണ്ണു തുറന്ന് കാണുക...'
പ്രകൃതിയുടെ ഈ ചോദ്യങ്ങളും മുന്നറിയിപ്പുമായാണ് ഗാനം അവസാനിക്കുന്നത്.