Wednesday 09 December 2020 05:00 PM IST

ആര്യയുടെ മലയാളം സിംഗിൾ ‘നിലാനദി’യുമായി അഫ്സൽ യൂസഫ്

V N Rakhi

Sub Editor

nila1-new

രാ നിലാവ് റാന്തലായ്
നാളമൊന്നു നീട്ടിയോ
മഞ്ഞുറഞ്ഞ വീഥിയിൽ
പൊയ്തൊഴിഞ്ഞോ രാമഴ...

നിലാവിന്റെ കുളിർമ തഴുകുന്ന ഈ സോഫ്റ്റ് മെലഡി കണ്ണടച്ചിരുന്നൊന്നു കേട്ടു നോക്കൂ. അമിതാഭ് ബച്ചനെപ്പോലും അമ്പരപ്പിച്ച് 2 മില്യൺ വ്യൂസുമായി യു ട്യൂബ് ഹിറ്റായ  ‘ബിലീവര്‍– കർണാടിക് മിക്സി’ലോ യുവഹൃദയങ്ങളുടെ നെഞ്ചിൽ തീയായ് പടർന്ന ‘സഖാവി’ലോ കേട്ട ആര്യയുടെ സ്വരത്തിന് ഇതുവരെ കേൾക്കാത്തൊരു റൊമാന്റിക് ഫീൽ! ഓരോ പാട്ടിലും വിസ്മയമൊളിപ്പിക്കുന്ന ഗായിക ആര്യാ ദയാലിന്റെ ഏറ്റവും പുതിയ മലയാളം സിംഗിൾ ‘നിലാനദി’ മനസ്സിലേക്ക് ഒഴുകിയെത്തുന്നതും അങ്ങനെയാണ്. സംഗീതസംവിധായകൻ അഫ്സൽ യൂസുഫിന്റെ ഈണത്തിൽ ആര്യ പാടിയ ഗാനം ഇതുവരെ ആര്യ പാടിയ ഗാനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. ഇതിനകം ഗാനം യൂട്യൂബ് ഹിറ്റായി മാറിക്കഴിഞ്ഞു.


‘‘ഏത് തരം സംഗീതവും അനായാസമായി കൈകാര്യം ചെയ്യുന്ന ഗായികയാണ് ആര്യ. യൂ ട്യൂബിൽ ആര്യ പാടിയിട്ട പാട്ടുകൾ കേട്ടാൽ ആ വൈദഗ്ധ്യം അറിയാൻ കഴിയും. ക്ലാസിക്കൽ സിങർ ആയ ആര്യയുടെ ആലാപനശൈലി പോലെ സ്വരവും അൽപം വ്യത്യസ്തമാണ്. ആര്യയുടെ വോയ്സ് റെയ്ഞ്ച് മനസ്സിലാക്കി ആ സ്വരത്തിന്റെ ഭംഗി ഏറ്റവും നല്ല രീതിയിൽ പുറത്തു വരുന്ന, ആര്യയ്ക്ക് ഏറ്റവും കംഫർട്ടബിൾ ആയി പാടാൻ പറ്റുന്ന തരം ട്യൂൺ ക്രിയേറ്റ് ചെയ്യുകയായിരുന്നു. ഇത് ആര്യയ്ക്കു വേണ്ടി മാത്രം കംപോസ് ചെയ്ത ഗാനമാണ്.നൂറ് ശതമാനം ഡെഡിക്കേഷനോടെ ആര്യ അത് ഭംഗിയായി പാടി. ’’ അഫ്സൽ യൂസുഫ് പറയുന്നു.
നിലാനദി എന്ന ഹൂക്ക് ലൈൻ ആശയം വച്ചാണ് പാട്ട് കംപോസ് ചെയ്തത്. ആര്യയുടെ കവർ സോങ്ങുകളി‍ലെപ്പോലെ അൽപം ക്ലാസിക്കലും വെസ്റ്റേണും ഇടകലർത്തിയുള്ള ശൈലിയിൽ ട്യൂൺ നൽകി. അതിനു േശഷമാണ് കവിപ്രസാദ്  വരികൾ എഴുതിയത്. കവിപ്രസാദ് എന്റെ നല്ല സുഹൃത്താണ്. മുമ്പ് ഞങ്ങൾ ചെയ്ത പാട്ടുകളെല്ലാം വരികളെഴുതിയ ശേഷം ട്യൂൺ ഇട്ടതാണ്. ഇതാദ്യമായാണ് ട്യൂൺ ഇട്ട് വരികളെഴുതുന്ന രീതി പരീക്ഷിക്കുന്നത്.’’

nila2


കാപ്പി ചാനലിലൂടെ റിലീസ് ചെയ്ത ഗാനം മാസ്റ്റർ ചെയ്തത് യു കെ യിൽ നിന്നുള്ള  ഡൊനൽ വീലൻ ആണ്. ശങ്കർ എഹ്സാൻ ലോയ്, വിശാൽ ഭരദ്വാജ് തുടങ്ങിയ ഹിറ്റ് സംഗീതസംവിധായകരുടെ ഗാനങ്ങൾ മാസ്റ്റർ ചെയ്തിട്ടുണ്ട്  വീലൻ. ഗിറ്റാറും കീബോർഡ് പ്രോഗ്രാമിങ്ങും അബിൻ സാഗറും ഗാനത്തിന്റെ മിക്സിങ് അർജുൻ ബി. നായരും ആണ്.