ആറു വര്‍ഷത്തെ പ്രണയകഥ പറഞ്ഞ്, വിവാഹജീവിതവിശേഷങ്ങള്‍ പങ്കിട്ട് സംഗീതസംവിധായകന്‍ പി. എസ്. ജയഹരിയും മീനാക്ഷിയും
' ഞങ്ങളുടെ പ്രണയകാലത്തിനിടയിലാണ് അതിരനിലെ പാട്ടുകള്‍ ചെയ്യുന്നതൊക്കെ. അന്ന് മീനാക്ഷി തന്ന മെന്റല്‍ സപ്പോര്‍ട്ട് വലുതാണ്. ഒരുപാട് കടമ്പകള്‍, കണ്‍ഫ്യൂഷനുകള്‍, ആശങ്കകള്‍ എല്ലാം നിറഞ്ഞു നിന്ന സമയത്ത് തന്ന ആ പിന്തുണ എനിക്ക് ശക്തിയായി. ' ജയഹരി അതിരനില്‍ നിന്നു തുടങ്ങി.
'അന്ന് കേള്‍പ്പിച്ചപ്പോള്‍ പവിഴമഴയേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് ആട്ടുതൊട്ടില്‍...എന്ന പാട്ടാണ്. ഏട്ടന്‍ അതു പാടിയതു കേട്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി. പവിഴമഴയുടെ ട്യൂണ്‍ ഏട്ടന്‍ പാടിയതാണ് അയച്ചുതന്നത്. ഓകെ എന്നേ ഞാന്‍ പറഞ്ഞുള്ളൂ. പിന്നീട് ഹരിശങ്കര്‍ പാടിയപ്പോഴാണ് ആ പാട്ടിനെ ഞാന്‍ സ്വീകരിച്ചു തുടങ്ങിയത്. സിനിമയിലല്ലാതെ ഏട്ടന്‍ ചെയ്യുന്ന മറ്റ് വര്‍ക്കുകളുടെയും പാട്ടുകള്‍ കേള്‍പ്പിക്കാറുണ്ട്. കരിക്ക് ട്യൂണ്‍ഡ് യൂട്യൂബ് പേജിലെ അരികെ വാ..., അമല ഷോര്‍ട്ട് മൂവിയിലെ കണ്ണുക്കുള്‍ കാതല്‍മഴ... എല്ലാം' മീനാക്ഷിയും മനസ്സു തുറന്നു.
പാട്ട് ട്യൂണ്‍ ചെയ്ത് കഴിഞ്ഞാല്‍ ഡയറക്ടര്‍ക്ക് അയക്കുന്നതോടൊപ്പം മീനുവിനും ്അയയ്ക്കും. കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് കൃത്യമായിത്തന്നെ മറുപടി തരും. ചിലപ്പോള്‍ പറയും, 'ഓകെ ആണ്, എന്നാലും ഏട്ടനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു' എന്ന്. അത് പാട്ട് കൂടുതല്‍ നന്നാക്കാന്‍ ഊര്‍ജം തരും.
അതിരന്‍ ആദ്യപ്രദര്‍ശനം ഒരുമിച്ചു കണ്ട ആ ദിവസവും അനുഭവവും ഒരിക്കലും മറക്കാനാകില്ല. ഞങ്ങള്‍ കണ്ടുമുട്ടിയ ശേഷമുണ്ടായ ഏറ്റവും സന്തോഷകരമായ അനുഭവമാണത്. സിനിമയുടെ ക്രൂവിനൊപ്പം കൊച്ചിയില്‍ വച്ചു കാണാം എന്ന് അവര്‍ നേരത്തേ പറഞ്ഞിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള തിരുവനന്തപുരത്തെ ഏരീസ് ഓഡി വണ്ണിലെ ആ വലിയ സ്‌ക്രീനില്‍ 'മ്യൂസിക്: ജയഹരി' എന്നെഴുതിക്കാണണം എന്നത് വലിയൊരു മോഹമായിരുന്നു. അതുകൊണ്ട് കൊച്ചിയിലേക്കു പോകാതെ ഞങ്ങള്‍ പതിനാല് ഫ്രണ്ട്‌സ് ഒരുമിച്ച് ഏരീസില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. കൊച്ചിയിലാണ് കാണുന്നത് എന്ന് അറിഞ്ഞ് ഡെസ്പ് ആയിരുന്ന മീനുവും അതോടെ ഹാപ്പിയായി. പ്രോജക്റ്റ് ഉണ്ട് എന്നൊക്കെ വീട്ടില്‍ പറഞ്ഞാണ് സിനിമയ്ക്ക് എത്തിയത്. അവിടെ ഒരു നിരയില്‍ പന്ത്രണ്ട് സീറ്റാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും മറ്റൊരിടത്താണ് സീറ്റ് കിട്ടിയത്. ഞങ്ങളുടേതായ വൈബില്‍ ഇരുന്ന് സിനിമ കണ്ടു തുടങ്ങി. ടൈറ്റില്‍ സോങ്ങിലെ വഴികള്‍ കനലെരിയും...എന്ന വരിയെത്തിയപ്പോള്‍ എന്റെ പേര് സ്‌ക്രീനില്‍ തെളിഞ്ഞതും എന്റെ കണ്ണ് നിറഞ്ഞൊഴുകി. മീനു അപ്പോഴെന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചു. അപ്പോള്‍ തോന്നിയ സന്തോഷം- അതു പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.
മീനാക്ഷിയും ഓര്‍മകളിലേക്കു പോയി:'' എന്റെ പേര് സ്‌ക്രീനില്‍ കാണണം എന്ന് മൂന്നാലു വര്‍ഷമായി എന്നോട് പറഞ്ഞുകൊണ്ടിരുന്ന കാര്യമാണ്. അതുകണ്ടപ്പോള്‍ എനിക്കും സന്തോഷമായി. എന്റെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും എനിക്ക് പറയേണ്ടി വന്നിട്ടില്ല. നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് എങ്ങനെയോ സെന്‍സ് ചെയ്ത് ഇങ്ങോട്ടു ചോദിക്കും. ഏട്ടനില്‍ എനിക്കിഷ്ടപ്പെട്ടത് ആ ഗുണമാണ്. പിന്നെ അദ്ദേഹത്തിലെ പാട്ടുകാരനെയും ഒരുപാടിഷ്ടം. ''

പിയാനോ സംഗീതത്തില്‍ വളര്‍ന്ന പ്രണയം
പിയാനോ ക്ലാസില്‍ എന്റെ സ്റ്റൂഡന്റ് ആയിരുന്നു മീനാക്ഷി. പ്ലസ് വണ്ണിലായപ്പോള്‍ മീനു ക്ലാസ് നിര്‍ത്തി. ബി എസ്‌സിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 2013ലാണ് വീണ്ടും മീനുവിനെ കാണുന്നത്. അപ്പോഴേക്കും ട്രിനിറ്റി കോളജില്‍ നിന്ന് പിയാനോ ഫിഫ്ത് ഗ്രേഡ് പാസ്സായിട്ടുണ്ടായിരുന്നു. ഇത്തവണ സ്റ്റൂഡന്റ് ആയിട്ടല്ല എന്റെ കൂടെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിയാനോ ട്യൂട്ടര്‍ ആയിട്ടാണ് വരുന്നത്.വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചു വരവില്‍ ഗുരു-ശിഷ്യ ബന്ധത്തില്‍ നിന്ന് ഞങ്ങള്‍ അങ്ങനെ കൊളീഗ്‌സ് ആയി വളര്‍ന്നു.
ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും രണ്ടാള്‍ക്കും പരസ്പരം ഇഷ്ടമാണെന്ന കാര്യം ഉറപ്പായി. അതൊരു അണ്‍സ്‌പോക്കണ്‍ ഫീലിങ് ആയിരുന്നു. ഇതുവരെയും പ്രൊപോസ് ചെയ്തിട്ടില്ല. എങ്കിലും ഞങ്ങള്‍ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു. ടീച്ചറും സ്റ്റൂഡന്റുമല്ലേ, ഇതു വേണോ എന്നൊക്കെയുള്ള ചിന്തകള്‍ ഇടയ്ക്കു വന്നു. പക്ഷെ എത്ര ശ്രമിച്ചിട്ടും രണ്ടാള്‍ക്കും മറക്കാനായില്ല. മറക്കാന്‍ ശ്രമിക്കുന്തോറും അത് ഇരട്ടി ശക്തിയില്‍ തിരിച്ചടിച്ചുകൊണ്ടിരുന്നു. എന്തായാലും വിധിപോലെ നടക്കട്ടെ എന്നു വിചാരിച്ചു. അപ്പോള്‍ മീനു ബി എസ്‌സി പഠിക്കുകയായിരുന്നു. എന്റെ അമ്മയോട് നേരത്തേ ഞാന്‍ കാര്യം പറഞ്ഞിരുന്നു. മീനു വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനുവിന്റെ വീട്ടുകാര്‍ക്ക് പക്ഷെ ഇക്കാര്യം അറിയില്ലായിരുന്നു. മീനുവിന്റെ പഠനത്തിന് തടസ്സമാകരുത് എന്നുള്ളതുകൊണ്ട് തല്‍ക്കാലം വീട്ടില്‍ പറയേണ്ട എന്നു വച്ചു.
മീനു എംഎസ്‌സി കഴിഞ്ഞ് കുറച്ചായപ്പോള്‍ 2019ല്‍ എന്റെ അമ്മാവനും വലിയച്ഛനും കൂടി മീനുവിന്റെ വീട്ടില്‍ പോയി സംസാരിച്ചു. അവര്‍ക്കതൊരു ഷോക്ക് ആയി. ഞങ്ങള്‍ തമ്മില്‍ വയസ്സിലുള്ള വലിയ വ്യത്യാസം, എന്റെ പ്രഫഷന്‍ അങ്ങനെ കുറേ കാര്യങ്ങള്‍ കൊണ്ട് ആദ്യം അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. ഞങ്ങളുടെ ബന്ധം എത്രത്തോളം ശക്തമാണ് എന്നത് ആര്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ ആകില്ലായിരുന്നു. മനസ്സുകൊണ്ട് ഒരിക്കലും വേര്‍പിരിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍. ആരുടെയും സമ്മതം വാങ്ങിയല്ലല്ലോ സ്‌നേഹിച്ചത്, അപ്പോള്‍ എന്തുവന്നാലും മുന്നോട്ടു തന്നെ എന്നുറപ്പിച്ചു. ഒന്നു രണ്ടു തവണ തീരുമാനിച്ച് ചില കാരണങ്ങള്‍ കൊണ്ട് കല്യാണം നീണ്ടു പോയി. അപ്പോഴേക്കും ലോക്ഡൗണ്‍ ആയി. എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്നു പറയുന്ന പോലെ, സെപ്തംബര്‍ 4നാണ് ആ സമയമെത്തിയത്.
'എന്റെ ഭ്രാന്തുകളും ആബ്‌സന്റ്‌മൈന്‍ഡഡ്‌നെസ്സുമൊക്കെ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നയാളാണ് മീനു. ഒന്നും പറഞ്ഞു മനസ്സിലാക്കേണ്ടി വന്നിട്ടില്ല. ഫോണ്‍ വിളിച്ചു സംസാരിക്കുന്നതിനിടയില്‍ വേറെ കോള്‍ വന്നാല്‍ പിന്നെ വിളിക്കാം എന്നു പറഞ്ഞ് കട്ട് ചെയ്യും. അക്കാര്യം ഞാന്‍ മറക്കും. മറ്റു പല കാര്യങ്ങള്‍ക്കും പിണങ്ങാറുണ്ടെങ്കിലും ഇതുവരെ ഒരിക്കല്‍പ്പോലും ആ കാര്യം പറഞ്ഞ് പിണങ്ങിയിട്ടില്ല. ഇപ്പോഴിതാ, എന്റെ മുറിയൊക്കെ ഇത്രയും വൃത്തിയില്‍ ആദ്യമായിട്ടാണ് കാണുന്നത്. എവിടെയെങ്കിലും പോകണമെങ്കില്‍ ഏതെങ്കിലും മൂലയില്‍ ചുരുട്ടിക്കൂട്ടിയിട്ട ഷര്‍ട്ട് ഒക്കെ ഇട്ടാണ് പോയിരുന്നത്. എല്ലാം മാറി. തുണിയൊക്കെ മടക്കി വച്ചിരിക്കുന്നതു കാണുമ്പോള്‍ ആകെയൊരു മാറ്റം അറിയുന്നു.
വിവാഹം കഴിഞ്ഞതായി ഞങ്ങള്‍ക്ക് തോന്നുന്നേയില്ല. പണ്ട് എങ്ങനെയാണോ അതേപോലെത്തന്നെയാണ് ഇപ്പോഴും. വെഡിങ് റിങ് നോക്കി ചിരിക്കാറുണ്ട് ഞങ്ങള്‍. വെസ്റ്റേണ്‍ മ്യൂസിക് പഠിപ്പിക്കുന്ന നല്ലൊരു ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങണമെന്നത് എന്റെ വലിയൊരു സ്വപ്‌നമാണ്. ഒപ്പം സംഗീതസംവിധാനവും ഉണ്ടാകും. എല്ലാത്തിനും കൂടെ മീനുവും ഉണ്ടല്ലോ. ഇനിയതെല്ലാം 'ഞങ്ങളുടെ' സ്വപ്‌നമാണ്.' ജയഹരി മീനുവിനെ പ്രണയപൂര്‍വം നോക്കിച്ചിരിച്ചു.