ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താല്‍ അന്തരിച്ച ഭാര്യ ശാന്തിയുടെ ശബ്ദത്തിൽ ഗാനം ആലപിച്ച് സംഗീതസംവിധായകൻ ബിജിബാൽ. ‘എന്റെ പൊന്നോണം, പൂങ്കാവ്, പൂവനം’ എന്ന അടിക്കുറിപ്പോടെ ബിജിബാൽ തന്നെയാണ് പാട്ടിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
‘അവളുടെ പ്രിയപ്പെട്ട പാട്ട് ഞാൻ പാടിയത്, അവളുടെ ശബ്ദത്തിൽ’ എന്ന് വിഡിയോ പങ്കുവച്ച് ബിജിബാൽ കുറിച്ചു. ശാന്തിയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ. എബി സാൽവിൻ തോമസ് ആണ് ഇത്തരമൊരു വിഡിയോ ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത പരിചയപ്പെടുത്തിയതെന്നു ബിജിബാൽ പറയുന്നു.
2002 ജൂൺ 21നാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. 2017 ല്‍ മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് നർത്തകിയായ ശാന്തി ബിജിബാൽ അന്തരിച്ചത്. ദേവദത്ത്, ദയ എന്നിവരാണ് മക്കൾ. വിഡിയോ കാണാം..