ജനകനിലെ ഒളിച്ചിരുന്നേ...എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഗായികയാണ് രാജലക്ഷ്മി. ഒട്ടേറെ ഗാനങ്ങൾ രാജലക്ഷ്മി പാടിയിട്ടുമുണ്ട്. പക്ഷെ രാജലക്ഷ്മിയുടേതായി അധികം കവർ സോങ്ങുകൾ ഒന്നും പുറത്തിറങ്ങിയിട്ടില്ല. അതിന് കാരണമുണ്ട്. രാജലക്ഷ്മി പറയുന്നു.
‘‘ഒറിജിനൽ പാട്ടുകൾ കൂടുതലായി കേൾക്കാനും പരിക്കുകൾ വരുത്താതെ പാട്ട് അതേപോലെത്തന്നെ പഠിച്ച് അവതരിപ്പിക്കാനുമാണ് എനിക്കിഷ്ടം. അതുകൊണ്ട് അധികം കവർ സോങ്ങുകൾ ചെയ്തിട്ടില്ല. സിനിമയ്ക്കു വേണ്ടി ഞാൻ പാടിയ പാട്ടുകൾ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും പലതും ഞാനാണ് പാടിയതെന്ന് അധികമാർക്കും അറിയില്ല.
ഒരുപാട് പേരിൽ നിന്ന് അഭിപ്രായം കിട്ടിയ പാട്ടാണ് ചാർളിയിലെ സ്നേഹം നീ നാഥാ... ഒരുപാട് ചെറുപ്പക്കാരും പറഞ്ഞിട്ടുണ്ട് ഈ പാട്ട് ഇഷ്ടമാണെന്ന്. കൂട്ടുകാർക്കിടയിലും മറ്റും ഈ പാട്ടിനെക്കുറിച്ച് ചർച്ച വരാറുണ്ട്. പക്ഷെ ഞാനാണിത് പാടിയത് എന്നു പറയുമ്പോൾ അവർ അദ്ഭുതത്തോടെ ചോദിക്കാറുണ്ട്, ങേ! ചേച്ചിയാണോ പാടിയത്? അത് ഞങ്ങൾക്കറിയില്ലായിരുന്നു എന്ന്. ഈ കമന്റ് സ്ഥിരമായപ്പോൾ വല്ലാതെ മനസ്സിൽതട്ടി. എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന, പഴയ പാട്ടുകൾ ഞാൻ പാടിക്കേൾക്കണം എന്നാഗ്രഹിക്കുന്ന കുറച്ചു പേരുണ്ട്. അവർക്കു വേണ്ടിക്കൂടിയാണ് ഉടനെത്തന്നെ കവർ സോങ് ചെയ്തത്.

ഈസ്റ്ററും ദുഃഖവെള്ളിയുമായി ബന്ധപ്പെട്ടതാണ് ഗാനത്തിന്റെ സന്ദർഭം. തിരുപ്പിറവിയെക്കുറിച്ചുള്ള ഗാനമല്ല. എന്നാലും ഈ ഫെസ്റ്റീവ് സീസണിൽ തന്നെ ചെയ്യണം എന്നു തോന്നി. അങ്ങനെയാണ് ഈ കവർ സോങ് ചെയ്യുന്നത്. ഗോപിച്ചേട്ടൻ(ഗോപി സുന്ദർ) ആണ് ഇതിന്റെ സംഗീതം. റഫീക് അഹമ്മദ് സാറിന്റെ വരികളും. ഗോപിച്ചേട്ടന് ഞാൻ കവർസോങ് അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു റിലീസ്. സംഗീതം ചെയ്തയാളിൽ നിന്നു തന്നെ പാട്ട് നന്നായി എന്നു കേൾക്കുന്നത് വലിയ സന്തോഷം. ഞാൻ പാടിയതും എന്നാൽ ഞാനാണ് പാടിയതെന്ന് അറിയപ്പെടാത്തതുമായ കുറച്ചു ഗാനങ്ങൾ കൂടി ഇതുപോലെ പുനരവതരിപ്പിക്കണമെന്നുണ്ട്. ’’ രാജി പറയുന്നു.
ശ്രാവൺ കൃഷ്ണകുമാർ (വയലിൻ, വയോള) സനു പി എസ്(ഗിറ്റാർ), അൽ നിഷാദ്(മ്യൂസിക് പ്രൊഡക്‌ഷൻ) എന്നിവരാണ് രാജലക്ഷ്മിക്കൊപ്പമുള്ള മറ്റ് കലാകാരന്മാർ.