Friday 21 August 2020 12:31 PM IST

ഉടഞ്ഞ ബന്ധങ്ങളുടെ പ്രതീകമായി 'കോഫി മഗ്ഗ്'... ശ്രദ്ധേയമായി ജ്യോത്സ്‌നയുടെ ലിറിക് വിഡിയോ

V N Rakhi

Sub Editor

coffee-muggdcgcv

തകര്‍ന്നുടഞ്ഞിട്ടും അവസാനമില്ലാതെ നീളുന്ന ബന്ധങ്ങള്‍ക്കായി ഹൃദയത്തില്‍ നിന്നൊരു പാട്ട്. തന്റെ പുതിയ ഇംഗ്ലിഷ് ലിറിക്കല്‍ വിഡിയോ കോഫി മഗ്ഗിനെ അങ്ങനെയാണ് ഗായിക ജ്യോത്സ്‌ന വിശേഷിപ്പിക്കുന്നത്. മനസ്സിന്റെ ഉയര്‍ച്ച താഴ്ചകളും ഉടഞ്ഞ കഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളും വെറുപ്പിനും സ്‌നേഹത്തിനും ഇടയില്‍പ്പെട്ടുണ്ടാകുന്ന വേദനയും എന്നെങ്കിലും ഇതിനൊരു ഒടുക്കമുണ്ടാകുമെന്ന പ്രതീക്ഷയും പാടുകയാണ് കോഫി മഗ്ഗിലൂടെ. ആദ്യ വിഡിയോ സോങ് പറന്നേ... യില്‍ നിന്ന് വ്യത്യസ്തമായി ലളിതമായ രീതിയില്‍ ആനിമേറ്റഡ് വിഡിയോ ആയിട്ടാണ് പാട്ടൊരുക്കിയിരിക്കുന്നത്.

''മലയാളം അറിയാത്തവര്‍ക്കു കൂടി വേണ്ടിയാണ് പാട്ട് ഇംഗ്ലിഷില്‍ ആക്കിയത്. പോപ്പ്, ഇഡിഎം, പിന്നെ ഇന്ത്യന്‍ ക്ലാസിക്കല്‍ എന്നിങ്ങനെ മൂന്ന് തരം സംഗീതം മിക്‌സ് ചെയ്താണ് ഉപയോഗിച്ചത്. ഇന്ത്യന്‍ ക്ലാസിക്കലിനായി സിതാറിന്റെ ഒരു പോര്‍ഷന്‍ ഉള്‍പ്പെടുത്തി. എന്റെ അടുത്തസുഹൃത്തും ഗായികയുമായി ഗായത്രിയുടെ ഭര്‍ത്താവ് പുര്‍ബയാന്‍ ചാറ്റര്‍ജി ഭംഗിയായി ആ പീസുകള്‍ വായിച്ചു തന്നു."- ജ്യോത്സന പാട്ടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു.

"എപ്പോഴും ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന തരം സംഗീതമാണ് ഇത്. എന്റേതായി എന്തെങ്കിലും ചെയ്യുമ്പോള്‍ അത് അതേ തരം സംഗീതം തന്നെയാകട്ടെ എന്നു വിചാരിച്ചു. അതാണ് ഇങ്ങനെയൊരു ട്യൂണിട്ടത്. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിംപിള്‍ പാട്ടാണിത്. പാട്ടെഴുതി വച്ചിട്ട് കുറേ നാളുകളായിരുന്നു. അന്ന് വേറൊരു ട്യൂണ്‍ ആയിരുന്നു. ലോക്ഡൗണില്‍ ഈ വര്‍ക്കിനെക്കുറിച്ച് ഓര്‍മ വന്നു. വിഡിയോ ചെയ്യാമെന്നു തോന്നി.

വേറൊരു സ്‌റ്റൈലില്‍ ട്യൂണിട്ട് ഒന്ന് മാറ്റിയെടുക്കാം എന്നു വിചാരിച്ചു.അങ്ങനെയാണ് പുതിയ ട്യൂണ്‍ വന്നത്. വിഡിയോ ഷൂട്ട് ചെയ്യണമെന്നുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ സാധിക്കാത്തതുകൊണ്ട് ആനിമേറ്റഡ് വിഡിയോ ആക്കാമെന്നു വച്ചു. വരികള്‍ മനസ്സിലാക്കാനായി എഴുതിക്കാണിക്കാമെന്നും തോന്നി. തിരുവനന്തപുരത്തുള്ള സെനിത് സഞ്ജയനും ടീമും മനോഹരമായി വിഡിയോ ഡയറക്ട് ചെയ്തു."- ജ്യോത്സന പറയുന്നു.

Tags:
  • Movies