ADVERTISEMENT

താരങ്ങളുടെ വ്യക്തിജീവിതത്തെ സോഷ്യൽ മീഡിയയിൽ വിചാരണ ചെയ്യുന്നവരുണ്ട്. ചില പ്രതികരണങ്ങളും പരിധികൾ ലംഘിക്കാറുമുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറിനും അത്തരത്തിലൊരു മോശം അനുഭവം ഉണ്ടായതാണ് സോഷ്യൽ മീഡ‍ിയയിലെ ചർച്ചാ വിഷയം. അമ്മയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തിനു കീഴെ മോശം പരാമർശം നടത്തിയ വ്യക്തിക്ക് ഗോപി സുന്ദർ ഉചിതമായ മറുപടി നൽകുകയും ചെയ്തു.

‘അമ്മ ലവ്’ എന്ന തലക്കെട്ടിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിനു താഴെയാണ് പരിധിവിട്ട കമന്റെത്തിയത്. ‘ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കിൽ താൻ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’ എന്ന് ഒരാൾ തമന്റ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ പ്രതികരിച്ച് ഗോപി സുന്ദർ എത്തി.

ADVERTISEMENT

‘തൽക്കാലം നിങ്ങൾ സ്വന്തം കാര്യം നോക്ക്. നിങ്ങൾ നിങ്ങളുടെ മര്യാദ കാണിക്ക്. ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത്? നിങ്ങൾ വെറുതെ കാര്യം എന്താണെന്ന് അറിയാതെ ഇങ്ങനെ ഊഹാപോഹങ്ങൾ കൊണ്ട് കമന്റിടല്ലേ. കുടുംബത്തോടൊപ്പം എന്റെ വീട്ടിലേക്കു കയറി വരൂ. നമുക്ക് ഇതേക്കുറിച്ച് ചർച്ച ചെയ്യാം. നിങ്ങൾക്ക് ഇത്രയധികം വിഷമമുണ്ടെങ്കിൽ നമുക്കൊന്നു നേരില്‍ കാണാമെന്നേ’, എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്. 

സമൂഹമാധ്യമങ്ങളിൽ വരുന്ന ഇത്തരം കമന്റുകളെ താൻ ശ്രദ്ധിക്കാറില്ലെന്നും അവയോടു പ്രതികരിക്കാറില്ലെന്നും ഗോപി സുന്ദർ വ്യക്തമാക്കി. എന്നാൽ ഇടയ്ക്കൊക്കെ ഇങ്ങനെ മറുപടി കൊടുക്കുന്നത് രസമുള്ള കാര്യമാണെന്നും അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. നിരവധി പേരാണ് ഗോപി സുന്ദറിനു പിന്തുണ രേഖപ്പെടുത്തി പ്രതികരണവുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT