മഴയുടെ വിവിധഭാവങ്ങൾ വരച്ചുകാട്ടുന്ന ചിത്രങ്ങളും വേറിട്ട ഈണവും മഴയെന്ന കാത്തിരിപ്പ് പാടുന്ന വരികളും വിഡിയോയെ വ്യത്യസ്തമാക്കുന്നു.
‘‘മഴയ്ക്ക് ഒരുപാട് വൈകാരികതലങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഒരുപാട് വികാരങ്ങളുടെ പ്രതീകം കൂടിയാണ് മഴ. വിഷമഛായയിലുള്ള മഴയും ചറപറ ചറപറ പെയ്യുന്ന ഹാപ്പിയായ മഴയുമുണ്ട്. എത്രയോ പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും പാട്ടുകളിലൂടെയും മഴയെ നമ്മൾ അടുത്തറിഞ്ഞിട്ടുണ്ട്. മഴ എനിക്ക് ഒരു കാത്തിരിപ്പാണ്. മഴ പെയ്യാനുള്ള എന്റെ കാത്തിരിപ്പ് ഏതോ ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാകാം. അല്ലെങ്കിൽ ഒരാളെ മിസ് ചെയ്യുന്നതാകാം. മഴയെ ഒരുപാട് തരത്തിൽ റിലേറ്റ് ചെയ്യാനും ഏത് മൂഡിലാണെങ്കിലും മഴ ആസ്വദിക്കാനും എനിക്ക് കഴിയും. അത്രയും അടുത്തു നിൽക്കുന്നതുകൊണ്ടാണ് മഴയ്ക്ക് ഒരു ഓഡ്(ഭാവഗീതം) തന്നെയാകാം എന്നു വച്ചത്. ’’ ഗൗരി പറയുന്നു.

‘‘മഴ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. കാരണം എന്താണെന്നൊന്നും അറിയില്ല. മഴയല്ലേ, ഛേ,ഇന്ന് പുറത്തു പോകാൻ പറ്റില്ലല്ലോ എന്നൊക്കെ ആളുകൾ പറയാറില്ലേ? പക്ഷേ, എല്ലാ ദിവസവും മഴ പെയ്താലും എനിക്ക് സന്തോഷമേ ഉള്ളൂ. കുട്ടിക്കാലം മുതലേ അങ്ങനെയാണ്. മഴ ഇഷ്ടമല്ലാത്ത ഒരു പ്രായത്തെക്കുറിച്ച് എനിക്ക് ഓർമയില്ല.
നാലഞ്ച് വർഷം മുമ്പ് എഴുതി ട്യൂണിട്ടു വച്ച പാട്ടാണിത്. കോവിഡ് സമയത്ത് വേറൊന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ഇത് ഇറക്കാം എന്നു തോന്നി. ഓഡിയോ പ്രൊഡക്‌ഷൻ എല്ലാം ചെയ്തത് ലോക്ഡൗൺ സീസണിലാണ്. പുറത്തെവിടെയും പോയി ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം. അപ്പോൾ നമ്മുടെ പാട്ടുകൾ സ്ഥിരമായി ഫോളോ ചെയ്യുന്ന കുറച്ചു പേരെക്കൂടി എന്തുകൊണ്ട് ഇതിന്റെ ഭാഗമാക്കിക്കൂടാ എന്നു ചിന്തിച്ചു. മഴയോടുള്ള സ്നേഹം എല്ലാ മലയാളികൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യമാണല്ലോ. അങ്ങനെയാണ് കുറേപ്പേരുടെ കയ്യിൽ നിന്ന് വിഡിയോയും ചിത്രങ്ങളും വാങ്ങി ഉൾപ്പെടുത്തിയത്. എല്ലാവരുടെയും സ്നേഹം അതിലൂടെ പറയാം എന്നു വിചാരിച്ചു.
ആദ്യ തവണ ഗാനത്തിന്റെ അറേഞ്ച്മെന്റും പ്രോഗ്രാമിങ്ങും ചെയ്തത് റെക്സ് ജോർജ് ആണ്. ഇപ്പോൾ റീ വാംപ് ചെയ്തത് എന്റെ ഭർത്താവ് ഗണേഷ് വെങ്കിട്ടരമണിയാണ്. ഇവരുടെ രണ്ടുപേരുടെയും സംഭാവന പാട്ടിലുണ്ട്.ഗായികയും കംപോസറുമായ നേഹാ നായരുടെ ബാക്കിങ് വോക്കൽസും വോക്കൽ പ്രൊഡക്‌ഷനും പാട്ടിൽ ഒരുപാടുണ്ട്. ടിപ്പിക്കൽ മലയാളി ഈണമാണ് ആദ്യം ഞാൻ പാട്ടിന് നൽകിയത്. പിന്നീട് പല ആർട്ടിസ്റ്റുമാരുമായി ചേർന്നപ്പോൾ വ്യത്യസ്തമായൊരു സ്റ്റൈൽ പാട്ടിനു കൈവന്നു.

നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ മഴയത്തുള്ള സന്തോഷനിമിഷങ്ങളുടെ ഫോട്ടോ എനിക്ക് അയച്ചു തരിക എന്ന് ഇൻസ്റ്റഗ്രാമിൽ ഞാൻ ഒരു പോസ്റ്റിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ഒരുപാടു പേർ മനോഹരമായ കുറേ ഫോട്ടോസ് അയച്ചു തന്നു. അതിൽ ഏറ്റവും ഇഷ്ടപ്പെട്ടതൊക്കെ ഉൾപ്പെടുത്തി. ചിലതൊക്കെ ഞാൻ ഇസ്റ്റഗ്രാമിൽ കണ്ട് അങ്ങോട്ടു ചോദിച്ചു വാങ്ങിയതും ഉണ്ട്. ഞാൻ കാരണം കുറേപ്പേർ മഴ നനഞ്ഞല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സന്തോഷം.’’
വരികളും ഈണവും പാടിയതും ഗൗരി തന്നെയാണ്. സന്ദീപ് മോഹൻ (ഗിത്താർ), ജോ ജോൺസൺ (മിക്സിങ് ആൻഡ് മാസ്റ്ററിങ്), സുധീഷ് എം എസ്(എഡിറ്റിങ് ആൻഡ് കളറിങ്) എന്നിവരും വിഡിയോയുടെ ഭാഗമാണ്.