ഹൃദയരക്ഷയെ കുറിച്ചു പറയാൻ കാർഡിയോളജിസ്റ്റിനോട് ആവശ്യപ്പെട്ടാൽ അവർ എന്തു ചെയ്യും..? ലേഖനം എഴുതും .. അല്ലെങ്കിൽ സംഭാഷണം നടത്തും. കാർഡിയോളജിസ്റ്റ് ഒരു സംഗീത പ്രേമി ആണെങ്കിലോ? ന്യൂ ജെൻ വൈബ് ഉള്ള ഒരു അടിപൊളി ഹൃദയ രക്ഷാ അവബോധഗാനം രൂപം കൊള്ളും...
സംഗീത പ്രേമിയായ കൊച്ചിയിലെ കാർഡിയോളജിസ്റ്റ് ആർ. സന്ദീപും തിരുവനന്തപുരത്തെ ഫിസിഷ്യൻ ആർ. എസ്. സുകേഷും ചേർന്നപ്പോൾ അത്തരം ഒരു ഗാനം ആണ് രൂപം കൊണ്ടത്. പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റ്. അഭിനയിച്ചത് ബാബുരാജ്.
ആസ്റ്റർ മെഡ് സിറ്റിയിലെ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആർ. സന്ദീപിന്റെ മനസ്സിലാണ് ഹൃദയ രക്ഷാ അവബോധം സംഗീതത്തിലൂടെ ആയാലോ എന്ന ആശയം മുള പൊട്ടുന്നത്. ജോലിയിൽ നിന്നുള്ള ഇടവേളകൾ ഭക്തി ഗാന ആൽബങ്ങളും കവർ ഗാനങ്ങളും ചെയ്യാനാണ് ഡോക്ടർ സന്ദീപ് പൊതുവേ ഉപയോഗിക്കുക.
'ഹാർട്ട് ആൻതം' എന്ന ആശയം സുഹൃത്തും തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റൽ ഫിസിഷ്യയനുമായ ഡോക്ടർ സുകേഷിനോട് പങ്കു വച്ചതോടെ ഗാനത്തിന്റ വരികൾ തയാറായി.
"ഏറ്റവും ലളിതമായ ഭാഷയും സ്റ്റൈലിഷ് ആയ സംഗീതവും ചേർന്നാലെ സാധാരണക്കാരിലേക്കും ചെറുപ്പക്കാരിലേക്കും അറിവ് ചെന്നെത്തൂ എന്ന ചിന്തയാണ് ഗാനം ഇങ്ങനെ ചിട്ടപ്പെടുത്താൻ പ്രേരണ ആയത്. പരിചിതവും വ്യത്യസ്തവുമായ ശബ്ദമുള്ള ഗായകൻ വേണം എന്നാലോചിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞ പേര് ജാസി ഗിഫ്റ്റ് ആയിരുന്നു.
ഈ ആശയം സംഗീത സംവിധായിക അഞ്ജന ജോർജുമായി പങ്കുവച്ചപ്പോൾ ആണ് വീഡിയോ ഗാനമാക്കാം എന്ന ആശയം വരുന്നതും നാടൻ ബാബുരാജിനെ അഭിനയിപ്പിക്കാൻ തീരുമാനമാകുന്നതും." ഡോ. സന്ദീപ് പറയുന്നു.
"സെപ്റ്റംബർ 29 ലോക ഹൃദയരോഗ്യ ദിനമായി ആചരിക്കുന്നത് ഹൃദയ രക്ഷയുടെ പ്രാധാന്യത്തെ കുറിച്ചു പൊതുജനത്തിന് അറിവ് പകരുന്നതിനാണ്. അതു വ്യത്യസ്തമായി ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം എന്ന് ഡോ. സുകേഷ്.
ഗാന വിഡിയോയുടെ നിർമാണം ആസ്റ്റർ മെഡ് സിറ്റി ഏറ്റെടുത്തതോടെ സ്വപ്നം യഥാർത്ഥ്യമായി. ചെറുപ്പക്കാരായവർ പോലും ഹൃദയാഘാതത്താൽ മരണമടയുന്നത് കൂടി വരുന്ന സാഹചര്യത്തിൽ ഈ ഗാനം ഹൃദയ സുരക്ഷയിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ ആളുകളെ പ്രേരിപ്പിക്കും എന്ന ശുഭാപ്തി വിശ്വാസത്തിൽ ആണ് ഡോ. സന്ദീപും ഡോ. സുകേശും.