Thursday 24 September 2020 03:11 PM IST

ഒന്നുമാകാതെ പോകുമായിരുന്നു, ഈ അവസരം എന്റെ പ്രാർഥനയും പുതിയ തുടക്കവും! ഗോപി സുന്ദർ ഇമ്രാന് നൽകിയ സർപ്രൈസിന്റെ ബാക്കി

V.G. Nakul

Sub- Editor

imran-new-1

പാട്ടിന്റെ ലോകമായിരുന്നു ഇമ്രാൻ ഖാന്‍ കൊതിച്ചത്. പക്ഷേ, വിധി ഇമ്രാനെ എത്തിച്ചത് ഓട്ടോറിക്ഷാ ഡ്രൈവറുടെ കുപ്പായത്തിനുള്ളിലും. എങ്കിലും സംഗീതത്തോടുള്ള അടങ്ങാത്ത പ്രണയം മനസ്സിൽ സൂക്ഷിച്ച് ജീവിതത്തോടു പടവെട്ടി നീങ്ങുന്ന ഇമ്രാനെ തേടി ഒടുവിൽ ആ ഒരവസരം വന്നിരിക്കുന്നു. മലയാള സിനിമയുടെ പ്രിയ സംഗീത സംവിധായകൻ ഗോപി സുന്ദറിനു വേണ്ടി പാടാനൊരുങ്ങുകയാണ് ഇമ്രാൻ.

ഐഡിയ സ്റ്റാർ സിങ്ങർ വേദിയെ ത്രസിപ്പിച്ചിരുന്ന ആ പഴയ ഇമ്രാൻ ഖാൻ ഓട്ടോറിക്ഷ ഡ്രൈവറായ വാർത്ത അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സമൂഹമാധ്യമങ്ങളിലൂടെ ഇമ്രാന്‍ പാടുന്നതിന്റെ പുതിയ വിഡിയോകളും ആസ്വാദകർ ഏറ്റെടുത്തു. അങ്ങനയാണ് മ്യൂസിക് റിയാലിറ്റി ഷോ ‘സരിഗമ പതനിസ’യുടെ ഫൈനലിൽ ഇമ്രാൻ അതിഥിയായി എത്തിയത്. ആ വേദി ഇമ്രാന്റെ ജീവിതത്തിൽ പുതിയൊരു തുടക്കത്തിന്റെതു കൂടിയായി. മത്സരത്തിന്റെ വിധികർത്താക്കളിലൊരാളായിരുന്ന ഗോപി സുന്ദർ ഇമ്രാന് വാക്കു നൽകി – ‘എന്റെ ഒരു പാട്ട് നീ പാടും’.

imran-new-3

ആ വാക്ക് ഗോപി പാലിച്ചത് ഒരു സർപ്രൈസിലൂടെയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തിയ ഗോപിയ സുന്ദര്‍, യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോറിക്ഷയില്‍ കയറി. മാസ്‌കും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച യാത്രക്കാരനെ ഇമ്രാന്‍ തിരിച്ചറിഞ്ഞില്ല. ഇടയ്ക്ക് ചായ കുടിക്കാന്‍ വാഹനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഓട്ടോ നിര്‍ത്തി പുറത്തിറങ്ങിയ ശേഷമാണ് സൗഹൃദ സംഭാഷണത്തിനിടെ യാത്രക്കാരന്റെ പേര് ഇമ്രാന്‍ ചോദിച്ചത്. യാത്രക്കാരൻ ഗോപി സുന്ദർ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാൻ ഞെട്ടി. അതോടൊപ്പം പുതിയ ഗാനത്തിന്റെ അഡ്വാന്‍സും ഗോപി സുന്ദര്‍ ഇമ്രാന് നല്‍കി.

ഗോപി സുന്ദര്‍ ഈ സര്‍പ്രൈസിന്റെ വിഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചതോടെ ആസ്വാദക ലോകവും ആ സന്തോഷ വാർത്ത അറിഞ്ഞു.

‘‘വലിയ സന്തോഷം. സർപ്രൈസായാണ് ഗോപി സുന്ദർ സാർ കൊല്ലത്ത് വന്നതും അഡ്വാൻസ് തന്നതും. സാറിന്റെ മ്യൂസിക് കമ്പനിക്കു വേണ്ടിയാണ് ഈ പാട്ട്. അതിന്റെ വിഡിയോയും ഉണ്ടാകും എന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്നാണ് റെക്കോർഡിങ്’’

imran-new-2

ഗോപി സുന്ദറിനു വേണ്ടി പാടാൻ എറണാകുളത്തേക്ക് പോകുന്നതിനിടെ ‘വനിത ഓൺലൈനോ’ട് ഇമ്രാൻ മനസ്സ് തുറന്നു.

‘‘റിയാലിറ്റി ഷോയിൽ വന്നെങ്കിലും അതില്‍ കിട്ടിയ അംഗീകാരം പിന്നീടു ഗുണമായില്ല. ഞാൻ സിനിമയിൽ ആകെ പാടിയത് ഒരു പാട്ടാണ്. ‘ഇത്തിരി ചക്കരനുള്ളി...’ എന്ന ‘സീനിയേഴ്’സിലെ ആ പാട്ട് തന്നത് ജാസി ഗിഫ്റ്റ് ചേട്ടനാണ്. പിന്നീട് അവസരങ്ങൾ വന്നില്ല. അങ്ങനെയാണ് ജീവിക്കാൻ ഓട്ടോറിക്ഷ ഡ്രൈവർ ആയത്. ഇപ്പോൾ 4 വർഷം കഴിഞ്ഞു. ഇടയ്ക്ക് സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരുന്നു. അല്ലാത്തപ്പോൾ ഓട്ടോറിക്ഷയാണ് വരുമാന മാർഗം. ലോക്ക് ഡൗണ്‍ ആയപ്പോൾ സ്റ്റേജ് പരിപാടികൾ നിന്നു. 2 മാസം ഓട്ടോറിക്ഷയും ഓടിക്കാൻ പറ്റിയില്ല. ആകെ പ്രതിസന്ധി. അതിനിടെയാണ് ഈ വലിയ അവസരം തേടി വന്നത്’’. – ഇമ്രാൻ പറയുന്നു.

‘‘സംഗീതത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള തുടക്കമാകട്ടെ ഈ പാട്ട് എന്നാണ് പ്രാർത്ഥന. അല്ലെങ്കിലും ഗോപി സുന്ദർ സാറിനെപ്പോലെ ഒരു സംഗീതസംവിധായകന്റെ പാട്ട് പാടാനാകുന്നതാണ് വലിയ അംഗീകാരം’’. – ഇമ്രാന്റെ വാക്കുകളിൽ സന്തോഷത്തിന്റെ ഈണം.

കൊല്ലം പള്ളിമുക്കിലാണ് ഇമ്രാന്റെ വീട്. ഇപ്പോൾ 31 വയസ്സായി. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വീട്ടിൽ ഇമ്രാനും ഉമ്മ ആമിനയും മാത്രം. വാപ്പ ഷാജഹാൻ ആറ്റിൻപ്പുറം. മൂന്നു വർഷം ആകുന്നു വാപ്പ ഇമ്രാനെയും ഉമ്മയെയും വിട്ടുപോയിട്ട്.

‘‘വാപ്പ ഉണ്ടായിരുന്ന കാലത്ത് വലിയ സന്തോഷമായിരുന്നു. അന്നൊന്നും ഒരു പ്രശ്നവും ജീവിതത്തെ അലട്ടിയിരുന്നില്ല. വാപ്പയ്ക്ക് ചാക്ക് കട ആയിരുന്നു. ആദ്യമൊക്കെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു പോയിരുന്നു. പ്ലാസ്റ്റിക് ചാക്ക് വന്നതോടെ കച്ചവടം നന്നായി കുറഞ്ഞു. ഒപ്പം വാപ്പ രോഗിയായതോടെ എല്ലാം തകിടം മറിഞ്ഞു. ഡയബറ്റിക് ആയിരുന്നു ആൾ.

ഷുഗർ കൂടി കാലിന്റെ ഉപ്പൂറ്റി മുറിച്ചു ഒന്നൊന്നര വർഷം വീൽചെയറിലായിരുന്നു വാപ്പയുടെ ജീവിതം. പിന്നെ ഹാർട്ടിൽ ബ്ലോക്ക്‌ ഉണ്ടായി. ഓപ്പറേഷൻ ചെയ്തിട്ടും ജീവൻ രക്ഷിക്കാനായില്ല. ഐസിയുവിലേക്ക് മാറ്റിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. വാപ്പയുടെ മരണത്തോടെയാണ് ഞാൻ ഓട്ടോ ഓടിച്ചു തുടങ്ങുന്നത്. വല്ലപ്പോഴും കിട്ടുന്ന സ്റ്റേജ് പ്രോഗ്രാമുകളെ ആശ്രയിച്ചു ജീവിതം എത്രനാൾ മുന്നോട്ടു കൊണ്ടുപോകാനാകും? സ്വന്തമായി ഒരു വീടുണ്ട്, അതുമാത്രമാണ് ഏക ആശ്വാസം’’. – വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞിരുന്നു.