മൂന്ന് മില്യൺ വ്യൂസുമായി അടുത്തിടെ യൂ ട്യൂബ് ഹിറ്റായ കിം കിം സോങ്ങിന് പ്രേരണയായ ഗാനം പങ്കുവച്ച് ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ. കാന്താ തൂകുന്നു തൂമണം...എന്നു തുടങ്ങുന്ന ആ ഗാനം പാരിജാത പുഷ്പാപഹരണം എന്ന സംഗീതനൃത്ത നാടകത്തിലേതാണ്. ഫെയ്സ് ബുക്കിൽ ഷെയർ ചെയ്ത വിഡിയോ പുതിയ കിം കിം ഗാനത്തിന്റെ ഗായിക കൂടിയായ നടി മഞ്ജു വാര്യരും പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

‘‘ പാരിജാത പുഷ്പാപഹരണത്തിലെ അഭിനേതാവും ഗായകനുമായ വൈക്കം എം പി മണി സാറാണ് ഗാനം പാടിയതും രംഗത്ത് അഭിനയിച്ചതും. മലയാള സിനിമയിലെ ആദ്യത്തെ പിന്നണി ഗായകൻ കൂടിയാണ് അദ്ദേഹം. പണ്ട് വേദിയിൽ നാടകം അവതരിപ്പിക്കുമ്പോൾ ഒരേ സമയം പാടി അഭിനയിക്കുകയാണ് രീതി. മൈക്ക് ഒന്നും ഇല്ലാത്തതുകൊണ്ട് തൊണ്ടപൊട്ടി പാടേണ്ടി വരും. മണി സാർ പാടിയ ഈ ഗാനവും വിഡിയോയും എനിക്ക് ഒരു സുഹൃത്ത് അയച്ചു തന്നതാണ്. കാന്താ തൂകുന്നു തൂമണം....ഞാനും പണ്ട് കേട്ടിട്ടുള്ള പാട്ടാണ്.
ജാക്ക് എൻ ജിൽ സിനിമയിലെ പാട്ടുകൾ ചെയ്യുന്ന സമയത്ത് ഹ്യൂമറസ് സിറ്റ്വേഷനു ചേരുന്ന ഒരു പാട്ട് വേണമായിരുന്നു. ഞങ്ങൾ പഴയ പല പാട്ടുകളെക്കുറിച്ചും സംസാരിച്ചു. കൂട്ടത്തിൽ ഈ പാട്ടിനെക്കുറിച്ചും പറഞ്ഞു. ഒരു ചലച്ചിത്രത്തിൽ നടൻ ജഗന്നാഥനും ഈ ഗാനം പാടുന്നുണ്ട്. അദ്ദേഹം പാടിയ ഗാനമാണ് എല്ലാവർക്കും കൂടുതൽ അറിയുന്നത്. ഏതായാലും പാട്ട് എല്ലാവർക്കും ഇൻസ്പിരേഷൻ ആയി. ട്യൂണും വരിയും മാറ്റി, ‘കിം കിമ്മും’ ‘ മേ മേ’ യും ‘കാന്താ’ എന്ന വാക്കും മാത്രം കടമെടുത്തു.’’ ഹരിനാരായണൻ പറഞ്ഞു.
ഹരിനാരായണൻ വരികളെഴുതി രാം സുരേന്ദർ ഈണമിട്ട് മഞ്ജുവാര്യർ പാടിയ പുതിയ കിം കിം ഗാനം ബിബിസിയിൽ അടക്കം, ലോകശ്രദ്ധ നേടിയിരുന്നു.