ADVERTISEMENT


പുതുതലമുറയുടെ വരെ ഹൃദയങ്ങള്‍ കീഴടക്കിയതാണ്  ജോൺസൺ മാസ്റ്ററുടെ എവർഗ്രീൻ ഹിറ്റ് പാട്ടുകൾ. ഹിറ്റ് സിനിമകളിലെ അദ്ദേഹത്തിന്റെ ബാക്ഗ്രൗണ്ട് സ്കോറുകൾക്കാണെങ്കിൽ അതിലേറെ ആരാധകരുണ്ട്. അപ്പോൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് പാട്ടുകളും സ്കോറുകളും കോർത്തിണക്കിയൊരു സംഗീത വിരുന്ന് ലൈവായി കേട്ടാലോ? അതൊരു അനുഭൂതി തന്നെയായിരിക്കും തീർച്ചയല്ലേ.
മാസ്റ്റർക്ക് പിറന്നാൾ സമ്മാനമായി അത്തരമൊരു സംഗീത വിരുന്നൊരുക്കി യൂട്യൂബിൽ സമർപ്പിച്ചു മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസ് എന്നറിയപ്പെടുന്ന M3DB. ജോൺസൺ മാസ്റ്ററുടെ ഫ്ലൂട്ടിസ്റ്റായ റിസൺ ആണ് ഇതിനു പിന്നിൽ. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ പ്രശസ്തമായ ബിജിഎമ്മിൽ തുടങ്ങി മണിച്ചിത്രത്താഴ്,വന്ദനം, സല്ലാപം, മഴവിൽക്കാവടി എന്നീ സിനിമകളിലെ സ്കോറുകളും ഞാൻ ഗന്ധർവനിലെ പാലപ്പൂവേ..., ദശരഥത്തിലെ മന്ദാരച്ചെപ്പുണ്ടോ...,  ചെങ്കോലിലെ മധുരം ജീവാമൃതബിന്ദു..., കിരീടത്തിലെ കണ്ണീർപ്പൂവിന്റെ... തുടങ്ങിയ പാട്ടുകളിലെ ബിജിഎമ്മുകളും ഫുൾ ഓർക്കസ്ട്രയിൽ കേൾക്കാം.

 

ADVERTISEMENT


റിസൺ എം ആർ  (ഫ്ലൂട്ട്, മെലഡിക്ക) , രജിത് ജോർജ് (കീബോർഡ്), ജോസി പീറ്റർ (ബേസ് ഗിറ്റാർ), വിൻസെന്റ് കെ വി (ലീഡ് ഗിറ്റാർ), ഫ്രാൻസിസ്, ഹെറാൾഡ്, ജോസ്കുട്ടി, ജെയ്ൻ, ഡാനി,സദാനന്ദൻ(വയലിൻ), ഷോമി ഡേവിസ് (ഡ്രംസ്), നജീബ് (റിഥം പാഡ്), ദിനേശൻ (തബല,മൃദംഗം), ജയകുമാർ (തബല, ഡോലക്), ബിജു (വീണ), ദീപ മേനോൻ (വോക്കൽ) എന്നിവരാണ് കലാകാരന്മാർ. സംവിധാനം കുമാർ നീലകണ്ഠൻ സൗണ്ട് മിക്സിങ് സജി ആർ നായർ
മോഹൻലാൽ, ഔസേപ്പച്ചൻ, ചിത്ര, സുജാത, ജി. വേണുഗോപാൽ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. മലയാള ചലച്ചിത്രങ്ങളുടെയും ഗാനങ്ങളുടെയും അതിന്റെ ഭാഗമായ കലാകാരന്മാരുടെയും വിവരങ്ങളടക്കം ഓരോ സിനിമയിലെയും മുൻ പിൻ ടൈറ്റിലുകളിലെ എല്ലാ വിഭാഗത്തിലും പെടുന്ന സമ്പൂർണ വിവരങ്ങളുടെ ഒരു ഡേറ്റബേസ് മാതൃകയാണ് M3DB. വിക്കിപിഡിയ മോഡലിൽ സ്വതന്ത്ര ഡേറ്റാബേസ് ആയിട്ടാണ് ഇത് പ്രവർത്തിക്കുന്നത്.

ADVERTISEMENT
ADVERTISEMENT