Wednesday 23 February 2022 03:48 PM IST : By സ്വന്തം ലേഖകൻ

‘ഒരു ആഗ്രഹത്തിന്റെ പേരിൽ പാടുന്നു, തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം’: അന്ന് പാടിയ പാട്ട്, ഇന്ന് നോവോർമ

kpac-lalitha-song

പങ്കുവച്ചു പോയ ഓർമകളും പകർന്നാടിയ വേഷങ്ങളും കെപിഎസി ലളിതയെന്ന കലാകാരിയെ അനശ്വരയാക്കുകയാണ്. നടിയെന്ന നിലയിൽ കെപിഎസി ലളിതയുടെ പ്രകടനങ്ങളെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന പ്രേക്ഷകർക്കു മുന്നിലേക്ക് ഇതാ കുറച്ച് അപൂർവ നിമിഷങ്ങൾ. കെപിഎസി ലളിതയിലെ ഗായികയെ അടയാളപ്പെടുത്തുന്ന വിഡിയോ അപൂർവ കാഴ്ച കൂടിയാണ്.

നടി കെപിഎസി ലളിത പൊതുവേദിയിൽ പാട്ട് പാടുന്നതിന്റെ പഴയ വിഡിയോയാണ് വിയോഗത്തിന്റെ ഈ വേളയിൽ വേദനിക്കുന്ന ഓർമയായി ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. വിദേശ പരിപാടിയ്ക്കിടെ ഗായകൻ എം.ജി.ശ്രീകുമാറുമായി വേദി പങ്കിട്ടതിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ല

തനിക്കു പാട്ട് പാടാൻ അത്ര വശമില്ലെന്നും കെപിഎസിയുടെ നാടക വേദികളിൽ മാത്രമേ പാടിയിട്ടുള്ളുവെന്നും ലളിത പറയുന്നതു വിഡിയോയിൽ കേൾക്കാം. ആഗ്രഹം കൊണ്ടു മാത്രമാണു താൻ ഇപ്പോൾ പാടുന്നതെന്നും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണമെന്നുമുള്ള ആമുഖത്തോടെ പാടിത്തുടങ്ങുന്നു. ‘എല്ലാരും ചൊല്ലണ് എല്ലാരു ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന്’ എന്ന ജനപ്രിയ ഗാനമാണ് കെപിഎസി ലളിത ആലപിച്ചത്.

ഓർക്കസ്ട്രയുടെ താളത്തിനനുസരിച്ച് ലളിത പാടി മുഴുവിപ്പിച്ചപ്പോൾ നിറ കയ്യടികളോടെയാണ് പ്രേക്ഷകർ പാട്ടേറ്റെടുത്തത്. കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുസ്മരിച്ച് എം.ജി.ശ്രീകുമാർ പോസ്റ്റ് ചെയ്ത കുറിപ്പിലും വിദേശ പരിപാടികളിലെ മറക്കാനാകാത്ത അനുഭവ മുഹൂർത്തങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. നടിയുടെ വിയോഗ വാർത്ത മലയാള സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. താരങ്ങളെല്ലാം കെപിഎസി ലളിതയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അനുശോചനം അറിയിച്ചെത്തി.