Friday 31 January 2025 10:53 AM IST : By സ്വന്തം ലേഖകൻ

അച്ഛമ്മയെ കെട്ടിപ്പിടിക്കണം, അവസാനമായി ഒന്നു ചുംബിക്കണം: ഹൃദയം പിടയും കുറിപ്പുമായി ഗോപി സുന്ദറിന്റെ മകൻ

gopi-sundar-74

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തിൽ പ്രിയപ്പെട്ടവർ ആദരാഞ്ജലികളുമായെത്തുകയാണ്. തൃശൂരിലായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ (65) അന്ത്യം. ഗോപി തന്നെയാണ് അമ്മയുടെ വിയോഗവാർത്ത ഔദ്യോഗികമായി അറിയിച്ചത്.

ഇപ്പോഴിതാ അച്ഛമ്മയുടെ മരണത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ. അച്ഛമ്മ ഇല്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്നും തനിക്ക് അച്ഛമ്മയെ ഒന്ന് കെട്ടിപിടിച്ചു ഉമ്മവയ്ക്കണമെന്നും മാധവ് വൈകാരികമായി കുറിച്ചു. ഗോപി സുന്ദറിന്റെയും പ്രിയയുടെയും മൂത്ത മകനാണ് മാധവ്.

‘എന്റെ ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്നും അത്രയേറെ ഞാൻ അച്ഛമ്മയെ സ്നേഹിക്കുന്നു. അച്ഛമ്മയില്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കു ചിന്തിക്കാനേ കഴിയുന്നില്ല. എനിക്ക് അച്ഛമ്മയെ കെട്ടിപ്പിടിച്ച് അവസാനമായി ഒന്നു ചുംബിക്കണം. അതുമാത്രമാണെന്റെ ആഗ്രഹം. ഇനി അടുത്ത ജന്മത്തിലല്ലേ പറ്റൂ. അച്ഛമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’, മാധവ് സുന്ദർ കുറിച്ചു.

അമ്മയുടെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പാണ് ഗോപി സുന്ദറും പങ്കുവച്ചത്. അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം നൊമ്പരത്തോടെ പ്രതികരിച്ചു. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ വടൂക്കര ശ്മശാനത്തിൽ ലിവിയുടെ സംസ്കാര ചടങ്ങുകൾ നടന്നു.