Wednesday 14 October 2020 05:13 PM IST

ശ്രേയച്ചേച്ചി പാടേണ്ടിയിരുന്ന പാട്ട്, അവാർഡ് ഉണ്ടെന്നറിഞ്ഞ് അച്ഛൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു: മനംനിറഞ്ഞ് മധുശ്രീ

V N Rakhi

Sub Editor

madhu-sree

കോളാമ്പിയിലെ ‘‘പറയാതരികെ വന്ന പ്രണയമേ...’’എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ മധുശ്രീ നാരായണൻ വനിത ഓൺലൈനിനോട്...

‘എന്റെ ബഡേ ഗുരുജി പണ്ഡിറ്റ് ജസ്‌രാജ്ജിയുടെ ക്ലാസ്സിൽ പങ്കെടുക്കാനായി യുഎസിൽ പോയ സമയത്ത് പറയാതരികെ വന്ന പ്രണയമേ... എന്ന പാട്ട് കേൾപ്പിച്ചു കൊടുത്തു. അദ്ദേഹത്തിന് ഒരുപാട് സന്തോഷമായി. നിനക്ക് അംഗീകാരം കിട്ടും എന്നു പറഞ്ഞ് എന്നെ അനുഗ്രഹിച്ചു. ഇതറിയാൻ അദ്ദേഹം ഇല്ല, എങ്കിലും ആ അനുഗ്രഹമായിരിക്കും ഇപ്പോൾ എന്നെത്തേടിയെത്തിയത്. കോളാമ്പിയുടെ ഡയറക്ടർ ടി. കെ. രാജീവ് കുമാർ അങ്കിളും പറഞ്ഞിരുന്നു അവാർഡ് സാധ്യത ഉണ്ട് എന്ന്.’ ഇരുപത്തിയൊന്നാം വയസ്സിനിടെ തേടിയെത്തിയ രണ്ടാമത്തെ സംസ്ഥാന അവാർഡിനെ ഗുരുക്കന്മാരുടെ അനുഗ്രഹം എന്നു പറയാനാണ് മധുശ്രീ നാരായണന് ഇഷ്ടം.

ശരിക്കു പറഞ്ഞാൽ രാജീവ് അങ്കിളിനോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. ആരോടും പറയുക വയ്യ... മാത്രമായിരുന്നു എനിക്കു വച്ച പാട്ട്. പറയാതരികെ വന്ന പ്രണയമേ... ശ്രേയച്ചേച്ചി (ശ്രേയ ഘോഷാൽ) പാടാൻ തീരുമാനിച്ചതായിരുന്നു. വിനായക് ശശികുമാർ ലിറിക്സ് എഴുതിത്തന്ന ഉടൻ ഞാൻ വെറുതെ ട്രാക്ക് പാടി വച്ചതാണ്. അതു കേട്ടപ്പോൾ രാജീവ് അങ്കിളിന് വലിയ ഇഷ്ടമായി. അദ്ദേഹം എല്ലാവർക്കും അയച്ചുകൊടുത്തു. എല്ലാവരും ഒരേ അഭിപ്രായം പറഞ്ഞപ്പോൾ ഒടുവിൽ അങ്കിൾ തന്നെയാണ് പറഞ്ഞത് മോൾ പാടിയത് നന്നായിട്ടുണ്ട്. ഇതുതന്നെ മതി എന്ന്. രാജീവ് അങ്കിൾ കാരണമാണ് ഈ അവാർഡ് കിട്ടിയത്.

രണ്ടും അച്ഛന്റെ ഈണങ്ങൾ

അച്ഛന്റെ എല്ലാ കോംപസിഷനുകളും മാജിക്കൽ ആണെന്ന് എനിക്ക് തോന്നാറുണ്ട്. അച്ഛന്റെ പാട്ടുകൾ പാടിയ ദാസ് മാമനും സുജാത ആന്റിക്കും ശ്രേയജിക്കും ഒക്കെ അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. എനിക്കു കിട്ടിയ രണ്ട് സംസ്ഥാനഅവാർഡുകളും അച്ഛന്റെ പാട്ടുകൾക്കാണ് എന്നതും ആ മാജിക് എനിക്കും അനുഭവിക്കാനായി എന്നതും മറ്റൊരു വലിയ അനുഗ്രഹം. അച്ഛന്‍ തന്നെയാണ് എന്റെ ഗുരുവും വഴികാട്ടിയുമെല്ലാം.

അവാർഡ് ഉണ്ടെന്നറിഞ്ഞ് അച്ഛൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. നല്ല പാട്ടുകാരിയാകാൻ ഇനിയുമൊരുപാട് ഹാർഡ് വർക് ചെയ്യണം എന്നു പറഞ്ഞു. നല്ലപോലെ പ്രാക്ടീസ് ചെയ്ത് പാട്ടുകാരി എന്ന നിലയിൽ ഇനിയും മെച്ചപ്പെടണം, അംഗീകാരങ്ങൾ കിട്ടുന്തോറും കൂടുതൽ എളിമയോടെ പെരുമാറണം എന്നൊക്കെ പറഞ്ഞു. സുജാത ആന്റി വിളിച്ച് മുക്കാൽ മണിക്കൂറോളം സംസാരിച്ചു. കുറേ ഉപദേശങ്ങളൊക്കെ തന്നു. ആന്റിക്കും ഒരുപാട് സന്തോഷമായി. എന്റെ കൂട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. എന്നെക്കാളും സന്തോഷം അവർക്കാണ്.

റസൂൽ പൂക്കുട്ടി, സാബു സിറിൾ, രവി വർമൻ, രാജീവ് കുമാർ തുടങ്ങിയവരെപ്പോലുള്ള വലിയ കലാകാരന്മാർക്കൊപ്പം അവസരം കിട്ടിയത് ജീവിതത്തിലെ വലിയ അനുഗ്രഹമാണ്. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് തന്നെയാണ് പടത്തിന്റെ എല്ലാ ജോലികളും ചെയ്തത്. അതെനിക്കു കിട്ടിയ നല്ല അനുഭവമായി.

ഡിസ്റ്റന്റ് എജ്യൂക്കേഷൻ വഴി ചെന്നൈയിൽ കർണാടിക് മ്യൂസിക്ക് ഡിഗ്രി രണ്ടാംവർഷം പഠിക്കുകയാണ് ഞാൻ. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തിൽ കൂടുതൽ ശ്രദ്ധിച്ച്ക്ലാസിക്കൽ കോൺസേർട്ടുകൾ ചെയ്യണം എന്നാണ് പ്ലാൻ.