Thursday 23 July 2020 12:21 PM IST

‘കഭീ കഭീ മേരേ ദിൽ മേം’ ; മുകേഷ്ജീയുടെ അതേ സ്വരമാധുരിയിൽ നയൻഷാ പാടുകയാണ്...

V N Rakhi

Sub Editor

mukesh

അന്തരിച്ച ഗായകൻ മുകേഷിന്റെ അതേ സ്വരമാധുരിയുള്ള ഗായകൻ കോഴിക്കോട്ടുകാരൻ നയൻ ജിതേന്ദ്ര ഷായെ പരിചയപ്പെടാം.

ജാനേ കഹാം ഗയേ വോ ദിൻ...

കഹ്തേ ഥേ തേരി രാഹ് മേം...

മേരാ നാം ജോക്കറിലെ ഗാനം നയൻ ഷാ പാടുമ്പോൾ ആരും ഒന്നുകൂടി ചെവിയോർക്കും. യ്യോ, ഇത് മുകേഷ് തന്നെ...അറിയാതെ പറഞ്ഞുപോകും. ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ആ സ്വരം വിഷാദഗാനങ്ങളുടെ രാജാവ് മുകേഷിനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും ഇന്നും നമുക്കിടയിൽ ജീവിപ്പിക്കുന്നു.

കോഴിക്കോട്ടുകാർക്ക് നയൻ ഷായെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മുകേഷിന്റെ പാട്ടുകളെ ഏറെയിഷ്ടപ്പെടുന്നവർക്കെല്ലാം പ്രിയങ്കരനാണ് നയൻ ജിതേന്ദ്ര ഷാ എന്ന പാട്ടുകാരൻ. വീട്ടിൽ പാട്ടുകാരാരുമില്ല. സംഗീതം പഠിച്ചിട്ടുമില്ല. നാൽപ്പത്തിരണ്ട് വർഷമായി നയൻ പാടിത്തുടങ്ങിയിട്ട്. കേരളത്തിലും ഇന്ത്യയിലെ മിക്ക നഗരങ്ങളിലുമായി ആയിരത്തിലേറെ വേദികളിൽ പാടിക്കഴിഞ്ഞു. മുകേഷിന്റെ ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് നയൻ ഷായുടേതു മാത്രമായ ‘മുകേഷ് നൈറ്റു’കളാണ് അതിലേറെയും. റഫി, കിഷോർ, മുകേഷ് നൈറുകളിലും പാടാറുണ്ട്.

ജാനേ കഹാം ഗയേ വോ ദിൻ...

ഗുജറാത്തിൽ നിന്ന് ബിസിനസിനായി കോഴിക്കോടെത്തി സ്ഥിരതാമസമാക്കിയതാണ് നയൻ ഷായുടെ കുടുംബം. പഠിച്ചതും വളർന്നതുമെല്ലാം കോഴിക്കോടു തന്നെ. ഗുരുവായൂരപ്പൻ കോളജിൽ പഠിക്കുന്ന കാലത്ത് ഗാനമേളകളിൽ പാടിത്തുടങ്ങി. ഹട്ടൻസ് ഓർക്കസ്ട്രയിലെ സീനീയർ ആർട്ടിസ്റ്റ് ആയ രഘു കുമാർ ആണ് നയനോട് നിനക്ക് മുകേഷിന്റെ പാട്ടുകളാണ് കൂടുതൽ ചേരുക, നീ ഒന്നു പഠിച്ച് പാടി നോക്ക് എന്നു പറഞ്ഞത്. അന്ന് റേഡിയോ മാത്രമേയുള്ളൂ. മുകേഷിന്റെ പാട്ടുകൾ റേഡിയോയിൽ കേട്ടാൽ ഓടിപ്പോയി ശ്രദ്ധയോടെ കേൾക്കും. അങ്ങനെ ഒന്നു രണ്ടു പാട്ട് പഠിച്ചു. വേദികളിൽ പാടി. നല്ല കൈയടി കിട്ടി. അതിനു ശേഷം മുകേഷിന്റെതല്ലാത്ത പാട്ടുകൾ പാടിയാൽ ‘അത്ര പോരാ’ എന്നായി എല്ലാവരും. അങ്ങനെ മുകേഷിന്റെ പാട്ടുകൾ പാടുന്നയാൾ എന്ന ബ്രാൻഡിൽ അറിയപ്പെടാൻ തുടങ്ങി.

ഭക്ഷണത്തിന് ബ്രേക്ക് എടുക്കാതെ തുടർച്ചയായി ലൈവ് ഓർക്കസ്ട്രയ്ക്കൊപ്പം പാടുക അത്ര എളുപ്പമല്ല എന്നറിഞ്ഞിട്ടും മുകേഷിന്റെ 91ാം പിറന്നാളിന് കോഴിക്കോട് ടൗൺഹാളിൽ പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി മുകേഷിന്റെ പാട്ടുകൾ പാടി നയന്‍ റെക്കോർഡ് ഇട്ടത് 2003ൽ. ശബ്ദത്തിലുള്ള സാമ്യവും ഹിന്ദി ഭാഷ നല്ലപോലെ അറിയാമെന്നതുമാണ് തനിക്ക് അനുഗ്രഹമായത് എന്ന് നയൻ പറയും.

‘മിക്ക മുകേഷ് നൈറ്റുകളിലും ജാനേ കഹാം ഗയേ വോ ദിൻ... ആണ് ആദ്യം പാടുക. മേരാ ജൂതാ ഹൈ ജാപ്പാനീ...യും ഡംഡം ഡിഗാ ഡിഗാ..., സാവൻ കാ മഹീനാ..., ആവാരാ ഹൂം...പോലെ അദ്ദേഹത്തിന്റെ വ്യത്യസ്തമായ പാട്ടുകൾക്കും ഏറെ ആരാധകരുണ്ട്, മിക്ക വേദികളിലും ധാരാളം റിക്വസ്റ്റുകളും വരാറുണ്ട്. കഭീ കഭീ മേരെ ദിൽ മേ...,സാരംഗാ തെരി യാദ് മേം... ഒക്കെ പാടിയാൽ എല്ലായിടത്തും നല്ല ആക്സപ്റ്റൻസ് ആണ്.

രാജാമണി സാറിന്റെ വാഗ്ദാനം

മുകേഷ് ജിയുടെ ഓരോ പാട്ടും പെട്ടെന്നു പഠിക്കാൻ പറ്റുമെന്നു തോന്നും. പക്ഷെ അത് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുമ്പോഴേ ഓരോ വികാരവും അദ്ദേഹം എത്ര മനോഹരമായി ഉൾക്കൊണ്ടു പാടിയിരിക്കുന്നു എന്ന് മനസ്സിലാകൂ. കുറച്ച് ബുദ്ധിമുട്ടാണത് പഠിച്ചെടുക്കാൻ. ആ സ്വരത്തിന്റെ ആഴവും അദ്ദേഹത്തിന്റെ കഴിവും തന്നെയാണ് അദ്ദേഹത്തിന്റെ പാട്ടുകളെ വേറിട്ടു നിർത്തുന്നത്.’ നയൻ ഷാ പറയുന്നു.

സഹ

സംഗീതരംഗത്തെ എല്ലാവരുമായും നല്ല ബന്ധമാണ് നയന്. ‘രാജാമണിസാറിന് എന്റെ പാട്ട് വലിയ ഇഷ്ടമായിരുന്നു. കാണുമ്പോൾ ഇടയ്ക്ക് പറയും, നിന്നെക്കൊണ്ട് മലയാളത്തിൽ ഒരു പാട്ടു പാടിക്കണമെന്ന്. പക്ഷെ അതിനുള്ള ഭാഗ്യമുണ്ടായില്ല. ദാസേട്ടനുമായും നല്ല അടുപ്പമാണ്. ആ പാട്ട് പാട്, ഇതുപാട് എന്നൊക്കെ പറഞ്ഞ് പാടിക്കും. വലിയ മോട്ടിവേഷനാണ് അദ്ദേഹം.’

ജെ ബി ഡൈ കെം എന്ന ബിസിനസ് സ്ഥാപനം കൂടി നടത്തുന്നതുകൊണ്ട് മുഴുവൻസമയ ഗായകനാകാൻ നയൻ ഷായ്ക്ക് കഴിയാറില്ല. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിനടുത്താണ് നയൻഷായും കുടുംബവും താമസിക്കുന്നത്.

Tags:
  • Movies