Friday 18 September 2020 11:26 AM IST

ദൂരമല്ല, ആഴമേറിയ അനുഭവങ്ങളാണ് യാത്രകളെ പ്രിയപ്പെട്ടതാക്കുന്നത് ; കാനഡയിലെ കാഴ്ചകളുമായി 'യാത്രിക'

V N Rakhi

Sub Editor

yatat

കാനഡയുടെ ദൃശ്യഭംഗിയില്‍ വിടര്‍ന്നൊരു പ്രണയഗാനവുമായി യാത്രിക മ്യൂസിക് ആല്‍ബം. പൂര്‍ണമായി കാനഡയില്‍ ചിത്രീകരിച്ച ആല്‍ബത്തിന്റെ അരങ്ങത്തും അണിയറയിലും മലയാളികളായ ചങ്ങാതിക്കൂട്ടവുമുണ്ട്. കെ എസ് ഹരിശങ്കര്‍ പാടിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പിന്നണിഗായിക അശ്വതി വിജയനാണ്. ജോഷ്വ വിജയന്റെ സംഗീതം. അഖില്‍ സ്‌കറിയയും അബിറ്റ റോസ് വില്‍സണുമാണ് യാത്രികരുടെ വേഷത്തില്‍.

'ചാലഞ്ചിങ് ആയിരുന്നു വിഡിയോ ഷൂട്ട്.തണുപ്പ് തുടങ്ങിയ സമയം.ലൊക്കേഷന്‍ ശരിയാകാന്‍ തന്നെ വലിയൊരു യാത്ര വേണ്ടി വന്നു. നയാഗ്ര, റ്റൊബെര്‍മൊറി,ടൊറൊന്റോ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൂടി 1500 കിലോമീറ്റര്‍ യാത്ര ചെയ്ത് 3 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ലോക്ഡൗണ്‍ ആയതുകൊണ്ട് പല സ്ഥലങ്ങളും അടഞ്ഞു കിടക്കുകയായിരുന്നു. നയാഗ്രയിലെല്ലാം സേഫ്റ്റി വലിയ ആശങ്കയുണ്ടാക്കി. എങ്കിലും കുറച്ച് റിസ്‌ക് എടുത്തു തന്നെ ഞങ്ങള്‍ ഷൂട്ട് ചെയ്തു.' കാനഡയിലെ ഷൂട്ടിങ് വിശേങ്ങളെക്കുറിച്ച് വിഡിയോയുടെ സംവിധായകന്‍ ജസ്റ്റിന്‍ ബാബു പറഞ്ഞു.

'ഭംഗിയുള്ള ധാരാളം സ്ഥലങ്ങളുണ്ട് കാനഡയില്‍. മറ്റുരാജ്യങ്ങളില്‍ നിന്നു വന്ന് കാനഡയില്‍ താമസമാക്കിയവരടക്കം ഇവിടെ എല്ലാവരും വീക്ക് എന്‍ഡ്‌സില്‍ യാത്ര പോകുന്നവരാണ്. ജീവിതത്തില്‍ എന്നും ഓര്‍ത്തുവയ്ക്കാന്‍ നല്ല കുറേ നിമിഷങ്ങള്‍ ആ ഓരോ യാത്രയും ഞങ്ങള്‍ക്കു തന്നിട്ടുണ്ട്. അതുകൊണ്ടാണ് മ്യൂസിക് വിഡിയോ ചെയ്യാം എന്നു തോന്നിയപ്പോള്‍ യാത്ര തന്നെ വിഷയമാക്കിയത്. എവിടെ യാത്ര പോകുന്നു എന്നതിലല്ല, ആരുടെ കൂടെ പോകുന്നു എന്നതിലാണു കാര്യം. അതുതന്നെയാണ് യാത്രികയും പറയുന്നത്.

കുറേ മോഹങ്ങളുമായി കാനഡയിലെത്തിയ എനിക്ക് തുടക്കത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. കാരണം ആരെയും അറിയില്ല, എങ്ങനെ തുടങ്ങണം എന്നറിയില്ല. ഇവിടെ വരുന്നവരെല്ലാം പാര്‍ട്ട് ടൈം വര്‍ക്കും പഠിത്തവും കഴിഞ്ഞ് മറ്റൊരു എന്റര്‍ടെയ്‌മെന്റിനും സമയം ഇല്ലാത്തവരാകും. നാട്ടിലെ ലോണ്‍ അടയ്ക്കാന്‍ പണമുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം. അതുമാത്രം പോര എന്നു തോന്നിയതുകൊണ്ട് അതിനിടയിലും അല്‍പം സമയം കണ്ടെത്തി ജോഷ്വയും വിഡിയോയുടെ അസോസിയേറ്റ് ഡയറക്ടര്‍ ജെറിനും മിന്നുവും ഞാനും - ഞങ്ങള്‍ നാല് ഫ്രണ്ട്‌സ് കൂടി ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി. മിന്നു ആണ് പ്രൊഡക്ഷന്‍ ഹെഡ്. വര്‍ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നവരാണ് ഞങ്ങളെല്ലാവരും. ഞങ്ങളെപ്പോലെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പാഷന്‍ ഉണ്ട് എങ്കിലും ജീവിതസാഹചര്യങ്ങള്‍ കൊണ്ട് എങ്ങും എത്താനാകാത്തവരുണ്ടാകാം, പാഷന്‍ മാറ്റി വച്ച് കാനഡയ്ക്ക് വണ്ടി കയറിയവരുണ്ടാകാം. അവര്‍ക്കൊരു സഹായം എന്നാണ് ഈ പ്രൊഡക്ഷന്‍ കമ്പനി കൊണ്ട് ഞങ്ങള്‍ ഉദ്ദേശിച്ചത്. കമ്പനിയുടെ ആദ്യത്തെ വര്‍ക് ആണ് യാത്രിക.

ഒന്നര വര്‍ഷമായി മ്യൂസിക് പ്രൊഡക്ഷനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയിട്ട്. അങ്ങനെയാണ് പാട്ട് ചെയ്യുന്നത്. ജോലി കഴിഞ്ഞു വന്ന് രാത്രിയിലൊക്കെയാണ് മ്യൂസിക് കംപോസിങും മറ്റുമൊക്കെ ചെയ്തത്. മ്യൂസിക് ചെയ്ത ശേഷം ലിറിക്‌സ് എഴുതാനായി ആളെ അന്വേഷിച്ചപ്പോള്‍ ജോഷ്വ, സുഹൃത്തും ഗായികയുമായ അശ്വതി വിജയനെ പരിചയപ്പെടുത്തിത്തന്നു. യാത്രികയുടെ ഭാഗമായ മറ്റുള്ളവരെല്ലാം കാനഡയില്‍ ഓരോ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്.

യാത്രിക കണ്ട് ഇപ്പോള്‍ കൂടുതല്‍ പേര്‍ ഞങ്ങളെ സമീപിക്കുന്നുണ്ട്. 150 പേര്‍ മാത്രം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന ചാനലില്‍ നിന്ന് 5 ദിവസം കൊണ്ട് 20k ആയി ഉയരുക എന്നാല്‍ ചെറിയ കാര്യമല്ല. ഒരുപാട് സന്തോഷമായി. കുറച്ച് ഷോട്ട് ഫിലിമുകളും കോണ്‍സേര്‍ട്ടുകളും സിനിമയുമൊക്കെ ഞങ്ങളുടെ കമ്പനിയിലൂടെ ചെയ്യാന്‍ പ്ലാനുണ്ട്.'

ബ്ലെസന്‍ ബെന്നി (ബേസ് ഗിറ്റാര്‍), ഏബല്‍ തോമസ്(കീ ബോര്‍ഡ്), ഷഫീഖ് റഹ്മാന്‍(സ്ട്രിങ്‌സ് അറേഞ്ച്‌മെന്റ്), റോബിന്‍സണ്‍ നെല്‍സണ്‍(ഛായാഗ്രഹണം, എഡിറ്റിങ്), കിരണ്‍ ലാല്‍ (മിക്‌സിങ്) എന്നിവരും യാത്രികയുടെ അണിയറയിലുണ്ട്.

Tags:
  • Movies