അനുപമസ്‌നേഹ സൗന്ദര്യമേ...(വര്‍ണപ്പകിട്ട്), കരുണാമയനേ കാവല്‍ വിളക്കേ...(മറയത്തൂര്‍ കനവ്) പോലെ മനസ്സിനെ സ്പർശിക്കുന്ന ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് തൊട്ടതെല്ലാം ഹിറ്റ് ആക്കുന്ന, തെന്നിന്ത്യയുടെ മെലഡി കിങ് വിദ്യാസാഗര്‍. സംഗീതപ്രേമികള്‍ സ്‌നേഹത്തോടെ വിദ്യാജി എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ ഈണങ്ങള്‍ പക്ഷെ സിനിമയ്ക്കു പുറത്ത് ഇതുവരെ കേട്ടിരുന്നില്ല. ആദ്യത്തെ ചലച്ചിത്രേതര ക്രിസ്ത്യന്‍ ഭക്തിഗാനവുമായി വിദ്യാസാഗര്‍ എത്തിയപ്പോള്‍ അതും ഏറെ സന്തോഷത്തോടെ ഹൃദയത്തിലേറ്റു വാങ്ങുകയാണിപ്പോള്‍ മലയാളികള്‍. വിദ്യാജിയുടെ ഏതൊരു പാട്ടും പോലെ, ആദ്യ കേള്‍വിയില്‍ തന്നെ സ്‌നേഹിച്ചു പോകും നമ്മള്‍ ഈ പാട്ടിനെയും.
കനിവിന്‍ അഴകേ കാവല്‍ മിഴിയേ...
ആഴമാം സ്‌നേഹത്തിന്‍ സാഗരമേ
ശാന്തി തന്‍ ഉറവേ നന്‍മയിന്നൊളിയേ
ഞങ്ങള്‍ക്കിന്നഭയം നിന്‍ സന്നിധി
നാഥാ അഭയം നിന്‍ സന്നിധി...
ഒട്ടേറെ ക്രിസ്തീയഭക്തിഗാനങ്ങൾ രചിച്ചിട്ടുള്ള ജോയ്‌സ് തോന്നിയാമലയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിട്ടു പാടിയപ്പോള്‍ മറ്റൊരു ഹിറ്റ് ഗാനം പിറക്കുകയായിരുന്നു.
''എന്റെ ആദ്യത്തെ നോണ്‍ ഫിലിമി ക്രിസ്ത്യന്‍ ഭക്തിഗാനമാണിത്. പാട്ട് ചെയ്യുമ്പോള്‍ സിനിമയ്ക്കാണോ അല്ലയോ എന്നൊന്നുമില്ല. എല്ലാം ഒരുപോലെത്തന്നെ. ഭക്തിഗാനത്തിന് ഈണമിടുമ്പോള്‍ ഒരൊറ്റ കാര്യമേ ഞാന്‍ നോക്കാറുള്ളൂ. അപേക്ഷയുടെ സ്വരം പാട്ടിലുണ്ടോ എന്നു മാത്രം. ഏത് ദൈവമാണ്, ഏത് ഭാഷയാണ് എന്നതൊക്കെ രണ്ടാമതേ വരുന്നുള്ളൂ. ഗാനം കേള്‍ക്കുമ്പോള്‍ ദൈവത്തോട് അപേക്ഷിക്കുന്ന ഫീല്‍ കിട്ടണം. ആ ഗുണമാകണം പാട്ടില്‍ നിറഞ്ഞു നില്‍ക്കേണ്ടത്. എങ്കിലേ ആ ഗാനത്തിന് മനസ്സിലും നിറഞ്ഞു നില്‍ക്കാനാകൂ.' വിദ്യാജി പറയുന്നു.
' എന്റെ മറ്റ് ഈണങ്ങളിലേറെയും പോലെ പെട്ടെന്നുണ്ടായ ട്യൂണ്‍ ആണ് ഇതും. ലിറിക്‌സിന് പരിക്കേല്‍പ്പിക്കാത്തതാകണം എന്റെ ഈണങ്ങള്‍ എന്നെനിക്ക് നിർബന്ധമുണ്ട്. വരികള്‍ എഴുതിയ ശേഷമാണ് ഈണമിട്ടത് എന്നൊരു പ്രത്യേകത മാത്രമേയുള്ളൂ. സിനിമയ്ക്കു വേണ്ടിയാണെങ്കിലും അല്ലെങ്കിലും പാട്ട് ചെയ്യുന്ന രീതി എല്ലാം ഒന്നു തന്നെ. രണ്ട് മൂന്ന് ഈണങ്ങളില്‍ നിന്ന് ഏറ്റവും യോജിച്ചത് തിരഞ്ഞെടുത്തു. '
ഗായകന്‍ കാര്‍ത്തിക്ക് പാടിയ മെയ്ല്‍ വെര്‍ഷനും ക്രിസ്ത്യന്‍ ഭക്തിഗാനരംഗത്ത് പ്രശസ്തയായ സെലിന്‍ ഷോജി പാടിയ ഫീമെയ്ല്‍ വെര്‍ഷനും ഉണ്ട്. കോറസ് ആണ് പാട്ടിന്റെ മറ്റൊരു ആകർഷണം. കീബോര്‍ഡില്‍ വിഷ്ണു ശ്യാം, തബലയില്‍ ഓജസ് ആദിത്യ, പെര്‍കഷനില്‍ ഗണേഷ്, ഓടക്കുഴലില്‍ നിഖില്‍ തുടങ്ങി മികച്ച കലാകാരന്‍മാരാണ് പിന്നണിയില്‍. ഷോജി സെബാസ്റ്റിയന്റേതാണ് കാമറ. ഡിസംബര്‍ 31 ന് റിലീസ് ചെയ്ത ഗാനം ്‌യൂട്യൂബില്‍ ഇതിനകം സംഗീതപ്രേമികളും വിശ്വാസികളും ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
