ബിബിസിയുടെ മ്യൂസിക്, റേഡിയോ, പോഡ്കാസ്റ്റ് ചാനലായ ബിബിസി സൗണ്ട്സിൽ മലയാളത്തിന്റെ ആര്യാ ദയാൽ പാടിയ മലയാളം സിംഗിൾ ‘നദി’യും. ബിബിസി സൗണ്ട്സിന്റെ ആൽബം സോങ് ചാർട്ടിൽ കഴിഞ്ഞയാഴ്ചത്തെ സോങ് ഓഫ് ദ വീക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ ഗാനം. അന്തർദേശീയതലത്തിൽ ധാരാളം സംഗീതപ്രേമികളെ ആകർഷിച്ച ബിബിസി സൗണ്ട്സിലെ അശാന്തി ഓംകാർ ഷോയിൽ ഡിസംബർ 13നാണ് ഗാനം പ്ലേ ചെയ്തത്. അനിൽ രവീന്ദ്രൻ രചിച്ച ഗാനത്തിന് ഈണം പകർന്നത് സംഗീത് വിജയനാണ്.
‘‘ബിബിസിയിൽ സോങ് ഓഫ് ദ വീക്ക്’’ ആകുന്ന ആദ്യ മലയാളം ആൽബം സോങാണ് ‘നദി’. സംവിധായകരായ ജീത്തു ജോസഫ്, പി ആർ അരുൺ, പ്രശാന്ത് നാരായണൻ, സംഗീതസംവിധായകൻ മനു രമേശൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയാ പേജിലൂടെ ഡിസംബർ മൂന്നാം തിയതി യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം രണ്ടര ലക്ഷത്തിലേറെ വ്യൂസുമായി മലയാളത്തിലും ഏറെ ശ്രദ്ധനേടിയിരുന്നു.സിനിമയ്ക്ക് പുറത്തു നിന്ന് സ്വതന്ത്ര സംഗീതരംഗത്തെ പരിമിതികൾക്കുള്ളിൽ നിന്ന് ഈ നേട്ടം കൈവരിക്കാനായത് ഏറെ പ്രതീക്ഷ നൽകുന്നു.’’ ഗാനരചയിതാവ് അനിൽ രവീന്ദ്രൻ പറഞ്ഞു.
യു. ബി. അഭിജിത്ത്, അനഘ അശോക്, ജി. റീന എന്നിവരാണ് ഗാനരംഗത്ത്. സാജൻ കമൽ (കീബോർഡ് പ്രോഗ്രാമിങ്ങ്), ഗൗതം ശ്രീനിവാസൻ (ഗിറ്റാർ ഉകുലേലെ), ജോസി ജോൺ (ബേസ് ഗിറ്റാർ), ഋതു വൈശാഖ് (സ്ട്രിങ്സ് അറേഞ്ച്മെന്റ്) എബിൻ പോൾ (മിക്സിങ്ങ് മാസ്റ്ററിങ്ങ്) എന്നിവരാണ് മറ്റ് കലാകാരന്മാർ. ഗ്രീൻ ട്യൂൺസ് മ്യൂസിക്കൽസ് ആണ് ഗാനം പുറത്തിറക്കിയത്. സംവിധാനം ശംഭു മനോജ്, ഛായാഗ്രഹണം വേണു ശശിധരൻ ലേഖ, എഡിറ്റിങ് ബോബി രാജൻ.

ഗാനത്തെക്കുറിച്ചുള്ള ബിബിസിയുടെ പരാമർശം കേൾക്കാനും ഗാനം ആസ്വദിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യുക