ഈണം നല്‍കി, മകള്‍ ഐശ്വര്യയ്‌ക്കൊപ്പം പാടിയ പുതിയ വിഡിയോ ആല്‍ബം അരുണോദയത്തിന്റെ വിശേഷങ്ങളുമായി ഗായകന്‍ പ്രദീപ് സോമസുന്ദരന്‍
ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ഗായകന്‍ പ്രദീപ് സോമസുന്ദരന്‍ സംഗീതം നല്‍കി പാടുന്നത്. ഇത്തവണ അത് കുറച്ചേറെ സ്‌പെഷ്യല്‍ ആണ് പ്രദീപിന്. കാരണം മകള്‍ ഐശ്വര്യയും ഒപ്പം പാടിയ അരുണോദയം എന്ന ഏറ്റവും പുതിയ വിഡിയോ സോങ് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സംഗീതാസ്വാദകരുടെയും സംഗീതമേഖലയിലെ പ്രമുഖരുടെയും പ്രശംസ നേടിക്കഴിഞ്ഞിരിക്കുന്നു. നടി മഞ്ജുവാര്യരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ തിങ്കളാഴ്ച റിലീസ് ചെയ്ത ഗാനം ഹിറ്റായതിന്റെ സന്തോഷം വനിത ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് പ്രദീപ്.
' മുഴുവനും മോള്‍ തന്നെ പാടി സോളോ ആയിട്ടാണ് ആദ്യം പാട്ട് റെക്കോര്‍ഡ് ചെയ്തത്. എനിക്ക് പാടാന്‍ ഉദ്ദേശമില്ലായിരുന്നു. പാട്ടിന്റെ പല്ലവിയും അനുപല്ലവിയും കഴിഞ്ഞുള്ള രണ്ട് ചരണങ്ങള്‍ക്കും ഒരേ ട്യൂണ്‍ ആയിരുന്നു അപ്പോള്‍. പാട്ട് കേട്ട്, രണ്ടാമത്തെ ചരണത്തിന്റെ ട്യൂണ്‍ മാറ്റിയാല്‍ നന്നായിരുന്നു എന്ന് അഭിപ്രായം പറഞ്ഞത് എന്റെ സുഹൃത്തും ഗായകനുമായ വിജേഷ് ഗോപാല്‍ ആണ്. രണ്ടാം ചരണത്തിന്റെ ട്യൂണ്‍ മാറ്റിയപ്പോള്‍ അവളുടെ വോക്കല്‍ റെയ്ഞ്ചിന് ചേരുന്നില്ലെന്നു തോന്നി. അങ്ങനെയാണ് ചരണം ഞാന്‍ പാടുന്നതും മോളും ഞാനും കൂടിയുള്ള ആദ്യത്തെ പാട്ട് ഉണ്ടായതും. എല്ലാം നല്ലതിന് എന്നു വിശ്വസിക്കാനാണ് ഇഷ്ടം.' പ്രദീപിന്റെ വാക്കുകളില്‍ സന്തോഷം.

'സംഗീതം പാഷനാണെങ്കിലും എന്റെ കാര്യത്തില്‍ സംഗീതസംവിധാനം അറിയാതെ സംഭവിച്ചു പോയതാണ്. ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷനു വേണ്ടി 2006ലാണ് ആദ്യമായി സംഗീതസംവിധാനം ചെയ്യുന്നത്. കോടി പ്രണാം എന്ന ഇന്റര്‍നാഷണല്‍ ആല്‍ബമായിരുന്നു അത്. ഗായത്രി അശോകന്‍, ഫ്രാങ്കോ, ഷഹബാസ് അമന്‍, ഭവ്യലക്ഷ്മി, എന്നിവരും നടന്‍ മനോജ് കെ ജയനും പാടിയ മഴനൃത്തം ആയിരുന്നു രണ്ടാമത്തെ മ്യൂസിക്കല്‍ വര്‍ക്. അരുണോദയം മൂന്നാമത്തെതും.
'മിന്നിത്തിളങ്ങുന്ന താരാഗണങ്ങള്‍
കാണുന്നു മറ്റൊരു ലോകം...'
ഇങ്ങനെയാണ് ഗാനം തുടങ്ങുന്നത്. വരികളെഴുതിയ ഗിരിജ വേണുഗോപാല്‍ ഞങ്ങളുടെ അതേ ഫഌറ്റിലാണ് താമസം. അവരുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിതനായി മരിച്ചതോടെ വല്ലാത്തൊരു നിശബ്ദതയിലേക്ക് പോയിരുന്നു അവര്‍. പതിയെപ്പതിയെ അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു തുടങ്ങിയ സമയത്ത് ഒന്നു രണ്ടു കവിതകള്‍ എഴുതി എന്റെ മകള്‍ ഐശ്വര്യയെക്കൊണ്ട് ട്യൂണ്‍ ചെയ്യിപ്പിച്ചിരുന്നു. അവര്‍ നല്ല ഫ്രണ്ട്‌സ് ആണ്. ക്ലൈമെറ്റ് ചെയ്ഞ്ച് ആന്‍ഡ് പോളിസിയില്‍ എം എസ്‌സി ചെയ്യുകയാണ് മോളിപ്പോള്‍. കൊറോണക്കാലത്ത് പുതിയ രണ്ട് കവിതകള്‍ ആന്റി അവള്‍ക്ക് ട്യൂണ്‍ ചെയ്യാന്‍ കൊടുത്തു. ഒരു പാട്ട് അച്ഛന്‍ ട്യൂണ്‍ ചെയ്ത് കൊടുക്കാമോ എന്നു മോള്‍ ചോദിച്ചു. ആ സമയത്ത് തോന്നിയ ഒരു ട്യൂണിട്ട് ആന്റിക്ക് കൊടുത്തു. അവര്‍ക്കത് വളരെ ഇഷ്ടമായി. പ്രഫഷണല്‍ രീതിയില്‍ ചെയ്യാമെന്നു പറഞ്ഞു. എന്റെ സുഹൃത്ത് രാമു രാജും ഞാനും കൂടി ബാക്ഗ്രൗണ്ട് മ്യൂസിക് സെറ്റ് ചെയ്തു. ആന്റിയുടെ മക്കളുടെ കൂടി സപ്പോര്‍ട്ടോടെ അത് വിഡിയോ ആക്കാമെന്നു തീരുമാനിച്ചു. അന്തിക്കാട് പോയി ഷൂട്ട് ചെയ്തു. 1996ല്‍ യുഎഇയിലെ ഒരു സ്‌റ്റേജ് ഷോ ടീമില്‍ മഞ്ജുവാര്യരും ഞാനും ഒരുമിച്ചു പങ്കെടുത്തിരുന്നു. അന്നു മുതലേ ഉള്ള പരിചയമാണ്. മഞ്ജുവിനോട് എഫ് ബി പേജിലൂടെ ഗാനം റിലീസ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ത്തന്നെ അവര്‍ സമ്മതിച്ചു.
സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ ഗാനം കേട്ട് എനിക്ക് വോയ്‌സ് മെസേജ് അയച്ചു. സമയമെടുത്ത് പാട്ട് കേള്‍ക്കുമെന്നൊന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് സന്തോഷമായി. ജാസി ഗിഫ്റ്റും ജി വേണുഗോപാലുമെല്ലാം നല്ല അഭിപ്രായം അറിയിച്ചു. ഇപ്പോഴും പലരും അറിയിച്ചുകൊണ്ടിരിക്കുന്നു. സന്തോഷം...'