Monday 10 August 2020 04:18 PM IST

കല്ലെറിഞ്ഞു വീഴ്ത്തിയ പാട്ട് ; വിശേഷങ്ങളുമായി റാസയും ബീഗവും സൈനുവും; വിശേഷങ്ങളുമായി റാസയും ബീഗവും സൈനുവും

V N Rakhi

Sub Editor

song3

പാട്ടിനോടുള്ള മൊഹബ്ബത്ത് മുഴുവന്‍ ഒളിപ്പിച്ച കരളിനകത്തു നിന്നങ്ങനെ ഒഴുകിയെത്തുന്നതാണ് റാസയുടെ ഈ ഈണങ്ങളെല്ലാം. എവിടെ നിന്ന്, എങ്ങനെ സാധിക്കുന്നു എന്നൊക്കെ ചോദിച്ചാല്‍് ഉത്തരമില്ല. ഒന്നു മാത്രമറിയാം. പാട്ടാണ് ഖല്‍ബ്. അതില്ലെങ്കില്‍ ജീവിതമില്ല. അങ്ങനെ കളഞ്ഞു പോന്നു, ഗള്‍ഫും ജോലിയും പണവുമെല്ലാം. പകരം ജോലിയും പണവും പിന്നെ കാശുകൊടുത്താല്‍ കിട്ടാത്ത സമാധാനവും ബീഗത്തിനും സൈനുക്കുട്ടിക്കും ഒപ്പമുള്ള മനസ്സു നിറയ്ക്കുന്ന ആനന്ദനിമിഷങ്ങളും എത്രയോ പേരുടെ സ്‌നേഹവുമെല്ലാം പാട്ട് റാസയ്ക്ക് തിരിച്ചു കൊടുത്തു. അങ്ങനെ റാസ റസാക്കും ഇംതിയാസ് ബീഗവും സൈനുക്കുട്ടിയും 'റാസ ബീഗ'മായി നമുക്കു മുന്‍പിലെത്തി.

ഇപ്പോഴിതാ, എറിഞ്ഞ കല്ല് പോലെ പായുകയാണ് സൈനുവും ഉമ്മയും അബ്ബയും കൂടി പാടിയ നീയെറിഞ്ഞ കല്ല് കൊണ്ട്...പാട്ടിന്റെ വ്യൂസ്. ഏഴ് ദിവസം... ഏഴ് ലക്ഷം പേര്‍!ഓമലാളേ നിന്നെയോര്‍ത്തും, മഴ ചാറും ഇടവഴിയിലും(കവര്‍ സോങ്) ഒക്കെ രണ്ടും മൂന്നും മില്യണ്‍ ആളുകള്‍ കണ്ടെങ്കിലും മാസങ്ങളെടുത്താണ് അതിലേക്കെത്തിയത്. ഇതിപ്പോള്‍ നോക്കിയിരിക്കുമ്പോള്‍ വ്യൂസ് കൂടിക്കൂടിയങ്ങനെ വര്വല്ലേ...

'ഇന്‍സ്റ്റഗ്രാമില്‍ ഇന്നലെ ഒരു കുട്ടിയുടെ മെസേജ്. ഡിജെ പാട്ടുകള്‍ ആസ്വദിച്ചിരുന്ന ഞങ്ങളിപ്പോള്‍ നിങ്ങളുടെ പാട്ടുകളും കേള്‍ക്കുന്നു...എന്നു പറഞ്ഞ്. ഇതു മാത്രമാണ് നല്ലത് എന്നു പറയുന്നില്ല. പോപ്പും റാപ്പും എല്ലാം കേള്‍ക്കാം. പക്ഷെ ഇടയ്‌ക്കെങ്കിലും നമ്മുടെ വീട്ടിലേക്കും ഒന്നു തിരിച്ചു വരുന്നത് നല്ലതല്ലേ? നീയെറിഞ്ഞ കല്ല്... കേള്‍പ്പിച്ചാലേ ഭക്ഷണം കഴിക്കൂ എന്നു വാശി പിടിക്കുന്നു രണ്ടു വയസ്സുള്ള മോള്‍ എന്ന് മറ്റൊരു മെസേജ്. രാത്രി ഒരു മണിക്കും രണ്ടു മണിക്കും വിളിച്ച് ഇങ്ങടെ പാട്ടു കേട്ട് മൂഡായി വിളിക്വാണ് എന്നു പറയുന്നവരുമുണ്ട്. സമയമോ വിശപ്പോ ഒന്നും ബാധിക്കുന്നില്ല ഇവരെ. ഇതൊക്കെയാണ് പാട്ട് തരുന്ന വലിയ സന്തോഷവും നേട്ടവും. പലരും വിഷമങ്ങളിലൂടെ പൊയ്‌ക്കൊണ്ടിരിക്കുന്ന കാലമല്ലേ, അതുകൊണ്ട് ഇതെല്ലാം പൊസിറ്റീവ് ആയി മാത്രം കാണുന്നു.' റാസ റസാക്കിന്റെ വാക്കുകള്‍ മനസ്സില്‍ നിന്നായിരുന്നു.

അറിയാതെയെത്തുന്ന ഈണങ്ങള്‍

നടക്കുമോ എന്നൊന്നും നിശ്ചയമില്ലായിരുന്നെങ്കിലും ഒരുപാട് പാടണം എന്നൊക്കെ ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു. പാട്ടിനോടുള്ള ഇഷ്ടം ഒന്നു മാത്രമായിരുന്നു കാരണം. ലൈവ് ഷോകളൊന്നും ചെയ്യാന്‍ പറ്റുമെന്നു പോലും കരുതിയതല്ല. അതിനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഉമ്പായിക്കയും ഷഹബാസിക്കയുമൊക്കെ പാടുന്നത് ശ്രദ്ധിച്ചു കേട്ടും കണ്ടും മനസ്സിലാക്കുമായിരുന്നു.

ഗള്‍ഫില്‍ നിന്ന് ജോലി മാറുന്നതിന്റെ ഇടവേളയില്‍ നാട്ടിലെത്തിയ സമയത്ത് ഒരിക്കല്‍ സൈനുവിന്റെ കൂടെ ഓമലാളേ നിന്നെയോര്‍ത്ത്...പാടുന്നത് ബീഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അങ്ങനെയാണ് കൂടുതല്‍ പേര്‍ അതു കണ്ടത്. നല്ല പ്രതികരണവും കിട്ടി. അതിനു മുമ്പ് ലൈവ് ചെയ്തപ്പോള്‍ പോലും അത്രയും സ്വീകരണം കിട്ടിയില്ല. അതോടെ ആത്മവിശ്വാസമായി. ഇഷ്ടമില്ലാത്ത ജോലി ചെയ്ത് എന്തിനാ ജീവിതം തള്ളി നീക്കുന്നത്? പാട്ടുപാടി ജീവിക്കാമെങ്കില്‍ അതല്ലേ നല്ലത് എന്നു തോന്നി. നാട്ടില്‍ തിരിച്ചെത്തി സംഗീതത്തില്‍ സജീവമായിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ.ബീഗവും ഞാനും കൂടിയാണ് പാടാറ്.

പഴയ പാട്ടുകളുടെ ആരാധകനാണ് ഞാന്‍. ബാബുക്ക, അര്‍ജുനന്‍ മാഷ്, രാഘവന്‍മാഷിന്റെയുമൊക്കെ പാട്ടുകളും പഴയ ഹിന്ദി, ഉറുദു ഗസലുകളുമൊക്കെ കേട്ടാലും കേട്ടാലും മതിവരാത്ത ആളാണ്. ആ പാട്ടുകള്‍ തന്നെയാണ് പുതിയ ഈണങ്ങളിലേക്ക് എന്നെ കൊണ്ടെത്തിക്കുന്ന ഇന്‍സ്പിരേഷനും എന്നെനിക്കു തോന്നുന്നു. അല്ലാതെ മ്യൂസിക് ട്രെയിനിങ് ഒന്നുമില്ലാത്ത ഞാന്‍ ഇങ്ങനെ പാട്ടുണ്ടാക്കണമെങ്കില്‍ വേറെ എന്താകും കാരണം? മറ്റുള്ളവര്‍ നല്ലതാണ് എന്നു പറയുമ്പോഴാണ് എനിക്കും ഈണമുണ്ടാക്കാന്‍ പറ്റും എന്നു തിരിച്ചറിയുന്നത്.

ട്യൂണിട്ട് വരികളെഴുതുന്നതിനോട് എതിര്‍പ്പൊന്നുമില്ല. രണ്ടു രീതിയും ഓരോ തരത്തില്‍ നല്ലതാണ്. എങ്കിലും ഞങ്ങളുടെ പാട്ടുകളെല്ലാം പഴയ രീതിയിലാണ് കംപോസ് ചെയ്യുന്നത്. ആദ്യം വരിയെഴുതി ഈണമിടുന്ന രീതി. പാട്ട് ആളുകള്‍ എത്രത്തോളം ഏറ്റെടുക്കും എന്ന് അതിന്റെ വരികള്‍ കണ്ടാലറിയാം. അപ്പോള്‍ അതിലെ ഓരോ വാക്കിനെയും അത്രയും ഇംപ്രസീവ് ആയിത്തന്നെ അവരിലേക്ക് എത്തിക്കണം. കവിത വായിക്കുമ്പാള്‍ തന്നെ ഒരു ഈണം കിട്ടും. അതൊന്നു മൂളി നോക്കും. അതുകേട്ടാല്‍ സൈനു പറയും അബ്ബാ, ഇതത്ര രസമില്ലല്ലോ എന്ന്. ഈ ട്യൂണ്‍ വേറൊരു പാട്ടു പോലെയുണ്ടല്ലോ എന്ന് ഇടയ്ക്ക് ബീഗവും പറയും. ഏതായാലും ആദ്യം ട്യൂണിട്ട് ഇവരെ കേള്‍പ്പിച്ച് ഓകെ പറഞ്ഞാലേ ഫൈനല്‍ ആക്കൂ.

അനുഭവിച്ചറിയേണ്ടേ സംഗീതം

രചനയിലും സംഗീതത്തിലുമുള്ള ലാളിത്യമാകണം കൂടുതല്‍പേരെ ഞങ്ങളുടെ പാട്ടിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കുന്നത്. ഓരോ പാട്ടും ഉണ്ടാക്കുമ്പോള്‍ ഇതെങ്ങനെ ഒട്ടും സങ്കീര്‍ണതയില്ലാതെ ഓരോരുത്തരിലേക്കും എത്തിക്കാം എന്നു ചിന്തിച്ചു തന്നെയാണ് പാട്ടൊരുക്കുന്നത്. പാട്ട് അനുഭവിക്കാനുള്ളതല്ലേ? കടുകട്ടി വാക്കുകളും സങ്കീര്‍ണമായ ഈണങ്ങളും ആദ്യം കേള്‍ക്കാന്‍ കൗതുകമുണ്ടാക്കുമായിരിക്കും എന്നല്ലാതെ അതൊരിക്കലും ഒരു അനുഭവമാകില്ല. മനസ്സിനെ ശാന്തമാക്കില്ല. ഇന്ന വിഷയം വേണമെന്നു നിര്‍ബന്ധം പറഞ്ഞ് എഴുതിക്കാറില്ല. പ്രണയമോ ഭക്തിയോ രാഷ്ട്രീയമോ ആകാം. അവരെഴുതിത്തരുന്ന വരികള്‍ ഇംപ്രസീവ് ആണോ എന്നു മാത്രമേ നോക്കാറുള്ളൂ. അവരുടെ മുഖമോ ചരിത്രമോ നോക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ ഗംഭീര കവിതകളും പാട്ടുകളും എഴുതുന്ന ഒരുപാടു പേരുണ്ട്. ഷാഹുല്‍ ഹമീദും റഷീദ് പാറയ്ക്കലുമൊക്കെയായി അങ്ങനെയുണ്ടായ സൗഹൃദമാണ്. ഞാന്‍ ഗള്‍ഫില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന കാലത്ത്, മൂന്ന് വര്‍ഷം മുമ്പ് ഷാഹുല്‍ എഴുതിത്തന്നതാണ് നീയെറിഞ്ഞ കല്ല്...

ബേണി ഇഗ്നീഷ്യസിലെ ബേണിച്ചേട്ടനെക്കൊണ്ട് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യിച്ച് 5 ഇത്തരത്തില്‍ ഒരഞ്ചു പാട്ടുകള്‍ ഇറക്കാനൊരു പ്രോജക്റ്റ് ആലോചിച്ചു. വിഡിയോ പ്രൊഡ്യൂസ് ചെയ്യാനായി ദിലീപ് സെയ്തു കൊടുങ്ങല്ലൂരും ഓഡിയോ പ്രൊഡ്യൂസ് ചെയ്യാന്‍ ഫിന്‍സറും എന്നും കൂടെയുണ്ടെന്ന് അറിയിച്ച് ഒപ്പം നിന്നു. ആദ്യപാട്ട് റഷീദ് പാറയ്ക്കല്‍ എഴുതിയ മിഴി കൊണ്ടു മാത്രം പ്രണയം...ആയിരുന്നു. കൊറോണക്കാലത്ത് മാസ്‌ക് ഇട്ടതുകൊണ്ട് കണ്ണുകള്‍ കൊണ്ട് പ്രണയം പറയുന്ന രണ്ടു പേരെക്കുറിച്ചാണ് ആ പാട്ട്. ഷൂട്ടിങ് ഒന്നും സാധിക്കാതിരുന്നതുകൊണ്ട് ഇലസ്‌ട്രേഷന്‍ വച്ച് വ്യത്യസ്തമായ രീതിയിലാണ് അത് ചെയ്തത്. ഈ പ്രോജക്റ്റിലെ രണ്ടാമത്തെ പാട്ടാണ് നീയെറിഞ്ഞ കല്ല് കൊണ്ട്.... ഷാഹുല്‍ ഹമീദിന്റെതായി സലാം ചൊല്ലി പിരിയും മുമ്പ് റൂഹേ എനിക്കവളിലേക്കൊരു ഹിജ്‌റ പോകണം..., നീയെന്നെഴുതുമ്പോള്‍ ഇതളുവിരിഞ്ഞതിലൂറും ഊദിന്‍ സുഗന്ധം... എന്നിങ്ങനെ രണ്ടു പാട്ടും റഷീദിന്റെ, കണ്ണുകൊണ്ടു കൊളുത്തതാദ്യം ഞാനല്ല കടക്കണ്ണാല്‍ കഥകള്‍ മെനഞ്ഞതുമാദ്യം ഞാനല്ല...എന്നൊരു പാട്ടും അങ്ങനെ മൂന്നു പാട്ടുകള്‍ കൂടി ഈ പ്രോജക്റ്റില്‍ ഇനി ഇറങ്ങാനുണ്ട്.

ഇലക്ട്രിക്കലോ ഡിജിറ്റലോ അല്ലാത്ത ഒറിജിനല്‍ ഇന്‍സ്ട്രുമെന്റ് ഉപയോഗിച്ചുള്ള ഓര്‍ക്കസ്ട്രഷനാണ് ബേണി ഇഗ്നീഷ്യസിന്റെ മെലോഡിയസ് ട്യൂണുകളുടെ പ്രത്യേകത. പുതുമ നഷ്ടപ്പെടാത്ത, എല്ലാ കാലത്തും ആളുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പാട്ടുണ്ടാകണമെങ്കില്‍ അവരുടെ പാട്ടുകളെപ്പോലെ ലൈവ് ഉപകരണസംഗീതം നിറഞ്ഞു നില്‍ക്കണം. ലൈവ് ഷോകളിലൊക്കെ ഞങ്ങള്‍ക്കു വേണ്ടി ബേണിച്ചേട്ടനും ഉപകരണങ്ങള്‍ വായിക്കും. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഓര്‍ക്കസ്‌ട്രേഷനില്‍ ചെയ്യാമെന്നു തോന്നിയത്.

പാട്ടിലും കൂട്ടിലും കൈപിടിച്ച് ബീഗം

ബീഗം തിരുവനന്തപുരംകാരിയും ഞാന്‍ കണ്ണൂര്‍ക്കാരനുമാണ്. ഡോ. കെ. ഓമനക്കുട്ടിയുടെയും ആലപ്പുഴ ശ്രീകുമാറിന്റെയും അടുത്തും കൈതപ്രം സാറിന്റെ സ്വാതിതിരുനാള്‍ സംഗീതവിദ്യാലയത്തിലും സംഗീതം പഠിച്ചിട്ടുണ്ട്. യൂത്ത് ഫെസ്റ്റിവലില്‍ കര്‍ണാടക സംഗീതത്തിലും ഉറുദു ഗസലിലും സംസ്ഥാന തലത്തില്‍ സമ്മാനം വാങ്ങിയിട്ടുണ്ട്. ബീഗത്തിന്റെ ബന്ധുക്കള്‍ കണ്ണൂരുണ്ടായിരുന്നു. ഇടയ്ക്ക് പ്രോഗ്രാമില്‍ വച്ചൊക്കെ കാണുമായിരുന്നു. ബീഗം പാടും ഞാന്‍ കീ ബോര്‍ഡ് വായിക്കും. ഒരു വേദിയില്‍ ബീഗം ജോഭീ ബുരാ ഭലാ ഹൈ, അല്ലാഹ് ജാന്‍തെ ഹൈ... എന്നൊരു ഗസല്‍ പാടുന്നതു കേട്ടു. പാട്ടും പാടിയ ആളെയും വല്ലാതെ ഇഷ്ടപ്പെട്ടു. ഒരുപാട് പേര്‍ക്കിടയില്‍ ഒരാള്‍ മാത്രമായിരിക്കണം ഞാന്‍. എന്നാലും... അതുകഴിഞ്ഞാണ് ഇഷ്ടം പറയുന്നത്. രണ്ടാളും പാടുന്നവരാകുന്നത് നല്ലതല്ലേ? നഴ്‌സിങ് ആണ് ബീഗം പഠിച്ചത്. പക്ഷെ പ്രാക്ടീസ് ചെയ്തില്ല. പാട്ടിനെ ഇഷ്ടപ്പെടുന്ന രണ്ടു പേര്‍ കണ്ടു, പ്രണയിച്ചു, കല്യാണം കഴിച്ചു. പാട്ടു തന്നെ കരിയര്‍ ആക്കി. അത്രയേയുള്ളൂ.

ഇന്നത്തെ കാലത്ത് പാടിയാല്‍ മാത്രം പോര. ഗായകര്‍ മള്‍ട്ടി ടാസ്‌കിങ് അറിഞ്ഞിരിക്കണം. പക്ഷെ ടെക്‌നിക്കല്‍ കാര്യങ്ങളില്‍ ഞാന്‍ അത്ര പോര. ആ കുറവ് നികത്തുന്നത് ബീഗം ആണ്. കംപോസിങ്ങും മറ്റു കാര്യങ്ങളും ഞാന്‍ നോക്കും. പാട്ടിനൊപ്പം ബീഗത്തിന് സോഷ്യല്‍ മീഡിയാ മാനേജ് ചെയ്യാനുമറിയാം. അല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു. പരസ്പരം സഹായിക്കാനാകുന്നുണ്ടിപ്പോള്‍.

ദയാപുരം അന്‍സാരി സ്‌കൂളില്‍ രണ്ടാം ക്ലാസിലാണ് സൈനു. അവള്‍ക്കും ഒരുപാട് ഇഷ്ടമാണ് മ്യൂസിക്. ഉക്‌ലേലെ വായിക്കാനൊക്കെ തനിയെ പഠിച്ചതാണ്. ഏത് തരം സംഗീതമാണോ അവള്‍ക്ക് ഇഷ്ടം അതു പഠിക്കട്ടെ എന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. ഇതു പഠിക്ക് അതു പഠിക്ക് എന്നു നിര്‍ബന്ധിക്കാറില്ല. ഏത് ഇഷ്ടപ്പെട്ടാലും അതില്‍ അക്കാദമിക് ട്രെയിനിങ് കൊടുക്കണമെന്നുണ്ട്. അതവള്‍ക്കൊരു ഭാരമാകാതെ... പാട്ടു പോലെ ഇഷ്ടമാണ് അവള്‍ക്ക് ചിത്രം വരയ്ക്കാനും.

പാട്ടിന്റെ അര്‍ഥവും സംഗീതപരമായ കാര്യങ്ങളുമൊക്കെ ഓഡിയന്‍സിനോട് സംസാരിച്ച് പ്രത്യേകരീതിയിലാണ് ഞങ്ങളുടെ ലൈവ്. ഗള്‍ഫിലും നാട്ടിലുമൊക്കെയായി നൂറോളം വേദികളില്‍ പാടി. അടുപ്പമുള്ളവരുടെ ഫാമിലി ഗെറ്റ് ടുഗെദര്‍ പോലുള്ള ചെറിയ വേദികളിലും പാടിയിട്ടുണ്ട്. അര്‍ഹരാണെന്ന് തോന്നിയാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായും പാടാറുണ്ട്. അതില്‍ ചിലതിലൊക്കെ നീയെറിഞ്ഞ കല്ലും പാടുമായിരുന്നു. ലൈവ് ഷോകളും യൂ ട്യൂബില്‍ പാടിയിടുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. യൂട്യൂബിലേത് വേറെ തന്നെ അനുഭവമാണ്. രണ്ടും രണ്ടാണ്. എനിക്കു തോന്നുന്നത് ലൈവ് പാടുന്നതിനൊപ്പം തന്നെ മ്യൂസിക് പ്രൊഡക്ഷന്‍ പോലുള്ള ടെക്‌നിക്കല്‍ സൈഡും ഓരോ പാട്ടുകാരനും അറിഞ്ഞിരിക്കണം, അറിവില്ലെങ്കില്‍ അതുണ്ടാക്കിയെടുക്കണം. യുട്യൂബില്‍ നിന്നുള്ള വരുമാനം ഉള്ളതുകൊണ്ടാണ് ഈ കൊറോണക്കാലത്തും ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റിയത്. ഷോകളെ മാത്രം ആശ്രയിച്ചുള്ള രീതി മാറ്റി രണ്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞാലേ ഇനിയുള്ള കാലത്ത് നിലനില്‍ക്കാന്‍ പറ്റൂ എന്നു തോന്നുന്നു.

Tags:
  • Movies