Saturday 18 July 2020 04:35 PM IST

ഇതെന്റെ അമ്മയ്ക്കുള്ള സ്‌നേഹസമ്മാനം... രാധികതിലകിന്റെ മകള്‍ ദേവികയുടെ പാട്ട്

V N Rakhi

Sub Editor

rd

മായാമഞ്ചലില്‍ ഇതുവഴിയേ പോകും തിങ്കളേ....

മൊബൈലില്‍ അമ്മയുടെ ചിത്രം നോക്കി തെളിഞ്ഞ സ്വരത്തില്‍ ദേവിക പാടിത്തുടങ്ങുമ്പോള്‍ രാധിക തന്നെയാണോ പാടുന്നത് എന്നു തോന്നിപ്പോകും. അമ്മായിയുടെ മകള്‍ ദേവികയ്ക്ക് കീ ബോര്‍ഡില്‍ സപ്പോര്‍ട്ടുമായി ഗായിക ശ്വേതാ മോഹനുമുണ്ട്. ഒറ്റയാള്‍ പട്ടാളത്തിനു വേണ്ടി പി.കെ ഗോപിയുടെ വരികള്‍ക്ക് ശരത് ഈണമിട്ട് ജി. വേണുഗോപാലിനൊപ്പം രാധികാ തിലക് പാടിയ മായാമഞ്ചലില്‍..., എം ജി ശ്രീകുമാറിനൊപ്പം പാടിയ, ഗിരീഷ് പുത്തഞ്ചേരി- മോഹന്‍സിതാര ടീമിന്റെ കാനന കുയിലേ...(മിസ്റ്റര്‍ ബ്രഹ്മചാരി), യേശുദാസിനൊപ്പം പാടിയ, ഗുരുവിലെ ദേവസംഗീതം നീയല്ലേ...(എസ് രമേശന്‍ നായര്‍- ഇളയരാജ) എന്നീ പാട്ടുകളാണ് ദേവിക അമ്മയ്ക്കായി പാടി സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതയുടെ യൂ ട്യൂബ് ചാനല്‍ വഴിയാണ് ദേവികയുടെ പാട്ട് റിലീസ് ചെയ്തത്.

അമ്മയുടെ പ്രശസ്തമായ മൂന്നു പാട്ടുകള്‍ പാടാന്‍ ശ്രമിക്കുകയാണ് ഞാന്‍. പാട്ടു പഠിച്ചിട്ടില്ല, ഗായികയായി സ്വയം കരുതുന്നുമില്ല... എങ്കിലും കുറേ കാലമായി ഇങ്ങനെയൊന്ന് ചെയ്യണമെന്ന് കരുതിയിട്ട്. പക്ഷെ നീണ്ടു നീണ്ടു പോയി. അമ്മയ്ക്കായി ഞാന്‍ ചെയ്തില്ലെങ്കില്‍ , വേറെ ആരു ചെയ്യും? ഈ തിരിച്ചറിവുണ്ടാകാന്‍ ലോകം ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു.' ദേവിക കുറിക്കുന്നു.

നൂറു കണക്കിന് വോയ്‌സ് നോട്ടുകളിലൂടെ, ടെക്‌സ്റ്റ് മെസേജുകളിലൂടെ, ഫോണ്‍ വിളികളിലൂടെ നമ്മുടെയീ കുഞ്ഞു പ്രോജക്റ്റ് സാര്‍ഥകമാകാന്‍ കൂടെ നിന്ന സുജു അമ്മായിക്കും ശ്വേ ചേച്ചിക്കും നന്ദിയും പറയുന്നു ദേവിക.

'രാധിക ചേച്ചി എന്റെ അമ്മായി ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ അനിയത്തി ദേവിക അവളുടെ അമ്മയ്ക്കു വേണ്ടി പാട്ടു പാടുമ്പോള്‍ മ്യൂസിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നത് സന്തോഷമുള്ള കാര്യമാണ്. രാധികചേച്ചി ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍ ചേച്ചിയുടെ പാട്ടുകള്‍ ആഘോഷിക്കാന്‍ എനിക്കു സാധിച്ചില്ല. ഇപ്പോള്‍ ഇത് ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. സ്വര്‍ഗത്തിലിരുന്ന് ദേവികയുടെ പാട്ടുകേട്ട് ചേച്ചി പുഞ്ചിരിക്കുന്നുണ്ടാകും, എനിക്കുറപ്പുണ്ട്... ദേവികയുടെ ഈ പാട്ടുകള്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും സ്‌പെഷ്യല്‍ ആണ്.' ശ്വേതയും പറയുന്നു.

മധുരസ്വരത്തിനുടമയായിരുന്ന രാധിക തിലക് കുറച്ചു ഗാനങ്ങളേ സിനിമയില്‍ പാടിയിട്ടുള്ളൂവെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ് അതിലേറെയും. നന്ദനത്തിലെ മനസ്സില്‍ മിഥുനമഴ..., ദീപസ്തംഭം മഹാശ്ചര്യത്തിലെ നിന്റെ കണ്ണില്‍ വിരുന്നു വന്നൂ..., എന്റെ ഉള്ളുടുക്കും കൊട്ടി..., സ്‌നേഹത്തിലെ കൈതപ്പൂ മണമെന്തേ..., കന്‍മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ..., പട്ടാളത്തിലെ വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി... എന്നീ പാട്ടുകള്‍ എന്നും മലയാളിക്ക് പ്രിയപ്പെട്ടവയാണ്.

Tags:
  • Movies