പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർക്കു മുന്നിൽ ഭാവഗായകൻ ബാക്കിവച്ചു പോയ ഓർമകൾ കുന്നോളം. പാട്ടിനെ പ്രണയിച്ച ജീവിതത്തിലെ അമൂല്യങ്ങളായ ഏടുകളെക്കുറിച്ച് ജയചന്ദ്രൻ ഒരിക്കൽ മനോരമ ആരോഗ്യം മാസികയോട് വാചാലനായിരുന്നു. ആ ഓർമകൾക്ക് മുന്നിൽ പ്രണാമങ്ങളോടെ... ജയചന്ദ്രൻ അന്നൊരിക്കൽ പങ്കുവച്ച ഓർമ്മത്താളുകൾ ഒരിക്കൽ കൂടി... മനോരമ ആരോഗ്യത്തിൽ പങ്കുവച്ച ലേഖനത്തിന്റെ പ്രസക്ത ഭാഗം ചുവടെ.
––––
താളത്തിന്റെ മാസ്മരികമായ കണക്കുകൾ കൈവിരലിൽ കൗശലത്തോടെ ഒതുക്കി, സമ്മാനം വാരിക്കൂട്ടിയതിനു ശേഷമാണ് ശബ്ദത്തിന്റെ ഇന്ദ്രജാലത്തിലേക്കു പാലിയത്തെ ജയൻ കുട്ടൻ കടന്നത്. പാട്ടു പഠിക്കാതെ പാട്ടുകാരനായി, പിന്നെ ഭാവഗാനങ്ങളുെട തമ്പുരാനായി മാറിയപ്പോഴും പി. ജയചന്ദ്രൻ എളിമയോടെ പറയുന്നു, ‘‘ ഈ ലോകത്തിലെ ഏറ്റവും വലിയ സംഗീത ആസ്വാദകൻ മാത്രമാണ് ഞാൻ’’.
അതെ, ജയചന്ദ്രൻ അങ്ങനെ വലിയ സാധകമൊന്നും ചെയ്യാറില്ല. രാത്രിഭക്ഷണമൊക്കെ കഴിഞ്ഞ് തന്റെ ഏറ്റവുമടുത്ത മൂന്നോ നാലോ ആളുകളെ ഫോണിൽ വിളിച്ച്, പാടിയ പാട്ടുകളും പാടാൻ പോകുന്ന പാട്ടുകളും നേരിട്ട് ഭാവപൂർത്തിയോടെ പാടികൊടുക്കും. അതാണ് ജയചന്ദ്രന്റെ കണ്ഠസാധകം. ചിട്ടയായി ശാസ്ത്രീയ സംഗീതം പഠിക്കാത്ത, നമ്മുടെ ഭാവഗായകൻ 11 കടുകട്ടി ശുദ്ധ ശാസ്ത്രീയ കൃതികൾ വെറും മൂന്നു ദിവസം കൊണ്ട് പാടി വീഡിയോ റിക്കോഡ് തയാറാക്കുന്നതിന്റെ തിരക്കിലായിരുന്നു. നീലാംബരി രാഗത്തിന്റെ തേൻ ചൊരിയുന്ന സ്വാതി തിരുനാൾ പദം ‘കാന്തനോട് െചന്നു’വും ദർബാരി കാനഡരാഗത്തിലെ ‘ രാധികാ കൃഷ്ണനു’മൊക്കെ സ്വരസഞ്ചാര ഭേദത്തോടെ പെയ്തിറങ്ങുമ്പോൾ ശുദ്ധ ക്ലാസിക്കൽ ആസ്വാദകർ പോലും ആനന്ദവായ്പിലായിപ്പോകുന്നു.
ഇത്ര അധികം കച്ചേരികളും, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഗാനങ്ങളും കേട്ട്, ഉൾക്കൊണ്ട്, വരികളും അതിന്റെ സ്വരസഞ്ചാരഭേദങ്ങളും മനസ്സിലാക്കിയിട്ടുള്ള അപൂർവം ഗായകരെ ഇന്ത്യയിൽ തന്നെ നമുക്കുള്ളൂ. ചെറിയ കുട്ടി ആയിരിക്കുമ്പോൾ പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ പരുത്തിക്കോൽ ഉപയോഗിച്ചു കല്ലിൽ തട്ടി പഠിച്ചു, പാലിയത്തെ കുടുംബ ക്ഷേത്രത്തിൽ ഉൽസവത്തിന് ഏഴു ദിവസവും, പാലിയത്തെ മറ്റു കുട്ടികളുമൊത്തു ചെണ്ട കൊട്ടുമായിരുന്നു. മിഡിൽ സ്‌കൂൾ കാലത്തു മൃദംഗം അഭ്യസിക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തതിനുശേഷമാണ് ജയൻ കുട്ടൻ, ഗായകനായി രൂപാന്തരപ്പെടുന്നത്.
മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം