Saturday 22 August 2020 04:15 PM IST

അസ്തമയത്തില്‍ നിരാശനാകാതെ നാളത്തെ സൂര്യോദയത്തില്‍ പ്രതീക്ഷയർപ്പിച്ച് 'റിട്ടേണ്‍'; വിഡിയോ സോങ് കാണാം..

V N Rakhi

Sub Editor

musdxccggvyf6666

നെഞ്ചോളം വെള്ളം കേറിയ നാടിനെ നമ്മള് കരകേറ്റി

കടലോളം വീശിയടിച്ചൊരു കാറ്റിനെ നമ്മള് മലകേറ്റീ...

പ്രളയത്തെയും ചുഴലിക്കാറ്റിനെയും തോല്‍പ്പിച്ച നമുക്ക് ജീവിതം മാറ്റി മറിച്ച ഈ മഹാമാരിയെയും ഒറ്റക്കെട്ടായി നേരിടാനാകുമെന്ന പ്രതീക്ഷയാണ് 'റിട്ടേണ്‍'  വിഡിയോ സോങ്. ഒരു മെക്‌സിക്കന്‍ അപാരതയിലെ പാട്ടുകളിലൂടെ പ്രശസ്തനായ മണികണ്ഠന്‍ അയ്യപ്പ ഒരുക്കിയ ഗാനം പാടിയത് വിനീത് ശ്രീനിവാസനാണ്. വൈശാഖ് സുഗണന്റേതാണ് വരികള്‍. സണ്ണി വെയ്ന്‍, ദീപക് പരമ്പോള്‍ തുടങ്ങിയവര്‍ അഭിനയിച്ച വിഡിയോ സോങ് ഇതിനകം തന്നെ  മൂന്ന് ലക്ഷത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു.

പഴയതുപോലെ ഒരുമിച്ചിരിക്കാനും നാലാളു കൂടിയിരുന്ന വരാന്തകളില്‍ വൈകാതെ കൂടിയിരിക്കാനുമാകുമെന്നും പണിയില്ലാത്ത കാലം മാറുമെന്നും നാടന്‍ പാട്ടിന്റെ ഈണത്തിന്റെ അകമ്പടിയില്‍ പാടുന്നു. അടഞ്ഞുകിടക്കുന്ന കൊട്ടകകള്‍ ഉണരും, പൂരത്തിന് ആവേശക്കടലായി അലയടിക്കും, ഈ ഓണവും കൂടും, മുകില്‍ നീങ്ങി മാനത്ത് അമ്പിളി തെളിയും, മാറ്റത്തിന്റെ വിളക്കുകളാകും നമ്മള്‍... അങ്ങനെ പ്രതീക്ഷയുടെ തിരിനാളം ഗാനത്തിലുടനീളം കാണാം.

'ഉപകരണങ്ങളുടെ ബഹളമില്ലാതെ, ആര്‍ക്കും പാടാവുന്ന ഈണമാണിത്. ആദ്യം പാട്ട് മാത്രമായി ചെയ്യാനായിരുന്നു പ്ലാന്‍. ട്യൂണ്‍ കേട്ടപ്പോള്‍ ഒരു കഥ പോലെ ചെയ്യാം എന്ന് മ്യൂസിക് വിഡിയോ ചെയ്ത മൃദുല്‍ നായര്‍ പറഞ്ഞു. ലോക്ഡൗണിലെ സംഭവങ്ങളെല്ലാം നല്ല വിഷ്വലുകളായി ചേര്‍ത്തപ്പോള്‍ പാട്ടിന് മറ്റൊരു മുഖം കൈവന്നു. പാടാമോ എന്ന് വിനീതേട്ടനോടു ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചു.' - മണികണ്ഠന്‍ പറഞ്ഞു. അസ്തമയത്തില്‍ നിരാശനാകാതെ നാളത്തെ സൂര്യോദയത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന നായകന്റെ സംഭാഷണത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.

Tags:
  • Movies