Thursday 23 February 2023 12:17 PM IST

51 ഭാഷകളിൽ പാട്ട്, അമ്മയുടെ ഭക്ഷണശാല ‘കുക്കിങ് ലാബ്’: 16 വയസ്സുകാരി സൗപർണികയുടെ വെറൈറ്റി പാട്ടും കുക്കിങ്ങും ...

V.G. Nakul

Senior Content Editor, Vanitha Online

s4

പാട്ടിൽ അച്ഛന്റെയും രുചിയിൽ അമ്മയുടെയും വഴിയേയാണ് സൗപർണിക താൻസൻ എന്ന കൊച്ചുമിടുക്കിയുടെ യാത്ര. രണ്ടിലും ചെറുപ്രായത്തിലേ മികവുതെളിയിക്കാനുമായി ഈ പതിനാറ് വയസ്സുകാരിക്ക്. 51 ഭാഷകളിൽ പാടി ഇതിനോടകം സംഗീതലോകത്ത് ശ്രദ്ധേയയായ സൗപർണിക സംസ്ഥാന ഹയർസെക്കൻഡറി കലോത്സവത്തിൽ ഉറുദു ഗസൽ വേദിയിലും മിന്നുന്ന പ്രകടനവുമായി എ ഗ്രേഡ് കരസ്ഥമാക്കി. സംഗീത മേഖലയിൽ ഇതിനോടകം നിരവധി സമ്മാനങ്ങളും അഭിനന്ദനങ്ങളും സ്വന്തമാക്കിക്കഴിഞ്ഞ സൗപർണികയ്ക്ക് പാട്ട് പോലെ പ്രിയമാണ് പാചകവും. ചൈനീസ് കോണ്ടിനെന്റൽ വിഭവങ്ങളൊരുക്കുന്നതിലാണ് ഏറെ താൽപര്യം.

s5

റേഡിയോയിൽ‌ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസറും ഗായകനുമായ, കോട്ടയം അയ്മനം സ്വദേശി കെ.വി താൻസന്റെയും എഴുത്തുകാരി ആർച്ച ആശയുടെയും മൂന്നു മക്കളിൽ മൂത്തയാളായ സൗപർണിക ആർപ്പൂക്കര ഗവ. മെഡിക്കൽ കോളേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സൗപർണികയുടെ അനിയൻ നവറോഷും കലാലോകത്ത് സജീവമാണ്. അനിയത്തി – ബ്രാഹ്മി.

കുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂൾ വിദ്യാർത്ഥിയാണ് നവറോഷ്. സ്കൂൾ കലോത്സവത്തിൽ, സംസ്കൃത നാടകമായ ‘കർണഭാരം’ത്തിൽ ഇന്ദ്രനെയാണ് അവതരിപ്പിച്ച നവറോഷും എ ഗ്രേഡ് നേടി. വർഷങ്ങൾക്കു മുമ്പ് അച്ഛൻ വിജയ കിരീടം ചൂടിയ വേദിയിലാണ് മക്കളും മിന്നുന്ന വിജയം നേടിയതെന്നത് മറ്റൊരു യാദൃശ്ചികത. വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന പോളി ടെക്നിക് കലോത്സവത്തിൽ മിമിക്രിയിലും സംഘഗാനത്തിലും ജേതാവായിരുന്നു താൻസൻ. അന്ന് താൻസൻ മത്സരിച്ച കോഴിക്കോട് ടൗൺഹാളിലാണ് മകൾ സൗപർണിക ഹയർ സെക്കൻഡറി വിഭാഗം ഉറുദു ഗസലില്‍ മത്സരിച്ചത്.

s3

സംഗീതത്തില്‍ അച്ഛനാണ് സൗപർണികയുടെ ആദ്യഗുരു. ഹിന്ദുസ്ഥാനി സംഗീതത്തില്‍ വിജയ് സൂർ സെന്നും കർണാടക സംഗീതത്തിൽ ആലപ്പി രംഗനാഥുമാണ് ഗുരുക്കൻമാർ. ചെണ്ട, വീണ, കീ ബോർഡ് എന്നിവയും പരിശീലിക്കുന്നു.

s1

51 ഭാഷകളിലെ പാട്ടാണ് സൗപർണികയുടെ ‘മാസ്റ്റർ പീസ്’. അപൂർവമായാണ്, ഈ പ്രായത്തിലൊരാൾ ഇത്തരമൊരു ഉദ്യമത്തിനു മുതിരുന്നതെന്നതും വിജയിക്കുന്നതെന്നതും അഭിനന്ദനാർഹമാണ്. പാട്ടിന്റെ പരീക്ഷണങ്ങൾ അച്ഛനോടൊപ്പമെങ്കിൽ, അമ്മയുടെ സംരംഭമായ ‘അന്നപ്പുര’ എന്ന ഭക്ഷണശാലയാണ് സൗപർണികയുടെ ‘കുക്കിങ് ലാബ്’. കേക്ക്, കുക്കീസ്, ഡോണറ്റുകൾ തുടങ്ങി സൗപർണികയുടെ വിജയകരമായ പല പരീക്ഷണങ്ങളും ഇവിടെയാണ്. അഞ്ചാം ക്ലാസിലാണ് ഈ ‘പാചകഭ്രമം’ തുടങ്ങിയത്.

വിഡിയോ –