ഒരു അഡാർ ലവ് ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം മോഷ്ടിച്ചെന്ന ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത പാട്ടുകളുടെ ക്രെഡിറ്റ് ഒരിക്കലും എടുത്തിട്ടില്ല. സമൂഹമാധ്യമങ്ങളിൽ വരുന്ന പല പാട്ടുകൾക്കിടയിൽ ഈ പാട്ട് മുങ്ങിപ്പോകരുത് എന്ന നല്ല ഉദ്ദേശ്യത്തോടെയാണ് ഒമറും ഞാനും ആ പാട്ട് ഏറ്റെടുക്കാൻ തയാറായത്. ഞാൻ ചിട്ടപ്പെടുത്താത്ത പാട്ടുകളുടെ ക്രെഡിറ്റ് ഒരിക്കലും എടുത്തിട്ടുള്ള ആളല്ല ഞാൻ.
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനം താൻ ചിട്ടപ്പെടുത്തിയതാണെന്നും അതിന്റെ ക്രെഡിറ്റ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ മോഷ്ടിച്ചെന്നുമുള്ള സത്യജിത് എന്ന സംഗീത സംവിധായകന്റെ ആരോപണമാണ് വലിയ ചർച്ചയായത്.
ഈ പാട്ടിനോടൊപ്പം നൽകിയിരിക്കുന്ന തന്റെ പേര് ഉടൻ തന്നെ മാറ്റുന്നതാണെന്നും സത്യജിത്തിന് ഇതോടെ സമാധാനമാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഷാൻ പങ്കുവച്ച വിശദീകരണ കുറിപ്പില്‍ പറയുന്നു.
ഷാൻ റഹ്‌മാന്റെ കുറിപ്പിന്റെ പൂർണരൂപം:
ഒരു ഫ്രീക്ക് പെണ്ണ് സ്റ്റോറി
‘ഒരു അഡാർ ലവ്’ എന്ന സിനിമയുമായി സംവിധായകൻ ഒമർ ലുലു എന്നെ സമീപിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു എന്ന് എന്നോടു പറഞ്ഞു. ഒരു പുതുമുഖത്തിന് അവസരം നൽകാൻ കൂടിയായിരുന്നു അദ്ദേഹം ആ ആവശ്യം എന്നെ അറിയിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ച് ഞങ്ങൾ മുന്നോട്ടു പോയി. കാക്കനാട്ടെ എന്റെ വീട്ടിൽ സത്യജിത്ത് എത്തി അവിടെ വച്ച് അദ്ദേഹം എന്നെ ഈ പാട്ട് പാടി കേൾപ്പിച്ചു. കേട്ടപ്പോൾ പാട്ട് നന്നായിട്ടുണ്ടല്ലോ എന്ന് തോന്നി. ആ പാട്ട് വരികളൊന്നും മാറ്റാതെ സത്യജിത്തിനെക്കൊണ്ടു തന്നെ പാടിച്ച് എന്‍റെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു.
സമൂഹമാധ്യമങ്ങളിൽ വരുന്ന പല പാട്ടുകൾക്കിടയിൽ ഈ പാട്ട് മുങ്ങിപ്പോകരുത് എന്ന നല്ല ഉദ്ദേശ്യത്തോടെയാണ് ഒമറും ഞാനും ആ പാട്ട് ഏറ്റെടുക്കാൻ തയാറായത്. ഞാൻ ചിട്ടപ്പെടുത്താത്ത പാട്ടുകളുടെ ക്രെഡിറ്റ് ഒരിക്കലും എടുത്തിട്ടുള്ള ആളല്ല ഞാൻ. അതേ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം ഉൾപ്പെടെ.
ഇത്തരത്തിൽ വരുന്ന കലാകാരന്മാരെ സംഗീതസംവിധായകരല്ല റാപ്പേഴ്‌സ് ആയിട്ടാണ് കണക്കാക്കുന്നതെന്നു കൂടി ഞാൻ അറിയാത്തവർക്ക് വേണ്ടി പറയട്ടെ. അവർക്ക് സാധാരണയായി ഗായകൻ, ഗാനരചയിതാവ് എന്ന ക്രെഡിറ്റുകൾ ആണ് നൽകുക. എമിനെം എന്ന സുപ്രസിദ്ധ റാപ്പറിനെ നമ്മൾ സംഗീതസംവിധായകനെന്നല്ല റാപ്പർ എന്നാണ് വിളിക്കുന്നത്. ജേക്കബിന്‍റെ സ്വർഗരാജ്യത്തിലെ "എന്നിലേറിഞ്ഞു തുടങ്ങുന്ന തീക്കനൽ", കിങ് ഓഫ് കൊത്തയിലെ ടൈറ്റില്‍ ട്രാക്ക് തുടങ്ങിയവ ചെയ്ത റസി, ഫെജോ തുടങ്ങിയ നിരവധി റാപ്പർമാർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
'ഫ്രീക്ക് പെണ്ണെ' എന്ന ഗാനം അതിന്റെ മ്യൂസിക്ക് പ്രൊഡക്ഷനെ മാത്രം ആശ്രയിച്ച് ഹിറ്റായ പാട്ടാണ്. അല്ലെങ്കിൽ ആ പാട്ട് ആരും ശ്രദ്ധിക്കാതെ പോയേനെ. ഞാൻ ഒരുപാട് ആസ്വദിച്ച് ചെയ്ത ഗാനമാണത്. അത് ഒരു റാപ്പ് ഗാനമായിരുന്നു. പാട്ട് റിലീസ് ചെയ്തപ്പോൾ ഒരുപാട് ഡിസ്‌ലൈക്കുകൾ ലഭിച്ചിരുന്നു. അതിന്റെ കാരണം അറിയില്ലെങ്കിലും എനിക്ക് എനിക്ക് വലിയ വിഷമമായിരുന്നു.
ഓഡിയോ കമ്പനിയോട് സത്യജിത്തിന്റെ പേര് കംപോസർ ആയും എന്റെ പേര് മ്യൂസിക് പ്രൊഡ്യൂസർ ആയും ഇടാൻ ഞാൻ പറഞ്ഞിട്ടുണ്ട്. യൂട്യൂബിലെ പേര് വരും ദിവസങ്ങളില്‍ മാറ്റും. പാട്ട് റിലീസ് ചെയ്ത ദിവസത്തിന് ശേഷം ഒരുപാട് ഡിസ്‌ലൈക്ക് വരുന്നത് കണ്ടു വിഷമം തോന്നിയതുകൊണ്ട് ഞാൻ പിന്നെ ആ പാട്ട് കണ്ടിരുന്നില്ല. ഓഡിയോ കമ്പനികൾ പൊതുവെ "സംഗീത സംവിധാനം ക്രമീകണം ഷാൻ റഹ്മാൻ" എന്ന് ഇടുന്ന പതിവുണ്ട്. ആ സിനിമയിലെ എല്ലാ പാട്ടുകൾക്കും അങ്ങനെയാണ് അവർ ഇട്ടിരിക്കുന്നത്. ഗായകരുടെ പേരുകളും മറ്റും ശരിയാണോ എന്നത് സിനിമയുടെ നിർമാതാക്കളാണ് ശ്രദ്ധിക്കാറുള്ളത്. ഇന്ന് മുതൽ പേരുകൾ ഉള്ളിടത്തെല്ലാം മാറ്റും, അതോടെ സത്യജിത്തിനു സമാധാനം ലഭിക്കുമെന്ന് കരുതുന്നു.
പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകുമ്പോൾ, അത് അവർ നിസ്സാരമായി എടുക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്. വരും കാലത്ത് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുമ്പോൾ രണ്ടു തവണ ചിന്തിക്കണം എന്ന പാഠമാണ് ഇതിൽ നിന്ന് എനിക്ക് കിട്ടിയത്. കൂടുതൽ നല്ല നല്ല ഗാനങ്ങൾ രചിക്കാനും മികച്ച കരിയർ പടുത്തുയർത്താനും സത്യജിത്തിന് എന്റെ ആത്മാർഥമായ ആശംസകൾ.
എന്റെ ശ്രോതാക്കൾക്ക് വേണ്ടി ഞാൻ ഒരുപാട് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പട്ടണത്തിൽ ഭൂതം മുതൽ മലർവാടി, തട്ടം, ജെഎസ്ആർ, ഗോദ, മിന്നൽ, ജിമിക്കി, കുടുക്ക് തുടങ്ങി നിരവധി ഗാനങ്ങൾ ചെയ്ത ഞാൻ അടിച്ചു മാറ്റി എന്ന പ്രയോഗം ഇതുവരെ കേള്‍പ്പിച്ചിട്ടില്ല. ഞാൻ ചെയ്ത ഇത്രയും പാട്ടുകള്‍ക്കിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം.