Tuesday 08 September 2020 12:35 PM IST

'എവിടെയോ നഷ്ടപ്പെട്ടുപോയ എന്നെ തിരികെ വേണമായിരുന്നു'; പ്രണയഗാനങ്ങളെഴുതി ഷീബ അമീര്‍

V N Rakhi

Sub Editor

suuugysgy555677

എത്രമേലെത്രമേല്‍ പ്രണയം പറഞ്ഞിട്ടും

നിന്‍ ചാരത്തണയാതെ സൂര്യകാന്തീ

പകലന്തിയോളം കിനാവുകള്‍ കണ്ടിട്ടും

നിന്നകമറിയാതെ സൂര്യകാന്തീ... 

മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പ്രണയാര്‍ദ്രവരികളുമായി പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷീബ അമീര്‍. സൊലേസ് ചാരിറ്റീസിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന ഷീബയുടെ രണ്ടാമത്തെ പ്രണയഗാനമാണിത്. ആദ്യ കേള്‍വിയില്‍ തന്നെ ഹൃദയത്തില്‍ പ്രണയം നിറയ്ക്കുന്നതാണ് ഗാനം. സിതാരയുടെ സ്വരത്തിലൂടെ വേറിട്ട അനുഭവമാകുന്ന ഗാനം ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. 

'സ്ത്രീ എന്ന നിലയില്‍ പ്രണയിക്കാന്‍ അവസരമില്ലാത്തവരുടെ കൂട്ടത്തിലാണ് ഞാനും.  പതിനെട്ടാം വയസ്സില്‍ കല്യാണം കഴിഞ്ഞ് അവിടെ തടഞ്ഞു നിര്‍ത്തപ്പെട്ട ഒരു ഷീബയുണ്ട്. പിന്നീട് ആരൊക്കെയോ വരച്ച വരകളിലൂടെയായിരുന്നു ജീവിതം നീങ്ങിയത്. പതിമൂന്നാം വയസ്സില്‍ മോള്‍ക്ക് അസുഖം വന്നതോടെ ജീവിതത്തിന്റെ ഗതി തന്നെ മാറി. ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും ഏറി വന്നു. പക്ഷെ, ഒരു തരി പോലും പതറാതെ, തോല്‍ക്കാതെ പിടിച്ചുനിന്നു. 

സൊലേസിലൂടെ, വയ്യാത്ത കുട്ടികള്‍ക്കും കുടുംബത്തിനും ഒപ്പം നില്‍ക്കുക എന്നതല്ലാതെ മറ്റൊരു ചിന്തയ്ക്കും എന്റെ ജീവിതത്തില്‍ സ്ഥാനമില്ല. ഇരുപതു വര്‍ഷമായി നൂറുശതമാനം അതില്‍മാത്രം മുഴുകി ജീവിക്കുന്നു. എന്റെ വഴി ഞാന്‍ കൃത്യമായി നിര്‍വചിച്ചതാണ്. അതില്‍ നിന്ന് കടുകിട മാറിയിട്ടില്ല. മാറുകയുമില്ല. അതിന്റെ അര്‍ഥം ഉള്ളില്‍ പ്രണയമില്ല എന്നല്ല. സൊലേസിലൂടെ നല്‍കുന്ന സ്‌നേഹാര്‍ദ്രതയുടെ മറ്റൊരു ഭാവമാണ് പ്രണയം.' പാട്ടെഴുത്തിന്റെ അനുഭവങ്ങള്‍ ഷീബ പങ്കിട്ടു. 

എവിടെയോ നഷ്ടപ്പെട്ടുപോയ ആ ഷീബയെ എനിക്ക് തിരികെ വേണമായിരുന്നു. പുല്ലിനോടും പുല്‍ക്കൊടിയോടും വരെ തോന്നുന്ന പ്രണയത്തെക്കുറിച്ച് കൊച്ചുകൊച്ചു കുറിപ്പുകള്‍ പലപ്പോഴായി എഴുതിയിട്ടുണ്ട്. അതെല്ലാം ഓരോ രീതിയിലുള്ള പ്രണയം പറച്ചില്‍ ആയിരുന്നു. അതുപോലെ മറ്റൊരു രീതിയിലുള്ള പറച്ചിലാണ് പാട്ട്. കവിതകളെഴുതിയതും എഴുത്തുകാരിയായതുമൊക്കെ അങ്ങനെ സംഭവിച്ചു പോയതാണ്. 

അപ്പോഴെല്ലാം പ്രണയത്തെ വിശാലമായ രീതിയില്‍ എഴുതി വയ്ക്കണം, ആ പ്രണയം പാട്ടായി ആളുകള്‍ മൂളണം എന്നെനിക്ക് വല്ലാത്ത മോഹമായിരുന്നു.ആദ്യമായിത്തോന്നിയ മോഹം എന്നു തന്നെ പറയണം അതിനെ. പാട്ടാണെങ്കില്‍ ആളുകളത് മൂളി നടക്കുമല്ലോ. ഏത് പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാനും കഴിയും. 

നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിനും ആ കാലത്തിറങ്ങിയ സിനിമാപാട്ടിന്റെ സ്വാധീനം തീര്‍ച്ചയായുമുണ്ടാകും. അതുകൊണ്ട്  എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രതീക്ഷയും പ്രണയനഷ്ടവുമെല്ലാം പാട്ടുകളാകണം എന്നു തീരുമാനിച്ചു. അങ്ങനെ നാലഞ്ചു പാട്ടുകള്‍ എഴുതി. ഓരോന്നിലും പ്രണയത്തിന്റെ ഓരോ ഭാവമാണ്. എന്റെ മുന്നില്‍ വന്നുപെടുമെന്ന് കാത്തിരുന്ന പ്രണയത്തെക്കുറിച്ചായിരുന്നു ആദ്യ ഗാനം. ജയേട്ടന്‍ (പി. ജയചന്ദ്രന്‍) ആണ്  പാടിയത്. ചിത്ര അരുണ്‍ പാടിയ ഫീമെയില്‍ വെര്‍ഷനുമുണ്ട്.'

വാകപ്പൂവിതളുകള്‍ പട്ടു വിരിച്ചൊരാ 

വഴിയേ നടന്നു പോകുമ്പോള്‍ 

നാം എതിരേ കടന്നു പോകുമ്പോള്‍...

സൂര്യകാന്തിയുടെ പ്രണയം

'കണ്‍മുന്നില്‍ വന്നുപെട്ടിട്ടും ഒരിക്കലും എത്തിച്ചേരില്ല എന്ന് ഉറപ്പുറള്ള പ്രണയത്തെക്കുറിച്ചുള്ളതാണ് രണ്ടാമത്തെ ഗാനം. അതാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത് ഇ. ജയകൃഷ്ണനാണ് ഈ രണ്ടുഗാനങ്ങള്‍ക്കും സംഗീതം നല്‍കിയത്. ഇനി രണ്ടു പാട്ടുകള്‍ കൂടി റിലീസ് ചെയ്യാനുണ്ട്. വൈറസ് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറും പൂമരത്തിന്റെ അസോസിയേറ്റ് ഡയറക്ടറുമായ നാസില്‍ പി. ഈണമിട്ട ഗാനങ്ങളാണ്. പ്രണയം തെളിയിച്ച മണ്‍ചെരാതിന്‍ നാളമണയുന്നു കാറ്റിനാല്‍... വിരഹത്താലണയും പ്രതീക്ഷ പോലെ... എന്നു തുടങ്ങുന്ന, സിതാരയും നാസിലും പാടിയ രണ്ട് വെര്‍ഷനുകളിലുള്ള പാട്ട് അടുത്തയാഴ്ച റിലീസ് ചെയ്യും.'

Tags:
  • Movies