Wednesday 06 December 2023 03:38 PM IST

‘മരിക്കണമെന്നോർത്തായിരുന്നില്ല കൈ മുറിച്ചത്, മനസ്സിന്റെ വേദന കുറയാൻ വേണ്ടിയാണ്’; ബിപിഡി എന്ന അവസ്ഥ മറികടന്ന ജീവിതയാത്രയെ കുറിച്ച് ഗൗരിലക്ഷ്മി

Chaithra Lakshmi

Sub Editor

gowry-lakshmmm9768

ഗായിക, ഗാനരചയിതാവ്, കംപോസർ തുടങ്ങി പല ഭാവങ്ങൾ ചേരുന്നതാണു ഗൗരിലക്ഷ്മി എന്ന പേര്. മുറിവ് എന്ന ആൽബം സംഗീതപ്രേമികളുടെ ശ്രദ്ധ നേടിയ സന്തോഷത്തിലാണു ഗൗരി. ‘‘മുറിവിലെ പാട്ടുകളുടെ വരികളും ഈണവും കൊറിയോഗ്രഫിയും മാത്രമല്ല, അതിൽ പറയുന്ന അനുഭവങ്ങളും എന്റേതാണ്.’’ ഗൗരി തുറന്നു പറയുന്നു.

പെണ്ണായതു കൊണ്ട് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ‘മുറിവ്’ എന്ന ആൽബത്തിലെ ആദ്യത്തെ പാട്ടിലൂെട പറയുന്നത്. എട്ടാമത്തെ വയസ്സിൽ ബസ്സിനുള്ളിലും പതിമൂന്നാമത്തെ വയസ്സിൽ ബന്ധുവീട്ടിലും വച്ചു തന്റെ നേരെ നീണ്ട കൈകളെക്കുറിച്ചും ഗൗരി ‘മുറിവി’ലൂടെ പാടുമ്പോൾ സമൂഹത്തിന്റെ നേ ർക്കു കൂടി ആ ചൂണ്ടുവിരൽ നീളുന്നു.

‘‘മുറിവുകൾ മറച്ചു വയ്ക്കാനുളളതല്ല, ശരീരത്തിന്റെ ആരോഗ്യം േപാലെ തന്നെ വിലപ്പെട്ടതാണു മനസ്സിന്റെ ആരോഗ്യവും. തെറപ്പിയിലൂടെയാണു ‍ഞാൻ മനസ്സിലെ മുറിവുകളെയെല്ലാം മറികടന്നത്. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇന്ന് അതിന്റെ ലക്ഷണങ്ങൾ മാഞ്ഞുതുടങ്ങി. ജീവിതം ഇത്രയേറെ മെച്ചപ്പെട്ടു എന്നു തുറന്നു പറയുന്നതിൽ അഭിമാനമാണെനിക്ക്.’’  ഗൗരിയുടെ വാക്കുകളിൽ സന്തോഷം നിറയുന്നു.

പേരറിയാത്ത നോവ്

‘‘കോവിഡിന്റെ സമയത്താണു ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ബിപിഡി) ഉണ്ടെന്നു തിരിച്ചറിഞ്ഞത്. ബിപിഡി രോഗമല്ല. വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ്. സ്വയം കുറ്റപ്പെടുത്തുക. തനിച്ചിരുന്നു കരയുക. സ്വയം മുറിവേൽപ്പിക്കുക. ഇതെല്ലാമായിരുന്നു എനിക്കുണ്ടായ ലക്ഷണങ്ങൾ. കയ്യിൽ ബ്ലേഡോ മൂർച്ചയുളള എന്തെങ്കിലും വസ്തുവോ കൊണ്ടു വരയും. മരിക്കണമെന്നോർത്തായിരുന്നില്ല കൈ മുറിച്ചത്. മനസ്സിന്റെ വേദന കുറയാൻ വേണ്ടിയാണ്. ആ സമയത്തു  മനസ്സിലെ സമ്മർദവും അസ്വസ്ഥതയുമെല്ലാം ദിശ തിരിച്ചു വിടണമെന്നേ കരുതിയിരുന്നുള്ളൂ.

ബിപിഡി പലതരമുണ്ട്. ഭൂരിഭാഗം പേരും ദേഷ്യവും അസ്വസ്ഥതകളും പുറമേ പ്രകടിപ്പിക്കും. എന്റെ ലക്ഷണങ്ങൾ ഉള്ളിൽത്തന്നെയായിരുന്നു. അതുകൊണ്ടു ഞാൻ നേരിട്ട ബുദ്ധിമുട്ടു വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല. ഇനി പ്രകടിപ്പിച്ചാലും ‘വെറുതെ തോന്നുന്നതാണ്. ദാ.. അവരെ നോക്ക്. അവിടെ എന്തൊക്കെ പ്രശ്നങ്ങളാ. നിനക്കെന്ത് പ്രശ്നമാ ഉള്ളത്? ’ ഇങ്ങനെയാകും മറുപടി കിട്ടുക.’’

മുറിവിന്റെ ആഴം അന്നുമറിഞ്ഞില്ല

‘‘ആദ്യമായി ഞാൻ പറയുന്നതു കേൾക്കാൻ മനസ്സ് കാണിച്ചതു  കല്യാണശേഷം ജീവിതപങ്കാളി ഗണേഷും ആ കാലത്തു ജീവിതത്തിലെത്തിയ സുഹൃത്തുക്കളുമാണ്. അത്രയും കാലം ബുദ്ധിമുട്ടുകൾ തുറന്നു പറയുമ്പോഴെല്ലാം അതെല്ലാം തോന്നലാണെന്നു പറഞ്ഞു നിസ്സാരമാക്കുന്നവരും കണ്ടില്ലെന്നു നടിക്കുന്നവരുമായിരുന്നു ചുറ്റും.

തമിഴ്നാട് സ്വദേശിയായ ഗണേഷ് വെങ്കട്ടരമണി ഡ്രമ്മർ ആണ്. എന്റെ  ആരാധകനായിരുന്നു ഗണേഷ്. കുറേക്കാലം മുൻപു ഞാൻ പങ്കെടുത്ത ഷോ കാണാനെത്തിയ ഗണേഷും സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു  സെൽഫിയെടുത്താണു മടങ്ങിയത്. പിന്നീടൊരിക്കൽ ചെന്നൈയിൽ ഞാനൊരു ഷോ കാണാൻ പോയി. ഗണേഷായിരുന്നു ആ ഷോയുടെ ഡ്രമ്മർ. ഷോയിലെ ഗണേഷിന്റെ പെർഫോമൻസ് എനിക്കിഷ്ടമായി. ആ സമയത്ത് എന്റെ ബാൻഡിനു വേണ്ടി ഒരു ഡ്രമ്മറെ തിരയുകയായിരുന്നു. അങ്ങനെ ഗണേഷിനോടു സംസാരിച്ചു. ഗണേഷിനു നൂറുവട്ടം സമ്മതം. ഞങ്ങൾ നല്ല സുഹൃത്തുക്കളായി.   

വൈകാതെ തന്നെ എങ്ങോട്ടാണ്  ഈ സൗഹൃദത്തിന്റെ പോക്കെന്നു മനസ്സിലായി. പ്രണയം തുടങ്ങി കുറച്ചു മാസങ്ങൾക്കുള്ളിൽത്തന്നെ വിവാഹം കഴിക്കാമെന്നു തീരുമാനിച്ചു. 2017 ലായിരുന്നു വിവാഹം. എന്തു കാര്യത്തിനും ഒപ്പം നിൽക്കാൻ ഒരാളും കൂടിയുണ്ടെന്നതാണു വിവാഹം നൽകിയ സന്തോഷം.

രണ്ടു നാട്, രണ്ടു തരം സംസ്കാരം. അതിന്റേതായ പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടക്കത്തിൽ ഭാഷയാണ് ഏറെ വലച്ചത്. പറയുന്ന കാര്യങ്ങൾ അതേ രീതിയിൽത്തന്നെ മനസ്സിലാക്കണമെന്നില്ല എന്നതായിരുന്നു പ്രശ്നം.

ഗൗരി ലക്ഷ്മി എന്ന എന്റെ ബാൻഡ് ചെന്നൈയിലായിരുന്നു. വിവാഹം കഴിഞ്ഞതോടെ പൂർണമായും ചെന്നൈയിലായി ജീവിതം. ആ സമയത്തു മാനസികമായി വല്ലാത്ത ബുദ്ധിമുട്ടു നേരിട്ടു. കാര്യമൊന്നുമില്ലാതെ കരയുക, ഉറക്കമില്ലായ്മ.. അതു വരെയുള്ള  സാഹചര്യങ്ങളെല്ലാം മാറിയതുകൊണ്ടാണെന്നാണ് ആദ്യം കരുതിയത്.

മാനസികാരോഗ്യത്തിൽ ശ്രദ്ധിക്കുകയും വ്യക്തിയെന്ന നിലയിൽ മെച്ചപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന ആളാണു ഗണേഷ്. ദേഷ്യം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഗണേഷ് തെറപ്പിക്കു പോയിരുന്നു. എന്റെ ബുദ്ധിമുട്ടു കണ്ടു ഗണേഷാണ് തെറപ്പി ഒരു സെഷൻ അറ്റൻഡ് ചെയ്തു നോക്ക് എന്നു പറഞ്ഞത്. അതിന്റെ ആവശ്യമുണ്ടോ എന്നാണു ഞാൻ ആദ്യം ചിന്തിച്ചത്.

തുടർച്ചയായി സംഭവങ്ങളുണ്ടായതോടെ ഞാനും മടുത്തു. ശരി എന്നാൽ ഒന്നു നോക്കാം എന്നു കരുതിയാണ് തെറപ്പി െചയ്തത്. ആദ്യ സെഷനിൽ സൈക്കോളജിസ്റ്റ്  ഇടപെട്ട രീതിയിൽ എനിക്കു പ്രതീക്ഷ തോന്നി. ഞാനതു തുടർന്നു. ഇപ്പോൾ  നോക്കുമ്പോൾ മുറിവിനു പുറമേ ബാൻഡേജ് ഒട്ടിക്കുന്നതു പോലെയുണ്ടായിരുന്നുള്ളൂ അന്നത്തെ തെറപ്പി എന്നു തോന്നാറുണ്ട്.

പിന്നീട് ഞങ്ങൾ കേരളത്തിലേക്കു മാറി. ആലപ്പുഴ ചേർത്തലയിൽ എന്റെ തറവാട്ടുവീടിനടുത്തു വീട് വച്ചു. ഞങ്ങൾ സ്വപ്നം കണ്ടതു പോലെയുള്ള ആ വീടിന് ഇ സൈക്കൂട് എന്നു പേരിട്ടു. ആ സമയത്താണു കോവിഡും േലാക്ഡൗണും വന്നത്.  ഷോ ഇല്ല. വരുമാനം കുറവ്.  ആ സമയത്ത് എനിക്കു നല്ല ബുദ്ധിമുട്ട് തോന്നി. എന്റെ പാട്ട് ഇഷ്ടപ്പെടുന്ന, പരിചയമുള്ള സൈക്യാട്രിസ്റ്റിനോട് ഈ പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞു. അവരാണ് എനിക്ക് ബോർഡർ ലൈൻ ഡിസോർഡറാണെന്നു കണ്ടെത്തിയത്. കുറച്ചു കാലം അതേ സൈക്യാട്രിസ്റ്റിന്റെ കീഴിൽ ചികിത്സ തേടി.’’

ജീവിതം മാറ്റിെയടുത്ത തെറപ്പി

‘‘ഒന്നര വർഷം മുൻപാണ് ഇപ്പോൾ ഞാൻ കാണുന്ന സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്. അതോടെ എന്റെ ജീവിതം തന്നെ മാറി. നമ്മൾ പറയുന്നതെല്ലാം  മുൻവിധിയില്ലാതെ കേൾക്കാൻ ഒരാളുണ്ടാകുക എന്നതു വലിയ കാര്യമാണ്. ഞാൻ പറയുന്നതെല്ലാം േകട്ട് ഓേരാ പ്രശ്നവും കുരുക്കഴിച്ചെടുക്കുന്ന രീതി എനിക്കേറെ പ്രയോജനപ്പെട്ടു.

singerfvbjjjj

ഒരു വ്യക്തിയെന്ന നിലയിൽ എന്തൊെക്കയാണു ഞാൻ അർഹിക്കുന്നത്.. എനിക്കിത്രയും മൂല്യമുണ്ട് എന്നെല്ലാം തിരിച്ചറിയാൻ തുടങ്ങി. ഓേരാ ചെറിയ നേട്ടത്തിലും സ്വയം അഭിനന്ദിച്ചു തുടങ്ങി. മറ്റുള്ളവർ എന്നെ വിലമതിക്കുന്നില്ല എന്നു തോന്നുമ്പോൾ അഭിനന്ദനം, നല്ല വാക്ക് ഇവയെല്ലാം ആവശ്യപ്പെടാനും ‘എന്നെ ഇങ്ങനെയല്ല നിങ്ങൾ വിലമതിക്കേണ്ടത്’ എന്നു പറയാനും പഠിച്ചു.  

ബിപിഡി രോഗമല്ല. അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഭേദമാക്കാനാകുമില്ല. ബിപിഡിയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ എങ്ങനെ അതു ഫലപ്രദമായി നേരിടാമെന്നാണു തെറപ്പിയിലൂടെ നമ്മൾ മനസ്സിലാക്കുക.  ഇപ്പോൾ എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ‍ എന്തു കൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത് എന്നു മനസ്സിലാക്കാനും മറ്റുള്ളവരോടു പറഞ്ഞു നൽകാനും കഴിയും.

ഒരുപാടു കാലം മുൻപു  ജീവിതത്തിലുണ്ടായ ദുരനുഭവം കാരണം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോ അതിന്റെ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമായി. മുൻപ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നതിലേക്കു നയിച്ച സാഹചര്യങ്ങളുണ്ടായാലും ഇപ്പോൾ അതൊന്നും എന്നെ ബാധിക്കാറില്ല. വിവാഹശേഷം മോഹിച്ചു ഗർഭിണിയായെങ്കിലും അബോ ർഷൻ ചെയ്യേണ്ടി വന്നിരുന്നു. ആ അവസ്ഥ മാനസികമായി തളർത്തി. കുട്ടികളൊന്നുമായില്ലേ എന്ന േചാദ്യം ഏ റെ ബുദ്ധിമുട്ടിച്ചിരുന്നു. ഇപ്പോൾ അത്തരം സാഹചര്യങ്ങൾ നേരിടാൻ ഞാൻ പഠിച്ചു.

ജീവിതം മെച്ചപ്പെടുത്തിയ വഴികൾ

‘‘വളർന്ന സാഹചര്യങ്ങളും ചുറ്റുപാടുകളിൽ നിന്നുമുണ്ടായ പ്രശ്നങ്ങളും എന്റെയും ഗണേഷിന്റെയും മനസ്സിനെ അലട്ടിയിരുന്നു. ഗണേഷും തെറപ്പിസ്റ്റിനെ കാണുന്നുണ്ട്. രണ്ടു സ്ഥലത്തു നിന്നും മനസ്സിലാക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്നു വിലയിരുത്തും. അതിൽ നിന്നാണു രണ്ടുപേരും എന്തൊക്കെ ചെയ്യണമെന്നു തീരുമാനിക്കുക. ഇങ്ങനെ പതിവായി പരിശ്രമിച്ചാണു ഞങ്ങൾ ജീവിതം മെച്ചപ്പെടുത്തിയത്.

ബിപിഡിയെക്കുറിച്ചും തെറപ്പി തേടുന്നതിനെക്കുറിച്ചും േലാകത്തോടു തുറന്നു സംസാരിക്കാൻ ഞങ്ങള്‍ക്കു മടി തോന്നിയിട്ടേയില്ല.   വ്യക്തിയെന്ന നിലയിൽ  എത്രമാ ത്രം പുരോഗതി തേടിയെന്നും ജീവിതത്തിന്റെ ഗുണനിലവാരം  എത്രമാത്രം മെച്ചപ്പെട്ടു എന്നതും തുറന്നു പറയാൻ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ.  

മാനസികാരോഗ്യത്തെക്കുറിച്ച് ഇപ്പോഴും പലർക്കും  ശ രിയായ ധാരണയില്ല.  യോഗ ചെയ്താൽ േപാരേ, സിനി മ കണ്ടൂടേ ഇങ്ങനെ തെറ്റായ  ഉപദേശങ്ങൾ നൽകാനാണു പലർക്കും താൽപര്യം. അതിനൊന്നും ചെവി കൊടുക്കാറില്ല.

സ്റ്റേജ് ഷോകളിൽ പങ്കെടുക്കുമ്പോൾ മണിക്കൂറുകൾ പെർഫോം ചെയ്യാൻ നല്ല സ്റ്റാമിന വേണം. ഫിറ്റ്നസിനു വേണ്ടി  ദിവസവും ഓടാൻ പോകും. വർക്ഔട്ട് ചെയ്യും. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കും. അതുപോലെ തന്നെയാണു മാനസികാരോഗ്യവുമെന്ന് എനിക്കറിയാം. വിദൂരവിദ്യാഭ്യാസം വഴി ൈസക്കോളജിയിൽ ബിരുദാനന്തരബിരുദം നേടാനുള്ള ഒരുക്കത്തിലാണു ഞാൻ.

ഇപ്പോൾ കുഞ്ഞുകുഞ്ഞുകാര്യങ്ങൾ പോലും ആനന്ദമേകും. രാവിലത്തെ കട്ടൻകാപ്പിയിൽ മധുരവും കടുപ്പവും കൃത്യമാണെങ്കിൽ ആ ദിവസം സുന്ദരമാകും. പതിവിലുമേറെ ദൂരം ഓടിയാൽ സ്വയം അഭിനന്ദിക്കും.. പണ്ട് നോവിച്ചിരുന്ന മുറിവുകൾ വരികളായി സംഗീതം പൊഴിക്കും..’’

Gowry’s Hits

പതിമൂന്നാമത്തെ വയസ്സിലാണു ഗൗരി കാസനോവ എന്ന ചിത്രത്തിൽ സ്വയം എഴുതിയ പാട്ടിന് ഈണം നൽകി സംഗീതസംവിധായികയായത്.  പിന്നീട് നിരവധി ചിത്രങ്ങളിൽ പാടി.

ആരോ നെഞ്ചിൽ.. – ഗോദ

ആലോലം.. – ലവ് ആക്‌ഷൻ ഡ്രാമ

രാവോരം.. – സാറാസ്

Tags:
  • Movies