ADVERTISEMENT

ഓരോ സ്ത്രീയുടെയും വിജയത്തിനു പിറകിൽ ഒരു പുരുഷന്റെ സാന്നിധ്യമുണ്ട് എന്നൊരു ചൊല്ലില്ലേ. ചിത്ര എന്ന ഗായികയുടെ വളർച്ചയിൽ അങ്ങനെ ഒന്നല്ല രണ്ടു പുരുഷന്മാരുണ്ട്. ഒരാൾ എന്റെ അച്ഛന്‍. മറ്റൊരാൾ വിജയൻ ചേട്ടനും.

അച്ഛനെ കണ്ടാല്‍ ഗൗരവക്കാനെന്നു തോന്നുമെങ്കിലും സ്വഭാവം ശാന്തമായിരുന്നു. സ്റ്റുഡിയോകളിലേക്കുള്ള യാത്രകളിലെല്ലാം അച്ഛനായിരുന്നു കൂട്ട്. പെട്ടെന്നാണ് അച്ഛനില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതും വഷളാകുന്നതും. അച്ഛന്റെ സ്വപ്നമായിരുന്നു എന്റെ വിവാഹം. റിക്കോർഡിങ് സ്റ്റുഡിയോയിലേക്കു കൊണ്ടുപോയ ആ കൈകളുടെ താങ്ങ് വിവാഹപ്പന്തലിലേക്കു നടക്കുമ്പോഴും വേണമെന്ന് ഞാനുമാഗ്രഹിച്ചു.  

ADVERTISEMENT

അങ്ങനെയാണു വിവാഹാലോചനകള്‍ തുടങ്ങുന്നത്. രാജി എന്ന പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഏട്ടൻ വിജയ് ശങ്കറിന്റെ ആലോചന എല്ലാവര്‍ക്കും ഇഷ്ടമായി. അലിൻഡ് എന്ന സ്ഥാപനത്തില്‍ എൻജിനീയർ. നിശ്ചയം കേമമായി നടന്നു. വേദനകൾക്കു നടുവിലും  ലളിത സുന്ദരമായ ആ ചടങ്ങ് അച്ഛന് ഒരു വേദനാസംഹാരിയായി അനുഭവപ്പെട്ടതു പോലെ തോന്നി. നിശ്ചയത്തിന്റെ അഞ്ചാം ദിവസം അച്ഛൻ മരിച്ചു. ആറു മാസം കഴിഞ്ഞായിരുന്നു വിവാഹം. 

chitra-wes

പഠനവും ജോലിയുമായി ഒതുങ്ങിക്കൂടിയുള്ള ജീവിതമായിരുന്നു വിജയൻചേട്ടന്റേത്, എന്റെ കരിയറിന്റെ സൗകര്യം മാത്രം കണക്കിലെടുത്ത് അദ്ദേഹം ജോലി രാജിവച്ച് ചെന്നൈയിലേക്കു വന്നു. എന്റെ ഉള്ളിലൊരു കുട്ടിയുണ്ട്. ആ കുട്ടി ചിലപ്പോൾ ചിലരെ കണ്ണുമടച്ചു വിശ്വസിക്കും. അവരുടെ ലക്ഷ്യം നമ്മളെ മുതലെടുക്കുകയെന്നതാകും. വിജയൻചേട്ടന് ഒരാളെ കാണുമ്പോൾ അറിയാം അയാൾ ഏതു തരമാണെന്ന്. വിജയൻചേട്ടന്റെ വിലയിരുത്തലുകളെ ആദ്യമൊക്കെ ഞാന്‍ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു, വിജയൻചേട്ടൻ പറഞ്ഞതായിരുന്നു ശരിയെന്ന്. പക്വതയോടെ തീരുമാനങ്ങൾ എടുക്കാൻ വിജയൻചേട്ടന് പ്രത്യേക കഴിവുണ്ട്.

ADVERTISEMENT

വർഷങ്ങൾക്കു മുൻപ്  നമുക്കൊരു സ്റ്റുഡിയോ തുടങ്ങാം എന്നു വിജയൻചേട്ടൻ  പറയുമ്പോൾ അതിന്റെ സാധ്യതയെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ എനിക്കറിയാം ആ സ്റ്റുഡിയോ ഞങ്ങൾക്ക് എന്താണെന്ന്. സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം എന്നെ ചേര്‍ത്തു നിര്‍ത്തി. അതു മാത്രം മതി എനിക്ക്. 

പ്രശസ്ത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥയിൽ ഭർത്താവായ സദാശിവത്തെക്കുറിച്ചു പറയുന്നുണ്ട്. ഞാൻ എംഎസ് എന്ന ആ അനുഗ്രഹീത ഗായികയോളം വലിയവളല്ല. പക്ഷേ, എംഎസിന്റെ സദാശിവത്തെപ്പോലെ സ്നേഹസമ്പന്നനായ ഭർത്താവാണ് എന്റെ വിജയൻചേട്ടൻ.

ADVERTISEMENT
ADVERTISEMENT