ADVERTISEMENT

ഈണമിട്ടു പാടിയ ത്രാണ വിഡിയോ സോങ് വനിതാദിനത്തിൽ ഫെയ്സ്ബുക്കിലൂടെ സമർപ്പിച്ച് ഗായിക മൃദുലാ വാര്യർ.
‘‘സ്ത്രീകൾക്കെതിരായ അക്രമങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും തുടർച്ചയായി കേട്ടുകേട്ട് മനസ്സ് വെറുപ്പു പിടിച്ച അവസ്ഥയിലേക്ക് എത്തി. അത്തരം ഓരോ വാർത്തയും വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.  എങ്ങോട്ടാണീ പോക്ക് എന്നോർത്ത് അസ്വസ്ഥത തോന്നി. എനിക്കും ഒരു മോളുണ്ട്. ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും ഇതൊക്കെ സംഭവിക്കാമല്ലോ. ഇതിനെതിരെ എങ്ങനെ പ്രതികരിക്കും, എങ്ങനെ എല്ലാവരിലും പ്രതിഷേധമെത്തിക്കും എന്നു ചിന്തിച്ചു. അടക്കാനാകാത്ത രോഷം പാട്ടിന്റെ രൂപത്തിൽ പുറത്തു വന്നതാണ്. ’’ മൃദുല ആദ്യമായി ഈണമിട്ടു പാടിയ പാട്ടിനെക്കുറിച്ച് പറയുന്നു.

കൂരമ്പു കൊള്ളുന്നു സ്ത്രീത്വങ്ങളെങ്ങുമേ
കാരുണ്യമെന്തേ മറക്കുന്നു ഉലകമിവിടെ
ആലംബമില്ലാതെ കേഴുന്ന നാരി തന്റെ
ദീനസ്വരങ്ങൾ മുഴങ്ങുന്നു ദിനവുമരികെ...

 

ADVERTISEMENT


‘‘ പ്രോഗ്രസിവ് റോക്ക് വിഭാഗത്തില്‍പെടുന്നതാണ് ഗാനം. മുറിയടച്ചിരുന്ന്, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒറ്റയിരിപ്പിലാണ് പാട്ടുണ്ടാക്കിയത്. എനിക്കു കിട്ടിയതെല്ലാം സോഫ്റ്റ് ആയ പാട്ടുകളാണല്ലോ. പക്ഷെ മൃദുത്വം ഒട്ടും കടന്നുവരാതെ രണ്ടു മൂന്നു തവണ പോയി പാടിയിട്ടേ തൃപ്തി വന്നുള്ളൂ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കണമെന്ന ശക്തമായ ആഗ്രഹമാണ് ഞാൻ പോലും പ്രതീക്ഷിക്കാതെ എന്നെ സംഗീതം ചെയ്യാൻ പ്രേരിപ്പിച്ചത്.
എന്റെ ചിന്തകളുടെ പതിന്മടങ്ങ് ശക്തിയുണ്ടായിരുന്നു സന്തോഷ് വർമ സാറിന്റെ വരികൾക്ക്. പ്രോഗ്രാമിങ് ചെയ്ത അശ്വിൻ ശിവദാസ്, സംവിധാനം ചെയ്ത ശ്യാംലിൻ ജേക്കബ്, കഥകളി കലാകാരന്മാരായ അജീഷ് ബാബു, ആഷിക്  തുടങ്ങി എന്നോടൊപ്പം സഹകരിച്ച എല്ലാവര്‍ക്കും ഇതിൽ തുല്യ പങ്കുണ്ട്.’’
 

ADVERTISEMENT
ADVERTISEMENT