Tuesday 29 March 2022 12:20 PM IST

‘രണ്ടാളുടെയും ഹാർട്ട് ബീറ്റ് കുറഞ്ഞു, കുഞ്ഞിന്റേത് വളരെ സീരിയസ് ആയിരുന്നു’: അമ്മയായ സന്തോഷത്തിൽ സോണിയ

V.G. Nakul

Sub- Editor

sonia-amod-6

മലയാളം ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് പരിപാടികളിൽ ഒന്നായിരുന്നു മ്യൂസിക് റിയാലിറ്റി ഷോ ആയ ‘സ്റ്റാർ സിങ്ങർ’. വിവിധ സീസണുകളിലായി നൂറുകണക്കിനു യുവഗായകരെ ആ പരിപാടി മലയാള സംഗീത ലോകത്തിന് സമ്മാനിച്ചു. അതിൽ ഇപ്പോഴും മലയാളികൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ശബ്ദവും പേരുമാണ് സോണിയ.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൂടെയാണ് സോണിയയും ഭർത്താവ് ആമോദും ഇപ്പോൾ കടന്നു പോകുന്നത്. ഇരുവർക്കും ആദ്യത്തെ കൺമണിയായി ഒരു മകൾ ജനിച്ചിരിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 24 നായിരുന്നു ആരാധ്യ ആമോദിന്റെ ജനനം.

‘‘സുഖപ്രസവമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒടുവിൽ സിസേറിയനാണ് നടന്നത്. കുഞ്ഞിന് വെയിറ്റുണ്ടായിരുന്നു. ഹാർട്ട് ബീറ്റിനും കുറച്ച് വേരിയേഷൻസ് വന്നു. അങ്ങനെയാണ് സിസേറിയൻ ചെയ്യേണ്ടി വന്നത്. നോർമല്‍ പ്രസവത്തിനാണ് അവസാനം വരെ ശ്രമിച്ചത്. പിന്നീട് റിസ്ക് എടുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഞാനും മോളും ആരോഗ്യത്തോടെയിരിക്കുന്നു.

sonia-amod-3

ഏറ്റവും നന്ദി പറയാനുള്ളത് ഡോ. രാധാമണി മാഡത്തോടാണ്. ഞങ്ങളുടെ കുടുംബത്തിൽ പലരുടെയും ഗൈനക് ഡോക്ടറായിരുന്നു. സ്റ്റാർ സിങ്ങറിന്റെ ഫൈനലിനു മുൻപ് ഡോക്ടർ എനിക്കൊരു സാരി സമ്മാനമായി തന്നിരുന്നു. ഇപ്പോള്‍ ആ കൈകളിലൂടെ എന്റെ മകളും ജീവിതത്തിലേക്ക് വന്നത് വലിയ സന്തോഷം. ആശുപത്രിയിൽ എല്ലാവരും വലിയ പിന്തുണയായിരുന്നു. മിക്കവരും എന്റെ പ്രോഗ്രാംസ് കണ്ടിട്ടുള്ളവരാണ്. അപ്സര, അമ്പിളിച്ചേച്ചി, രഹാനച്ചേച്ചി തുടങ്ങി എല്ലാവരെയും ഓർക്കുന്നു’’. – സോണിയ ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘അനിഴമാണ് നക്ഷത്രം. എടുത്തു പറയേണ്ട കൗതുകം ഫെബ്രുവരി 24 ന് ജയലളിതയുടെ പിറന്നാള്‍ ദിനത്തിലാണ് മോള്‍ ജനിച്ചതെന്നതാണ്. അതിൽ മറ്റൊരു യാദൃശ്ചികതയുമുണ്ട്. അതായത്, ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ കണ്ടത്, ജയലളിതാമ്മയുടെ ജീവിത കഥ പറയുന്ന ‘തലൈവി’ എന്ന സിനിമയാണ്. എനിക്കത് വലിയ എനർജിയാണ് സമ്മാനിച്ചത്. മോള്‍ ആ തീയതിയിൽ ജനിച്ചപ്പോൾ കൂടുൽ സന്തോഷം’’. – സോണിയ പറയുന്നു.

‘‘വിവാഹം കഴിഞ്ഞിട്ട് മൂന്നര വർഷമായി. കുഞ്ഞുങ്ങൾ വേണ്ട എന്ന തീരുമാനത്തിലൊന്നുമായിരുന്നില്ല. ആരും അതുമായി ബന്ധപ്പെട്ട് ഞങ്ങളോട് അനാവശ്യമായി സംസാരിച്ചിട്ടുമില്ല. പ്രിയപ്പെട്ടവരൊക്കെ, ‘ഇനി കാണുമ്പോൾ ഒപ്പം ഒരു കുഞ്ഞു പാട്ടുകാരനോ പാട്ടുകാരിയോ വേണം കേട്ടോ’ എന്നു സ്നേഹത്തോടെ പറഞ്ഞിട്ടുണ്ട്. അല്ലാതെ ‘ഇനിയും കുഞ്ഞുങ്ങൾ ആയില്ലേ’ എന്ന രീതിയിൽ ചോദിച്ചിട്ടില്ല’’. – സോണിയയുടെ ജീവിതപങ്കാളി ആമോദ് പറയുന്നു.

sonia-amod-2

‘‘കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ചാണ് ഡോക്ടർ സിസേറിയൻ നിർദേശിച്ചത്. ഞാനും ലേബർ റൂമിൽ ഒപ്പമുണ്ടായിരുന്നു. സോണിയ അനുഭവിക്കുന്ന വേദന ഞാൻ നേരിൽ കണ്ടതാണ്. സിസേറിയന് മാത്രമാണ് കയറാതിരുന്നത്.

കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കുറവായിരുന്നു. അപ്പോൾ ടെൻഷനായി. സിസേറിയനായിരുന്നു മാർഗം. പ്രസവം കഴിഞ്ഞ് കുഞ്ഞുമായി നഴസ് വന്നപ്പോൾ ഞാൻ ആദ്യം തിരക്കിയത് സോണിയെയാണ്. കാരണം രണ്ടാളുടെയും ഹാർട്ട് ബീറ്റ് ലോ ആയിരുന്നു. കുഞ്ഞിന്റേത് ലോ ആയപ്പോള്‍ വളരെ സീരിയസ് ആണെന്ന് പറഞ്ഞിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങിയപ്പോള്‍ മുതല്‍, സന്തോഷവും സമാധാനവുമൊക്കെ ചേർന്ന് ഞാൻ മറ്റൊരു മാനസികാവസ്ഥയിലായി. സ്വന്തം പേരിന്റെ ആദ്യത്തെ അക്ഷരം പോലും മറന്നു പോയി...’’ .– ആമോദ് പറയുന്നു.

sonia-amod-5

‘‘ഞങ്ങളുടെ മൂത്ത മകനാണ് ലിയോ. വളർത്തു നായ എന്നതിനപ്പുറം ഒരു കുഞ്ഞിനെപ്പോലെയാണ് അവനെ ഞങ്ങൾ കൊണ്ടു നടക്കുന്നത്. ഇപ്പോൾ ലിയോയുടെ പ്രിയപ്പെട്ടവളാണ് ആരാധ്യ....’’.– സോണിയ പറഞ്ഞു തിർത്തിയതിങ്ങനെ.