Thursday 16 July 2020 04:57 PM IST

ഹരിവരാസനം പോലൊരു പാട്ടാകണം. ഷാനിക്ക പറഞ്ഞു, ഞാനൊന്നു ഞെട്ടി അൽ‍ഹംദുലില്ലാ...യുടെ കഥ പറഞ്ഞ് സുദീപ് പാലനാട്

V N Rakhi

Sub Editor

sudeep

‘അമ്പലങ്ങളിൽ ഹരിവരാസനം വയ്ക്കാറില്ലേ, അതുപോലെ ഭാവിയിൽ എല്ലാ മുസ്ലിംപള്ളികളിലും കേൾക്കപ്പെടേണ്ട ഒരു പാട്ട് വേണം. പ്രണയവും വേദനയും നിറയുന്നൊരു ഭക്തിഗാനമാകണമത്.’ ‘സൂഫിയും സുജാതയും’ സ്ക്രിപ്റ്റ് റെഡിയായ ഉടൻ ഷാനവാസിക്ക വിളിച്ച് എന്നോടിങ്ങനെ പറഞ്ഞു. കേട്ടപ്പോൾ തന്നെ ഞാനൊന്നു ഞെട്ടി. വല്ലാത്തൊരു വെല്ലുവിളിയായിരുന്നു അത്. സിനിമയിലെ അൽഹം ദുലില്ലാ...എന്ന പാട്ടിന്റെ സംഗീതസംവിധായകനും ഗായകനുമായ സുദീപ് പാലനാട് ഓർത്തു.

പാട്ട് വേണമെന്ന് പറഞ്ഞ ആ രാത്രി തന്നെ ട്യൂൺ കിട്ടാനായി ഞാനിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ അൽഹം ദുലില്ലായുടെ ഈണം കിട്ടി. അപ്പോൾത്തന്നെ അയച്ചുകൊടുത്തു. അന്ന് ഒന്ന് ഒന്നര മിനിറ്റ് മാത്രമുള്ള പാട്ട് ആയിരുന്നു. അൽഹം ദുലില്ലാ... മാത്രമേയുണ്ടായിരുന്നുള്ളൂ. ഇത് വികസിച്ചുണ്ടായതാണ് ഇന്ന് കേൾക്കുന്ന ഗാനം. അൽഹം ദുലില്ലാ എന്നാൽ താങ്ക്സ് ടു ഗോഡ്, ദൈവത്തിനു നന്ദി എന്നാണ് അർഥം.

സ്ക്രിപ്റ്റിൽ വന്ന ഓരോ മാറ്റവും അപ്പോഴപ്പോൾ ഷാനിക്ക എന്നെ അറിയിച്ചുകൊണ്ടേയിരുന്നു. അഞ്ചുവർഷമായി ഊണിലും ഉറക്കത്തിലും സൂഫി എന്റെ കൂടെയുണ്ടായിരുന്നു. പ്രോജക്ട് ഓൺ ആയപ്പോൾ എന്റെ പാട്ടും വേണമെന്ന് ഷാനിക്ക ടീമംഗങ്ങളോടു പറഞ്ഞു. വിജയ് ബാബുവും എം ജയചന്ദ്രൻ സാറും മറ്റെല്ലാവരും അത് ഒരുപോലെ സ്വാഗതം ചെയ്തു. അങ്ങനെയാണ് അൽഹംദുലില്ലാ... സിനിയിലെത്തുന്നത്.

കഥകളി സംഗീതവും ബാങ്ക് വിളികളും

നമ്മൾക്ക് പരിചയമുള്ള സൂഫിസംഗീതം രാജസ്ഥാനി ദർഗകളിലും മറ്റുംകേൾക്കുന്ന ഇന്ത്യൻ സൂഫിയാണ്. തുർക്കി സ്വാധീനമുള്ള ഒറിജിനൽ സൂഫിയാണ് അൽഹംദുലില്ലായിൽ ഉപയോഗിച്ചിരിക്കുന്നത്. ഗാനം ചെയ്യുമ്പോൾ അത് ഒറിജിനൽ സൂഫിയോട് അടുത്തു നിൽക്കണമെന്നുണ്ടായിരുന്നു എനിക്ക്. അതെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.

su 2

ഷാനിക്കയും ഞാനും മലപ്പുറംകാരാണ്. അങ്ങനെയൊരു അടുപ്പം കുട്ടിക്കാലം മുതലേയുണ്ട്. അദ്ദേഹത്തിന്റെ ഷോർട്ട്ഫിലിമുകളിലും ഡോക്യുമെന്ററികളിലും മ്യൂസിക് ചെയ്തിട്ടുണ്ട്. കുട്ടിക്കാലം മുതലേ ഷാനിക്ക സൂഫി പാട്ടുകളും ഇസ്താംബുൾ പോലുള്ള പ്രത്യേകതരം സംഗീതവുമൊക്കെ എന്നെ കേൾപ്പിച്ചിരുന്നു. എല്ലാത്തരം പാട്ടുകളും ഒരുപാട് കേൾക്കാൻ എന്നെ ട്രെയിൻ ചെയ്തത് അദ്ദേഹമാണ്. ക്രോസിങ് ദ് ബ്രിഡ്ജ് ദ് സൗണ്ട് ഓഫ് ഇസ്താംബുൾ എന്ന സിനിമ അദ്ദേഹം എനിക്ക് റെഫറൻസിനായി തന്നു. അതിലെ പാട്ടുകളിൽ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നൊക്കെ മനസ്സിലാക്കാൻ.

കഥകളി സംഗീതജ്ഞനാണ് എന്റെ അച്ഛൻ പാലനാട് ദിവാകരൻ. അച്ഛനാണ് ഗുരു. ഓപ്പോൾ ദീപ പാലനാടും കഥകളി സംഗീതജ്ഞ. ലൂക്കയിലെ നീയില്ലാ നേരം... പാടിയത് ഓപ്പോളാണ്. അങ്ങനെ വീട്ടിലാകെ കഥകളി പദത്തിന്റെ അന്തരീക്ഷമായിരുന്നു. പെരിന്തൽമണ്ണയിലെ എന്റെ വീടിനു ചുറ്റും ഇഷ്ടം പോലെ പള്ളികളുണ്ട്. എപ്പോഴും ബാങ്കു വിളികൾ ഉയർന്നു കേൾക്കുന്ന അന്തരീക്ഷം. അതുകൊണ്ട് സൂഫി സംഗീതവും മുസ്ലിം ഗാനങ്ങളുമൊന്നും എനിക്ക് അന്യമല്ല. കുറച്ചു ഗൾഫ് മലയാളികൾ ചേർന്നു നിർമിച്ച സമീർ എന്നൊരു സിനിമയ്ക്ക് നേരത്തേ ഈ ഛായയിലുള്ള പാട്ടുകൾ ചെയ്തിട്ടുമുണ്ട്.

ലോകസിനിമകളൊക്കെ പരിചയപ്പെടുത്തി സിനിമയോടുള്ള എന്റെ കാഴ്ചപ്പാടു തന്നെ മാറ്റിയത് ഷാനിക്കയാണ്. ഒരുപാട് കാര്യങ്ങൾ ഞങ്ങൾ വെറുതെ ചർച്ച ചെയ്യും, യാത്ര ചെയ്യും. അങ്ങനെ അഞ്ചുവർഷം മുമ്പ് ഞങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന് സൂഫിയുടെ കഥ മനസ്സിൽ വരുന്നത്. അവിടെയിരുന്ന് എന്നോട് കഥ പറഞ്ഞു. ആദ്യമായി ആ കഥ കേൾക്കാനുള്ള ഭാഗ്യം അങ്ങനെ എനിക്കുണ്ടായി. അന്ന് പക്ഷെ, സുജാത ഊമയായിരുന്നില്ല. കഥയിൽ പിന്നീട് കുറേ മാറ്റങ്ങളൊക്കെ വന്നു.

സ്റ്റോറി ടെല്ലർ

‘അപ്പോത്തിക്കിരിയിൽ ഗായകനായിട്ടാണ് സിനിമാരംഗത്തെത്തുന്നത്. ഷാനിക്കയുടെ കരി എന്ന സമാന്തരസിനിമയിൽ നിർമാതാവായിരുന്നു. ചെമ്പൻ വിനോദ് നായകനായ ശിഖാമണിയിലെ പാട്ടുകൾ ചെയ്താണ് ആദ്യമായി സംഗീതസംവിധായകനാകുന്നത്. മുപ്പത്തിരണ്ടാം അധ്യായം എഴുപത്തിമൂന്നാം വാക്യം എന്ന സിനിമയിൽ ബാക്ഗ്രൗണ്ട് സ്കോർ ചെയ്തു.

വിദേശരാജ്യങ്ങളിലെപ്പോലെ സ്വതന്ത്രസംഗീതം നമ്മുടെ നാട്ടിലും ആളുകളിലേക്ക് എത്തിക്കണമെന്നാഗ്രഹിക്കുന്ന ഞങ്ങൾ കുറച്ചു സുഹൃത്തുക്കളുണ്ട്. ലോകസംഗീതോത്സവം പോലൊന്ന് ഇവിടെയും നടത്തണമെന്നൊക്കെ ആഗ്രഹിച്ച് സംവിധായിക ശ്രുതി നമ്പൂതിരിയും നവീൻ മുല്ലമംഗലം, വിഷ്ണുദേവ് നമ്പൂതിരി പിന്നെ ഞാനും ചേർന്ന് തുടങ്ങിയതാണ് വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ. സംഗീതനൃത്താവിഷ്കാരമായ ‘ബാലേ ’, മ്യൂസിക്കൽ ഷോർട്ട് ഫിക്ഷൻ ‘ചാരുലത’ , ‘മകൾ’ വിഡിയോ സോങ്ങ്, ‘മനു മലയാളം’ വിഡിയോ തുടങ്ങി കുറച്ച് വർക്കുകൾ ഞങ്ങൾ ചെയ്തു. ബിജി ബാലേട്ടന്റെ ബോധി സൈലന്റ് സ്കേപ് വഴിയാണ് ബാലേയും ചാരുലതയും റിലീസ് ചെയ്തത്. ഞാനും ഗായിക ഭദ്രയും ചേർന്ന് സ്റ്റോറി ടെല്ലർ എന്നൊരു ബാൻഡുമുണ്ട്. നളചരിതം പോലുള്ള കഥകൾ പാട്ടിലൂടെ അവതരിപ്പിക്കുന്നതാണ് ഞങ്ങളുടെ പാട്ടുകൾ. നമുക്ക് അത്ര പരിചിതമല്ലാത്ത അഷ്ടപദി, ട്രൈബൽ നാടൻപാട്ടുകൾ എന്നിവയെല്ലാം കോർത്തിണക്കി ചില ഗാനങ്ങൾ ചെയ്തു. ആദ്യം വിമർശനങ്ങൾ വന്നെങ്കിലും പിന്നീടിത് ഒരുപാട് പേരിലേക്ക് എത്തി. രമ്യ വിനയകുമാറിന്റെ രസിക ബാൻഡിനു വേണ്ടി ചെയ്ത അജിതഹരേ... എന്ന കഥകളിപദം വൈറൽ ആയിരുന്നു.

Tags:
  • Movies