ADVERTISEMENT

സ്വർണഭൂഷിതം പദ്മനാഭം...

ശങ്കരപ്രിയം സാധുരക്ഷണം...

ADVERTISEMENT

 

പദ്മനാഭസ്വാമി ക്ഷേത്രം വീണ്ടും വാർത്തകളിൽ നിറഞ്ഞപ്പോൾ മുതൽ സമൂഹമാധ്യമങ്ങളിൽ കേട്ടു തുടങ്ങിയതാണ് ഈ ഗാനവും. ഗാനം ഒന്നു തന്നെയാണെങ്കിലും ഓരോരുത്തർക്കും കിട്ടുന്നത് ഓരോ ഗായകരുടെ പേരിലാണ് എന്നു മാത്രം. ചിലതിൽ ഈ ഗാനം പാടിയ ഗായകനാര് എന്ന അന്വേഷണമാണ്. യഥാർഥത്തിൽ ഈ ഗാനം പാടിയ ഗായകനും കിട്ടി ഇതുപോലെ ഏഴെട്ട് ഫോർവേഡുകൾ! ഒന്നിൽപോലും സ്വന്തം പേരില്ല!

ADVERTISEMENT

‘2004ൽ തിരുവനന്തപുരം ഐറിസ് സ്റ്റൂഡിയോയിൽ വച്ചായിരുന്നു റെക്കോഡിങ്. സ്വർണത്തിൽ തീർത്തതാണ് പദ്മനാഭസ്വാമിയുടെ വിഗ്രഹം എന്ന കാര്യം മറനീക്കി പുറത്തുവന്നത് അക്കാലത്താണ്. അതുവരെ എല്ലാവരും കരുതിയത് കല്ലിൽ തീർത്ത വിഗ്രഹമാണെന്നായിരുന്നു. ’ ഗായകൻ രവിശങ്കർ ഓർക്കുന്നു.

‘ക്ഷേത്രത്തിനു ചുറ്റും ആറേഴ് തമിഴ് ബ്രാഹ്മണസംഗീതഗ്രൂപ്പുകൾ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ഇവർ കുളക്കരയിലും മറ്റും കൂട്ടംകൂട്ടമായിരുന്ന് ഭജനകൾ പാടും. ഭജനകൾ തീരുന്നതിനു മുമ്പ് ഹരിവരാസനം പാടുന്ന ഒരു പതിവുണ്ട്.അക്കൂട്ടത്തിലുള്ള ആരോ അതേ ഈണത്തിൽ പദ്മനാഭസ്വാമിയെ സ്തുതിച്ച് ഗാനമുണ്ടാക്കി. ഇത് കേട്ട പലരും അതേറ്റു പാടിത്തുടങ്ങി.

ADVERTISEMENT

 

തിരുവനന്തപുരത്തുള്ള കസെറ്റ് പ്രൊഡ്യുസർ മണക്കാട് രാമചന്ദ്രൻ നായരുടെ ശ്രദ്ധയിലും ഈ ഗാനമെത്തി. ഭക്തിഗാനങ്ങൾ ധാരാളമായി ഞാൻ പാടിയിരുന്ന കാലമായിരുന്നു അത്. ആറ്റുകാൽ ദേവിയുടെ ഭക്തിഗാനങ്ങൾ ഏറ്റവും കൂടുതൽ പാടി എന്ന സന്തോഷം ഒക്കെയായി നിൽക്കുന്ന സമയം. അദ്ദേഹം എന്നെ വിളിച്ച് ഈ ഗാനം നമുക്ക് നന്നായി ചെയ്ത് കസെറ്റ് ആക്കാം എന്നു പറഞ്ഞു. അങ്ങനെയാണ് ഇത് പാടാൻ ഭാഗ്യമുണ്ടായത്.

പാപ്പനംകോട് ശിവകുമാർ ആണ് വരികൾ എഴുതിയത്. സ്വർണവിഗ്രഹമായതുകൊണ്ടാണ് തുടക്കത്തിൽ സ്വർണഭൂഷിതം...എന്ന് എഴുതിയത്. പരമ്പരാഗതമായി കേട്ടു വന്ന ഹരിവരാസനം മട്ടിൽ ആ വരികൾ കംപോസ് ചെയ്തു. 20 മിനിറ്റ് വരുന്ന ഗാനം കസെറ്റിന്റെ ഒരു ഭാഗം മുഴുവനുണ്ടായിരുന്നു. കസെറ്റിന്റെ കവറിൽ എല്ലാവരുടെയും പേര് വച്ചിരുന്നു. ആര്‍ക്കും എളുപ്പത്തിൽ പാടാൻ കഴിയുന്ന ഈണമാണല്ലോ. അങ്ങനെ ഗാനം വേഗത്തിൽ പോപ്പുലർ ആയി. കുറേ കാലത്തേക്ക് പദ്മനാഭസ്വാമി ക്ഷേത്രനടയിലും തിരുവനന്തപുരത്തിന്റെ മറ്റു ഭാഗങ്ങളിലെ ക്ഷേത്രാന്തരീക്ഷങ്ങളിലും ഈ പാട്ട് നിറഞ്ഞു നിന്നു.

ഡിജിറ്റൽ രൂപത്തിലേക്ക് ഗാനം മാറിയതോടെ ഗാനത്തിനു പിന്നിലുള്ളവരുടെ വിവരങ്ങൾ നഷ്ടമായി. ഗാനം സ്ഥിരമായി കേൾക്കുന്നവർ അക്കാലത്തും ഉണ്ടായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചു തുടങ്ങിയത് പുതിയ സാഹചര്യത്തിലാണ്. പരിചയമുള്ള ചിലർ സംശയത്തോടെ ചോദിച്ചു ഇത് രവി പാടിയതാണോ എന്ന്. സത്യം എല്ലാവരും അറിയണമെന്നു തോന്നി. ’ രവിശങ്കർ പറഞ്ഞു.

ലളിതഗാനരംഗത്തും അറിയപ്പെടുന്ന ഗായകനാണ് രവിശങ്കർ. മാണിക്യക്കല്ലിലെ ചെമ്പരത്തിക്കമ്മലിട്ട്..., സാഫല്യത്തിലെ പൊന്നോലപ്പന്തലിൽ...തുടങ്ങിയ ഗാനങ്ങൾ പാടിയിട്ടുണ്ട്.

 

 

ADVERTISEMENT