Monday 05 October 2020 12:47 PM IST

സ്വാതിതിരുനാള്‍ കൃതികള്‍ക്ക് മനോഹരമായ നൃത്തസംഗീത അവതരണവുമായി മിഥുനും നന്ദിനിയും; ശ്രദ്ധേയമായി ‘കാന്ത ദ യേണിങ്’

V N Rakhi

Sub Editor

midhun

സ്വാതിതിരുനാളിന്റെ ജനപ്രിയകൃതികള്‍ക്ക് മനോഹരമായ നൃത്തസംഗീതാവിഷ്‌ക്കാരവുമായി ഗായകന്‍ മിഥുന്‍ ജയരാജും നര്‍ത്തകി നന്ദിനി ആര്‍ നായരും. ഇരുവരും ചേര്‍ന്നൊരുക്കിയ പുതിയ വിഡിയോ സോങ് 'കാന്ത- ദ യേണിങ്' റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ സംഗീതാസ്വദകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുന്നു. മിഥുന്‍ പാടി, നന്ദിനി നൃത്തസംവിധാനമൊരുക്കിയ കാന്താ തവ പിഴ ഞാന്‍... എന്ന അഠാണ രാഗത്തിലുള്ള, പ്രശസ്തമായ സ്വാതിതിരുനാള്‍ പദമാണ് പ്രശംസയേറ്റുവാങ്ങുന്നത്.

'ലോക്ഡൗണിലും ക്രിയേറ്റിവിറ്റിക്ക് അല്‍പം പോലും മങ്ങലേല്‍ക്കാതെ മനസ്സിന് ഉണര്‍വേകുക എന്ന ഉദ്ദേശ്യത്തോടെയാണ് ആദ്യ ലോക്ഡൗണ്‍ മുതല്‍ തന്നെ ഇത്തരം നൃത്തസംഗീതാവിഷ്‌ക്കാരങ്ങള്‍ ചെയ്തു തുടങ്ങിയത്. ഞങ്ങളുടെ മൂന്നാമത്തെ അവതരണമാണിത്. സ്വാതിതിരുനാളിന്റെ തന്നെ പൂന്തേന്‍ നേര്‍മൊഴി... എന്ന ആനന്ദഭൈരവിയിലുള്ള കൃതിയാണ് ആദ്യം ചെയ്തത്. കുറിഞ്ഞി രാഗത്തില്‍ സ്വാതിതിരുനാളിന്റെ പ്രശസ്തകൃതിയായ അളിവേണി എന്തു ചെയ്‌വൂ... ആയിരുന്നു രണ്ടാമത്തേത്.

യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലൂടെ സുഹൃത്തുക്കളായി മാറിയതാണ് ഞങ്ങള്‍. നര്‍ത്തകിയായും ചിത്രകാരിയായും അവതാരകയായും കഴിവു തെളിയിച്ച നന്ദിനിയെ കൂടുതല്‍ പ്രശസ്തയാക്കിയത് തന്മാത്ര, ടാ തടിയാ തുടങ്ങിയ സിനിമകളിലെ അഭിനയമാണ്. ഇന്ത്യന്‍ റെവന്യൂ സര്‍വിസില്‍ ജോലി നേടി ഇപ്പോള്‍ ചെന്നൈയിലാണ് അവര്‍. അതുകൊണ്ട് ആദ്യത്തെ രണ്ടു വിഡിയോയും ഞങ്ങള്‍ രണ്ടിടത്തിരുന്നാണ് ചെയ്തത്. നന്ദിനി നാട്ടില്‍ വന്ന ശേഷം ചെയ്ത ആദ്യ വിഡിയോ ആണ് കാന്താ.... എനിക്ക് പെഴ്‌സണലി ഇഷ്ടമുള്ള രാഗമാണ് അഠാണ. പെട്ടെന്ന് ഒരു ദിവസം തോന്നി ഇത്തവണ ഈ പദം ചെയ്താലോ എന്ന്. അങ്ങനെ തീരെ പ്ലാന്‍ ചെയ്ത് ചെയ്തതേ അല്ല. എന്നാലും ആദ്യ രണ്ട് വിഡിയോയെ അപേക്ഷിച്ച് പ്രഫഷണല്‍ ആയി നല്ല രീതിയില്‍ ഷൂട്ട് ചെയ്താണ് 'കാന്താ' ചെയ്തത.് ഇഷ്ടപ്പെട്ടു എന്നറിയിച്ച് ഒരുപാട് പേര്‍ വിളിച്ചു. മറ്റ് വിഡിയോകള്‍ക്ക് കിട്ടാത്ത പ്രശംസ കിട്ടുന്നതില്‍ സന്തോഷമുണ്ട്.' മിഥുന്‍ പറഞ്ഞു.

നന്ദിനിയുടെ അനുജനും ക്യാമറമാനുമായ വിജയ്കൃഷ്ണനാണ് ക്യാമറ. രാജീവ് പി ഗോപാല്‍ മൃദംഗത്തിലും ആനന്ദ് മധുസൂദനന്‍ ഇടയ്ക്കയിലും, മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ്ങിലും പിന്നണിയിലുണ്ട്.

Tags:
  • Movies