ഓടിച്ചാടി നടന്നിരുന്ന മായികക്കുട്ടിക്ക് ലോക്ഡൗൺ ആയപ്പോൾ തുടങ്ങിയതാണ് ബോറടി. പാർക്കിലും ബീച്ചിലും പോയി കാറ്റൊക്കെ കൊണ്ട് കളിച്ചു തിമിർക്കാൻ തോന്നുമ്പോൾ അവൾ അച്ഛനോട് ചോദിക്കും, നമുക്ക് ടാറ്റാ പോകാം അച്ഛാ? കൊറോണയൊക്കെ മാറട്ടെ, എന്നിട്ട് ടാറ്റാ പോകാം. അച്ഛൻ അവളെ സമാധാനിപ്പിക്കും. അച്ഛന്റെ മറുപടി കേട്ടുകേട്ട് മായികയ്ക്ക് അതിലേറെ ബോറടി. വർഷം ഒന്നായില്ലേ?
ബോറടി മാറ്റാൻ അവൾ പൂക്കളോടും മീനുകളോടും സംസാരിച്ചു.ഓരോന്നിനും പേരിട്ടു വിളിച്ചു. നിർത്തിയിട്ട കാറിൽ കയറിയിരുന്ന് ടാറ്റാ പോയി. വീടിനകത്ത് ഹെൽമെറ്റ് ഇട്ടിരുന്ന് ബൈക്ക് റൈഡിനും പോയി. അങ്ങനെയങ്ങനെ അവൾക്കു ചുറ്റും രസമുള്ളൊരു ലോകം അവൾ തന്നെയൊരുക്കി.

കവിതകളും പാട്ടുകളുമെഴുതുന്ന അവളുടെ അച്ഛച്ഛനും പാട്ടിന്റെ കൂട്ടുകാരനായ അച്ഛനും ആ കുഞ്ഞു മനസ്സ് കാണുന്നുണ്ടായിരുന്നു. എസ്. രമേശൻ നായർ എന്ന അച്ഛച്ഛൻ അവളുടെ ചിന്തകളെ കവിതയാക്കി. അച്ഛൻ മനു രമേശൻ അതിനൊരു ക്യൂട്ട് ഈണമിട്ടു. അച്ഛനും അച്ഛച്ഛനും ചേർത്തൊരുക്കിയ ആ പാട്ടും പാടി ആസ്വദിച്ച് ഇഷ്ടം പോലെ ടാറ്റാ പോവുകയാണ് അവളിപ്പോൾ.
കുഞ്ഞു കുഞ്ഞു ലോകം
വല്യ വല്യ കാര്യം
എന്നുമെന്നുമൊന്നാണീ നമ്മൾ...
ഇന്നു വന്നു പോകും
നല്ല നാളെയാകും
പിന്നെയുള്ളതെല്ലാം സന്തോഷം...
‘‘ലോക്ഡൗണിൽ ഏറ്റവും കൂടുതൽ അസ്വസ്ഥരായത് കുട്ടികളാണ്. മായിക എന്നോടു വന്ന് പാർക്കിൽ കൊണ്ടു പോക്വോ, ബീച്ചിൽ കൊണ്ടു പോക്വോ എന്നൊക്കെ ചോദിക്കുമ്പോൾ അതെനിക്കു മനസ്സിലായി. വീടിനുള്ളിലിരുന്ന് അവരുടേതായ ലോകം തീർക്കുകയല്ലാതെ അവർക്കു വേറെ വഴിയില്ല. കുഞ്ഞുങ്ങളുടെ ഭാവനകൾ നമ്മൾ വിചാരിക്കാത്ത രീതിയിലൊക്കെയാകും പോകുന്നത്. പൂവിന്റെ അടുത്ത് വെറുതെ ചെന്ന് നിൽക്കുകയാണെന്നു നമുക്കു തോന്നാം. പക്ഷേ അവർ അതിനോട് സംസാരിക്കുകയും പേരിട്ടു കളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടാകാം. അക്വേറിയത്തെ പുഴയായിട്ടാകും സങ്കൽപ്പിക്കുന്നത്! അവരുടെ മനസ്സിനെ നമുക്ക് ക്വാറന്റീൻ ചെയ്യാനാവില്ലല്ലോ. ആ ഭാവനയാണ് അച്ഛൻ എഴുതിയത്.

കൊറോണയും ലോക്ഡൗണും കാരണമുണ്ടായ വിഷമങ്ങളും നല്ലൊരു നാളെ വരുമെന്ന പ്രതീക്ഷയും സന്തോഷവുമെല്ലാമാണ് പാട്ടിന്റെ ആദ്യ ഭാഗത്തിൽ. മായിയുടെ ഒരു ദിവസത്തെ ആക്റ്റിവിറ്റികളാണ് ചരണത്തിൽ. മായിയുടെ ഭാഷയിൽത്തന്നെ അവളുടെ ചിന്തകളെ എഴുതണം എന്നും അച്ഛനോടു പറഞ്ഞിരുന്നു.’’ മായിയുടെ ലോകത്തെക്കുറിച്ച് മനു രമേശൻ പറഞ്ഞു.
മനു രമേശൻ പ്രൊഡക്ഷൻസ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. അനൂപ് എസ് പിള്ളയുടെതാണ് അനിമേഷൻ.