Friday 22 January 2021 04:47 PM IST

ഈ ചേർച്ച തികച്ചും യാദൃശ്ചികം! പാളുവ ഭാഷയിലെ ഗാനത്തിന്റെ കഥ പറഞ്ഞ് മൃദുലാദേവി

V N Rakhi

Sub Editor

m-01


 ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ സിനിമ കണ്ടവരിൽ ചിലരെങ്കിലും ടൈറ്റിൽ സോങ് കേട്ട് ചെവി ഒന്നു വട്ടം പിടിച്ചിട്ടുണ്ടാകും. ഇത് മലയാളമാണോ??? കുറച്ചു കൂടി കേട്ടപ്പോഴാണ് ഉറപ്പായത്, സംഗതി മലയാളമല്ല! ഇങ്ങനെയൊരു പാട്ട് മലയാളികൾ ആദ്യമായി കേൾക്കുകയായിരുന്നു.
പാട്ടെഴുതിയ മൃദുലാദേവിക്ക് മലയാളം പോലെത്തന്നെയാണ് പാളുവ എന്നറിയപ്പെടുന്ന ഈ ഭാഷയും. നിത്യജീവിതത്തിലെന്ന പോലെ ഉപയോഗിക്കുന്ന ഭാഷ. പ്രിയപ്പെട്ട രണ്ടു ഭാഷകളും ചേർത്താണ് മൃദുല ഗാനമെഴുതിയത്. ടൈറ്റിൽ സോങ് കൂടാതെ പാളുവ ഭാഷയിൽ മറ്റൊരു ഗാനവുമുണ്ട് സിനിമയിൽ .അതും മൃദുലയുടേതു തന്നെ.  ഗാനങ്ങളുടെ പിറവിയെക്കുറിച്ച് മൃദുല പറയുന്നു...  
‘‘പണ്ട് പറയ വിഭാഗക്കാർ ഉപയോഗിച്ചിരുന്ന ജീവഭാഷയാണ് പാളുവ. ജാതിവ്യവസ്ഥ കത്തി നിന്നിരുന്ന കാലത്ത്. അവരുടെ സന്തോഷവും സങ്കടവുമെല്ലാം പങ്കുവയ്ക്കാനായി അവർ ഈ ഭാഷയെ ആശ്രയിച്ചു. കാലക്രമേണ ഇത്തരം ഭാഷകൾ ഇല്ലാതായി.’’


ഒരു കൊടം പാറ് ഒല്ലിയടുത്താൽ ചൊല്ലാം
ഒരു മിളിന്തിയിൽ കാളിയാക്ക് മറു മിളിന്തിയിൽ മനമുട്ട്
ഇരു മിളിന്തിയും കറ്റാണേ കറ്റാൽ നിന്നെ കട്ടോളാ...
എന്ത് കട്ടു ചേല് കട്ടു
എന്ത് ചേല് പാട്ട് ചേല്
എന്ത് പാട്ട് നിന്റെ പാട്ട്
എന്ത് നീ എന്റെ നീ...


ഇത്രയും വരികൾ ആദ്യം ഫെയ്സ്ബുക്കിൽ‍ എഴുതിയിട്ടിരുന്നു. കവി ബാലചന്ദ്രൻ ചുള്ളിക്കാടിനും അയച്ചുകൊടുത്തു. നന്നായിട്ടുണ്ട്, ബാക്കി കൂടി എഴുതൂ എന്നു പറഞ്ഞു അദ്ദേഹം.  എഫ് ബി പോസ്റ്റ് കണ്ടാണ് ജിയോ ബേബി എന്നെ വിളിക്കുന്നത്. ഇത് നേരത്തേ പ്രചാരത്തിൽ ഉള്ളതാണോ അതോ മൃദുല എഴുതിയതോ എന്നു ചോദിച്ചു. ഞാൻ എഴുതിയതാണ് എന്നു പറഞ്ഞപ്പോൾ കുറച്ചു വരികൾ കൂടി ചേർത്ത് സിനിമയിലേക്ക് തരാമോ എന്നു ചോദിച്ചു. അങ്ങനെയാണ് കാട്ടു മിശിറിൻ കലമ്പല്...മുതലുള്ള വരികൾ എഴുതിച്ചേർത്തത്. 

പാട്ട് പടരണിന്നാട്ടം മുറുകണ്
കൂട്ട് കുഴൽവിളി
പൊന്തി മുഴങ്ങണ്....
എന്നു പറയുന്നുണ്ട് ഒരിടത്ത്.
അടിമത്തവ്യവസ്ഥിതിയൊക്കെ നിലവിൽ വരുന്നതിനും മുമ്പ്, അന്തികളിൽ സംഗീതം പൊന്തി മുഴങ്ങുമായിരുന്നു. അതായത്, അവരുടെ സന്തോഷത്തെയും വിജയത്തെയുമാണത് കാണിച്ചിരുന്നത്. അവരുടെ കരുത്തിന്റെ ശബ്ദമായിരുന്നു അത്. കാറ്റുമായി ബന്ധപ്പെട്ട ആ സംഗീതശബ്ദം പ്രതിധ്വനിച്ച് എല്ലായിടത്തും പൊന്തിപ്പറക്കും. പൊന്തിപ്പെഴച്ചാലോ,അവന്റെ സംഗീതം പെഴച്ചു എന്നർഥം.



യാദൃശ്ചികം ഈ ചേർച്ച
മറ്റൊരു പാളുവഗാനം കൂടി ഇടനാടൻ പാട്ടുകളുടെ ഈണത്തിൽ ജിയോ ബേബിക്ക് ഞാൻ പാടി അയച്ചു കൊടുത്തു.


ചെമ്റാന്തമേറെയാണ്
പെണ്ണിന്റെ ചെരപ്പ ചേലാണ്
തുറ്റാവ് നീണ്ടതാണ്
മിളിന്തി മാൻപേട ചേലാണ്...


എന്നു തുടങ്ങുന്ന പാട്ടായിരുന്നു അത്.  5 വർഷം മുമ്പ് ഞാൻ എഴുതിവച്ചതാണ് ആ ഗാനം. പെണ്ണിന്റെ സൗന്ദര്യവും പാചകവൈദഗ്ധ്യവുമാണ് വിഷയം. ഈണം നേരത്തേ പ്രചാരത്തിലുള്ളതാണ്. മറ്റൊരു ഈണമിട്ട് സംഗീതസംവിധായകൻ മാത്യു പുളിക്കൻ  ആ ഗാനം സിനിമയുടെ അവസാന ഭാഗത്ത് ഉപയോഗിച്ചു.
‘ഫോർ പ്ലേ’ യെക്കുറിച്ച് പറയുന്ന ഡയലോഗ് കഴിഞ്ഞു വരുന്ന സീനിൽ, വീട്ടിലെത്തുന്ന സഹായി  ഉഷ ഈ ഗാനമാണ് പാടുന്നത്.   പക്ഷെ, ഉഷ പാടുന്നത് ഒറിജിനൽ ഇടനാടൻ ഈണത്തിലാണ്. മറ്റൊരു സീനിൽ ആദ്യഗാനവും ഉഷ മൂളുന്നുണ്ട്. ഈ ഗാനങ്ങള്‍ സിനിമയുടെ വിഷയവുമായി കൃത്യമായി യോജിക്കുന്നതായി എന്നത് യാദൃശ്ചികമായി സംഭവിച്ചു പോയതാണ്.
  പാളുവയിലുള്ള കവിതകൾ ആനുകാലികങ്ങളിൽ ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് എന്റെ കവിതകളാണ്. ഭാഷകളെക്കുറിച്ചുള്ള പഠനങ്ങളിലും പങ്കാളിയാണ്.’’ മൃദുല പറയുന്നു.  ‘പാഠഭേദം’ മാഗസിൻ എഡിറ്റർ കൂടിയാണ് കോട്ടയം അങ്ങാടിവയൽ സ്വദേശിനിയായ മൃദുല.