Thursday 12 November 2020 01:59 PM IST

‘കാലമെല്ലാം മാഞ്ഞുപോകും കോടമഞ്ഞിൻ തുള്ളി പോലെ....’ ; പ്രതീക്ഷയും ചിരിയുമായി വിധുപ്രതാപ് സംഗീതസംവിധാനം ചെയ്ത ‘ഒന്നു ചിരിക്കൂ’ വിഡിയോ സോങ്

V N Rakhi

Sub Editor

vidhuuu

ഗായകൻ വിധുപ്രതാപ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച വിഡിയോ ആൽബം ‘ഒന്നു ചിരിക്കൂ’യുടെ വിശേഷങ്ങൾ...

‘വിഡിയോ കണ്ട് ചിരിച്ചു പോയി’, ‘പാട്ട് തീരുമ്പോഴേക്കും അറിയാതെ മുഖത്തൊരു ചിരി വിരിഞ്ഞു’... ഫോണിലേക്ക് നിലയ്ക്കാതെ വരുന്ന മെസേജുകളും കോളുകളും വിധുവിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ആദ്യമായി മ്യൂസിക് ഡയറക്ടറുടെ കുപ്പായമിട്ടതിന്റെ ത്രില്ലിനും മീതെ കോവിഡ് കാലത്ത് എല്ലാവരിലും ചിരിയുണർത്താൻ കാരണമാകാൻ കഴിയുന്നതിലുള്ള സന്തോഷം.

ഗായകൻ വിധു പ്രതാപ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച വിഡിയോ ആൽബം സോങ് ഒന്നുചിരിക്കൂ , നടന്മാരായ ജഗതിശ്രീകുമാർ, ഇന്നസെന്റ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, സലിം കുമാർ, രമേഷ് പിഷാരടി, അജുവർഗീസ് എന്നിവരുടെ എഫ് ബി പേജിലൂടെ ചൊവ്വാഴ്ചയാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി ഓടുകയാണ് പാട്ട്. നിറഞ്ഞ ചിരിയോടെ വനിത ഓൺലൈനുമായി സന്തോഷം പങ്കുവയ്ക്കുകയാണ് വിധുവും, ഭാര്യയും ആൽബത്തിന്റെ സംവിധായികയുമായ ദീപ്തിയും.

vsaa

‘‘ ചിരിയേക്കാൾ സുന്ദരമായി മറ്റെന്തുണ്ട് ലോകത്ത്? എട്ട്– ഒമ്പത് മാസമായി നമ്മളൊക്കെ ഉള്ളു തുറന്നൊന്നു ചിരിച്ചിട്ട്. എന്റെ പാട്ട് കേട്ട് കുറച്ചു പേരിലെങ്കിലും ടെൻഷനെല്ലാം മറന്ന് അൽപനേരമൊന്നു ചിരിച്ചാൽ ഞാനും ഹാപ്പി. എന്റെ ഹാപ്പി സോങ്ങിനു പകരമായി ഇപ്പോൾ എല്ലാവരും ഫോൺകോളുകളിലൂടെയും മെസേജുകളിലൂടെയും എന്നെയും ഹാപ്പിയാക്കിക്കൊണ്ടിരിക്കുകയാണ്.

കാലമെല്ലാം മാഞ്ഞുപോകും

കോടമഞ്ഞിൻ തുള്ളിപോലെ

ദൂരമെല്ലാം ചാരെയാകും

നമ്മളൊന്നായി ചേരും...

ഒന്നു ചിരിക്കൂ...

എന്ന് പാട്ടിൽ പറയുന്നതു പോലെ എല്ലാം മാറുമെന്നേ, ഇപ്പോൾ നമുക്ക് ചിരിക്കാം എന്ന സന്ദേശമാണ് പറയാൻ ഉദ്ദേശിച്ചത്. അത് സാധ്യമായതിൽ ഡബിൾ ഹാപ്പി. ’’ വിധു പറയുന്നു.

vdv

അർഷാദ് കെ റഹീമിന്റേതാണ് വരികൾ. ഞാൻ ട്യൂണിട്ട് പാടി അയച്ചതു കേട്ടാണ് അദ്ദേഹം വരികൾ എഴുതിയത്. പാട്ടിൽ ‘ഒന്നു ചിരിക്കൂ’ എന്നു വയ്ക്കാമെന്നത് എന്റെ നിർദേശമായിരുന്നു. എന്റെ ആദ്യത്തെ സംഗീതസംവിധാന സംരംഭം പോലെത്തന്നെ ദീപ്തിയുെട ആദ്യത്തെ സംവിധാനസംരംഭം കൂടിയാണ് ഒന്നു ചിരിക്കൂ. വിഡിയോയുടെ ആശയവും സംവിധാനവും ദീപ്തിയാണ്. ആൽബത്തിനായി സാധാരണക്കാരായ ഒരുപാട് പേരുടെ ചിരികൾ പകർത്തിയിട്ടുണ്ട് ഛായാഗ്രാഹകൻ നിഖിൽ ബൈജു. ലോക്ഡൗണിന്റെ ബുദ്ധിമുട്ടുകൾക്കിടയിൽ ഒരുപാട് അലഞ്ഞു നടന്നിട്ടാണെങ്കിലും ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന വിഷ്വലുകളെല്ലാം നിഖിൽ പകർത്തിയെടുത്തു. ആഷിഷ് ടോം എഡിറ്റിങ്ങിലൂടെ അതെല്ലാം കൂടുതൽ മനോഹരമാക്കി. വിഡിയോയിൽ ചാർളി ചാപ്ലിന്റെ ചിത്രം വരച്ചത് ആർട്ടിസ്റ്റും ഡാൻസറുമായ വികാസ് ഭദ്ര ആണ്. ടീമിലെ ഓരോരുത്തരുടെയും ഡെഡിക്കേഷനാണ് വിഡിയോയുടെ വിജയം.’’വിധുവും ദീപ്തിയും ഹാപ്പി!

Tags:
  • Movies