ADVERTISEMENT

കണ്ണൂരുകാര്‍ക്ക് ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു കാഴ്ച. കൊഴുമ്മല്‍ ശ്രീമാക്കീല്‍ മുണ്ട്യകാവില്‍ ഇത്തവണത്തെ ഉത്സവം നേരില്‍ കണ്ടവര്‍ക്ക് പ്രത്യേകിച്ച്. വെറുതെയൊന്നു കണ്ടുകളയാം എന്നു കരുതി ചെണ്ടമേളം-വയലിന്‍ ഫ്യൂഷന്‍ കാണാന്‍  പോയവര്‍ക്ക് അത് തീരാതെ മടങ്ങിപ്പോരാനായില്ല. ചെണ്ടമേളത്തിനു നടുവില്‍ നിന്ന് വയലിനില്‍ രാമായണക്കാറ്റേയും പടകാളി ചണ്ടിച്ചങ്കിരിയുമൊക്കെ വായിച്ചു തകര്‍ക്കുന്നതൊരു പെണ്‍കുട്ടി!  ചെണ്ട-വയലിന്‍ ഫ്യൂഷന്‍ കേരളത്തിലാകെ ട്രെന്‍ഡ് ആയി വരുന്നതിന്റെയൊരു ലഹരിക്കൊപ്പം ഇതുകൂടിയായപ്പോള്‍ പിന്നെ സംഗതി സൂപ്പര്‍ ഹിറ്റ്.  ഏതായാലും  അപര്‍ണ ബാബുവിന്റെ വയലിന്‍-ചെണ്ട ഫ്യൂഷന്‍ എഫ്ബിയിലും ടിക് ടോക്കിലും വൈറലാകാന്‍ പിന്നെയധികം സമയമൊന്നും വേണ്ടി വന്നില്ല എന്നു ചുരുക്കം.

viccdvhg

''ആണുങ്ങള്‍ വയലിന്‍-ചെണ്ട ഫ്യൂഷന്‍ ചെയ്യുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഒരു പെണ്‍കുട്ടിയെ വച്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വരാമോ എന്ന് അമ്പലക്കാര് വിളിച്ചു ചോദിച്ചു. ചെയ്തു നോക്കാമെന്നു കരുതി. അത്രയേയുള്ളൂ. വയലിന്‍ ഫ്യൂഷനൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പരീക്ഷണം ആദ്യമായിട്ടായിരുന്നു. താണ്ഡവം ബ്രദേഴ്‌സിന്റെതായിരുന്നു ചെണ്ടമേളം. അവര്‍ക്കൊപ്പം നിന്ന് നേരത്തേ പ്രാക്ടീസ് ചെയ്യാനുള്ള സമയമൊന്നും കിട്ടിയില്ല. ചെണ്ടമേളത്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന കുറച്ചു പാട്ടുകള്‍ സിലക്ട് ചെയ്ത് സ്വന്തമായി പ്രാക്ടീസ് ചെയ്തു. സ്‌പോട്ടില്‍ ചെന്ന് നേരെ വായിക്കുകയായിരുന്നു. കുട്ടനാടന്‍ കായലില്..., ആലാരേ ഗോവിന്ദാ..., താങ്കണക്ക തില്ലം തില്ലം..., ശൂരന്‍പടയുടെ..., കലാഭവന്‍ മണിച്ചേട്ടന്റെ നാടന്‍പാട്ട് അങ്ങനെ കുറച്ച് പാട്ടുകള്‍ ഇതിനായി മാത്രം വയലിനില്‍ പഠിച്ചെടുത്തു. ഇത്രയൊക്കെയാകുമെന്ന് വിചാരിച്ചില്ല.'' അപര്‍ണ പറയുന്നു.

vgfyefbgjhhg88899
ADVERTISEMENT

''ഫെബ്രുവരിയിലായിരുന്നു ആ ഉത്സവം. രാത്രി പത്തിനു തുടങ്ങി പുലര്‍ച്ചെ രണ്ടര വരെ തുടര്‍ച്ചയായി വായിച്ചു. രാമായണക്കാറ്റേ...ആണ് എഫ്ബിയില്‍ വൈറല്‍ ആയത്. കുട്ടനാടന്‍ കായലില്... ടിക് ടോക്കിലും.  എന്റെ വീട്ടില്‍ എല്ലാവരും നല്ല സപ്പോര്‍ട്ട് ആയിരുന്നു. അതിനുശേഷം കൊല്ലത്തെ ഒരു ക്ഷേത്രത്തിലും പരിപാടിയുണ്ടായി. അവിടുത്തെ ഏകതാളം കലാസമിതിയുടെ ചെണ്ടമേളത്തിനൊപ്പം ഇതേ പാട്ടുകള്‍ തന്നെയാണ് വായിച്ചത്. എങ്കിലും രാമായണക്കാറ്റേ...എന്ന പാട്ടിന് വീണ്ടും വീണ്ടും റിക്വസ്റ്റ് വന്നിരുന്നു. ആ ഉത്സവം കഴിഞ്ഞതോടെ ലോക്ഡൗണ്‍ ആയി. ഇപ്പോള്‍ പിന്നെ പ്രോഗ്രാമുകളൊന്നും നടക്കുന്നില്ലല്ലോ.''

മുളന്തുരുത്തി മറ്റത്തില്‍ ബാബുവിന്റെയും മിനിയുടെയും മകളാണ് അപര്‍ണ. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളജില്‍ വയലിന്‍ ബിരുദാനന്തരബിരുദം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി. വയലിന്‍ കച്ചേരികളും ഈസ്റ്റേണ്‍- വെസ്റ്റേണ്‍ ഫ്യൂഷനുമൊക്കെയായി കുറേ വേദികളില്‍ വയലിന്‍ വായിച്ചിട്ടുണ്ട്. നടന്‍ ജഗതിശ്രീകുമാറിന്റെ തിരിച്ചു വരവിനു കാരണമായ പരസ്യചിത്രത്തില്‍ വായിക്കാനും അവസരം കിട്ടി. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ വയലിനില്‍ പിഎച്ച്ഡി ചെയ്യണം, കോളജില്‍ പഠിപ്പിക്കണം, നല്ലൊരു ആര്‍ട്ടിസ്റ്റ് ആയും അറിയപ്പെടണം...അങ്ങനെ ചെറിയ സ്വപ്നങ്ങളൊക്കെയുണ്ട് അപര്‍ണയ്ക്ക്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT