പ്രശസ്ത റിയാലിറ്റി ഷോ ‘വോയ്സ് ഓസ്ട്രേലിയ 2023’ന്റെ ബ്ലൈൻഡ് ഓഡിഷനിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായി മലയാളി പെൺകുട്ടി. ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്ഥിര താമസമാക്കിയ കോട്ടയം വാണിയപ്പുരയ്ക്കൽ ജിനു ജേക്കബിന്റെയും സിൻസി ജേക്കബിന്റെയും മകൾ ഇരുപതുകാരി ഷാർലറ്റ് ജിനുവാണു നേട്ടത്തിനുടമ. അരലക്ഷത്തിലധികം അപേക്ഷകരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 48 പേരാണ് ഓഡിഷനിൽ പങ്കെടുത്തത്.
മേജർ ലേസർ, ഡിജെ സ്നേക് എന്നിവരുടെ പ്രസിദ്ധമായ ‘ഓ ലീൻ’ എന്ന ഗാനത്തിനൊപ്പം സ്വന്തമായി ചിട്ടപ്പെടുത്തിയ സ്വരങ്ങൾ ചേർത്തു ബ്ലൈൻഡ് ഓഡിഷൻ വേദിയിൽ ചുവപ്പ് സാരിയുടുത്തു പാടി വിധികർത്താക്കളെ അദ്ഭുതപ്പെടുത്തുന്ന പെൺകുട്ടിയുടെ വിഡിയോ ഇപ്പോൾ യുട്യൂബിൽ വൈറലാണ്.
12 വർഷമായി ശാസ്ത്രീയ സംഗീതം, കർണാട്ടിക് മ്യൂസിക് എന്നിവ പഠിക്കുന്ന ഷാർലറ്റ് വെസ്റ്റേൺ മ്യൂസിക്കും ഭരതനാട്യം, ഹിപ്ഹോപ്, ബോളിവുഡ്, തമിഴ് കൂത്ത് തുടങ്ങിയവയും പരിശീലിക്കുന്നു. കർണാടക സംഗീതത്തിൽ ഡോ. വെള്ളിനേഴി സുബ്രഹ്മണ്യവും ലളിതസംഗീതത്തിൽ സജിത ബിനുവുമാണ് അധ്യാപകർ.
സിഡ്നി മക്വയ്റി സർവകലാശാലയിൽ സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ബാച്‌ലേഴ്സ് ഡിഗ്രിക്കു പഠിക്കുകയാണ് ഷാർലറ്റ്. ഓസ്ട്രേലിയൻ പോസ്റ്റൽ സർവീസിലാണ് പിതാവ് ജിനു. സിൻസി നഴ്സാണ്. സഹോദരി നിയമ വിദ്യാർഥിനി ഷാന്റെൽ.
എന്താണ് ബ്ലൈൻഡ് ഓഡിഷൻ? മത്സരാർഥി പാട്ടുപാടാൻ വേദിയിൽ എത്തുമ്പോൾ വിധികർത്താക്കൾ തിരിഞ്ഞാണ് ഇരിക്കുന്നത്. പ്രകടനം മെച്ചപ്പെടുന്നതനുസരിച്ച് വിധികർത്താക്കൾ സ്വമേധയാ മുന്നിലേക്കു തിരിയും. ഇങ്ങനെ തിരിയുന്നില്ലെങ്കിൽ മത്സരാർഥിക്ക് അടുത്ത ഘട്ടത്തിലേക്കു കടക്കാൻ കഴിയില്ല.