ADVERTISEMENT

ഇന്നാണ് മണവാളൻ എങ്കിലോ? എങ്ങനെയായിരിക്കും? ഉദയകൃഷ്ണ പൊട്ടിച്ചിരിക്കുന്നു.

‘‘എന്താ സംശയം? അയാളുടെ ജന്മസിദ്ധമായ സ്വഭാവം അതുപോലെ തന്നെ ഉണ്ടാകും. നിഷ്കളങ്കമായ മണ്ടത്തരങ്ങൾ കൂടപ്പിറപ്പാണല്ലോ. അതുകൊണ്ടാണല്ലോ കല്യാണം കഴിക്കാഞ്ഞിട്ടും മണവാളൻ ആൻഡ് സൺസ് എന്നു പേരിട്ടത്. എന്റെ അച്ഛനും  എന്നെ പോലെ ഒരു ബാച്‌ലർ ആണെന്നു പറയുന്നത്.

ADVERTISEMENT

ഇപ്പോഴത്തെ മണവാളൻ നാട്ടിലേക്ക് തിരിച്ചെത്തുന്നത് ‘ദുഫായിൽ’ കോവിഡ് 19  പടർന്ന് പിടിച്ചതു കൊണ്ടായിരിക്കും. അങ്ങനെ പ്രവാസലോകത്തു നിന്നു  മടങ്ങിയെത്തുന്നവരുടെ കൂട്ടത്തിൽ നമ്മുടെ മണവാളനും ഉണ്ടാകും.

വീട്ടിലെത്തി കഴിഞ്ഞാൽ രാവിലെ നൈറ്റ് ഗൗൺ ഇട്ട്  പൈപ്പും ക‍ടിച്ചു പിടിച്ച് അങ്ങ് ദുഫായിലെ ഷെയ്ഖിന്റെ കാര്യമൊക്കെ പറയാൻ വെമ്പി നിൽക്കുന്നുണ്ടാകും. മണ്ടത്തരങ്ങള്‍ കാണിച്ച്  ക്വാറന്റീൻ ലംഘിച്ച് മണവാളൻ  പുറത്തു ചാടാതിരിക്കാൻ നാട്ടുകാര്‍ കാവൽ നിൽക്കുമെന്ന് ഉറപ്പാണ്’’ ഉദയകൃഷ്ണ മണവാളനെ കുറിച്ച് ഒാർത്തു തുടങ്ങി.  

ADVERTISEMENT

‘‘സിഐഡി മൂസ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ‘പുലിവാൽകല്യാണം’ എന്ന സിനിമയെക്കുറിച്ചുള്ള ഡിസ്കഷൻ തുടങ്ങുന്നത്.  മുഴുനീള കോമഡി ചിത്രം. അതായിരുന്നു മനസ്സിൽ. കോമഡി കഥാപാത്രങ്ങൾക്ക് കൂടുതൽ സന്ദർഭങ്ങൾ നൽകി പ്രധാന കഥയിലേക്ക് കൊണ്ടുവരാനാണ് തീരുമാനിച്ചത്.         

അതോടെയാണ് ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും ജഗതിച്ചേട്ടനും സലിംകുമാറുമൊക്കെ സിനിമയിലേക്ക് വരുന്നത്. സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുന്നത് ശ്രമകരമായ ജോലിയാണ്. പ്രത്യേകിച്ച് കോമഡി സിനിമയിൽ. പേരുകൾ വച്ചു ചിരിയും ചില കൺഫ്യൂഷനും ഒക്കെ ഉണ്ടാക്കാൻ പറ്റും. മണവാളൻ എന്ന പേര് വന്നത് തൃശൂരിൽ നിന്നാണ്. ഞാനും സിബിയും ചേർന്നാണല്ലോ തിരക്കഥ. സിബി ഇരിങ്ങാലക്കുടക്കാരനാണ്.’’ ഉദയകൃഷ്ണ പറഞ്ഞു.

ADVERTISEMENT

സിബി കെ. തോമസ് ജീവിതത്തിൽ കണ്ട മണവാളന്മാർ എങ്ങനെയായിരിക്കും?

‘‘പേര്  ഉപയോഗിച്ചു എന്നേ ഉള്ളൂ. എനിക്ക് അറിയാവുന്ന മണവാളന്മാരുടെ സ്വഭാവം സിനിമയിലില്ല. ആ പേരിൽ ഒരു കൗതുകം ഉണ്ടായിരുന്നു. അതുവച്ച് ചില കോമഡികൾക്ക് സാധ്യതകളും ഉണ്ടായിരുന്നു. കൺഫ്യൂഷൻ ഹ്യൂമറുണ്ടാക്കാൻ പറ്റും. മണവാളൻ എന്ന വാക്കിന് കല്യാണചെറുക്കൻ എന്നു കൂടി അർഥമുണ്ടല്ലോ. മൂന്നു നാലു രംഗങ്ങളിൽ ഈ കോമഡി ഉണ്ടാക്കി.’’സിബി കെ തോമസ് ഒാർമിക്കുന്നു.  

കൂട്ടിന്റെ ബലം

ഏതു സിനിമയ്ക്കും കൂട്ടിന്റെ ഒരു ബലം ഉണ്ട്. ആ മിക്സിങ് ക‍ൃത്യമായാൽ സിനിമ വർഷങ്ങളെ തോൽപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഹൗസ്ഫുൾ ആയി ഒാടും. ഉദയകൃഷ്ണ പറയുന്നതും ആ മിക്സിങ്ങിനെ കുറിച്ചാണ്.  

‘സംവിധായകൻ ഷാഫിക്ക് ഒരു കോമഡി കാരക്ടറിനെ കൊടുത്താൽ മതി. അതു പൊലിപ്പിച്ചു കയ്യിൽ തരും.  മണവാളൻ എന്ന കഥാപാത്രവും സലിം കുമാറിന്റെ മുഖവും ഒരുമിച്ചാണ് മനസ്സിലേക്കു വന്നത്.

‘മായജാലം’, ‘മാട്ടുപ്പെട്ടി മച്ചാൻ’ തുടങ്ങി ഞങ്ങളുെട  ആദ്യകാല സിനിമകള്‍ മുതല്‍ സലിംകുമാർ ഞങ്ങൾക്കൊപ്പമുണ്ട്. സലിംകുമാറിന് ഹ്യൂമർസെൻസ് മാത്രമല്ല അൽപം പൊതു വിജ്ഞാനം കൂടി ഉണ്ട്. അതുകൊണ്ട് കയ്യിൽ നിന്ന് നമ്മൾ അറിയാത്ത ചില സാധനങ്ങൾ വീണു കിട്ടും.

സാമൂഹിക പ്രസക്തി ഉള്ള സാധനങ്ങൾ പുള്ളി കഥാപാത്രത്തിലേക്ക് കൊണ്ടുവരും. സീൻ കേട്ടാല്‍ ഇങ്ങനൊരു സാധനം ഇട്ടാലോ എന്നു ചോദിക്കും. മാലിന്യത്തിന്റെ ഗന്ധം കിട്ടിയപ്പോൾ ‘കൊച്ചി എത്തി’ എന്ന ഡയലോഗൊക്കെ അങ്ങനെ ഉണ്ടായതാണ്. തിരക്കഥാകൃത്തിനു മാത്രമല്ല നടനും സംവിധായകനും ഒക്കെ ഈ നിരീക്ഷണപാടവം വേണം. അതിലൂടെ നല്ല കോമഡി വരും.

സിനിമയിലെ കോമഡി അമ്പതു ശതമാനമേ എഴുത്തുകാരനു നൽകാൻ പറ്റൂ. ബാക്കി സംവിധായകനും ആ കഥാപാത്രമായി മാറുന്ന നടനും എല്ലാം ചേർന്ന് ഉണ്ടാക്കുന്നതാണ്. ഇതെല്ലാം ഒത്തു വന്ന കഥാപാത്രമായിരുന്നു മണവാളൻ. ആ കോംബിനേഷനാണ് മണവാളനെ ഇന്നും ട്രോളന്മാരുടെ മനസ്സിൽ പച്ചയായി നിർത്തുന്നത്.’’

manavalangghh55

പേരു പിന്തുടരുന്ന കഥാപാത്രങ്ങൾ

ചില കഥാപാത്രങ്ങൾ അതവതരിപ്പിച്ച നടന്റെയോ നടിയുടെയോ മുഖം അല്ലാതെ മറ്റൊന്ന് നമുക്ക് ഒാർക്കാൻ പറ്റില്ലല്ലോ. ദാസനും വിജയനും എന്നു കേൾക്കുമ്പോഴേ ലാലേട്ടനെയും ശ്രീനിയേട്ടനെയും അല്ലേ ഒാർമ വരുന്നത്. മണവാളൻ എന്ന പേരും സലിംകുമാറിന്റെ രൂപവും അതു പോലെയായി.

‘‘മലയാളികളുടെ ഒട്ടു മിക്ക മുഖഭാവവും മണവാളനിൽ ഉണ്ട്. അതിൽ എല്ലാത്തിലും ഹാസ്യത്തിന്റെ അംശവും ഉണ്ട്, മണവാളന്റെ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ട്രോളന്മാർ അതു ചിരിയാക്കി മാറ്റി. സലിംകുമാറിന്റെ അഭിനയ മികവ് കാരണമാണ് മണവാളന് ട്രോളന്മാർ ഇത്രയും മാർക്ക് കൊടുത്തത്.

മണവാളന്റെ  കോസ്റ്റ്യൂമിൽ പോലും ആ കാരക്ടറിന്റെ സ്വഭാവം ഉണ്ടായിരുന്നു. പഴയ സിനിമകളിൽ ജോസ് പ്രകാശ് ഒക്കെ ഇടുന്ന നൈറ്റ്ഗൗൺ ആണ് ഒരു സീനിൽ ഇടുന്നത്. അതും പകൽ. കയ്യിൽ ഒരു പൈപ്പും ഉണ്ട്. നൈറ്റ്ഗൗൺ എപ്പോഴാണ് ഉപയോഗിക്കേണ്ടതെന്ന്  പുള്ളിക്ക് അറിയില്ല’’ സിബി പറയുന്നു.

‘‘ സൂപ്പർ താരങ്ങളെ പോലെ മികച്ച നടന്മാരാണ് നമ്മുടെ കോമഡി താരങ്ങളും. നാഷനൽ അവാർഡും സ്റ്റേറ്റ് അവാർഡും വാങ്ങിച്ചവർ. വില്ലൻ വേഷങ്ങളും നായക വേഷങ്ങളും അവർ ചെയ്യും. ചിരിപ്പിക്കാൻ മാത്രമല്ല, കണ്ണു നനയിക്കാനും അവർക്ക് അറിയാം. സലിം കുമാർ തന്നെ ഉദാഹരണം.

നിർഭാഗ്യവശാൽ ‘പുലിവാൽ കല്യാണ’ത്തിനു ശേഷം  ആ കോംബിനേഷൻ പിന്നീടുണ്ടായില്ല. ഞാനും ഷാഫിയും നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ കാണാറുമുണ്ട്. പക്ഷേ, സിനിമ മാത്രം ഉണ്ടായില്ല.’’ ഉദയകൃഷ്ണ പറയുന്നു.

മറ്റൊരു മണവാളൻ?

പക്ഷേ, മണവാളൻ ഫാൻസിന് ഒരു നിരാശ വാർത്തയുണ്ട്. അത് ഉദയൻ പറയട്ടെ.

‘‘പുലിവാൽ കല്യാണത്തിനു സെക്കൻഡ് പാർട്ട് എടുക്കണമെന്ന് ഒരുപാട് പ്രാവശ്യം പലരും നിർബന്ധിച്ചിട്ടുണ്ട്. പക്ഷേ, അതിലേക്ക് പോകാൻ ഉള്ള ഒരു ധൈര്യം വന്നില്ല. സെക്കൻഡ് പാർട്ട് വളരെയധികം റിസ്കുള്ള ഗെയിമാണ്. ആദ്യ ഭാഗത്തിന്‍റെ മുകളിൽ നിൽക്കുന്ന ഒരു സിനിമ ഉണ്ടാക്കാൻ വലിയ പ്രയാസമാണ്.

കഥാപാത്രങ്ങൾ എന്ത് ചെയ്യും എങ്ങനെ പ്രവർത്തിക്കുമെന്ന് പ്രേക്ഷകർക്ക് നന്നായിട്ടറിയാം. അവർ നേരത്തെ പ്രതീക്ഷിക്കും. അതാണു കാരണം. ഓരോന്നും അതിൽ തന്നെ കാണാനാണ് രസം. അതുകൊണ്ട് ഇനിയൊരു മണവാളൻ ഉണ്ടാകുമോ എന്നു പറയാനാകില്ല.

ADVERTISEMENT