ADVERTISEMENT

ഭാര്യ ശാന്തിയുടെ അകാല വിയോഗം സൃഷ്ടിച്ച വേദനയുടെ തുരുത്തിലാണ് ഇപ്പോഴും ബിജിബാൽ. കാലമേറെ കഴിഞ്ഞിട്ടും ആ വിയോഗം സൃഷ്ടിച്ച വേദന ഇപ്പോഴും ബിജിയുടെ ഉള്ളിലുറങ്ങുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവളുടെ ഓർമകളെ എന്നും ഹൃദയത്തോടു ചേർത്തു നിർത്തുന്ന ബിജിബാൽ പങ്കുവച്ച മറ്റൊരു കുറിപ്പിലാണ് പ്രിയപ്പെട്ടവരുടെ കണ്ണുടക്കുന്നത്. ‘നീ ഞാനല്ലേ... എൻ പാട്ടു നീയല്ല’ എന്ന ബിജിബാലിന്റെ ഒറ്റവരി പോസ്റ്റ് ആരാധകരെയും വേദനിപ്പക്കുകയാണ്. ഭാര്യ ശാന്തിയുടെ അതിമനോഹര ചിത്രത്തിന്റെ തലക്കെട്ടെന്നോണമാണ് ബിജിയുടെ ഹൃദയഹാരിയായ വരികൾ.

ബിജിബാലിന്റെ കുറിപ്പ് ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ ഉൾപ്പെടെ നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. ബിജിബാലിന്റെ വേദന നിറയുന്ന പോസ്റ്റ് ആരാധകരെയും കണ്ണീരണിയിക്കുന്നു. ശാന്തിയുടെ ഓർമച്ചിത്രങ്ങൾ ബിജിബാൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 

ADVERTISEMENT

മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2017ലാണ് നർത്തകി കൂടിയായ ശാന്തി ബിജിബാൽ അന്തരിച്ചത്. നൃത്ത രംഗത്തു സജീവമായിരുന്ന ശാന്തിയാണ് ‘രാമന്റെ ഏദൻതോട്ടം’ എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്. സ്വന്തമായി നൃത്തവിദ്യാലയവും നടത്തിയിരുന്നു. 2002 ജൂൺ 21നാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. ദേവദത്ത്, ദയ എന്നിവരാണു മക്കൾ.

ADVERTISEMENT
ADVERTISEMENT