ADVERTISEMENT

അന്യസംസ്ഥാനങ്ങളിൽ നിന്നു ലത ർ സാധനങ്ങളുടെ വലിയ കെട്ടുകളുമായി നാട്ടിൽ വന്നിറങ്ങിയാലും ഇന്നസെന്റിന് വിശ്രമിക്കാനുള്ള നേരമൊന്നുമില്ല. കൊണ്ടുവന്ന സാധനങ്ങളുടെ വിതരണമാണ് അടുത്ത ജോലി. സ്കൂട്ടറിലാണ് യാത്ര. അതിനു പിന്നിൽ ഒരാൾ പൊക്കത്തിൽ സാധനങ്ങൾ അടുക്കി കെട്ടിവയ്ക്കും. പിന്നിൽ നിന്നു നോക്കിയാൽ ആളെ കാണാൻ കഴിയില്ല.

ആദ്യത്തെ ക്രിസ്മസിന് എന്റെ വീട്ടിൽ കൊണ്ടുവന്ന ലാംബി സ്കൂട്ടറിന് ഞങ്ങളുെട ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ? ആ സ്കൂട്ടറിനെക്കുറിച്ചും അതിൽ യാത്ര ചെയ്ത ഇന്നസെന്റിനെക്കുറിച്ചും ഒരുപാടു പറയാനുണ്ട്.

ADVERTISEMENT

ചില ദിവസങ്ങളിൽ തണുത്തു മരവിച്ച വെളുപ്പാൻകാലത്തേ ഇന്നസെന്റ് വീട്ടിൽ നിന്നു പുറപ്പെടും. ചിലപ്പോൾ ഒരു കട്ടൻ ചായയോ കട്ടൻകാപ്പിയോ കുടിക്കും. എങ്ങോട്ടു പോകു ന്നു? ഏതു വഴിക്കു പോകുന്നു? എപ്പോൾ വ രും? അങ്ങനെയുള്ള ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല.

ഇടയ്ക്കു വിളിച്ചു ചോദിക്കാന്‍ അന്ന് ഫോണൊന്നും ഇല്ലല്ലോ. എവിടെയെത്തിയെന്നു വിളിച്ചറിയിക്കുന്ന പതിവും ഇല്ല. പോയാൽ കഴിവതും നേരത്തെ വരുമെന്ന പ്രതീക്ഷയുണ്ട്. ഞ ങ്ങൾക്കിടയിൽ ആ പ്രതീക്ഷ വളരെ അഗാധവും അചഞ്ചലവും ആയിരുന്നു.

ADVERTISEMENT

ഇന്നസെന്റ് പോയിക്കഴിഞ്ഞാൽ പിന്നെ വീട്ടിൽ എനിക്കു വല്ലാത്ത ഏകാന്തതയാണ്. അ തുകൊണ്ടു ഞാൻ അമ്മച്ചിയോടൊപ്പം കൂടും. അടുക്കളയിൽ സഹായിക്കും. ഇന്നസെന്റിനു പിറകേ അപ്പനും ചേട്ടന്മാരുമൊക്കെ പോകും. അപ്പോഴാണ് അമ്മച്ചി പഴയ കഥകളൊക്കെ പറയുന്നത്. അങ്ങനെ കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ തെക്കേത്തല വീടും അതിന്റെ ച രിത്രവും അമ്മച്ചി പറഞ്ഞു ഞാൻ അറിഞ്ഞു.

മഴ നനഞ്ഞ മനസ്സ്

ADVERTISEMENT

ഈ ലോകത്ത് എനിക്ക് ഏറ്റവും പേടിയുള്ള കാര്യം ഇടിയും മിന്നലുമാണ്. എന്റെ അപ്പനും ഇടിയെയും മിന്നലിനെയും ഭയങ്കര പേടിയായിരുന്നു. ഇടി വെട്ടുന്ന ദിവസങ്ങളിൽ ഏതെങ്കിലും ഇരുട്ടുമുറിയിൽ ഒളിക്കുന്നതായിരുന്നു എന്റെ ശീലം. കൂടെ എന്റെ അപ്പനും അമ്മയും ആങ്ങളമാരും ഉണ്ടാകും. വീടിനു പുറത്തുനിൽക്കാൻ തന്നെ അപ്പൻ അനുവദിക്കില്ല.

ഇന്നസെന്റിന്റെ വീട്ടിൽ ഇടിവെട്ടുന്ന സമയത്ത് ആരും ഒളിക്കാനൊന്നും നിൽക്കില്ല. മാത്രമല്ല, അവിടെ ആർക്കും ‌‌ഇടിമിന്നലിനെ ഒട്ടും പേടിയുണ്ടായിരുന്നില്ല. വീട് മാറിയെങ്കിലും പക്ഷേ, എന്റെയുള്ളിലെ പേടി മാറാതെ തന്നെ നിന്നു.

അതിരാവിലെ ലാംബി സ്കൂട്ടറിൽ പുറപ്പെടുന്ന ഇന്നസെന്റ് തിരികെ വീട്ടിലെത്താൻ പലപ്പോഴും പാതിരാത്രിയാകും. ഞാൻ ഉറങ്ങാതെ കാത്തിരിക്കും. മഴയുള്ള രാത്രി ഞാൻ ജനാലക്കമ്പി പിടിച്ചു പുറത്തേക്കു നോക്കിനിൽക്കും. വല്ലപ്പോഴും ഒരു സ്കൂട്ടറിന്റെ ശബ്ദം കേൾക്കുമ്പോൾ അത് ഇന്നസെന്റിന്റെ സ്കൂട്ടർ ആ യിരുന്നെങ്കിൽ എന്ന് ആശിക്കും.

ഇന്നത്തെപ്പോലെ ഒരുപാടു വാഹനങ്ങൾ ഉള്ള സമയം അല്ലല്ലോ? മിക്കപ്പോഴും എന്റെ പ്രാർഥന പോലെ ഇന്നസെന്റ് വരും. കുളിക്കാ ൻ ഇത്തിരി ചൂടുവെള്ളം. പിന്നെ കഴിക്കാൻ ചൂടാക്കിയ ആഹാരം.

ഇതുമാത്രമായിരുന്നു ഇന്നസെന്റിന്റെ ആവശ്യങ്ങൾ. ഹീറ്ററോ ഗ്യാസോ ഒന്നും ഉള്ള കാലം അല്ലല്ലോ? അതുകൊണ്ട് ഇന്നസെന്റ് വരുന്നതിനു മുമ്പുതന്നെ ഞാൻ അടുപ്പു കത്തിച്ചു വെള്ളം ചൂടാക്കിയിടും. ചൂടിന് ഒരു പാകമുണ്ട്. അതിൽ കൂടാനും പാടില്ല, കുറയാനും പാടില്ല. ആ പാകം എനിക്കു കൃത്യമായി അറിയാം.

മഴയത്തു സ്കൂട്ടർ ഓടിക്കുമ്പോൾ കൈ തണുത്തു രക്തയോട്ടം നിലച്ച അവസ്ഥയിലായിരിക്കും. ചൂടു വെള്ളം േകാരിയൊഴിച്ചു ശരീരത്തിന്റെ മരവിപ്പു മാറ്റിയതിനുശേഷമാണു പിന്നെ കുളിക്കുന്നത്. അപ്പോഴേക്കും ഞ‍ാൻ ആഹാരം ചൂടാക്കി വച്ചിട്ടുണ്ടാകും. എനിക്ക് അറിയാമായിരുന്നു പകൽ ഭക്ഷണമൊന്നും കഴിച്ചിട്ടല്ല വരുന്നതെന്ന്. പക്ഷേ, അതൊരിക്കലും പറഞ്ഞിട്ടില്ല. കാരണം അന്നു നടന്ന സംഭവങ്ങൾ മുഴുവൻ പറയും. അതിൽ ഒരിടത്തും ഭക്ഷണം കഴിച്ച വിശേഷങ്ങൾ ഉണ്ടാവില്ല. ഒരു ഗ്ലാസ് നാരങ്ങാവെള്ളം, രണ്ട് ഇഡ്ഢലി അത്രയൊക്കെയുള്ളു ഭക്ഷണകാര്യം.

പിന്നീട് ഇന്നസെന്റിന് അസുഖം വന്നതിനുശേഷം യാത്രകൾ മിക്കവാറും ഞങ്ങൾ ഒരുമിച്ചായിരുന്നു. സിനിമാ സെറ്റിലേക്കും ചാനൽ പരിപാടിയിലേക്കും എല്ലാം. അങ്ങനെയുള്ള കാർ യാത്രയ്ക്കിടയിൽ ഒരു ദിവസം ഇന്നസെന്റ് എന്നോടു ചോദിച്ചു;

‘നീ കണ്ടിട്ടുണ്ടോ ആലീസേ... ഞാൻ പണ്ട് ചെരിപ്പു വിൽക്കാൻ പോയിരുന്ന കടകൾ?’

‘‘ഇല്ല.’’

‘എന്നാൽ കണ്ടോ..’.

അതിൽ പല കടകളും ഇപ്പോഴും ഉണ്ട്. ഞാൻ ‍ഞെട്ടിപ്പോയി. ഇരിങ്ങാലക്കുട മുതൽ തെക്ക് ആറ്റിങ്ങൽ വരെയും വടക്ക് കോഴിക്കോടു വരെയും ഉണ്ടായിരുന്നു ഇന്നസെന്റിന്റെ ബിസിനസ് റൂട്ട്. ചാലക്കുടി, ആലപ്പുഴ, ചങ്ങനാ ശേരി, കോട്ടയം, ചേർത്തല, കൊല്ലം, ആറ്റിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോഴുമുണ്ട് ആ കടകൾ.

ഞാൻ ചോദിച്ചു; ‘ഇത്രയും ദൂരെ സാധനങ്ങൾ കൊണ്ടുപോയി കൊടുത്തിട്ടാണു വരുന്നതെന്ന് എന്നോട് എന്താ പറയാഞ്ഞത്?’

‘ ഇത്രയും കഷ്ടപ്പാടുണ്ടെന്നു നീ അറിഞ്ഞാൽ ചിലപ്പോൾ എന്നെ നിരുത്സാഹപ്പെടുത്തും. അപ്പോൾ ബിസിനസ് പൊളിയും. അതുകൊണ്ടാണു പറയാത്തത്. ‘എന്താ, ഇത്രയും വൈകിയത് വരാൻ’ എന്ന് ഒരിക്കൽ പോലും നീ എന്നോടു ചോദിച്ചിട്ടുമില്ല. ചോദിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ ഇത്രയും റിസ്ക് എടുക്കില്ലായിരുന്നു. സ്വാഭാവികമായും നമ്മുടെ ബിസിനസ് പൊളിഞ്ഞേനേ....’

സമൂഹത്തിൽ ഇന്നസെന്റ് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത് സ്വപ്രയത്നം കൊണ്ടുമാത്രമാണ്. ഇന്നസെന്റ് അനുഭവിച്ചതുപോലെയുള്ള കഷ്ടപ്പാടുകൾ, വേദനകൾ, ഇല്ലായ്മകൾ, അവഗണനകൾ ഇവയൊന്നും മറ്റാരും അനുഭവിച്ചിട്ടുണ്ടാവില്ല. അങ്ങനെ ലതർ ബിസിനസ് നടത്തുന്ന ഈ കാലത്താണ് ഞങ്ങളെ ഏറെ വേദനിപ്പിച്ച ഒരു സംഭവമുണ്ടാകുന്നത്. അതോർക്കുമ്പോൾ ഇപ്പോഴും ചിരി വരും. ചിരി മാത്രമല്ല ചിലപ്പോൾ കരച്ചിലും.

alice-innocent-2

ഇരിങ്ങാലക്കുടയിലെ ബാലേട്ടൻ

മോഹൻലാൽ അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയിലെ ബാലചന്ദ്രൻ എന്ന കഥാപാത്രമില്ലേ? അതേ സ്വഭാവമുള്ള ഒരാൾ ഇരിങ്ങാലക്കുടയിൽ ഉണ്ടായിരുന്നു. നമുക്ക് അദ്ദേഹത്തെയും ബാലൻ മാഷ് എന്നു വിളിക്കാം. (യഥാർഥ േപരല്ല.) ബാലേട്ടനിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. ആ സിനിമയെഴുതിയത് ടി.എ. ഷാഹിദ് ആണ്. സംവിധാനം വി. എം. വിനുവും. ഞങ്ങളുെട ബാലൻ മാഷിനെക്കുറിച്ച് ഇന്നസെന്റ് ഇവരോട് ആരോടെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ. എന്തായാലും ആ സിനിമയിലെ മോഹൻലാൽ കഥാപാത്രത്തെപ്പോലെയായിരുന്നു ബാലൻമാഷും.

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ നൂറുകൂട്ടം പ്രശ്നങ്ങളാണ് ബാലൻമാഷിന്, ഒട്ടുമിക്ക പ്രശ്നങ്ങളും മാഷിന്റേതല്ല, നാട്ടുകാരുടേതാണ്. അതു പരിഹരിക്കാനുള്ള നെട്ടോട്ടമാണ്. പരോപകാരിയെന്നു പറഞ്ഞാൽ അതു മാഷിന്റെ പര്യായപദമാണെന്നു തോന്നും.

ഇവിടെ ബാലൻമാഷിനെക്കുറിച്ചു പറയാൻ പ്രത്യേകിച്ചൊരു കാരണമുണ്ട്. ഇന്നസെന്റ് രാപകലില്ലാതെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞങ്ങളുടെ ബിസിനസ് നന്നായി മുന്നോട്ടു പോകുകയാണ്. എന്റെ ആഭരണങ്ങൾ വിറ്റുപെറുക്കിയാണ് ബിസിനസ് നടത്തുന്നത് എന്നു പറഞ്ഞല്ലോ? ബിസിനസിൽ കിട്ടുന്ന ലാഭം കൊണ്ട് ഇന്നസെന്റ് ആദ്യം ചെയ്തത് എനിക്കു കുറച്ചു സ്വർണം വാങ്ങിത്തരികയായിരുന്നു. ബാക്കി പൈസ ഞങ്ങൾ കൂട്ടി വച്ചു. ഇരിങ്ങാലക്കുടയിൽ സ്വന്തമായി കട തുടങ്ങുക. ബിസിനസ് ഒന്നുകൂടി വിപുലീകരിക്കുക സ്വന്തമായി വീടുണ്ടാക്കുക അങ്ങനെ കുന്നോളം സ്വപ്നങ്ങൾ ഞങ്ങൾ നെയ്തുകൂട്ടി.

ഈ സ്വപ്നങ്ങൾക്കിടയ്ക്കാണ് `ഒരു ദിവസം ബാലൻ മാഷ് വന്നു കയറുന്നത്. മാഷ് എന്തോ അപകടത്തിൽപ്പെട്ടിരിക്കുന്നു. ഇന്നസെന്റ് സഹായിച്ചില്ലെങ്കിൽ ആത്മഹത്യ െചയ്യുകയല്ലാതെ വേറെ വഴിയില്ല. മാഷ് പരവശനായി ഞ ങ്ങളുടെ വീടിന്റെ തിണ്ണയിൽ ഇരുന്നു.

ഞാനും ഇന്നസെന്റും പരസ്പരം നോക്കി. മരുഭൂമി പോലെയായിരുന്ന ഞങ്ങളുടെ ജീവിതത്തിൽ ആദ്യമായി തളിരിട്ട ഒരിലയാണു കയ്യിലുള്ള സമ്പാദ്യം. അതാണ് ഇപ്പോൾ ബാലൻമാഷ് ചോദിക്കുന്നത്. കുറച്ചു വേദനപ്പെട്ടാണെങ്കിലും ഇന്നസെന്റ് പറഞ്ഞു. ‘ഒരു മനുഷ്യജീവന്റെ വിലയുണ്ട് ആലീേസ, നമ്മുടെ കയ്യിലുള്ള സമ്പാദ്യത്തിന്. നമുക്ക് അതു മാഷിനു കൊടുക്കാം. ഇനി മാഷ് എങ്ങാനും എന്തെങ്കിലും കടുംകൈ ചെയ്താലോ?’

ആ സമ്പാദ്യത്തിന്റെ വില എത്രയാണെന്ന് എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. സത്യംപറഞ്ഞാൽ എനിക്ക് അത്ര തൃപ്തിയില്ലായിരുന്നു ബാലൻ മാഷിനു പൈസ കൊ‍‍ടുക്കാൻ. ഇന്നസെന്റ് അത്രയ്ക്കും കഷ്ടപ്പെട്ട പൈസയായിരുന്നതുകൊണ്ടാകാം അങ്ങനെ തോന്നിയത്.

alice-innocent-41

എന്റെ ആശങ്ക എന്തായാലും അസ്ഥാനത്തായില്ല. ഒ രു സുപ്രഭാതത്തിൽ കേൾക്കുന്നത് ബാലൻ മാഷ് നാട്ടിൽ നിന്നു മുങ്ങിയെന്നാണ്. ആ വാർത്ത സത്യമാകരുതെന്ന് ആഗ്രഹിച്ചു. പക്ഷേ, അതു സത്യമായിരുന്നു. ഞങ്ങളിൽ നിന്നു മാത്രമല്ല നാട്ടിൽ നിന്നു കിട്ടാവുന്ന തുകയൊക്കെ പിരിച്ചെടുത്തു മാഷ് മുങ്ങിയിരിക്കുന്നു. ഞങ്ങൾ തളർന്നുപോയി. കാരണം ഏറ്റവും കൂടുതൽ തുക മാഷിനു കൊടുത്തതു ഞങ്ങളായിരുന്നു. മാത്രമല്ല ആ തുക ഞങ്ങളുടെ ജീവിതം കൂടിയായിരുന്നു. അങ്ങനെ മരുഭൂമിയിൽ മുളച്ച ആഗ്രഹങ്ങളുടെ ആദ്യത്തെ ഇല വാടിക്കരിഞ്ഞുവീണു.

പ്രതിസന്ധിയിൽ കരയാതെ

ബാലൻമാഷിന്റെ ഒളിച്ചോട്ടം എന്നെ ആകെ തളർത്തി. ഉ ള്ളിൽ നല്ല വിഷമം ഉണ്ടായിരുന്നെങ്കിലും ഇന്നസെന്റ് പുറമേയ്ക്കു ചിരിക്കുക മാത്രം ചെയ്തു. അല്ലെങ്കിലും ജീവിതത്തിൽ കടുത്ത പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഇന്നസെന്റ് എന്തെങ്കിലും കണ്ടുപിടിക്കും. ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി പ്രശസ്തമാണല്ലോ? അതിനും വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ടതും അതുപോലൊരു ചിരിയായിരുന്നു. ജീവിതം തുലാസിൽ നിന്നാടുമ്പോൾ ചിരിക്കാനുള്ള കഴിവ് ദൈവം പിശുക്കില്ലാതെ ഇന്നസെന്റിനു കൊടുത്തിരുന്നു.

ബാലൻമാഷ് നാടു വിട്ടതിനുശേഷവും വളരെ ബുദ്ധിമുട്ടി ബിസിനസ് മുന്നോട്ടു നീങ്ങി. അതിനിടയിൽ അയൽക്കാരനും സുഹൃത്തുമായ സംവിധായകൻ മോഹന്റെ സഹായത്തോടെ ഇന്നസെന്റ് മൂന്നാലു സിനിമകളിൽ അഭിനയിച്ചു. അതിലൊന്നായിരുന്നു മോഹൻ സംവിധാനം ചെയ്ത ‘ഇടവേള’. ആ ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്കു വരുമ്പോൾ ജീപ്പ് അപകടത്തിൽ പെട്ടു. ഇന്നസെന്റ് ആറുമാസം കിടപ്പിലായി. സാമ്പത്തികമായി ഞങ്ങൾ തകർന്നു തരിപ്പണമായി.

ആ സമയത്തു കാണാൻ വന്ന പത്മരാജൻ പറഞ്ഞ വാക്കുകളാണു ജീവിക്കാൻ ധൈര്യവും ആഗ്രഹവും തന്നതെന്ന് ഇന്നസെന്റ് പിന്നീടു പറഞ്ഞിട്ടുണ്ട്. അതു പിന്നെ പറയാം. തിരുവനന്തപുരം ശ്രീചിത്രയിലെ ചികിത്സ കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുകയാണ് അപ്പോൾ ഇന്നസെന്റ്. അങ്ങനെയുള്ള ഒരു പുലരിയിൽ വാതിലിൽ ശക്തമായ മുട്ടുകേട്ടു. വാതിൽ തുറന്നപ്പോൾ ഞാൻ ഞെട്ടി. ബാലൻ മാഷ് ദേ,കൂപ്പുകൈകളോടെ നിൽക്കുന്നു. ‘ഇന്നസെന്റിനെ കാണണം. മാപ്പു ചോദിക്കണം.’ മാഷ് പറഞ്ഞു.

ഞാൻ ഇന്നസെന്റിനെ വിളിച്ചു. മാഷ് വലിയൊരു പൊതിക്കെട്ട് ഇന്നസെന്റിന്റെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു.

‘ഇതു ഞാൻ ഇന്നസെന്റിനോടു വാങ്ങിയ തുകയാണ്. ആ തുകയുടെ ഇരട്ടിയുണ്ടാകും ഇത്. എങ്കിലും അന്നത്തെ ആ പൈസയുടെ മൂല്യം ഇതിനുണ്ടാവില്ല. ഇന്നസെന്റ് എ നിക്കു മാപ്പുതരണം. എന്നോടു പൊറുക്കണം.’

അതു കേട്ട് ഇന്നസെന്റ് ചിരിച്ചില്ല. വെറുതേ മിഴിച്ചു നിന്നു. ഒന്നും തിരിച്ചറിയാത്ത പോലെ. ‘ഒന്നും മനഃപൂർവമായിരുന്നില്ല. ഇന്നസെന്റേ.... പറ്റിപ്പോയി. എനിക്കറിയാം ഈ ലോകത്ത് നഷ്ടത്തിനു പകരം നിൽക്കാൻ ഒരു ലാഭത്തിനും കഴിയില്ലെന്ന്. ’

ഇത്രയും പറഞ്ഞിട്ടും ഇന്നസെന്റ് ഒന്നും പറയാതെ നി ൽക്കുന്നത് കണ്ട് ബാലൻ മാഷ് എന്നോട് ചോദിച്ചു. ‘ആലീസേ... എനിക്കൊരു കട്ടൻചായ തരാമോ?’

 

വി.ആർ.ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ADVERTISEMENT