Tuesday 14 March 2023 12:17 PM IST

‘അന്ന് കണ്ടപ്പോൾ ഉള്ളിലൊരു പേടി തോന്നി, അങ്ങനെയൊരു വാണിയമ്മയെ ആദ്യമായി കാണുകയായിരുന്നു’

V R Jyothish

Chief Sub Editor

vani-jayaram-chithra

സംഗീതലോകത്ത് ആരും പാടാത്ത പാട്ടിന്റെ  സൗന്ദര്യമായിരുന്നു  വാണിയമ്മ.  അന്തരിച്ച ഗായിക വാണി ജയറാമിനെ  മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര ഓർക്കുന്നു

ഈശ്വരന്റെ ജന്മകൽപനയായിരുന്നു വാണിയമ്മയിലെ ഗായിക എന്നു തോന്നിയിട്ടുണ്ട്.

സംഗീതവഴികളിലൂടെ ഞങ്ങൾക്കു മുൻപേ നടന്ന വാണിയമ്മ ഒരു വഴിവിളക്കായിരുന്നു. ഈശ്വരന് ഏറ്റവും പ്രിയപ്പെട്ടവർക്കാണു പാടാനുള്ള കഴിവു കൊടുക്കുന്നതെന്നു വാണിയമ്മ പറയുമായിരുന്നു.

ഞങ്ങളുടെ കുട്ടിക്കാലത്തെ സ്വപ്നഗായികയായിരുന്നു വാണിയമ്മ. ഞാനിപ്പോഴും ഓർക്കുന്നു, ആകാശവാണിയിലൂടെ വാണിയമ്മയുടെ പാട്ടുകേൾക്കാൻ കൊതിച്ചിരുന്ന കാലം. സംഗീതവാസനയുള്ളവരെ അവർ അത്രയ്ക്കും സ്വാധീനിച്ചിരുന്നു. വാണിയമ്മയെപ്പോലെ ഒരു ഗായികയാകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഞാനും.

അക്കാലത്തേ വാണിയമ്മയുടെ ഇതരഭാഷാ ഗാനങ്ങൾ പാടിനടന്നിരുന്നു. അതുപക്ഷേ, പാട്ടിെനക്കുറിച്ച് ഒന്നും അറിഞ്ഞുകൊണ്ടല്ല. എവിടെനിന്നെങ്കിലും കേൾക്കുന്നതായിരുന്നു. അൽപം കൂടി മുതിർന്നപ്പോൾ ഞാൻ ഗാനമേളകൾക്കു പാടാൻ തുടങ്ങി. ആ സമയത്താണു വാണിയമ്മയുെട സ്വരവും ആലാപനഭംഗിയുമൊക്കെ തിരിച്ചറിയുന്നത്. അന്നു സ്റ്റേജിൽ പാടിയിരുന്ന പാട്ടുകളി ൽ കൂടുതലും വാണിയമ്മ പാടിയതായിരുന്നു.

‘സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി ’ ഒഎൻവി എഴുതി സലിൽ ചൗധരി ഈണമിട്ട സ്വപ്നം എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ മലയാളത്തിൽ വാണിയമ്മ പുതിയൊരു സംഗീതയുഗം തുറക്കുകയായിരുന്നല്ലോ. ആ ഗാനവും മങ്കൊമ്പ് ഗോപാലകൃഷ്ണനും ആർ.കെ. ശേഖറും ചേർന്നൊരുക്കിയ ‘ആഷാഢമാസം ആത്മാവിൽ മോഹം അനുരാഗമധുരമാം അന്തരീക്ഷം..’ എന്ന ഗാനവും ഞാനന്ന് എത്രയോ വേദികളിൽ പാടിയിട്ടുണ്ട്. അതുപോലെ വാണിയമ്മ പാടിയ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനീ...’ എം.കെ. അർജുനൻ മാഷ് ഭരണിക്കാവ് ശിവകുമാർ ടീമിന്റെ ഈ മനോഹരഗാനവും ഞാൻ ഗാനമേളകളിൽ പാടാറുണ്ടായിരുന്നു.

എന്നാൽ അക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ശ്രീകുമാരൻ തമ്പി സർ എഴുതി അർജുനൻ മാഷ് സംഗീതം നൽകിയ ‘തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങീ’എ ന്ന പാട്ടാണ്. മിക്കവാറും ഓണക്കാലങ്ങളിലായിരിക്കുമല്ലോ ഗാനമേളകൾ. ധാരാളം ഓണപ്പാട്ടുകൾ പാടേണ്ടിവരും. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയിരുന്ന പാട്ടായിരുന്നു ‘തിരുവോണപ്പുലരിതൻ.’

ഓലഞ്ഞാലിക്കുരുവി

ജെമിനി സ്റ്റുഡിയോയിൽ വച്ചാണു വാണിയമ്മയെ ആ ദ്യം കണ്ടത്. ഒരു യുഗ്മഗാനം പാടാനെത്തിയപ്പോൾ. അതിനുശേഷം എത്രയോ പാട്ടുകൾ ഞങ്ങൾ ഒരുമിച്ചുപാടി. തമിഴിൽ ഞാൻ ഏറ്റവും കുടുതൽ യുഗ്മഗാനം പാടിയിട്ടുള്ളതു വാണിയമ്മയുമായിട്ടാണ്. വാണിയമ്മ പാട്ടു പഠിക്കുന്നതു കണ്ടാൽ നമുക്ക് അദ്‌ഭുതം തോന്നും. ഒരു പാട്ട് ഒറ്റത്തവണ കേട്ടാൽ മതി. ശബ്ദശുദ്ധി, ഉച്ചാരണശുദ്ധി, ഭാവശുദ്ധി, രാഗശുദ്ധി, ഇവയിലൊക്കെ അവർ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. വാണിയമ്മ സിനിമയിൽ വന്ന് എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടാണു ഞങ്ങളൊക്കെ വ രുന്നത്. അതുകൊണ്ടാകും ഞങ്ങളോടൊക്കെ വാണിയമ്മയ്ക്ക് തികഞ്ഞ വാത്സല്യമായിരുന്നു. നന്നായി പാടുമ്പോൾ മനസ്സു തുറന്ന് അഭിനന്ദിക്കാനും ആസ്വദിക്കാനും വാണിയമ്മയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. മലയാളത്തിൽ ഞാനും വാണിയമ്മയും ഒരുമിച്ചു വളരെക്കുറച്ചു പാട്ടുകളേ യുഗ്മഗാനങ്ങളായി പാടിയിട്ടുള്ളു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതു മാനത്തെ വെളളിത്തേര് എന്ന സിനിമയിലെ ‘മനസ്സിൻ മടിയിലെ മാന്തളിരിൽ മയങ്ങൂ മണിക്കുരുന്നേ...’ എന്ന പാട്ടാണ്. ഒരു സംഗീത അധ്യാപികയും കുറച്ചുകുട്ടികളും ചേർന്നു പാടുന്ന രംഗങ്ങളാണ് ആ പാട്ടിൽ. ജോൺസൺ മാഷായിരുന്നു സംഗീതം. ഷിബു ചക്രവർത്തിയുടെ രചന.

തമിഴിലും തെലുങ്കിലും ഞാൻ ഏറ്റവും കൂടുതൽ ഫീമെയ്ൽ ഡ്യൂയറ്റ് പാടിയിട്ടുള്ളത് വാണിയമ്മയുമായിട്ടാണെന്നു പറഞ്ഞല്ലോ. അതിലെ തമാശ എന്താണെന്നു വച്ചാൽ സിനിമയിൽ അമ്മയും മകളും കൂടി പാടുന്ന സീനായിരിക്കും. അതിൽ അമ്മയ്ക്കുവേണ്ടി പാടുന്നതു മിക്കവാറും ഞാനായിരിക്കും. മകൾക്കുവേണ്ടി പാടുന്നതു വാണിയമ്മയും. കുട്ടികൾക്കുവേണ്ടി പാടാൻ വാണിയമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു.

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ

സംഗീതത്തിനു നടുവിലാണു വാണിയമ്മ ജനിച്ചു വീണത്. തമിഴ്നാട്ടിലെ െവല്ലൂരിൽ ദുൈരസ്വാമി–പദ്മാവതി ദമ്പതികളുടെ മകളായിരുന്നു. മാതാപിതാക്കൾ കലൈവാണി എന്ന േപരാണു നൽകിയത്. കലയും സരസ്വതിയും അവരുടെ കാര്യത്തിൽ ഒന്നിച്ചു. കലൈവാണിക്ക് സപ്തസ്വരങ്ങളായിരുന്നു കളിപ്പാട്ടം. അമ്മ നന്നായി പാടുകയും വീണ വായിക്കുകയും ചെയ്തിരുന്നു. ചേച്ചിമാരും പാടിയിരുന്നു. അമ്മയായിരുന്നു ആദ്യഗുരു. പിന്നീട് ചേച്ചിമാരെ സംഗീതം പഠിപ്പിക്കാനെത്തിയ കടലൂർ ശ്രീനിവാസ അയ്യങ്കാരുടെ കീഴിൽ സംഗീതം പഠിച്ചുതുടങ്ങുമ്പോൾ വാണിയമ്മയ്ക്ക് അഞ്ചു വയസ്സ്.

ചെന്നൈയിൽ വന്നതിനുശേഷം ടി.ആർ. ബാലസുബ്രഹ്മണ്യം, ആർ.എസ്. മണി എന്നീ ഗുരുക്കന്മാരുടെ കീഴിൽ പഠനം തുടർന്നു. എട്ടാം വയസ്സിൽ മദിരാശി ആകാശവാണിയിൽ പാടിത്തുടങ്ങി. കർണാടകസംഗീതവും ഹിന്ദുസ്ഥാനിയും ഒരുപോലെ അഭ്യസിക്കുകയും രണ്ടിലും ഒരുപോലെ പാടാൻ കഴിവുമുള്ള കലാകാരിയായിരുന്നു. ഭാവിയിൽ കലൈവാണി വലിയ പാട്ടുകാരിയാകുമെന്ന് ജാതകത്തിൽ കുറിച്ചിരുന്നതായി വാണിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ എട്ടു മണിക്കൂറൊക്കെ സംഗീത പരിശീലനം ചെയ്യുമായിരുന്നു എന്നും.

vani-jayaram-1

സംഗീതത്തിനുവേണ്ടി എന്തു ത്യാഗത്തിനും അവർ തയാറായിരുന്നു. ബാങ്കിൽ നല്ല ജോലി കിട്ടിയ വാണിയമ്മ സിനിമയിൽ ആദ്യ ഗാനം പാടിയപ്പോൾ തന്നെ ജോ ലി ഉപേക്ഷിക്കുകയായിരുന്നു. മഞ്ഞും മഴയും വെയിലുമൊന്നും കൊള്ളാതിരിക്കാൻ വാണിയമ്മ ശ്രദ്ധിച്ചിരുന്നു. ആഹാരകാര്യത്തിൽ വിലക്കുകൾ ഉണ്ടായിരുന്നില്ലെങ്കിലും സ്വയം പാചകം ചെയ്തു കഴിക്കാനായിരുന്നു ഇഷ്ടം. രാത്രി വൈകിയുള്ള വിരുന്നുകളിലൊന്നും പങ്കെടുക്കില്ല.

കരളുകളുരുകും സംഗീതമേ

ആ വാർത്ത കേട്ടപ്പോൾ സത്യമാകരുതേ എന്നാണ് ആ ദ്യം ആഗ്രഹിച്ചത്. കാരണം രണ്ടു ദിവസം മുൻപും വാണിയമ്മ എന്നെ വിളിച്ചിരുന്നു. ഞങ്ങൾ ഏറെ നേരം സംസാരിക്കുകയും ചെയ്തു.

ഇടയ്ക്ക് വീട്ടിലെ പടിയിൽ തട്ടിവീണ കാര്യം പറഞ്ഞു. അവസാനം കണ്ടപ്പോൾ അൽപം അവശത ഉണ്ടായിരുന്നു. സ്റ്റേജിൽ കയറാൻ ഞാനും സഹായിച്ചു.

ജനുവരി 28–ാം തീയതി ചെന്നൈയിൽ വച്ച് ഒരു സംഗീതപരിപാടിയുണ്ടായിരുന്നു. വാണിയമ്മയ്ക്ക് പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങൾ വാണിയമ്മയ്ക്ക് അവിടെവച്ച് ഒരു സ്വീകരണം കൊടുത്തു. അന്ന് ഒരു സാരിയാണു ഞാൻ സമ്മാനമായി കൊടുത്തത്. നെറുകയിൽ ഒരു ഉമ്മയും കൊടുത്തു. അത് അവസാനത്തേതായിക്കുമെന്ന് അറിഞ്ഞില്ല.

തൊട്ടടുത്ത ദിവസം എന്നെ വിളിച്ച് സാരി നന്നായി ഇ ഷ്ടമായി എന്നു പറഞ്ഞു. അതായിരുന്നു വാണിയമ്മയുടെ സ്വഭാവം. അഭിനന്ദിക്കാൻ യാതൊരു പിശുക്കുമില്ലായിരുന്നു.

സത്യത്തിൽ അന്ന് വാണിയമ്മയെ അവസാനമായി കണ്ടപ്പോൾ എന്റെ ഉള്ളിലൊരു പേടി തോന്നിയിരുന്നു. ഗാനമേളകൾക്കു വന്നാൽ സാധാരണയായി വളരെ ഊർജസ്വലതയോടെയാണു വാണിയമ്മയെ കാണാറുള്ളത്. പാട്ടുകൾ നന്നായി ആസ്വദിക്കും. എന്നാൽ ഞാൻ സ്റ്റേജിൽ പാടുമ്പോൾ കാണുന്നതു വാണിയമ്മ മുൻപിലിരുന്ന് ഉറങ്ങുന്നതാണ്. പാട്ട് ആസ്വദിക്കുകയാണെന്നാണു ആദ്യം കരുതിയത്. പിന്നീട് പാട്ടു തീർന്നിട്ടും വാണിയമ്മ അങ്ങനെതന്നെയിരുന്ന് ഉറങ്ങുകയാണ്. അങ്ങനെയൊരു വാണിയമ്മയെ ഞാൻ ആദ്യമായി കാണുകയായിരുന്നു. എന്റെ ഉള്ള് പിടഞ്ഞു. വാണിയമ്മയ്ക്കു സുഖമില്ലാതാകുന്നോ എന്നു ഒരുനിമിഷം ചിന്തിക്കാതിരുന്നില്ല.

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഗായികയായ ഇതേ വാ ണി ജയറാമായി തന്നെ ജനിക്കണമെന്നും ജയറാം തന്നെയായിരിക്കണം തന്റെ ജീവിതപങ്കാളിയെന്നും അവർ ആ ഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തിരുന്നു.

Vani Jayaram & Jayaram താളവും ലയവും – വാണി ജയറാം ഭർത്താവ് ജയറാമിനൊപ്പം

ആ മധുരസ്വരം ഈ ഭൂമിയിൽ നിന്നു ഒരിക്കലും മായില്ലല്ലോ. നമുക്ക് അങ്ങനെയെങ്കിലും ആശ്വസിക്കാം.’’

വി. ആർ. ജ്യോതിഷ്

വര: അരുൺഗോപി

പൂർണരൂപം വനിത ഫെബ്രുവരി 18– മാർച്ച് 3 ലക്കത്തിൽ വായിക്കാം